വാക്കുകളെ വർണ്ണ ചിത്രങ്ങളാക്കിയ തിരക്കഥാകൃത്തും, സംഭാഷണങ്ങളിലൂടെ കാഴ്ചയുടെയും വായനയുടെയും അനുഭൂതി നേരിട്ട് കേഴ്വിക്കാരിലേക്കു പകർന്ന പ്രഭാഷകനുമായ ജോൺ പോൾ സാർ യാത്രയാകുമ്പോൾ, എല്ലാ മലയാളികളോടുമൊപ്പം, അദ്ദേഹത്തിന്റെ വേർപാടിൽ ദുഖവും ആദരാഞ്ജലികളും രേഖപ്പെടുത്തുന്നു!
പ്രിയ ജോൺപോൾ സാറിന്റെ ഭൗതീക ശരീരം നാളെ 24.4. 22 ഞായറാഴ്ച്ച രാവിലെ 8 മണിയ്ക്ക് ലിസി ഹോസ്പിറ്റലിൽ നിന്നും പൊതു ദർശനത്തിനായി എറണാകുളം ടൗൺ ഹാളിൽ എത്തിക്കുന്നതും11 മണി വരെ പൊതുദർശനം, തുടർന്ന് എറണാകുളം സൗത്ത് കാരക്കാ മുറി ചവറ കൾച്ചറൽ സെന്ററിൽ പൊതുദർശനം., 12 .30 ന് വസതിയായ മരട് ,സെന്റ് ആന്റണീസ് റോഡ്, കൊട്ടാരം എൻക്ളേവ് , 3 മണിയോടെ എളംകുളം സെന്റ് മേരീസ് സുനഹോ സിംഹാസന ചർച്ചിലേയ്ക്ക്
4 ന് അന്ത്യ ശുശ്രൂഷകൾ .
വാക്കുകളെ വർണ്ണ ചിത്രങ്ങളാക്കിയ തിരക്കഥാകൃത്തും, സംഭാഷണങ്ങളിലൂടെ കാഴ്ചയുടെയും വായനയുടെയും അനുഭൂതി നേരിട്ട് കേഴ്വിക്കാരിലേക്കു പകർന്ന പ്രഭാഷകനുമായ ജോൺ പോൾ സാർ യാത്രയാകുമ്പോൾ, എല്ലാ മലയാളികളോടുമൊപ്പം, അദ്ദേഹത്തിന്റെ വേർപാടിൽ ദുഖവും ആദരാഞ്ജലികളും രേഖപ്പെടുത്തുന്നു!
പി. ഓ. സി യിൽ നടന്നുവന്ന ‘വാങ്മയം’ സന്ധ്യകളെ മറക്കാനാവാത്ത അനുഭവങ്ങളാക്കിയതിൽ അദ്ദേഹത്തിന്റെ സാന്നിധ്യം വഹിച്ച പങ്കു പ്രത്യേകം ഓർമ്മിക്കുന്നു! അദ്ദേഹത്തിന്റെ എഴുത്തുകളിലൂടെ, വാക്കുകൾ ഒരുക്കിയ വാങ്മയ ചിത്രങ്ങളിലൂടെ, ചലച്ചിത്ര അനുഭവങ്ങളിലൂടെ അദ്ദേഹം മലയാളികളുടെ മനസ്സിൽ എക്കാലവും ജീവിക്കട്ടെ! നമോവാകം!
ഫാ .വർഗീസ് വള്ളിക്കാട്ട്
ജോൺ പോൾ സാറിന്റെ മരണത്തെക്കുറിച്ചാണ് എഴുതാൻ തുനിഞ്ഞത്. പക്ഷേ മറ്റൊരു മുഖമാണ് മനസ്സിലേക്കു വന്നത്. സാനു മാഷിന്റെ. ഈ മരണവൃത്താന്തമറിഞ്ഞ് നിശ്ചേതനായി ഇരിക്കുന്ന സാനു മാഷിനെ ഓർത്തുപോകുന്നു. കൃഷ്ണയ്യർ സ്വാമി, ഡോ.സി.കെ. രാമചന്ദ്രൻ, ഇപ്പോൾ ജോൺപോളും. ആദ്യ രണ്ടു പേരുടെയും വേർപാടിനു ശേഷം സാനുമാഷിന്റെ ഏറ്റവും വലിയ സൗഹൃദത്താങ്ങ് ജോൺ പോളായിരുന്നു. കാരിക്കാമുറിയിലെ സി എം ഐ സെന്ററിൽ അവരുടെ എല്ലാ ദിവസങ്ങളിലെയും വൈകുന്നേരങ്ങളിലേക്ക് കടന്നുചെല്ലാനും ഒപ്പമിരിക്കാനും സൗഹൃദച്ചായ പങ്കിടാനും ഇടയ്ക്കിടെ അവസരം ലഭിച്ചിരുന്നു.ഫ്രീയാണെങ്കിൽ വരൂ എന്നു ജോളിയെക്കൊണ്ട് വിളിച്ചു പറയിച്ചിരുന്നു. സാനുമാഷിനെക്കുറിച്ചുള്ള അറിയപ്പെടാത്ത പല വിവരങ്ങളും എന്നോട് പറഞ്ഞിട്ടുള്ളത് ജോൺ പോൾ ആയിരുന്നു. അദ്ദേഹത്തിന്റെയും ഗുരുനാഥൻ ആയിരുന്നു.
സാനു മാഷിനെക്കുറിച്ചുമാത്രമല്ല, പൗരാണിക കൊച്ചിയുടെ ചരിത്രവും അവിടെ ജീവിതം നങ്കൂരമുറപ്പിച്ച മനുഷ്യപ്പറ്റങ്ങളുടെ പിതൃകഥകളും പശ്ചിമകൊച്ചിയുടെ പാചകപ്പെരുമയും അദ്ദേഹം പറഞ്ഞുതന്നു. സിനിമയെക്കുറിച്ചുമാത്രം ഒരിക്കലും സംസാരിച്ചില്ല. പക്ഷേ അദ്ദേഹം എഴുതിയ സിനിമകളെല്ലാം ഞാൻ തേടിപ്പിടിച്ചു കണ്ടു. ചില സംവിധായകരും നടീനടന്മാരുമൊക്കെ മരിച്ചപ്പോൾഓർമ്മക്കുറിപ്പുകൾക്കു വേണ്ടി വിളിച്ചിട്ടുണ്ട്. അടുക്കുതെറ്റാതെ അവരുടെ ഓർമകൾ, സംഭാവനകൾ അപ്പോൾ തന്നെ പറഞ്ഞുതുടങ്ങും. പത്രപ്രവർത്തകൻ എന്ന നിലയിലുള്ള എന്റെ അടുപ്പം വളരെപ്പെട്ടന്ന് മറ്റേതോ തലങ്ങളിലേക്കു മാറി. ആത്മബന്ധുവായി തീർന്നു. സംഘാടക ശേഷി വലുതായിരുന്നു. ‘ഇങ്ങനെയൊരു പരിപാടി നടത്തുന്നതിനെപ്പറ്റി ആലോചിക്കുന്നു. എന്താ അഭിപ്രായം?’ എന്ന് ഇടയ്ക്കു വിളിച്ചുചോദിക്കും.
കൊച്ചിയിലെ വ്യത്യസ്ത മുഖമുള്ള ഒട്ടേറെ സാംസ്കാരിക പരിപാടികളുടെ ആസൂത്രണം ജോൺ പോളിന്റെ ചിന്തയായിരുന്നു. ഇരിപ്പിടത്തിൽ ഒതുങ്ങാത്ത ദേഹം മനസ്സിനൊപ്പം മത്സരിച്ചു. ഓരോ പരിപാടിയും ഒരുക്കി എല്ലാവരേയും ക്ഷണിച്ച് വേദിയുടെ ഒരരികുമാറികാഴ്ചക്കാരനെപ്പോലെ അദ്ദേഹമിരിക്കും. അപൂർവം അവസരങ്ങളിൽ കോംപയർ ചെയ്യുന്നതും കണ്ടിട്ടുണ്ട്.
കൊച്ചിയിൽ സ്ഥിരമായി ജൂബ ധരിക്കുന്ന പ്രമുഖരെപ്പറ്റി ഞാനൊരു കൗതുക ഫീച്ചർ ചെയ്യുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. വാഹനത്തിൽ യാത്ര ബുദ്ധിമുട്ടായിരുന്നു. എന്നിട്ടും ദർബാർ ഹാളിന്റെ മുറ്റത്തേക്ക് അദ്ദേഹം നേരത്തെയെത്തി. ‘നീ വിളിച്ചതുകൊണ്ടാണ് വന്നത്’ എന്നു പറഞ്ഞു. ജുബ്ബയെന്ന വസ്ത്രത്തിന്റെ കൾചറൽ പൊളിറ്റിസ്കിനെക്കുറിച്ചാണ് അന്നു പറഞ്ഞത്ഇന്നു രാവിലെ സിഐസിസി ജയേട്ടന്റെ ഒരു വാട്സ് ആപ് മെസേജ് ഉണ്ടായിരുന്നു. ‘ ഇന്നലെ രാത്രി മുതൽ ജോൺ പോളിന്റെ ആരോഗ്യസ്ഥിതി മോശമായ നിലയിൽ ആണ്. അദ്ദേഹത്തിനു വേണ്ടി പ്രാർഥിക്കണമെന്ന് വീട്ടുകാർ അഭ്യർഥിച്ചിട്ടുണ്ട്’ എന്ന്. പ്രാർഥിക്കാൻ കഴിഞ്ഞില്ല, അതിനു പിന്നാലെ ജയേട്ടന്റെ തന്നെ സന്ദേശം വീണ്ടുമെത്തി: ആ ശബ്ദം നിലച്ചു,ജോൺ പോൾ ഓർമയായി.
ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കത്തുകൾ എടുത്തു നോക്കി. ഷാർപ്പായ അക്ഷരങ്ങൾ. ഓരോ പരിപാടികളെക്കുറിച്ചും നേരത്തെ ഫോണിൽ വിളിച്ചു പറയുമായിരുന്നു. പിന്നാലെ വീണ്ടും ഓർമ്മപ്പെടുത്തിക്കൊണ്ടു കത്തയക്കും. മലയാള മനോരമ മെട്രോയിൽ അദ്ദേഹം പാചകം പ്രമേയമായി ഒരു കോളം എഴുതിയിരുന്നു. ഓരോ ആഴ്ചയും കിട്ടേണ്ട ദിവസത്തിന് ഒരു ദിവസം മുന്നേ മാറ്റർ എത്തിക്കും. ചിലപ്പോൾ ദീർഘമായ എഴുത്തായിരിക്കും. എഡിറ്റു ചെയ്യാൻ പ്രയാസമുള്ളത്.വെട്ടിയാൽ ആ വാചകം തിരുത്താൻ ബുദ്ധിമുട്ടുള്ള വാക്കുകളുടെ കൂട്ടിയണക്കലുകൾ. ഒന്നുകിൽ അതങ്ങനെ തന്നെ കൊടുക്കേണ്ടി വരും. അല്ലെങ്കിൽ ഉപേക്ഷിക്കേണ്ടി വരും. ഒരിക്കലും ഉപേക്ഷിക്കേണ്ടി വന്നിട്ടില്ല.
മരണം ഓർമ്മ കെടുത്തി ഉപേക്ഷിച്ചു കളയാവുന്ന ഒരു മനുഷ്യനല്ല എനിക്ക് ജോൺ പോൾ. രേഖപ്പെടുത്തിയതുമല്ല ജോൺ പോൾ എനിക്ക്. അതു പിന്നീടെപ്പോലെങ്കിലും എഴുതിയേക്കാം. ആകാരം പോലെ തന്നെ സ്നേഹത്തിലും വിശ്വാസത്തിലും വലുപ്പത്തോടെ എന്നെ കെട്ടിയിട്ട മാസ്റ്റർക്കു പ്രണാമം.
T B Lal
ഉള്ള് തൊട്ട ഒത്തിരി സിനിമകളുടെ രചന നിര്വ്വഹിച്ചജോൺ പോൾ വിടവാങ്ങി. സഫാരി ചാനലിലെ അനുഭവ വർത്തമാനം മറക്കാന്‍ പറ്റില്ല. മുഴങ്ങുന്ന ശബ്ദം.
ഒരു സിനിമാ കാലഘട്ടത്തിന്റെ അനുഭവം. കെ. എം. റോയ് സാറുമായുള്ള കൂട്ട് കെട്ടും ചരിത്രമാണ്. ആത്മഹത്യാ പ്രതിരോധ സംഘടനയായ മൈത്രിയുടെ ധന ശേഖരണത്തിനായി കൊച്ചിയില്‍ നടത്തിയ സൂര്യ ഫെസ്റ്റിവലില്‍ വച്ചാണ് ശ്രീ ജോൺ പോളിനെ ആദ്യം കണ്ടത്. സജീവ സിനിമാ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന് വാങ്ങിയ കാലം. അദ്ദേഹം തിരക്കഥ എഴുതിയ ഉത്സവപിറ്റേന്ന് എന്ന ചലച്ചിത്രത്തിലെക്ലൈമാക്സ് രംഗംആത്മഹത്യയെ ആദര്ശവല്ക്കുകയല്ലേ ചെയ്യുന്നത് എന്ന് ചോദിച്ചു. മോഹൻ ലാല്‍ ചെയ്യുന്ന കഥാപാത്രം കുട്ടികളുടെ മുമ്പില്‍ ഒരു കളിയെന്ന് ചൊല്ലി കെട്ടി തൂങ്ങി മരിക്കുന്നതാണ് ആ സീന്‍. ഇത് ഇങ്ങനെ ചിത്രീകരിച്ചത് ഉചിതമായില്ലെന്ന് പിന്നീട് മനസ്സിലായിയെന്നും, അതേ കുറിച്ച് എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.അന്നത്തെ യോഗത്തിലും അത് അദ്ദേഹം തുറന്ന് പറഞ്ഞു. തെറ്റ് അംഗീകരിക്കാനുള്ള വലിയ മനസ്സ് എത്ര പേര്‍ക്ക് ഉണ്ടാകും?
ആദരാഞ്ജലികള്‍.
( ഡോ .സി. ജെ. ജോൺ)
ഗാംഭീര്യമാർന്ന ആ ശബ്ദവും, ആ ശബ്ദത്തിലൂടെ വെളിപ്പെടുന്ന ഉറച്ച നിലപാടുകളും ഇനി ഓർമ്മയിൽ…
ജോൺപോൾ സാറുമായി ബന്ധപ്പെട്ട് ഒരിക്കലും മരിക്കാത്ത ഓർമ്മകൾ ചിലതുണ്ട്. ചില അവസരങ്ങളിൽ അദ്ദേഹത്തിന്റെ വീട്ടിൽ അദ്ദേഹത്തോടൊപ്പം സംസാരിച്ചിരുന്ന ഓർമ്മകളാണ് പ്രധാനം. എത്ര മനോഹരമായാണ് അദ്ദേഹം വാക്കുകളെ കൂട്ടിയോജിപ്പിച്ച് ഘനഗാംഭീര്യമാർന്ന ആ ശബ്ദത്തിൽ സംസാരിച്ചിരുന്നത്!
രോഗാവസ്ഥ അറിയാതെ രണ്ടുമാസം മുമ്പ് ഒരാവശ്യത്തിനായി അദ്ദേഹത്തെ ഫോണിൽ വിളിക്കുകയുണ്ടായി. ഭാര്യയാണ് ഫോണെടുത്തത്, പരിചയപ്പെടുത്തിയപ്പോൾ സാറിന് ഫോൺ കൊടുത്തു. വളരെ ക്ഷീണിതമായ സ്വരത്തിൽ അദ്ദേഹം സംസാരിച്ചു. ഹോസ്പിറ്റലിൽനിന്ന് ഡിസ്ചാർജ് ആയി വീട്ടിൽവരുമ്പോൾ കാണാമെന്ന് പറഞ്ഞു നിർത്തി.
ഒരിക്കൽ സാറിന്റെ വീട്ടിൽ അദ്ദേഹത്തോട് സംസാരിച്ചിരുന്നപ്പോൾ വളരെ യാദൃശ്ചികമായി മലയാള സിനിമയിലെ രണ്ടാമത്തെ ജോൺപോൾ ആയ, ജോൺപോൾ ജോർജ്ജ് (ഗപ്പി, അമ്പിളി തുടങ്ങിയ സിനിമകളുടെ ഡയറക്ടർ) വിളിക്കുകയുണ്ടായി. അങ്ങനെ സംഭവിച്ചതിലെ കൗതുകം ഫോൺ വച്ചുകഴിഞ്ഞപ്പോൾ ഞാൻ ജോൺപോൾ സാറിനോട് പറഞ്ഞു. അപ്പോൾ സാർ ചിരിച്ചുകൊണ്ട് തന്റെ ചില അനുഭവങ്ങൾ പങ്കുവച്ചു.
അടുത്തകാലത്തായി എവിടെയെങ്കിലും ചില പ്രോഗ്രാമുകൾക്ക് ചെല്ലുമ്പോൾ പരിചയപ്പെടാൻ എത്തുന്നവർ, സാറിന്റെ ഗപ്പി എന്ന സിനിമ കണ്ടു, നന്നായിട്ടുണ്ട്, അമ്പിളി നല്ല സിനിമയായിരുന്നു എന്നൊക്കെ പറഞ്ഞ് അഭിനന്ദിക്കുമത്രേ.
ഒരിക്കൽ ഒരു സ്കൂളിൽ ഒരു ഫങ്ഷന് സ്റ്റേജിൽ ആയിരുന്നപ്പോൾ ആരംഭത്തിൽ അദ്ദേഹത്തെ പരിചയപ്പെടുത്തിയത് ഈ സിനിമകൾ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു എന്നും അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു.
ജോൺപോൾ ജോർജ്ജിനെ ഇതുവരെ കണ്ടുമുട്ടിയിട്ടില്ല, ഇനി വിളിക്കുമ്പോൾ അന്വേഷണം പറയണമെന്നും അദ്ദേഹം എന്നെപ്പറഞ്ഞേൽപ്പിച്ചു.
ആദരാഞ്ജലികൾ സർ…
Vinod Nellackal
ചാവറയച്ചനെ കുറിച്ചുള്ള തിരക്കഥ തിരുശ്ശേഷിപ്പായി അവശേഷിപ്പിച്ച് കൊണ്ട്, അതൊരു സിനിമയായി കാണണമെന്ന ആഗ്രഹം ബാക്കി വച്ചു കൊണ്ട് ജോൺപോൾ കടന്നു പോകുന്നു. തീരാനഷ്ടം. ആദരവ് മഹാനുഭവ:
Fr .Jaison Mulerikkal
ആദരാഞ്ജലി, ജോൺ പോൾ സർ
സിനിമാസംബന്ധമായി എപ്പോൾ വിളിച്ചാലും യാതൊരു മടിയോ സംശയമോ കൂടാതെ ഗൂഗിളിനെ വെല്ലുന്ന ഓർമയോടെ പറഞ്ഞുതരുമായിരുന്ന മഹാപ്രതിഭ!
ഞാനെഴുതിയ ജെറി അമൽദേവ് ജീവചരിത്രം 2021 ജനുവരി 3 ന് പ്രകാശനംചെയ്ത് ഒന്നാന്തരമൊരു പ്രഭാഷണം നടത്തിയത് അദ്ദേഹമാണ്. വിട…
P. V. Alby