
മതകാര്യങ്ങൾക്കായി ഒരു വകുപ്പും മന്ത്രിയും? !
കേന്ദ്രത്തിലും കേരളത്തിലും മത കാര്യങ്ങൾക്കായി പ്രതേക വകുപ്പും, മന്ത്രിയും ഇല്ലെങ്കിലും, ചില നടപടികൾ കാണുമ്പോൾ അങ്ങനെ തോന്നിപ്പോകും.
ചിലർ വിശ്വാസം പരസ്യമായി പ്രകടിപ്പിച്ചും, പറഞ്ഞും പ്രവർത്തിക്കുന്നു. മറ്റ് ചിലർ അത് പരസ്യമായി പറയാതെ ചെയ്യുന്നു, അതിനായി ചിലരെ ചുമതലപ്പെടുത്തുന്നു.
മത കാര്യ വകുപ്പും മന്ത്രിയും വരുവാൻ എളുപ്പമല്ലായിരിക്കും. എന്നാൽ വിവിധ മത വിശ്വാസികൾക്കും അവരുടെ സ്ഥാപനങ്ങൾക്കും, വിവിധ ക്ഷേമ പരിപാടികൾക്കും നിതി ലഭിക്കണം. അത് ഭരിക്കുന്ന സർക്കാർ ഉറപ്പുവരുത്തണം.
മതവും വിശ്വാസവും മനുഷ്യജീവിതത്തിന്റെ ഭാഗം ആണ്. നമ്മുടെ രാജ്യത്ത് നിരവധി മതങ്ങളും വിശ്വാസികളും അവരവരുടെ സ്ഥാപനങ്ങളും ഉണ്ട്.

മതത്തിന്റെ പേരിൽ വോട്ടൂചോദിക്കരുതെന്നു നിയമം ഉണ്ടെങ്കിലും , മത വിശ്വാസം മറയാക്കി വോട്ടുകൾ ഉറപ്പാക്കുവാൻ പാർട്ടികൾ മത്സരിക്കുന്നു.
വോട്ടുകൾ മൊത്തമായി ഉറപ്പുവരുത്തുവാൻ എക്കാലത്തും എവിടെയും രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കാറുണ്ട്. അത് ഏത് രാജ്യത്തും ഉണ്ടാകുന്നു.
വോട്ടൂബാങ്ക് ഉണ്ടാക്കുമ്പോൾ എളുപ്പം കഴിയുന്ന മാർഗം ആലോചിക്കുമ്പോൾ, രാഷ്ട്രീയ ബുദ്ധിയിൽ ആദ്യം ഉദിക്കുക വിശ്വാസി വിഭാഗങ്ങളെ പ്രിണിപ്പിക്കുക, കൂടെ നിർത്തുക ആയിരിക്കും. അപ്പോൾ പിന്നെ അത് എങ്ങനെ ആരുവഴി എന്തെല്ലാം ചെയ്ത്.. എന്നൊക്കെ ആയിരിക്കും. അപ്പോൾ എത്തുക ആ പ്രദേശത്തെ കൂടുതൽ മത വിശ്വാസമുള്ള സമൂഹം ഏതെന്ന അന്വേഷണത്തിലും ആകും
സാമൂഹ്യസേവനം, വിദ്യാഭ്യാസ സ്ഥാപനം, സർക്കാർ അനുകുല്യങ്ങൾ.. എന്നിങ്ങനെ സർക്കാർ സഹായം വിതരണം ചെയ്യുമ്പോഴേല്ലാം ഈ മത പരിഗണന കടന്നുകൂടും.
പഞ്ചായത്ത് മെമ്പർ മുതൽ പാർലമെന്റ് മെമ്പർ വരെ തങ്ങളുടെ വോട്ടർമാരുടെ എണ്ണം നോക്കി, ആനുകൂല്യം അനുവദിക്കുമ്പോൾ പരിഗണിക്കുന്നു. ജനസംഖ്യ നോക്കി പാർട്ടിയുടെ ഭാരവാഹികളെ നിശ്ചയിക്കുന്ന പതിവും പണ്ടില്ലായിരുന്നു. ഇപ്പോൾ അതും തുടങ്ങിയില്ലേ?
കുട്ടികൾ ഉണ്ടാകാതിരിക്കുവാൻ എങ്ങനെ സുരക്ഷിത ദിവസം കണ്ടെത്താം എന്ന് വിവാഹ ഒരുക്ക കോഴ്‌സിൽ പഠിപ്പിക്കുന്നവരും, കുട്ടികളെ സ്വീകരിക്കുന്നതിൽ മടിക്കരുതെന്നു പഠിപ്പിക്കുന്നവരും ഉണ്ട്. നമ്മൾ രണ്ട് നമുക്ക് രണ്ട് എന്ന് പറഞ്ഞവരും, പിന്നെ നമുക്കൊന്ന്, അതും കഴിഞ്ഞ് നമ്മളൊന്ന് നമുക്കെന്തിനു എന്ന് ചിന്തിച്ചവരും നമുക്കിടയിലുണ്ട്.

ഒരു പ്രദേശത്തെ മനുഷ്യരെ മതത്തിന്റെ അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്നതും, വിഭജിക്കുന്നതും ഉചിതമല്ല. മനുഷ്യരെ പൊതുസമൂഹമായി കാണുവാൻ കഴിയണം. മത വിശ്വാസം സർക്കാരിന്റെ സഹായം നൽകുന്നതിൽ മുഖ്യ പരിഗണനയായി വരുന്നത് വലിയ വിപത്തുകൾ വിളിച്ചുവരുത്തും. അത് അനുചിതമായ മത -രാഷ്ട്രീയ കൂട്ടുകെട്ടുകൾക്കും കൂട്ടായ്മകൾക്കും ഇടവരുത്തും. അത് പിന്നീട് കുട്ടുകച്ചവടത്തിനും സാഹചര്യം ഒരുക്കും.
സമുദായ സംരക്ഷണം, സമുദായത്തെക്കാൾ ചില പാർട്ടികൾ മൊത്തത്തിൽ ഏറ്റെടുക്കുന്നു. അതിനായി ചിലർ ഇടനിലക്കാരുമായി മാറുന്നു. ഏത് മുന്നണിയിൽ പാർട്ടിയിൽ ആണെങ്കിലും ആണെങ്കിലും, ജനിച്ച സമുദായത്തിന്റെ പിൻബലം വേണം അവർക്കു പാർട്ടിയിൽ ഇടം കിട്ടുവാൻ എന്ന് രഹസ്യമായി പലരും വെളിപ്പെടുത്തുന്നു.

ജന പ്രതിനിധിയായി മത്സരിക്കുമ്പോഴും ജാതി, ഉപജാതി നോക്കി, തരം തിരിക്കുന്നു. അത് മനസ്സിലാക്കുവാൻ വിവിധ മണ്ഡലങ്ങൾ നോക്കിയാൽ മതി
മത -രാഷ്ട്രീയ വിശ്വാസം കൃത്യമായി പാലിക്കുവാൻ നവ രാഷ്ട്രീയപ്രവർത്തകർ ശ്രദ്ധിക്കുന്നു.
ന്യൂനപക്ഷ വകുപ്പിന്റെ ഭരണം പലപ്പോഴും വിവാദത്തിൽ ആണ്. മന്ത്രി സ്ഥാനത്തിരുന്നു ഏതെങ്കിലും പ്രതേക പാർട്ടി, മതം എന്നിയയ്ക്കായി പ്രവർത്തിക്കുന്നത് ഭരണഘടനയുടെ കാഴ്ചപ്പാടിന് വിരുദ്ധമാണ്.
കോവിഡ് പ്രതിരോധം, ബോധവൽക്കരണം, ലോക്‌ഡോൺ എന്നിവ ഉണ്ടായപ്പോൾ കേരളത്തിലെ വിവിധ മത സാമുദായിക നേതൃതത്തെ സർക്കാർ പരിഗണിക്കുകയും നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു.

സമുദായ – സാമ്പത്തിക സംവരണം ചർച്ചചെയ്യപ്പെടുന്ന കാലഘട്ടത്തിൽ, വിവിധ മത വിഭാഗങ്ങൾക്ക് അർഹിക്കുന്ന നിതി ഉറപ്പാക്കുന്ന സാഹചര്യം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

സാബു ജോസ് ,എറണാകുളം