കാലത്തിന്-അമ്പതു വര്‍ഷത്തിന് മാറ്റംവരുത്താനാവാത്ത ഒരു ഗ്രാമ മുണ്ട് അതാണ് ഞങ്ങളുടെ നാടായ കാഞ്ഞിരത്താനം.

Share News

എന്റെ പള്ളിക്കൂടം:

കാഞ്ഞിരത്താനത്തെ സെന്റ് ജോണ്‍സ് ഹൈസ് സ്‌കൂള്‍.

പത്താം ക്ലാസ് വരെ ഇവിടെയായരുന്നു എന്റെ പഠനം. അര നൂറ്റാണ്ട് പിന്നിടുമ്പോഴും വലിയ മാറ്റമൊന്നുമില്ല ഈ ഗ്രാമീണ സ്‌കൂളിന്.

സമീപ പ്രദേശങ്ങളായ കുറുപ്പന്തറ, കോതനല്ലൂര്‍, മാഞ്ഞൂര്‍, മുട്ടുചിറ, തോട്ടുവ, കളത്തൂര്‍, കാടംകുഴി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നായി മുവ്വായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന പ്രൗഡതയാര്‍ന്ന ഒരു പ്രതാപകാലം കാലം ഈ സ്‌കൂളിനുണ്ടായിരുന്നു. ഇന്ന് അത് 200-ല്‍ താഴെമാത്രമാണ് വിദ്യാര്‍ത്ഥികള്‍.

സമീപ പ്രദേശങ്ങളിലെല്ലാം സ്‌കൂളുകള്‍ കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിലാണ് ബഹു നിലകെട്ടിടങ്ങളും, അത്യാധൂനീക സൗകര്യങ്ങളുമായി വളര്‍ന്നു പൊങ്ങിയത്. മലയാളം പറഞ്ഞാല്‍ പിഴയീടാക്കുന്ന ഭരണ സംവിധാനമുള്ള, സ്‌കൂളില്‍ പ്രവേശനത്തിന് വന്‍ തുകയുടെ ഫീസും തലവരിപ്പണവും, ശുപാര്‍ശകളും മാത്രമല്ല മതാപിതാക്കള്‍ക്ക് നല്ല സോഷ്യല്‍ സ്റ്റാറ്റസും ആവശ്യപ്പെടുന്ന ഇക്കാലത്ത് തീര്‍ച്ചയായും ഇതൊരു നാടന്‍ പള്ളിക്കൂടമാണ്.

എന്നാല്‍ ഇവിടെ പഠിച്ചവര്‍ ഇന്ന് ലോക രാജ്യങ്ങളിലെല്ലാം ജോലി ചെയ്യുന്നുണ്ട്. ജീവിതത്തിന്റെ ഔന്നത്യങ്ങളിലെത്തിയിട്ടുണ്ട്. കായിക താരങ്ങളെ സംഭാവന ചെയ്തിട്ടുണ്ട്. നാല് വോട്ടിനും പേരിനും വേണ്ടി രാഷ്ട്രീയക്കാര്‍ എങ്ങനെ ഒരു നാടിന്റെ പ്രതീക്ഷകലെ തല്ലിക്കൊഴിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ പള്ളിക്കൂടം.

കേരള കോണ്‍ഗ്രസ് ജോസഫ്-മാണി വിഭാഗങ്ങള്‍ക്ക് പ്രാമൂഖ്യമുണ്ട് ഞങ്ങളുടെ നാട്ടില്‍. പ്ലസ് ടു, ഇംഗ്ലീഷ് മീഡിയം, കായിക സകൂള്‍ അങ്ങനെ പല സംരഭങ്ങളും രാഷ്ട്രീയക്കളിയില്‍ പാതിവഴിയില്‍ ഇല്ലാതായി.


എനിക്ക് മരക്കാനാവാത്ത ധാരാളം ഓര്‍മ്മകളുണ്ട്

ഇവിടെ. 10-ല്‍ പഠിക്കുമ്പോള്‍, ‘നീ പത്രക്കാരനാകുമെന്ന്’ പ്രവചിച്ച മലയാളം അധ്യാപിക ക്ലാരക്കുട്ടി ടീച്ചര്‍, കണക്ക് പഠിപ്പിക്കുന്ന കുട്ടപ്പന്‍ സാറിന്റെ കിഴുക്ക്. നിക്കര്‍ മാറ്റി ഉള്‍ത്തുടയിലാണ് പിടുത്തം. കാന്താരി മുളക് അരച്ച് തേച്ചതുപോലെ എരിഞ്ഞുപിടിക്കും. സാറിന്റെ മകന്‍ സഹപാഠിയായിരുന്നു ഇന്ന് നാട്ടിലെ അറിയപ്പെടുന്ന കോളേജിലെ പ്രൊഫസറാണ്.

50 വര്‍ഷമായി മാറ്റമില്ലാത്ത ഈ നാടിനും പറയാനേറെയുണ്ട്. അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ളയില്‍ നിന്നും ഞങ്ങളുടെ സ്‌കൂളിന് അംഗീകാരം നേടിത്തന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ എം.കെ ജോസഫ് ചേട്ടന്‍. ആസാമിലെ ജോര്‍ഘാട്ടില്‍ മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ വിമാനം എന്‍ജിന്‍ തകരാറിലായപ്പോള്‍ ഗോതമ്പ് പാടത്ത് വിമാനം ഇടിച്ചിറക്കി അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ച വ്യോമസേന വൈമാനികന്‍ സ്വകാഡ്രണ്‍ ലീഡര്‍ മാത്യു സിറിയക്, പദ്മശ്രീ സിസ്റ്റര്‍ ഡോ.സുധ വര്‍ഗീസ്, നാട്ടിലെ ആദ്യത്തെ ഐ.എ.എസ് ഷെവലിയാര്‍ സിറിയക് സര്‍. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ കവി അന്തരിച്ച ഉണ്ണികൃഷ്ണന്‍ കാഞ്ഞിരത്താനം, പ്രശ്ത വാഗ്മിയും ഭാഷാപണ്ഡിതനുമായ ഡോ.കുര്യാസ് കുമ്പളക്കുഴി ഈ സ്‌കൂളില്‍ അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. പത്മശ്രീ ഡോ.ഫിലിപ്പ് അഗസ്റ്റിന്‍, നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകനായ വ്യവസായികളായ പൂവക്കോട്ട് പി.എം സെബാസ്റ്റ്യന്‍, ടോമി വെട്ടിക്കത്തടം എന്നിവരും ഈ നാടിന്റെ അഭിമാനമാണ്.

മജീഷ്യനും ചിത്രകാരനുമായ ബെന്നി (ബെന്നീസ് ആര്‍ട്‌സ്), ഭക്തി ഗാനരംഗത്തെ യുവസാന്നിദ്ധ്യം റോയി കാഞ്ഞിരത്താനം എന്നിവരും എടുത്തു പറയേണ്ട കലാകാരന്മാരാണ്.
ഇത്രയും വിശാലമായ അങ്കണവും കളിസ്ഥലവും സ്വന്തമായ സകൂളുകള്‍ സമീപ പ്രദേശങ്ങളില്‍ ഇല്ലെന്നു തന്നെ പറയാം. നാടകവും ഗാനമേളയും, കഥാപ്രസംഗങ്ങളുമെല്ലാം ഗ്രാമീണ ജീവിതത്തിന്റെ സായാഹ്നങ്ങള്‍ക്ക് നിറം പകര്‍ന്നിരുന്ന കാലത്ത് സ്‌കൂള്‍ മുറ്റത്തെ വിശാലമായ ഗ്രൗണ്ടില്‍ അവസാനം കണ്ട നാടകം രാജന്‍ പി ദേവിന്റെ കാട്ടുകുതിരയാണ്. ടി.വി സെറ്റുകള്‍ വന്നതോടെ മനുഷ്യര്‍ പരസ്പരം കാണാതായി.

കാലം ഏറെ മുന്നോട്ട് പോയെങ്കിലും എന്റെ നാട്ടിന്‍പുറത്തിന് മാറ്റമൊന്നുമില്ല.

ഒരു റേഷന്‍ കട, തുന്നല്‍ക്കട, ചായക്കട, പോസ്‌റ്റോഫീസ്, എല്ലാ നാട്ടിലെയും പോലെ ഓല മേഞ്ഞ ഒരു പാരലല്‍ കോളേജ്, പള്ളിയും പള്ളിക്കൂടവും, ക്ഷേത്രവും. പിന്നെ ഒരു കള്ളു ഷാപ്പ് ഇത്രയുമാണല്ലോ കേരളത്തിലെ ഒരു നാട്ടില്‍ പുറത്ത് അവശ്യം വേണ്ട ആഡംബരങ്ങള്‍. ഇവയെല്ലാം എന്റെ നാട്ടിലും ഉണ്ടായിരുന്നു.

ഇവയില്‍ ആശാന്റെ ചായക്കട, കെ.എം കോളേജും പൂട്ടിപ്പോയ സ്ഥാപനങ്ങളാണ് ബാക്കിയെല്ലാം ഇപ്പോഴും ഉണ്ട്. പഠിക്കുന്ന കാലം മുതല്‍ കാണുന്ന മുഖമാണ് സ്‌കറിയ കുഞ്ഞേട്ടന്റെ അദ്ദേത്തിന്റെ മിഠായി-പുസ്തക കട ഇപ്പോഴുമുണ്ട്.


ഇതു വഴി യാത്ര ചെയ്യുന്നവര്‍ പറയാറുണ്ട്, കാലത്തിന്-അമ്പതു വര്‍ഷത്തിന് മാറ്റംവരുത്താനാവാത്ത ഒരു ഗ്രാമ മുണ്ട് അതാണ് ഞങ്ങളുടെ നാടായ കാഞ്ഞിരത്താനം.


ഏറെ സന്തോഷമുള്ള കാര്യം എന്റെ മലയാളം അധ്യാപിക ക്ലാരക്കുട്ടി ടീച്ചറിന്റെ മരുമകള്‍ ഈ പോസറ്റ് കണ്ട് ടീച്ചറെ കാണിച്ചു അവര്‍ക്ക് ഏറെ സന്തോഷം തോന്നി എന്ന് എഴുതി അറിയിച്ചു.

John Mathew

(Johnny Kanjirathanam)

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു