ജീവിതമെന്ന സമസ്യയെ ക്രിയാത്മകമായി സ്വാധീനിക്കുകയും, തേജസ്സും ഊർജവും പകർന്നു വിഹായസിലേക്കു ഉയർത്തിക്കൊണ്ടുപോകുകയും ചെയ്യുന്ന മാന്ത്രിക താളുകളടങ്ങുന്ന ഒരു അത്ഭുത ചെപ്പാണ് പുസ്തകം.

Share News

ഇന്ന് ലോക പുസ്തകദിനം !

ഏപ്രിൽ 23 പുസ്തകങ്ങൾക്കായി മാത്രം മാറ്റിവച്ചിരുന്നു. വായിച്ചുവളരാൻ നമ്മെ ഓർമപ്പെടുത്തുന്ന ദിനം. ഐകരാഷ്ട്രസഭയും യുനെസ്കോയും സംയുക്തമായി 1995 ഏപ്രിൽ 23 നു ആണ് ആദ്യമായി ലോകമെമ്പാടും പുസ്തകദിനം സമാചാരിക്കണമെന്നു ആഹ്വാനം ചെയ്യുന്നത്. പ്രഖ്യാതനായ വില്യം ഷേക്‌സ്പിയർ ജനിച്ചതും മരിച്ചതും ഏപ്രിൽ 23 നു ആണ്. കൂടാതെ മറ്റു പ്രശസ്തരായ സാഹിത്യകാരന്മാരുടെ ജനന- മരണ തീയതികൾ കൂടി പരിഗണിച്ചാണ് ഏപ്രിൽ 23 പുസ്തകദിനമായി ആചരിക്കുന്നത്.

നാമെന്തിന് വായിക്കണം എന്ന് ഇന്ന് പലരും ചോദിക്കുകയാണ്? ഈ ചോദ്യം പ്രസക്തമായതു കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ടു അടച്ചിരിപ്പുകാലം തുടങ്ങിയതോടെയാണ്. ആളുകൾക്ക് പത്രവും മാസികയും പുസ്തകവുമൊക്കെ തൊടാൻ ഭയമായി. തൊട്ടാൽ കോവിഡ് ബാധ ഉണ്ടാവുമെന്ന മുന്നറിയിപ്പുകൾ ദിവസേന കേട്ടു. സ്കൂൾ അടച്ചു, പുസ്തകങ്ങൾക്കും നോട്ട് ബുക്കുകൾക്കും പകരം ഓൺലൈൻ പ്രോഗ്രാമുകളുടെ പ്രളയം ഉണ്ടായി. അങ്ങനെ വായനാശീലം കുറഞ്ഞു, പുസ്തക നിർമാണവും വില്പനയും സാരമായി കുറഞ്ഞു. ഇന്ന് പ്രത്യേകിച്ച് ചെറുപ്പക്കാർക്ക് വായന അന്യമാകുന്നു. ബൃഹത്തായ ഗ്രന്ഥങ്ങൾ കാണുമ്പോൾ അവർ ഞെട്ടുന്നു. കയ്യിലിരിക്കുന്ന മൊബൈൽ ഫോണിൽ ഉള്ളത് ധാരാളം മതിയെന്ന ചിന്തയാണ്. ഏറെ വിനാശകരമായ ഈ സംഭവ വികാസം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വലുതാണ്. വായന കുറഞ്ഞാൽ മനുഷ്യന്റെ അന്തസത്ത കെടുകതന്നെചെയ്യും.

ജീവിതമെന്ന സമസ്യയെ ക്രിയാത്മകമായി സ്വാധീനിക്കുകയും, തേജസ്സും ഊർജവും പകർന്നു വിഹായസിലേക്കു ഉയർത്തിക്കൊണ്ടുപോകുകയും ചെയ്യുന്ന മാന്ത്രിക താളുകളടങ്ങുന്ന ഒരു അത്ഭുത ചെപ്പാണ് പുസ്തകം. എന്റെ വായന തുടങ്ങുന്നത് സ്കൂളിൽ പഠിക്കുമ്പോഴാണ്. ഏതാണ്ട് 15 വയസ്സുകാണും. അന്ന് നാട്ടുമ്പുറക്കാതെ ഒറ്റമുറി ലൈബ്രറിയിൽ നിന്ന് പുതകങ്ങൾ എടുത്തു വായിക്കും. അന്ന് വീട്ടിൽ കറന്റ് ഉം ലൈറ്റുമൊക്കെ വരുന്നതേയുള്ളു. കഷ്ടപ്പെട്ടിരിന്നു വായിച്ചുതീർക്കും. പിന്നീട് തിരുവനന്തപുരത്തു യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ ഗൗരവമായ വായന തുടങ്ങി, അറുപതുകളുടെ അവസാനം. തകഴിയും ബഷീറും കേശവദേവും എം ടി യും എസ് കെ പൊറ്റെക്കാടും ഉറൂബും പാറപ്പുറത്തും കെ സുരേന്ദ്രനും മലയാറ്റൂർ രാമകൃഷ്ണനും ഒക്കെ എന്റെ ഹീറോകളായി മാറി. പിന്നെ അവർ കോർത്തിണക്കിയ ലോകത്താണ് ഞാൻ ജീവിച്ചത്. അറുപതുകളുടെ അവസാനം തന്നെ ഞാൻ ചെറുകഥകളെഴുതി തുടങ്ങി, പിന്നീട് ലേഖനങ്ങൾ. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ആറു ഹൃദ്രോഗസംബന്ധമായ ഗ്രന്ഥങ്ങളും ആത്മകഥക്കുറിപ്പുകളും എഴുതി. എല്ലാം പ്രസിദ്ധീകരിച്ചത് ഡി സി/ കറന്റ് ബുക്ക്സ്. നാലു ഗ്രന്ഥങ്ങൾക്കു അവാർഡ്, മിക്ക പുസ്തകങ്ങളും തന്നെ ബെസ്ററ് സെല്ലറുകൾ, എല്ലാം ദൈവകൃപ !

Dr-George Thayil

Share News