നമ്മുടെ മാതാപിതാക്കൾ നമ്മളെ “വേണ്ടാ” എന്ന് വച്ചിരുന്നെങ്കിൽ ഈ കഥയൊന്നും പറയാൻ നമ്മൾ ഉണ്ടാകുമായിരുന്നില്ല.

Share News

ഫാ.ജോർജ് പനന്തോട്ടം

ആന കുഞ്ഞിന് വരെ ചോദിക്കാനും പറയാനും ആളുണ്ട്. മനുഷ്യ കുഞ്ഞിനോ?

കേരളത്തിൽ ഗർഭിണി ആയ ഒരു കാട്ടാനയെ പൈനാപ്പിളിൽ സ്‌ഫോടകവസ്‌തു ഒളിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം മനഃസാക്ഷിയുള്ള മനുഷ്യരെ ഒക്കെയും വേദനിപ്പിച്ചു. പ്രകൃതിയോടും ജീവജാലങ്ങളോടും ഉള്ള മനുഷ്യന്റെ ക്രൂരതക്ക് ഒരു പരിധി ഇല്ലാതെ പോകുന്ന അപകടകരമായ അവസ്ഥ ഉണ്ട്. ഇതിനോട് പ്രകൃതി എങ്ങനെ പ്രതികരിക്കും എന്ന് കാത്തിരുന്നു കാണാം.

മനുഷ്യർ അവരുടെ ആവശ്യത്തിനും അനാവശ്യത്തിനും എത്രയോ ജീവികളെ കൊന്നു ഒടുക്കുന്നു. അവരുടെ പലരുടെയും ഉദരത്തിൽ ജീവന്റെ തുടിപ്പുകൾ ഉണ്ടാകാറുണ്ട്. എന്നാൽ കാര്യമായ പ്രതിഷേധം ഒന്നും ആരും ഉന്നയിക്കാറില്ല.

കാട്ടാനയുടെ മരണവുമായി ബന്ധപെട്ടു പതിവില്ലാതെ സർക്കാർ സട കുടഞ്ഞു എണീറ്റ് അന്വേഷണം പ്രഖാപിച്ചു, ഇനി കേസ് ആയി അറസ്റ്റ് ആയി മാധ്യമങ്ങൾക്കു വിരുന്നായി!!. കാരണം, ആന ഇപ്പോൾ പഴേ പോലെ ഒന്നും അല്ല. ആനക്ക് ചോദിക്കാനും പറയാനും ഇന്ന് ആളുണ്ട്. ആന പ്രേമികളുടെ സംഘടനകൾക്ക് ആവിശ്യത്തിന് പണവും ബലവും ഉണ്ട്. അതിന്റെ സുരക്ഷിതത്വവും ആന കുഞ്ഞുങ്ങൾക്ക് ഉണ്ട് എന്ന് പറയപ്പെടുന്നു. ആനകൾക്ക് ഇത് അറിയാമോ ആവോ!!

ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലാത്തതു മനുഷ്യ കുഞ്ഞുങ്ങൾക്കാണ്. ലോക ആരോഗ്യ സംഘടനയുടെ ഒരു കണക്കു സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നണ്ട്. അതിന്റെ ആധികാരികത അറിവില്ല. എന്നാൽ ഒന്ന് അറിയാം; പ്രതി വർഷം ഒരു ലക്ഷത്തിൽ അധികം കുഞ്ഞുങ്ങൾ അമ്മയുടെ ഉദരത്തിൽ വച്ച് വധിക്കപെടുന്നുണ്ട്. അതിപ്പോൾ ഒരു കോടി എഴുപത്തിമൂന്നു ലക്ഷത്തിൽ എത്തി നിൽക്കുന്നു എന്ന് അറിയുന്നു. ഭാരത സർക്കാരും കഴിഞ്ഞ ഇടയിൽ ഒരു ബില്ലിലൂടെ അതിനു പച്ചക്കൊടി കാട്ടിയിട്ടുണ്ട്. അതിനും ഉണ്ട് നൂറു ന്യായികരണങ്ങൾ!! എന്നാൽ നടപ്പാക്കുന്നത് ആരോഗ്യ കാരണങ്ങളാൽ ഒന്നും അല്ല. ഒരു നഖം വെട്ടിക്കളയുന്ന ലാഘവത്തോടെ വലിച്ചു എറിയുന്ന മനുഷ്യ ജീവനുകളുടെ കണക്കു ലക്ഷങ്ങൾ കടക്കുന്നതിൽ ആർക്കും ഒരു പരിഭവവും ഇല്ല. അതിൽ നാളെ ലോകത്തെ നയിക്കേണ്ട എത്രയോ മഹാരഥന്മാർ പല കഷണങ്ങൾ ആയി ചവറ്റു കോട്ടയിൽ പോയി വീണു. ഇപ്പോഴും ഇത് സംഭവിച്ചു കൊണ്ടിരിക്കുന്നു. ഇത് പറയുമ്പോൾ പുതപ്പിനു അടിയിൽ കേറി ഒളിക്കുന്ന സർക്കാരും പ്രകൃതി സ്നേഹികളും ആണ് വലിയ പക്ഷവും. ഭൂരിപക്ഷം മൗനം ആവും!!

സ്വന്തം കുഞ്ഞിനെ ഏതു വിധേനയും സംരക്ഷിക്കാൻ ഉള്ള വാസന മൃഗങ്ങളിൽ പോലും സഹജമാണ്. ഒരു തെരുവ് നായ് രണ്ടു കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. അതിനെ ഒന്ന് കാണാൻ ഞാൻ അടുത്ത് ചെന്നു. എന്നാൽ, കുഞ്ഞുങ്ങൾ രണ്ടും മരിച്ചു എന്ന് എനിക്ക് മനസിലായി. നായ് ‘അമ്മ എന്തോ മനസിലാക്കി അതിനു ജീവൻ കൊടുക്കാൻ നടത്തുന്ന ശ്രമങ്ങൾ കണ്ണ് നനഞ്ഞാണ്‌ ഞാൻ നോക്കി നിന്നതു. അമ്മയുടെ ഉദരത്തിൽ വച്ച് തന്നെ സ്വന്തം കുഞ്ഞിനെ കൊല്ലാൻ തയ്യാറാകുന്ന ലോകത്തിലെ ഏക ജീവി മനുഷ്യൻ ആവും.

ഭാരതത്തിലെ പല സംസ്ഥാനങ്ങളിലും പെൺകുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞു വരുകയാണ്. “ പെണ്ണ് ആണെന്ന് അറിഞ്ഞപ്പോൾ വേണ്ടാന്ന് വച്ചു” എന്ന് വളരെ നിസാരമായി പറഞ്ഞ ആളുകളെ അറിയാം. നിയമപരമായി ആശുപത്രികളിൽ ലിംഗനിർണയം അനുവദിച്ചിട്ടില്ലെങ്കിലും വളരെ കാര്യമായി ഇത് നടക്കുന്നു. വിവരവും വിദ്യാഭ്യാസവും കൂടിയപ്പോൾ നമ്മുക്ക് സുബോധം നഷ്ടപെടുന്നുണ്ടോ?.

നമ്മുടെ മാതാപിതാക്കൾ നമ്മളെ “വേണ്ടാ” എന്ന് വച്ചിരുന്നെങ്കിൽ ഈ കഥയൊന്നും പറയാൻ നമ്മൾ ഉണ്ടാകുമായിരുന്നില്ല.
അമ്മയുടെ ഉദരത്തിലെ മനുഷ്യ കുഞ്ഞിന് ചോദിക്കാനും പറയാനും ആരും ഇല്ലാത്തിടത്തോളം കാലം ഈ കൊലപാതക വാണിജ്യം നമ്മുടെ സമൂഹത്തിൽ തുടർന്ന് കൊണ്ടിരിക്കും. പച്ചക്കൊടി വീശി സർക്കാരും!!.

ഇതിനെ മൃഗീയം എന്ന് വിളിക്കരുത്. മൃഗങ്ങൾ ഇങ്ങനെ ചെയ്യില്ല. പിന്നെ മാനുഷീകം എന്ന് പറയുന്നതാവും ഉത്തമം!! മനുഷ്യൻ മൃഗങ്ങളെക്കാൾ അധപധിച്ചാൽ വിളിക്കേണ്ട പുതിയ വാക്കു നിഘണ്ടുവിൽ ഉൾപെടുത്തുക എങ്കിലും സർക്കാർ ചെയ്യണം എന്നൊരു അപേക്ഷ!!

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു