പരിചയപ്പെടുന്നവരുടെയെല്ലാം ഹൃദയത്തില്‍ ഇത്തിരി ഇടം ഇഷ്ടദാനമായി വാങ്ങാന്‍ പോന്നതായിരുന്നല്ലോ ചെറിയാന്‍ സാര്‍

Share News

2000 ജനുവരിയില്‍ കണ്ണൂരുനിന്നും കൊച്ചിക്ക് സ്ഥലംമാറി എത്തിയപ്പോഴാണ് ചെറിയാന്‍ സാറിനെ പരിചയപ്പെടുന്നത്.അടുപ്പക്കാര്‍ക്ക് ബോബന്‍ ആയിരുന്ന അദ്ദേഹം അന്ന് കൊച്ചി മാതൃഭൂമിയുടെ യൂണീറ്റ് മാനേജരാണ്.സ്ഥലംമാറ്റ ഉത്തരവുമായി ന്യൂസ് എഡിറ്റര്‍ മധുവേട്ടനെയാണ്(കെ.കെ.മധുസൂദനന്‍) കണ്ടത്.വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം അദ്ദേഹം പറഞ്ഞു,ജോയിന്‍ ചെയ്യുംമുമ്പ് യൂണീറ്റ് മാനേജരെ ഒന്നുകണ്ടേക്കൂ..ചെറിയാന്‍ താഴെ ക്യാബിനിലുണ്ടാകും…..

വാതില്‍ തുറന്ന് കയറിയപ്പോള്‍ ആദ്യം കണ്ടത് ഒരു തെളിഞ്ഞ ചിരിയാണ്..പിന്നെ തിളക്കമുള്ള കണ്ണുകളും കട്ടിമീശയും…ഔപചാരികമായി പരിചയപ്പെടാന്‍ ചെന്ന എന്നെ പിടിച്ചിരുത്തി വിശേഷങ്ങള്‍ തിരക്കി..മഹാരാജാസുകാരനാണെന്ന് പറഞ്ഞപ്പോള്‍ മുഖത്തൊരു തിളക്കം…പിന്നെ തന്റെ മഹാരാജാസ് അനുഭവങ്ങള്‍ ആവേശത്തോടെ പങ്കുവെച്ചു. എന്റെ നാടായ വൈക്കത്ത് നിന്നും വന്നിരുന്ന ചില സുഹൃത്തുക്കളേക്കുറിച്ചും പറഞ്ഞു.അരമണിക്കൂറോളം സംസാരിച്ചാണ് അന്ന് പിരിഞ്ഞത്.

പെട്ടെന്ന് ഞങ്ങള്‍ കൂട്ടായി.ഇടയ്ക്ക് അദ്ദേഹം ന്യൂസ് ബ്യൂറോയില്‍ പ്രത്യക്ഷപ്പെടും.അന്നത്തെ പ്രധാനവാര്‍ത്തകളെക്കുറിച്ച് ചര്‍ച്ച ചെയ്യും.ചീഫ് റിപ്പോര്‍ട്ടര്‍ ശങ്കരേട്ടനും (ശങ്കരനാരായണന്‍) കൂടും.അവര്‍ ഒരുമിച്ച് തൃശ്ശൂരിലുണ്ടായിരുന്ന കാലം തൊട്ടേ അടുത്ത ചങ്ങാതിമാരാണ്. രാഷ്ട്രീയവും സഭാകാര്യങ്ങളുമാകും പ്രധാന വിഷയങ്ങള്‍.ചിലപ്പോഴത് സാഹിത്യത്തിലേക്കും സിനിമയിലേക്കുമൊക്കെ പടര്‍ന്നു കയറും.പണ്ട് ബോബന്‍ ആരക്കുന്നം എന്ന പേരില്‍ കഥകളെഴുതിയിരുന്ന കാര്യം പറയും…..ജോലിത്തിരക്കൊക്കെ കഴിഞ്ഞിട്ട് വേണം വീണ്ടും എഴുതി തുടങ്ങാന്‍..എന്ന ആത്മഗതത്തോടെയാകും സംഭാഷണം അവസാനിക്കുക.

മാതൃഭൂമിയുമായി ബന്ധപ്പെട്ട യാത്രകള്‍ക്കിടയിലാണ് ആളെ അടുത്തറിഞ്ഞത്.വിപുലമായ സുഹൃദ് വലയം… വശ്യമായ പെരുമാറ്റം…അക്കാലത്ത് കൊച്ചി മാതൃഭൂമിയുടെ അഭിമാന മുഖമായിരുന്നു ചെറിയാന്‍ തോമസ്….മാനേജ്‌മെന്റിനെയും തൊഴിലാളികളെയും സ്‌നേഹസൗഹൃദങ്ങളോടെ ഇണക്കിക്കൊണ്ടുപോകുന്നതില്‍ അദ്ദേഹവും ആ ചിരിയും വഹിച്ച പങ്ക് വലുതായിരുന്നു. പിന്നീട് അദ്ദേഹം റീണ്യണല്‍ മാനേജരായി.ചുമതലകള്‍ ഏറിയപ്പോഴും സൗഹൃദങ്ങള്‍ക്ക് മങ്ങലേല്‍ക്കാതെ ശ്രദ്ധിച്ചു. 2004 ആഗസ്റ്റ് 21-ന് ശനിയാഴ്ച രാത്രി പത്തരയോടെ അദ്ദേഹം ന്യൂസ് ബ്യൂറോയിലെത്തി.അഡ്വര്‍ടൈസിങ്ങ് ക്ലബ്ബിന്റെ വാര്‍ഷികാഘോഷം കഴിഞ്ഞുള്ള വരവാണ്.പുലര്‍ച്ചെ മാതൃഭൂമി യൂണീറ്റ് ഉദ്ഘാടനത്തിന് പാലക്കാടിന് പോകാനുള്ളതിനാല്‍ വീട്ടില്‍ പോകുന്നില്ല.അന്ന് പതിവിലധികം സംസാരിച്ചു. കുറഞ്ഞവിലയ്ക്ക് ഷര്‍ട്ടുകള്‍ കിട്ടുന്ന നഗരത്തിലെ കടകളേക്കുറിച്ചാണ് അവസാനം പറഞ്ഞത്.ഹൈക്കോടതിക്ക് സമീപത്തുനിന്നും തുച്ഛവിലയക്ക് വെള്ളഷര്‍ട്ടുകള്‍ വാങ്ങുന്ന സ്ഥലത്ത് അടുത്ത വട്ടം പോകുമ്പോള്‍ എന്നെയും കൂട്ടാമെന്ന് പറഞ്ഞാണ് പിരിഞ്ഞത്.പിറ്റെന്ന് ഞായറാഴ്ച രാവിലെ വിളിച്ചുണര്‍ത്തിയത് അന്ന് ബ്യൂറോയില്‍ ഇന്റേണല്‍ഷിപ്പ് ചെയ്തിരുന്ന മഞ്ജുളയുടെ കോളാണ്……നമ്മുടെ ചെറിയാന്‍ സാറ് പോയി..ഇന്ത്യാവിഷനില്‍ വാര്‍ത്ത കാണിക്കുന്നുണ്ട്…..

സ്വപ്‌നത്തിലാണോ യാഥാര്‍ത്ഥ്യത്തിലാണോ എന്ന് ഒരു നിമിഷം ശങ്കിച്ചു…പിന്നെ ഞെട്ടലോടെ ചാനലില്‍ ആ ബാനര്‍ ഹെഡ്ഡിങ്ങ് വായിച്ചു…മാതൃഭൂമി റീജ്യണല്‍ മാനേജര്‍ ചെറിയാന്‍ തോമസ് അപകടത്തില്‍ മരിച്ചു……അപ്പോഴേക്കും ചീഫ് റിപ്പോര്‍ട്ടര്‍ ശങ്കരേട്ടന്റെ വിളിയെത്തി…ശങ്കരേട്ടന്‍ കരച്ചിലോടെയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്…. ഇന്ന് ആഗസ്റ്റ് 22-ന് ചെറിയാന്‍ സാര്‍ വേര്‍പിരിഞ്ഞിട്ട് 16 വര്‍ഷം തികയുന്നു.കൊച്ചി മാതൃഭൂമിയിലാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തുമ്പോള്‍ പലരും പറയുക ചെറിയാന്‍ തോമസുമായിട്ടുണ്ടായിരുന്ന ആത്മബന്ധത്തേക്കുറിച്ചാണ്.രാഷ്ട്രീയ പ്രവര്‍ത്തകനും നടനും എഴുത്തുകാരനും അനൗണ്‍സറും അവതാരകനും സംഘാടകനുമൊക്കെയായ ബോബനെക്കുറിച്ച് മഹാരാജാസിലെ സുഹൃത്തുക്കള്‍ ഇപ്പോഴും വാചാലരാകും…പരിചയപ്പെടുന്നവരുടെയെല്ലാം ഹൃദയത്തില്‍ ഇത്തിരി ഇടം ഇഷ്ടദാനമായി വാങ്ങാന്‍ പോന്നതായിരുന്നല്ലോ അദ്ദേഹത്തിന്റെ പെരുമാറ്റം.

…(ചിത്രങ്ങള്‍ ചെറിയാന്‍ തോമസിന്റെ സതീര്‍ത്ഥ്യനും ആത്മ സുഹൃത്തുമായ സണ്ണിച്ചേട്ടന്റെ ശേഖരത്തില്‍ നിന്ന്)

Jijo Cyriac

Share News