
മാതാപിതാക്കളുടെ സ്മരണ നിലനിർത്താൻ കരുണയുടെ പാതയിൽ ഒരു കുടുംബം
എല്ലാം കര്‍ത്താവിന്‍െറ പ്രവൃത്തിയാണ്, അവയെല്ലാം അത്യുത്തമമാണ്, അവിടുന്ന് കല്‍പിക്കുന്നതൊക്കെയും അവിടുത്തെ നാമത്തില്‍ നിര്‍വഹിക്കപ്പെടും.പ്രഭാഷകന്‍ 39 : 16
മാതാപിതാക്കളുടെ സ്മരണ നിലനിർത്താൻ കരുണയുടെ പാതയിൽ ഒരു കുടുംബം

ഇക്കാലത്തും ഇങ്ങനെയൊക്കെയുള്ളവരുണ്ടോ എന്നു നിങ്ങൾക്ക് സംശയം തോന്നാം…
ഓർമ്മയായ അപ്പനും അമ്മയും ഇവർക്ക് ഇന്നും ജീവൽസ്വരൂപങ്ങളാണ്… വാർദ്ധക്യത്തിലെത്തിയ മാതാപിതാക്കൾ ഒരു ബാധ്യതയായി കരുതുന്ന പരിഷ്കൃത ലോകത്തിലും പിതാവിനെയും മാതാവിനെയും ബഹുമാനിക്കുന്ന തലമുറയുടെ അറ്റുപോകാത്ത കണ്ണികളാണിവർ…
മാതാപിതാക്കളുടെ സ്മരണ നിലനിർത്തുവാൻ കരുണയുടെ പാതയിൽ സഞ്ചരിക്കുകയാണ് കുറവിലങ്ങാട് കണ്ണംകുളത്തേൽ സിബിയും കുടുംബവും.
കുറവിലങ്ങാട് അനുഗ്രഹ ചാരിറ്റബിൾ ട്രസ്റ്റ് ആരോരുമില്ലാത്ത വൃദ്ധജനങ്ങളെ സംരക്ഷിക്കുവാൻ സ്ഥലം തേടുന്നുവെന്നറിഞ്ഞപ്പോൾ പിന്നെ അദ്ദേഹത്തിന് കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല. തൻ്റെ പേരിലുണ്ടായിരുന്ന വഴിസൗകര്യവും ജലലഭ്യതയുമുള്ള 20 സെൻ്റ് സ്ഥലം പിതാവിൻ്റെയും മാതാവിൻ്റെയും സ്മരണാർത്ഥം ട്രസ്റ്റിന് ദാനം നൽകാൻ തയ്യാറാണെന്നറിയിച്ചു.
ഭൂമിയുടെ ലക്ഷങ്ങൾ വിലമതിപ്പിനേക്കാൾ കണ്ണംകുളത്തേൽ സെബാസ്റ്റ്യൻ്റെയും (ചാച്ചൻ) മേരിക്കുട്ടിയുടെയും (ചാച്ചി) സ്മരണാർത്ഥമുള്ള ഭൂമിയിൽ വൃദ്ധജനങ്ങൾ സംരക്ഷിക്കപ്പെടുമല്ലോ എന്നതിലുള്ള ചാരിതാർത്ഥ്യത്തിനാണ് അദ്ദേഹം വില നൽകിയത്.
ട്രസ്റ്റിൻ്റെ രക്ഷാധികാരിയും പാലാ രൂപതയുടെ വികാരി ജനറാളുമായ റവ.ഡോ.ജോസഫ് മലേപ്പറമ്പിൽ മുന്നിട്ടിറങ്ങിയതോടെ ആധാരമുൾപ്പെടെയുള്ള കാര്യങ്ങൾ വേഗത്തിൽ പൂർത്തിയായി രേഖകൾ കൈമാറി. ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും വർഷങ്ങളായി നാടിൻ്റെ പൊതുപ്രവർത്തന രംഗത്തെ സജീവ സാന്നിദ്ധ്യവുമാണ് സിബി സെബാസ്റ്റ്യൻ കണ്ണംകുളം. അനുഗ്രഹയുടെ ഭവന നിർമ്മാണ പ്രവർത്തനങ്ങളിൽ കല്ലും മണ്ണും ചുമന്നെത്തിക്കുവാൻ അദ്ദേഹം എന്നും മുന്നിലുണ്ട്.



അദ്ദേഹത്തിനും സഹോദരങ്ങൾക്കും കുടുംബാംഗങ്ങൾക്കും ദൈവാനുഗ്രഹങ്ങൾ പ്രാർത്ഥിക്കുന്നു