പിന്നാക്ക വിഭാഗ വികസന കോർപറേഷൻ 650 കോടിയുടെ പദ്ധതി നടപ്പാക്കും
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ കോവിഡിന്റെ പശ്ചാത്തലത്തിൽ 650 കോടി രൂപയുടെ വായ്പാ പദ്ധതികൾ നടപ്പിലാക്കും.
ലോക്ഡൗണിനെ തുടർന്ന് വരുമാനമില്ലാതായ സംരംഭകർക്ക് ഇവ പുനരാരംഭിക്കുന്നതിന് പരമാവധി 5 ലക്ഷം രൂപ വരെ 6 ശതമാനം വാർഷിക പലിശ നിരക്കിൽ പ്രവർത്തന മൂലധനവായ്പ അനുവദിക്കും.
‘സുഭിക്ഷ കേരളം’- പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനായി ഒബിസി വിഭാഗത്തിൽപ്പെട്ട വ്യക്തിഗത വനിതാ സംരംഭകർക്ക് അവരുടെ വീടുകളിലും പരിസരങ്ങളിലുമായി കൃഷി, മത്സ്യം വളർത്തൽ, പശു/ആടുവളർത്തൽ, പൗൾട്രിഫാം എന്നിവ ആരംഭിക്കുന്നതിന് പരമാവധി 2 ലക്ഷം രൂപ വരെ 5 ശതമാനം വാർഷിക പലിശ നിരക്കിൽ വ്യക്തിഗത വായ്പ ലഭ്യമാക്കും. മൈക്രോ ക്രെഡിറ്റ്/മഹിളാ സമൃദ്ധി യോജന പദ്ധതികൾ പ്രകാരം അനുവദിക്കുന്ന വായ്പ 2 കോടി രൂപയിൽ നിന്നും 3 കോടി രൂപയായി വർദ്ധിപ്പിക്കും. 3 മുതൽ 4 ശതമാനം വരെ വാർഷിക പലിശ നിരക്കിലാണ് സിഡിഎസ്സുകൾക്ക് ഈ വായ്പ അനുവദിക്കുന്നത്.
തൊഴിൽ നഷ്ടപ്പെട്ട് കേരളത്തിലേക്ക് മടങ്ങിവരുന്ന ഒബിസി/മതന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദേശ പ്രവാസികളുടെ പുനരധിവാസത്തിനായി കോർപ്പറേഷൻ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് റിട്ടേൺ. 6 മുതൽ 8 ശതമാനം വരെ പലിശ നിരക്കിൽ 20 ലക്ഷം രൂപവരെ വായ്പ അനുവദിക്കുന്ന ഈ പദ്ധതിയിൽ രേഖകൾ സമർപ്പിച്ച് 15 ദിവസത്തിനകം വായ്പ അനുവദിക്കും. പരമാവധി 3 ലക്ഷം രൂപ മൂലധന സബ്‌സിഡിയും (15 ശതമാനം) തിരിച്ചടവിന്റെ ആദ്യ 4 വർഷം 3 ശതമാനം പലിശ സബ്‌സിഡിയും നോർക്ക ലഭ്യമാക്കും.
ഈ പദ്ധതി പ്രകാരം പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ നിന്നും സംരംഭങ്ങൾ ആരംഭിക്കുന്നതിന് 20 ലക്ഷം രൂപ വായ്പയെടുക്കുന്ന പ്രവാസിക്ക് വായ്പാ ഗഡുക്കൾ കൃത്യമായി തിരിച്ചടക്കുകയാണെങ്കിൽ വായ്പാ കാലാവധിയായ 5 വർഷത്തിനകം മുതലും പലിശയുമടക്കം തിരിച്ചടക്കേണ്ടത് മുതലിനേക്കാളും കുറഞ്ഞ തുകയായ 18.5 ലക്ഷം രൂപ മാത്രമായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.