കണ്ടെയ്ന്‍മെന്റ് സോണിലുള്ള എല്ലാവര്‍ക്കും ആന്റിജന്‍ പരിശോധന നിര്‍ബന്ധം: ഐസിഎംആര്‍

Share News

ന്യൂഡല്‍ഹി: കോവിഡ് പരിശോധന സംബന്ധിച്ച്‌ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഐസിഎംആര്‍.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന എല്ലാ വ്യക്തികളെയും ദ്രുത ആന്റിജന്‍ പരിശോധനയ്ക്ക് നിർബന്ധമായും വിധേയരാക്കണം. പ്രത്യേകിച്ച്‌ കോവിഡ് ബാധ രൂക്ഷമായ നഗരങ്ങളില്‍. കോവിഡ് പരിശോധന വൈകുന്നതിന്റെ പേരില്‍ ഗര്‍ഭിണികളുടെ ചികിത്സയ്ക്ക് കാലതാമസമുണ്ടാകരുതെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.ദേശീയ കോവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ ശുപാര്‍ശകള്‍ പ്രകാരമാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.

കൂടാതെ, വ്യക്തികള്‍ ആവശ്യപ്പെട്ടാല്‍ ഇനി മുതല്‍ അവര്‍ക്കും പരിശോധന നടത്തണമെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. രോഗ ലക്ഷണമുള്ളവരെ മാത്രമായിരുന്നു ഇതുവരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നത്. ഇനിമുതല്‍ വ്യക്തികള്‍ ആവശ്യപ്പെട്ടാല്‍ പരിശോധന നടത്താന്‍ തയ്യാറാകണമെന്നാണ് പുതിയ നിര്‍ദ്ദേശം.

കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് നിലവിലുള്ള ശുപാര്‍ശകള്‍ വിപുലപ്പെടുത്തിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളിലും അല്ലാത്ത ഇടങ്ങളിലും പതിവ് നിരീക്ഷണം, പ്രവേശന സ്ഥലങ്ങളില്‍ സ്‌ക്രീനിങ്, ദ്രുത ആന്റിജന്‍ ടെസ്റ്റുകള്‍, 65 വയസിന് മുകളിലുള്ളവരും രോഗാവസ്ഥയുള്ളവരുമടക്കം ഉയര്‍ന്ന അപകട സാധ്യതയുള്ള എല്ലാ വ്യക്തികളെയും പരിശോധനയ്ക്ക് വിധേയരാക്കണം എന്നിവയും കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു.

പരിശോധനയില്‍ ആദ്യം ദ്രുത ആന്റിജന്‍ ടെസ്റ്റ്, രണ്ടാമതായി ആര്‍ടിപിസിആര്‍ അല്ലെങ്കില്‍ ട്രൂനാറ്റ് അതുമല്ലെങ്കില്‍ സിബിഎന്‍എഎടി പരിശോധന എന്ന ക്രമം വേണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന എല്ലാ ആളുകളേയും കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കണം. ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചിട്ടുള്ള രോഗികള്‍ 14 ദിവസത്തേക്ക് ഹോം ക്വാറന്റൈനില്‍ നിര്‍ബന്ധമായും ഇരിക്കണമെന്നും ഐസിഎംആര്‍ പുറത്തിറക്കിയ ഏറ്റവും പുതിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

Share News