കാര്‍ഷികബില്‍ ഗ്രാമീണ കാര്‍ഷിക മേഖലയ്ക്ക് വന്‍ പ്രഹരമേല്‍പ്പിക്കും: വി.സി. സെബാസ്റ്റ്യന്‍

Share News

കോട്ടയം: ഗ്രാമീണ കര്‍ഷകരെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുത്ത് ലോകസഭ പാസാക്കിയ കാര്‍ഷികോത്പ്പന്ന വ്യാപാര വാണിജ്യ ബില്‍ കാര്‍ഷിക മേഖലയ്ക്ക് വന്‍ പ്രഹരമേല്‍പ്പിക്കുമെന്നും ബില്ലിനെതിരേയുള്ള ദേശീയ പ്രക്ഷോഭത്തില്‍ കര്‍ഷക പ്രസ്ഥാനങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും പങ്കുചേരണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റിയന്‍ ആവശ്യപ്പെട്ടു.


കര്‍ഷകരുടെ ക്ഷേമത്തിനുവേണ്ടി എന്നപേരില്‍ ലോകസഭയില്‍ അവതരിപ്പിച്ച മൂന്നു ബില്ലുകളും കോര്‍പ്പറേറ്റുകളെ സംരക്ഷിക്കാനാണ്. കര്‍ഷകരെ പിഴിയുന്ന മറ്റൊരു ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് ഇതിന്റെപേരില്‍ രാജ്യത്ത് രൂപംകൊള്ളുന്നത്. ബില്ലിനെതിരേ പഞ്ചാബിലെ ഗ്രാമീണ കര്‍ഷകരുടെ ശക്തമായ എതിര്‍പ്പാണ് കേന്ദ്രമന്ത്രിയുടെ രാജിയില്‍ കലാശിച്ചത്.
ബില്ലിന്റെ മറവില്‍ കാര്‍ഷികോത്പ്പന്ന സംഭരണം ഫുഡ് കോര്‍പ്പറേഷന്‍ നിര്‍ത്തണമെന്ന ശാന്തകുമാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടും നടപ്പിലാക്കുക എന്ന ലക്ഷ്യമുണ്ട്. അഗ്രിമാര്‍ക്കറ്റ് പ്രൊഡ്യൂസ് കമ്മിറ്റികള്‍ ഇല്ലാതാകും. മിനിമം വില പോലും കര്‍ഷകന് ലഭിക്കില്ല. കോര്‍പ്പറേറ്റുകള്‍ നിശ്ചയിക്കുന്ന വിലയ്ക്ക് കര്‍ഷകര്‍ക്ക് ഉത്പ്പന്നം വില്‍ക്കേണ്ടി വരും.

ഇപ്പോള്‍ റബറിന് സംഭവിച്ചിരിക്കുന്ന സ്ഥിതിവിശേഷം ധാന്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ കാര്‍ഷികോത്പ്പന്നങ്ങള്‍ക്കുമുണ്ടാകും. ഗ്രാമീണ കര്‍ഷകന് അന്തര്‍ സംസ്ഥാന വിപണനം അസാധ്യമാണെന്നിരിക്കെ കര്‍ഷകരെ ചൂഷണം ചെയ്യുന്ന ഇടനിലക്കാര്‍ പെരുകും. വിലത്തകര്‍ച്ചയില്‍ കോടതി വ്യവഹാരങ്ങളിലേക്കും അപ്പീല്‍ കോടതികളിലേക്കും പോകുവാന്‍ സാധിക്കാതെ ഉല്‍പ്പന്നങ്ങള്‍ വലിച്ചെറിഞ്ഞ് കൃഷി ഉപേക്ഷിക്കുകയോ കൂട്ട ആത്മഹത്യയിലേക്ക് കര്‍ഷകര്‍ നീങ്ങുകയോ ചെയ്യാനുള്ള സാധ്യതയേറും. പച്ചക്കറി ധാന്യ സംഭരണ മേഖലയില്‍ അനേകരുടെ തൊഴില്‍ നഷ്ടത്തിനും പുതിയ ബില്ലുകള്‍ ഇട നല്‍കുമെന്നും വി.സി. സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

ബില്ലിനെതിരേയുള്ള ദേശീയ പ്രക്ഷോഭത്തിന്റെ മുന്നോടിയായി കര്‍ഷക സംഘടനകളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി നാളെ (ഞായര്‍) ഉച്ചകഴിഞ്ഞ് 3.30ന് വെബ് കോണ്‍ഫറസായി ചേരും. 23ന് രാവിലെ 11ന് റിസര്‍വ് ബാങ്ക് ഓഫീസുകള്‍ക്ക് മുമ്പില്‍ കര്‍ഷക പ്രതിഷേധ ധര്‍ണ നടത്തുമെന്നും 25ന് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കര്‍ഷക പ്രതിഷേധം സംഘടിപ്പിക്കുമെന്നും ജനറല്‍ സെക്രട്ടറി അഡ്വ. ബിനോയ് തോമസ് പറഞ്ഞു.

അഡ്വ. ബിനോയ് തോമസ്

Share News