വഞ്ചിയൂര്‍ സബ് ട്രഷറിയിലെ അക്കൗണ്ടില്‍നിന്ന് 2 കോടിയോളം രൂപയുടെ വെട്ടിപ്പ്: പരിശോധന ആരംഭിച്ചു
തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സര്‍ക്കാര്‍ അക്കൗണ്ടില്‍നിന്ന് 2 കോടിയോളം രൂപ വെട്ടിപ്പു നടത്തിയ സംഭവത്തിൽ അധികൃതര്‍ പരിശോധന ആരംഭിച്ചു.
തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിന്നാണ് രണ്ട് കോടി രൂപ കാണാതായത്. സര്‍ക്കാര്‍ അക്കൗണ്ടില്‍നിന്ന് ട്രഷറി ജീവനക്കാരന്‍ തുക വെട്ടിച്ചതായാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. തുടര്‍ന്ന് സബ് ട്രഷറി ഉദ്യോഗസ്ഥര്‍ ജില്ലാ ട്രഷറി ഓഫിസര്‍ക്ക് റിപ്പോര്‍ട്ടു നല്‍കി. ഹെഡ്ക്വാര്‍ട്ടേഴ്സിനെയും വിവരം അറിയിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിശോധന നടത്തുകയാണെന്നും ജില്ലാ ട്രഷറി ഓഫിസര്‍ പറഞ്ഞു.
മാസങ്ങള്‍ക്ക് മുമ്ബ് പിരിഞ്ഞുപോയ ഉദ്യോഗസ്ഥന്റെ യൂസര്‍ നെയിം, പാസ് വേഡ് എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം.
കോവിഡ് കാലമായതിനാല്‍ വിരമിക്കലിനു മാസങ്ങള്‍ക്കു മുന്‍പ് ഉദ്യോഗസ്ഥന്‍ ലീവില്‍ പോയി. ഇദ്ദേഹത്തിന്റെ പാസ്‌വേഡ് കൈക്കലാക്കി സഹപ്രവര്‍ത്തകന്‍ ഈ സമയത്ത് വെട്ടിപ്പു നടത്തിയതായാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. തട്ടിപ്പിന് പിന്നില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്ന വിവരം ഇനിയും അറിവായിട്ടില്ല.
സര്‍ക്കാര്‍ അക്കൗണ്ടില്‍നിന്ന് തന്റെ ട്രഷറി അക്കൗണ്ടിലേക്ക് ഘട്ടംഘട്ടമായി ഉദ്യോഗസ്ഥന്‍ പണം മാറ്റി. പിന്നീട് സ്വകാര്യ ബാങ്കിലെ അക്കൗണ്ടുകളിലേക്കു മാറ്റുകയായിരുന്നു.
തുക മാറ്റുന്നതിനായി ഉദ്യോഗസ്ഥന്‍ ട്രാന്‍സാക്‌ഷന്‍ നമ്ബര്‍ ജനറേറ്റ് ചെയ്തതിനുശേഷം പിന്നീട് റദ്ദാക്കിയതും റിസര്‍വ് ബാങ്ക് ഡിപ്പോസിറ്റ് ടാലിയാകാത്തതും സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ ശ്രദ്ധിച്ചു. തട്ടിപ്പു നടന്നതായി ഉദ്യോഗസ്ഥര്‍ സബ്ട്രഷറി ഉദ്യോഗസ്ഥരെ അറിയിച്ചതിനെത്തുടര്‍ന്നാണ് പരിശോധന ആരംഭിച്ചത്.