സമൂഹമാധ്യമങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തിയുള്ള വിപുലമായ ബോധവത്കരണ പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
കോവിഡിന്റെ സമ്പര്‍ക്ക വ്യാപനം തടയുന്നതിന് സമൂഹ മാധ്യമങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തിയുള്ള വിപുലമായ ബോധവത്കരണ പരിപാടിക്ക് സംസ്ഥാനത്ത് ആദ്യമായി കോട്ടയം ജില്ലയില്‍ ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്. രോഗബാധിതരില്‍നിന്നും വീട്ടിലെ മറ്റുള്ളവരിലേക്ക് കോവിഡ് പകരുന്ന എല്ലാ സാധ്യതകളും ഒഴിവാക്കുക യും, ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്ക് വിരസതയും മാനസിക സമ്മര്‍ദ്ദവും ഒഴിവാക്കുകയുമാണ് ‘കരം തൊടാത്ത കരുതല്‍’ എന്ന പ്രചാരണ പരിപാടിയുടെ പ്രധാന ലക്ഷ്യം. ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്.
പരിപാടിയുടെ ഭാഗമായി ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഒന്‍പതിനായിരത്തോളം പേരെ ഉള്‍പ്പെടുത്തി വാട്സപ്പ് ഗ്രൂപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിന് ജില്ലാതല ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നു. വീടുകളില്‍ ക്വാറന്റയിനില്‍ കഴിയുന്നവരുമായുള്ള സമ്പര്‍ക്കത്തിലൂടെ മറ്റുള്ളവര്‍ക്ക് രോഗം പകരുന്ന സാഹചര്യങ്ങള്‍ വ്യക്തമാക്കുന്ന ബോധ്കരണ വീഡിയോകളാണ് ആദ്യ ഘട്ടമായി ഈ ഗ്രൂപ്പുകളിലൂടെ ജനങ്ങളിലേക്ക് എത്തുക
തദ്ദേശഭരണ സ്ഥാപനതലത്തിലുള്ള ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത് അതത് സ്ഥലങ്ങളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരാണ്. അഡ്മിനു പുറമെ പ്രാദേശിക സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍, ഒരു അധ്യാപകന്‍, ഒരു പ്രഫഷണല്‍ സോഷ്യല്‍ വര്‍ക്കര്‍ എന്നിവരും ഗ്രൂപ്പില്‍ അംഗങ്ങളാണ്. വീടുകളിലെ സമ്പര്‍ക്ക സാധ്യതകള്‍ ഒഴിവാക്കുന്നതിന് ലക്ഷ്യമിടുന്ന ആദ്യ ഘട്ടത്തിനുശേഷം സാമൂഹിക സമ്പര്‍ക്കം നിയന്ത്രിക്കുന്നതിനുള്ള പ്രചാരണ നടപടികള്‍ക്ക് തുടക്കം കുറിക്കാനും ഉദ്ദേശിക്കുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചർ അറിയിച്ചു ..