കര്‍ഷക വിരുദ്ധ നിയമങ്ങള്‍ ഗ്രാമീണ ജനതയുടെ നട്ടെല്ലൊടിക്കും: മാര്‍ ഇഞ്ചനാനിയില്‍
കൊച്ചി: പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ രാജ്യത്തെ കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിക്കുന്നതാണന്നും ഒരു കാരണവശാലും ഈ ബില്ലുകള്‍ നടപ്പില്‍ വരുത്താന്‍ പാടില്ലന്നും ഇന്‍ഫാം ദേശീയ രക്ഷാധികാരിയും താമരശേരി ബിഷപ്പുമായ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍. കര്‍ഷക വിരുദ്ധ ബില്ലുകള്‍ പിന്‍വലിക്കണമെന്നും കര്‍ഷകരുടെ കടം എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട് ഇന്ത്യയിലെ സ്വതന്ത്ര കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിനു തുടക്കംകുറിച്ച് എറണാകുളം റിസര്‍വ് ബാങ്കിന്റെ റീജണല്‍ ഓഫീസിനു മുന്‍പില്‍ നടത്തിയ ഏകദിന ഉപവാസത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് – 19 കാലഘട്ടത്തിൽ ബാക്കിയെല്ലാ മേഖലകളും 20% ത്തോളം വളർച്ചാ മുരടിപ്പ് കാണിച്ചപ്പോൾ കാർഷിക മേഖലയാണ് 3.9% വളർച്ച കാണിച്ചത്. കാർഷിക ബില്ലുകൾ പാസ്സായി കാർഷികോൽപ്പന്നങ്ങളുടെ വിപണനം കോർപ്പറേറ്റുകളുടെ കയ്യിലേക്ക് പോകുന്നതോടെ ഉൽപ്പന്നങ്ങൾക്ക് മതിയായ വില കിട്ടാതെ കാർഷിക മേഖലയും തകരും. ഇത് രാജ്യത്തിന്റെ സാമ്പത്തീക മേഖല തകർക്കും അദ്ദേഹം അഭിപ്രായപ്പെട്ടു. കർഷകരുടെ എല്ലാ കടങ്ങളും എഴുതി തള്ളണമെന്നും എല്ലാ വിഭാഗം വായ്പകളുടേയും 2 വർഷമൊറോട്ടോറിയം കാലത്തെ പലിശ സർക്കാർ ഏറ്റെടുക്കണം അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന വൈസ് ചെയർമാൻ ഡിജോ കാപ്പൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ റബ്ബർ ബോർഡ് ചെയർമാൻ പി.സി സിറിയക് മുഖ്യ പ്രഭാഷണം നടത്തി. രാഷ്ട്രീയ കിസാൻ മഹാസംഘ് നാഷണൽ കോ-ഓർഡിനേറ്റർ ബിജു കെ.വി, സംസ്ഥാന ജനറൽ കൺവീനർ അഡ്വ ബിനോയ് തോമസ്, ഭാരവാഹികളായ ജോയി കണ്ണം ചിറ, രാജു സേവ്യർ , പ്രൊഫ ജോസ് കുട്ടി ഒഴുകയിൽ, പി.ടി ജോൺ , അഡ്വ: ജോൺ ജോസഫ്, എൻ ജെ ചാക്കോ, പി.ജെ മാനുവൽ , സുരേഷ് കുമാർ , ഇബ്രാഹിം തെങ്ങിൽ, സണ്ണി തുണ്ടത്തിൽ ജോസി കുര്യൻ, പി.ജെ ജോൺ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ഉപവാസ പ്രതിഷേധത്തോടനുബന്ധിച്ച് പാർലമെന്റ് പാസ്സാക്കിയ മൂന്ന് കർഷക ബില്ലുകൾ നേതാക്കൾ കത്തിച്ചു