ഒരു വിദ്യാർത്ഥിപോലും ഇങ്ങനെ അപമാനിതരാകാതിരിക്കട്ടെ. ഏല്പിച്ച ഉത്തരവാദിത്വം നിർഹിച്ചതിനു ആരും തെറ്റുകാർ ആകാതിരിക്കട്ടെ.

Share News

അഡ്വ. സോണു അഗസ്റ്റിൻ

ചേർപ്പുങ്കൽ കോളേജിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥിനി ഹാൾ ടിക്കറ്റിൽ എഴുതി കൊണ്ടുവന്നതും, ഇൻവിജിലേറ്റർ അത് കാണാൻ ഇടയായതും, തുടർന്നു വിദ്യാർത്ഥിനിയെ പരീക്ഷ എഴുതുന്നത് വിലക്കുകയും ചെയ്തു. കോളേജ് അധികാരികൾ കുട്ടിയോട് വീട്ടിൽ പോയി മാതാപിതാക്കളെ അറിയിക്കുവാനും, തുടർനടപടികൾക്കായി അവരെ വിളിച്ചുകൊണ്ട് വരുവാനും ആവശ്യപ്പെട്ടതായി അറിയുന്നു. പുറത്തേക്കു പോയ കുട്ടിയുടെ ജഡം മീനച്ചിലാറ്റിൽനിന്നും കണ്ടെടുക്കുന്നു. രണ്ടു ഭാഗത്തും ശരിയും തെറ്റും ഉണ്ട് എന്നുള്ള ശബ്ദങ്ങളാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ആളുകൾ അണിനിരക്കുന്നു.

സമാനമായ സംഭവം കുറച്ചു നാളുകൾക്ക് മുൻപ് കൊല്ലം ഫാത്തിമ മാതാ കോളേജിലും നടന്നിരുന്നു. അന്നു പിടിക്കപ്പെട്ട കുട്ടി നേരെ പോയത് ട്രെയിന് മുന്നിൽ ചാടി മരിക്കുവാനായിരുന്നു.സമാന സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കട്ടെ. ജീവനുതുല്യം സ്നേഹിച്ചു മക്കളെ വളർത്തി പഠിപ്പിക്കുന്ന മാതാപിതാക്കൾ ഇനി അവരെ ഈവിധം ദൗർഭാഗ്യകരമായ അവസ്ഥയിൽ നഷ്ടപ്പെട്ടതോർത്തു ശിഷ്ടജീവിതം വേദനിച്ചു ജീവിക്കുവാൻ ഇടയാവാതിരിക്കട്ടെ. തങ്ങളെ ഭരമേല്പിച്ച ജോലി ചെയ്തവർ, അതിന്റെ പേരിൽ കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും കേൾക്കുവാൻ ഇടയാവാതിരിക്കട്ടെ. അതിനായി ഈ രണ്ടു ദൗർഭാഗ്യ സംഭവങ്ങൾ നൽകുന്ന പാഠം നാം മനസിലാക്കണം.

ചേർപ്പുങ്കൽ കോളേജിലെ കുട്ടി ഹാൾ ടിക്കറ്റിൽ എഴുതിയിരുന്നതായി ഇൻവിജിലേറ്റർ കണ്ടു എന്ന് മാത്രമേ പറയുന്നുള്ളു. അതായതു കുറ്റം ചെയ്യാനുള്ള ശ്രമം നടത്തി. മറ്റേ കുട്ടിയുടെ കാര്യത്തിൽ എന്താണ് നടന്നത് എന്ന് അറിയില്ല. ഏതായാലും പിടിക്കപ്പെട്ടതിന്റെ അനന്തരഫലം എന്നതുപോലെ അവർ അപമാനിതരാകുകയാണ്. മാതാപിതാക്കളുടെയും, ബന്ധുക്കളുടെയും, അയൽക്കാരുടെയും, കൂട്ടുകാരുടെയും എന്ന് വേണ്ട ലോകം മുഴുവന്റെയും മുന്നിൽ തങ്ങൾ അപമാനിക്കപ്പെട്ടു എന്ന് സ്വയം ഉറപ്പിക്കുന്ന ഇളം മനസ്സ്. താൻ മൂലം തന്റെ കുടുംബത്തിന് മാനഹാനി സംഭവിച്ചു എന്ന് വിധി എഴുതിയ കുട്ടി ഉടൻ സുരക്ഷിതമായ രക്ഷാമാർഗം തേടുകയാണ്. തീവണ്ടി, ഒഴുകുന്ന പുഴ, വിഷം, ഒരു കയർ/ഷാൾ കെട്ടുവാനുള്ള സ്ഥലം. നിസ്സാരകാര്യം ക്ഷണനേരം കൊണ്ട് അപരിഹാര്യമായ പ്രശ്നമായി ഉറപ്പിച്ച കടുംകൈ കാണിക്കുക.

തങ്ങളുടെ മുൻപിൽ ഇരുന്നു പരീക്ഷ എഴുതുന്ന നാടിന്റെ ഭാവി തലമുറ, അനേകരുടെ ഏക പ്രതീക്ഷ, ജന്മം കൊടുത്തവരുടെ ജീവന്റെ ജീവൻ: ഈ കുട്ടികൾ ഇങ്ങനെയൊക്കെ കടുംകൈ കാട്ടുമെന്നു അറിയാൻ നമ്മുടെ ഇൻവിജിലേറ്റർമാർ ഇനി മറ്റൊരു മരണത്തിനായി കാത്തിരിക്കരുത്.

ജൂൺ ആറാം തിയതി രാവിലെ പരീക്ഷ എഴുതാൻ എത്തിയ കുട്ടി, അറിഞ്ഞുകൊണ്ട് ഹാൾടിക്കറ്റിൽ വരാൻ സാധ്യതയുള്ള ഒരു ഉത്തരം മനഃപൂർവം എഴുതി കൊണ്ടുവന്നു എന്ന് തന്നെ സമ്മതിക്കുക. ഇത് ശ്രദ്ധയിൽപ്പെട്ട ഇൻവിജിലേറ്റർക്ക് ആ കുട്ടി പോലും അറിയാതെ ആ ഹാൾടിക്കറ്റ് എടുത്തു മാറ്റിവെക്കാമായിരുന്നു. പരീക്ഷക്ക് ശേഷം, അത് ശാന്തമായി തിരികെ കൊടുക്കുമ്പോൾ ആ കുട്ടിക്കു ലഭിക്കാമായിരുന്നതു ഒരു നല്ല പാഠം ആയിരുന്നു. ഇങ്ങനെ കുട്ടികളെ ശാന്തരായി തിരുത്തുന്ന എത്രയോ അധ്യാപകർ /ഇൻവിജിലേറ്റർമാർ നമ്മുടെ സമൂഹത്തിലുണ്ട്. എല്ലാവരും ശ്രദ്ധിക്കുമെന്ന് ആശ്വസിക്കാം.

ഇനി ഒരു വിദ്യാർത്ഥിപോലും ഇങ്ങനെ അപമാനിതരാകാതിരിക്കട്ടെ. ഏല്പിച്ച ഉത്തരവാദിത്വം നിർഹിച്ചതിനു ആരും തെറ്റുകാർ ആകാതിരിക്കട്ടെ.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു