ജലജീവൻ മിഷൻ: ആലപ്പുഴയിൽ 144.31 കോടിയുടെ പദ്ധതിക്ക് അംഗീകാരം
ആലപ്പുഴ: ജലജീവൻ മിഷൻ സമ്പൂർണ ഗ്രാമീണ കുടിവെള്ള പദ്ധതി ഭാഗമായി ജില്ലയിൽ 144.31 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി. 44 പഞ്ചായത്തുകളിലായാണ് പദ്ധതി നടപ്പാക്കുക. ജില്ല കളക്ടറുടെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് വഴി ചേർന്ന ജില്ലാതല കമ്മിറ്റിയിലാണ് അംഗീകാരം നൽകിയത്. ഇതോടെ 98,122 വീടുകളിൽ വെള്ളമെത്തും. എല്ലാ ഗ്രാമീണ ഭവനങ്ങളിലും പൈപ്പ് വഴി കുടിവെള്ളം ലഭ്യമാകുന്ന പദ്ധതിയുടെ 45ശതമാനം തുക കേന്ദ്ര ഫണ്ടും 30 ശതമാനം തുക സംസ്ഥാന ഫണ്ടും 15 ശതമാനം തുക തദ്ദേശസ്ഥാപനങ്ങളും 10 ശതമാനം തുക ഗുണഭോക്താക്കളുമാണ് ഒടുക്കേണ്ടത്.
തീരദേശ മേഖലകളിലെ എല്ലാ വീടുകളിലും പട്ടിക ജാതി , പട്ടിക വർഗ കോളനികളിലും ശുദ്ധജലം കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് യോഗത്തിൽ എ. എം. ആരിഫ് എംപി നിർദ്ദേശിച്ചു. കുടിവെള്ള വിതരണ പൈപ്പ്സ്ഥാപിക്കുമ്പോൾ പഞ്ചായത്ത് ,പൊതുമരാമത്തു റോഡുകൾ പൊളിക്കേണ്ടി വന്നാൽ അവ പുനഃസ്ഥിതിയിൽ ആക്കാനുള്ള തുക എസ്റ്റിമേറ്റിൽ വകയിരുത്തണമെന്നും എംപി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലും ശുദ്ധജലം എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം.
കുട്ടനാട്ടിൽ അടിയന്തിരമായി ശുദ്ധജലം എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. യോഗത്തിൽ ജില്ലാ കളക്ടർ എ. അലക്സാണ്ടർ, പ്രൊജക്റ്റ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ എ. ഷീജ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.