
തടിയിലും ആനക്കൊമ്പിലും തീർത്ത ശില്പങ്ങളുടെ സുദീർഘപാരമ്പര്യമാണ് കേരളത്തിനുള്ളത്. പുതിയകാലത്ത് ഇവ രണ്ടിലും അതീവചാരുതയോടെ ശില്പങ്ങൾ തീർക്കുന്ന വിസ്മയമാണ് കെ.ആർ. മോഹനൻ.
സഹസ്രാബ്ദങ്ങൾ നീണ്ട സർഗ്ഗവൈഭവത്തിന്റെ പാരമ്പര്യത്തിന്റെ എങ്ങേത്തലയ്ക്കലെ കണ്ണിയായ മോഹനൻ തികഞ്ഞ മികവോടെ തടിക്കഷണങ്ങൾക്കു ജീവൻ പകരുന്നത് കാണേണ്ട കാഴ്ചയാണ്. തിരുവനന്തപുരത്ത് കോവളത്തിനടുത്തുള്ള കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിലാണ് ഇദ്ദേഹത്തിന്റെ പണിപ്പുര. ക്രാഫ്റ്റ് വില്ലേജിനെപ്പറ്റി മുമ്പ് എഴുതിയപ്പോൾ അതിലെ ഓരോ കരകൗശലവിദ്യയെയും അതിലെ കലാകാരരെയുംപറ്റി വിശദമായി എഴുതാമെന്നു ഞാൻ പറഞ്ഞിരുന്നല്ലോ.

യൂണിയൻ സർക്കാരിന്റെ ‘ശിൽപ ഗുരു അവാർഡ്’ കേരളത്തിന് ആദ്യമായി നേടിത്തന്ന ആളാണ് മോഹനൻ. കരകൗശലമികവിന് 2013-ൽ നാഷണൽ അവാർഡ് ലഭിച്ചു. 2015 – 16-ൽ സ്റ്റേറ്റ് അവർഡും. 2017-ലാണ് ശില്പഗുരു അവാർഡു ലഭിക്കുന്നത്. സുദീർഘമായ കലാജീവിതത്തിൽ ധാരാളംപേർക്ക് ഗുരുവുമായി ഇദ്ദേഹം. അതിൽ പലർക്കും നാഷണൽ അവാർഡുകളും മറ്റ് അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ടെന്ന് അഭിമാനത്തോടെ മോഹനൻ പറഞ്ഞു. ഷാജഹാൻ, ഹേമന്ത് കുമാർ എന്നിവർ ദേശീയ അംഗീകാരങ്ങൾ നേടിയ ശിഷ്യരാണ്.

ഉപജീവനത്തിനുള്ള മാർഗ്ഗമാണെങ്കിലും കരകൗശലകലകൾക്ക് സവിശേഷതയുണ്ട്. അതു ചെയ്യുന്നവർ അതിൽ മുഴുകി, അതിനായി ജീവിതം സമർപ്പിച്ച് ആണതു ചെയ്യുന്നത്. നില്ക്കാനും നടക്കാനുമുള്ള വൈഷമ്യം കൊത്തുപണികൾ ചെയ്യുമ്പോൾ മറക്കുന്നതു ഞാൻ ശ്രദ്ധിച്ചു. ഒരു അപകടത്തിന്റെ സംഭാവനയാണത്. ഒരു കാലിന് നീളം കുറഞ്ഞു. അത് മടങ്ങുകയുമില്ല. 37 കൊല്ലമായി ഈ 15 ശതമാനം പരിമിതി വച്ചുകൊണ്ടാണ് ഏഴടിയൊക്കെയുള്ള ശില്പങ്ങൾ വരെ തീർക്കുന്നത്.

എഴുപതുവയസൊക്കെ എന്ത് എന്നു കേരളം ചർച്ചചെയ്യുന്ന ഇക്കാലത്ത് ഇദ്ദേഹത്തിന്റെ പ്രായമൊന്നും പ്രസക്തമല്ലല്ലോ. എങ്കിലും 59 കൊല്ലത്തെ പ്രവൃത്തിപരിചയം എന്നത് ചെറിയകാര്യം അല്ല. പത്താം വയസിൽ അച്ഛന്റെ ശിക്ഷണത്തിൽ ആരംഭിച്ച സർഗ്ഗപ്രവർത്തനം തൊഴിലായും ജീവിതത്തിന്റെ ഭാഗമായും മാറുകയായിരുന്നു എന്നു മോഹനൻ പറയുന്നു. ശില്പിയായ അച്ഛൻ കെ.ആർ. ഗോപാലൻ ബെയ്സിൽ ആർട് ആൻഡ് ക്രഫ്റ്റ് എന്നൊരു സ്ഥാപനം നടത്തിരുന്നു. അവിടത്തെ പതിനഞ്ചിലേറെ ശില്പികൾക്കൊപ്പമുള്ള പരിശീലനമാണ് മോഹനനിലെ ശില്പിയെ കടഞ്ഞെടുത്തത്.

ആദ്യകാലങ്ങളിൽ ഐവറിയിൽ ആയിരുന്നു ശില്പനിർമ്മാണം. വർഷങ്ങൾക്കിപ്പുറം ഐവറിയിൽനിന്നു തടിയിലേക്കു മാറുകയായിരുന്നു. റെഡ് വുഡ്, റോസ് വുഡ്, റ്റി-വുഡ്, മഹാഗണി തുടങ്ങിൽ ലഭ്യമായ ഏതു തടിയിലും ശില്പം ഒരുക്കും. മോഹൻലാൻ ഓർഡർ നല്കിയ ദശാവതാരം എന്ന ശില്പമടക്കം എടുത്തു പറയാവുന്ന ധാരാളം സൃഷ്ടികളുണ്ട്. ഒരേ ശില്പത്തിൽത്തന്നെ അനവധി ശില്പങ്ങൾ, അവയ്ക്കൊക്കെയും വ്യത്യസ്തഭാവങ്ങൾ, എല്ലാത്തിലും സൂക്ഷാംശങ്ങളിൽ വരെയുള്ള ശ്രദ്ധ.. അമ്പരപ്പെടുത്തുന്ന പലതുമുണ്ട് മോഹനന്റെ ശില്പങ്ങളിൽ.

ക്രാഫ്റ്റ് വില്ലേജിലെ സ്റ്റൂഡിയോയിൽ മോഹനന്റെ കലാരൂപങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഒപ്പം വില്പനയും ഉണ്ട്. തിരുവനന്തപുരം പേട്ടയിലെ വീട്ടിൽ നേരത്തേമുതലേ ഉണ്ട് ശില്പശാല. അവിടെയിരുന്നാണ് ഏറെയും സൃഷ്ടി.
ഇന്ന് ഈ കല കുറേശ്ശേ അസ്തമിച്ചു കൊണ്ടിരിക്കുകയാണ് എന്നതാണ് ഈ കലാകാരന്റെ സങ്കടം. പലരുടെയും ഉപജീവനമാർഗ്ഗമാണ്. പക്ഷെ, സാമ്പത്തിക ബുദ്ധിമുട്ടാണു പലരെയും മറ്റു ജീവിതമാർഗ്ഗങ്ങൾ തേടാൻ പ്രേരിപ്പിക്കുന്നത്. ഈ സ്ഥിതിവിശേഷംകൊണ്ട് പുതിയ തലമുറ ഇതിലേക്കു വരാൻ താൽപര്യം കാണിക്കുന്നില്ല. മികച്ച വിലയും വിപണിയും ഉണ്ടായാലേ ഈ കല അതിജീവിക്കൂ. “പണ്ട് തിരുവനന്തപുരത്ത് ഇത്തരം കലാരൂപങ്ങളും കലാകാരരും ഉണ്ടായിരുന്നു എന്നും അത് ഇന്ന് കാലഹരണപ്പെട്ടു പോയി എന്നും ചരിത്രത്തിൽ എഴുതി ചേർക്കാനുള്ള അവസരം ഉണ്ടാകാതിരിക്കാൻ എല്ലാവരും ആലോചിച്ച് എന്തെങ്കിലും ചെയ്യണം.” അതാണ് മോഹനന്റെ അഭ്യർത്ഥന.
ആ വഴിക്കുള്ള കാര്യമായ ചുവടുവയ്പാണ് ടൂറിസം വകുപ്പിനു കീഴിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി പുനർനിർമ്മിച്ചു നടത്തുന്ന കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ്. അവർ ആഗോളവിപണിയും ടൂറിസം സാദ്ധ്യതകളും ഓൺലൈൻ സംവിധാനങ്ങളുമൊക്കെ പരമാവധി പ്രയോജനപ്പെടുത്താനുള്ള ആലോചനയിലാണെന്ന് അതിന്റെ സി.ഒ.ഒ. ശ്രീപ്രസാദ് പറഞ്ഞു. നമ്മുടെ ഉപഭോഗസംസ്ക്കാരത്തെ സാംസ്കാരികോത്പന്നങ്ങളുടെ ആസ്വാദനത്തിലേക്കും ഉപഭോഗത്തിലേക്കും വഴിതിരിച്ചുവിടാനുള്ള ബോധപൂർവ്വമായ പരിശ്രമം അടക്കം പലതും നമുക്കു ചെയ്യാനുണ്ട്.

Dr.T.M Thomas Isaac