കേരളം ഭരിക്കുന്ന മുന്നണിയിലെ ഘടകകക്ഷി നേതാവായിരുന്നുവെങ്കിലും ഉഴവൂർജി ഞങ്ങളുടെയെല്ലാം സ്വന്തമായിരുന്നു.
അത്രമേൽ പ്രിയപ്പെട്ട ഉഴവൂർജിഎനിക്ക് മാത്രമല്ല പലർക്കും ഒരു ജ്യേഷ്ഠസഹോദരൻ ആയിരുന്നു ഉഴവൂർ വിജയൻ. കേരളം ഭരിക്കുന്ന മുന്നണിയിലെ ഘടകകക്ഷി നേതാവായിരുന്നുവെങ്കിലും ഉഴവൂർജി ഞങ്ങളുടെയെല്ലാം സ്വന്തമായിരുന്നു. രാഷ്ട്രീയത്തിനതീതമായ നല്ല സൗഹൃദം അദ്ദേഹം എല്ലാവരോടും പുലർത്തിയിരുന്നത്.
പലപ്പോഴും ഞങ്ങൾ പലയിടത്തും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിട്ടുണ്ട്. എല്ലായിപ്പോഴും യാത്രകളുടെ ചിലവും ഭക്ഷണത്തിൻ്റെ ചിലവും അദ്ദേഹം തന്നെയായിരുന്നു വഹിച്ചിരുന്നത്. അദ്ദേഹം വെജിറ്റേറിയൻ ആയിരുന്നുവെങ്കിലും ഞങ്ങൾക്കു നോൺവെജ് വാങ്ങിത്തരുന്നതിൽ ഒരിക്കലും പിശുക്ക് കാട്ടിയിട്ടില്ല. വൈകിയാണ് പിരിയുന്നതെങ്കിൽ സ്നേഹപൂർവ്വം ഒരു പാഴ്സൽ വാങ്ങി തന്നിട്ടേ അദ്ദേഹം പിരിയുകയുണ്ടായിരുന്നുള്ളൂ. നിരവധി തവണ അദ്ദേഹത്തിൻ്റെ വീട്ടിൽ അദ്ദേഹത്തിനൊപ്പം ഓണം ഉണ്ടിട്ടുണ്ട്. അദ്ദേഹത്തിൻ്റെ വിയോഗത്തിനു ശേഷമുള്ള ഓണനാളുകളിൽ മനസിൽ ആദ്യം ഓടിയെത്തുക അദ്ദേഹത്തിൻ്റെ സ്നേഹപൂർവ്വമായ വിളിയെക്കുറിച്ചാണ്.
രാഷ്ട്രീയ ബന്ധത്തിനതീതമായ സൗഹൃദമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. മിക്കവാറും ദിവസം ഉണരുന്നതു തന്നെ അദ്ദേഹത്തിൻ്റെ ഫോൺ വിളി കേട്ടാണ്. തലേന്ന് വേദികളിൽ കൈയ്യടി കിട്ടിയ പ്രസംഗത്തെക്കുറിച്ചൊക്കെ വിശദീകരിക്കും. പിന്നെ പുതുതായി പറയാൻ കണ്ടെത്തിയ നർമ്മവിഭവം പറയും. അഭിപ്രായം ചോദിക്കും. ചിലപ്പോഴൊക്കെ പറയുന്ന അഭിപ്രായങ്ങൾകൂടി പരിഗണിച്ചാവും നർമ്മ പ്രസംഗം രൂപപ്പെടുത്തുന്നത്.
ഏറെ സൗമ്യനായിരുന്നു ഉഴവൂർജി. എത്ര വലിയ പ്രശ്നമുണ്ടായാലും കയർത്തു സംസാരിക്കുന്നത് കണ്ടിട്ടില്ല. ഓരോ ദിവസവും പുതിയ പുതിയ തമാശകൾ അവതരിപ്പിക്കുന്നതിൽ അദ്ദേഹം ശ്രദ്ധചൊലുത്തി.
സാധാരണക്കാർക്കു കാര്യം മനസിലാകണമെങ്കിൽ തമാശയിലൂടെ പറയണം എന്ന പക്ഷക്കാരനായിരുന്നു ഉഴവൂർ വിജയൻ.
സ്വന്തം നേട്ടത്തിനായി ഒരിക്കലും അദ്ദേഹം രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തിയിട്ടില്ല എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കും. അദ്ദേഹത്തിൻ്റെ വിയോഗം തീരാ നഷ്ടം തന്നെയാണ്. വല്ലാത്ത ഒരു വേദന എന്നെ പോലുള്ളവർക്കു നൽകിയാണ് അദ്ദേഹം കടന്നു പോയിട്ടുള്ളത്. മടങ്ങി വരാത്ത ആ യാത്ര ഇത്ര പെട്ടെന്നാകുമെന്ന് ഒരിക്കലും നിനച്ചിരുന്നില്ല
രാഷ്ട്രീയമായി അദ്ദേഹത്തിന് ഇതിലുമപ്പുറം ആകാമായിരുന്നു. എന്നാൽ അദ്ദേഹം അതിനൊന്നും ശ്രമം നടത്തിയിട്ടില്ല. ജനങ്ങൾക്കൊപ്പം നടക്കാനായിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്. അദ്ദേഹവും ജനവും അത് ഏറെ ഇഷ്ടപ്പെട്ടിരുന്നു.
തൻ്റെ സംശുദ്ധ രാഷ്ട്രീയത്തിന് ഒരു പോറൽ പോലും വരുത്താതെയാണ് അദ്ദേഹം അരങ്ങൊഴിഞ്ഞത്. അതുകൊണ്ടുതന്നെ ആ വിയോഗം ഏറെപേരെ കരയിച്ചു. ഇടതു മുന്നണിയിലെ ഘടകകക്ഷി സംസ്ഥാന നേതാവായിരുന്നുവെങ്കിലും രാഷ്ട്രീയത്തിനതീതമായ ബന്ധമാണ് അദ്ദേഹത്തിന് ജന്മനാടായ കുറിച്ചിത്താനവുമായി ഉണ്ടായിരുന്നത്. അദ്ദേഹത്തിൻ്റെ വിയോഗത്തിൽ ആ നാട്ടിൽ ഉയർന്ന ബോർഡുകൾ അത് അന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു. അവിടെ പ്രവർത്തിക്കുന്ന എല്ലാ രാഷ്ട്രീയ കക്ഷികളും അനുശോചന ബോർഡുകൾ സ്ഥാപിച്ചാണ് പ്രിയപ്പെട്ട ഉഴവൂർജിയെ യാത്രയാക്കിയത്.
അദ്ദേഹവുമായി ആത്മബന്ധമുള്ളവർക്കു ഹൃദയത്തിൽ വല്ലാത്തൊരു വേദനയാണ് ആ വിയോഗം. അദ്ദേഹത്തിൻ്റെ ഒരു ചിത്രം, ഒരു നർമ്മ വിഡിയോ കാണാത്ത ദിവസങ്ങൾ ചുരുക്കമാണ് ഇപ്പോഴും. നർമ്മ പ്രസംഗം കേട്ടു ചിരിക്കും, പക്ഷേ, അതു കഴിയുമ്പോൾ പിന്നെ ഒരു വിഷമമാണ്. പക്ഷേ, അത് സംഭവിച്ചു. ഉൾക്കൊള്ളാൻ സാധിക്കുന്നില്ലെന്നു മാത്രം. അത്രമേൽ പ്രിയപ്പെട്ടയാളായിരുന്നു ഉഴവൂർജി.
എബി ജെ ജോസ് പാലാ