ദേശവിരുദ്ധതയുടെ കര്‍ഷകനയം.
കാര്‍ഷിക മേഖലയില്‍ സമ്പൂര്‍ണ്ണ പരിഷ്ക്കരണം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു ബില്ലുകള്‍ പാര്‍ലമെന്റിനകത്തും, പുറത്തുമുള്ള ശക്തമായ പ്രതിഷേധങ്ങളെ അവഗണിച്ച് രാഷ്ട്രപതി ഒപ്പുവച്ചതോടെ നിയമമായി.
2003-ലെ കാര്ഷികോല്പന്ന കമ്പോള സമിതി (എ.പി.എം.സി.) നിയമത്തിന്റെ വ്യവസ്ഥകള്‍ പൊളിച്ചും, ജൂണ്‍ 5-ന് ഇറക്കിയ ഓര്‍ഡിനന്‍സുകള്‍ പിന്‍വലിച്ചുമായിരുന്നു പുതിയ നിയമാവതാരം.
കാര്ഷികോല്പന്നങ്ങളുടെ ഉല്പാദനം, വ്യാപാരം, വാണിജ്യം (പ്രോത്സാഹനവും, സംവിധാനമൊരുക്കലും), വില സ്ഥിരതയും, കൃഷി സേവനങ്ങളും സംബന്ധിച്ച കര്‍ഷകരുടെ കരാറുമായി (ശാക്തീകരണവും സംരക്ഷണവും) ബന്ധപ്പെട്ട ബില്‍, അവശ്യ വസ്തു നിയമ ഭേദഗതി ബില്‍ എന്നീ ബില്ലുകള്‍ക്ക് നിയമ സാധുത വന്നതോടെ കാര്‍ഷിക സ്വാതന്ത്ര്യം അന്യാധീനമാകുമെന്നതാണ് പ്രധാന ആക്ഷേപം. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഇടതുപാര്‍ട്ടികളുടെ പിന്തുണയോടെ വലിയ പ്രക്ഷോഭ പരമ്പരകള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. എന്നാല്‍ കേരളത്തിലത് നാമമാത്രമായി. ബില്‍ പാര്ലമെന്റിലവതരിപ്പിക്കും മുമ്പ് പ്രധാനകക്ഷിയായ ബിജെപി, ഘടകക്ഷികളുമായി ചര്‍ച്ച നടത്താതിരുന്നതും, ജനാധിപത്യ കീഴ്വഴക്കങ്ങളുപേക്ഷിച്ച് ശബ്ദവോട്ടോടെ രാജ്യസഭയില്‍ ബില്‍ പാസ്സാക്കിയെടുത്തതും, കര്‍ഷകരോട് എന്നതിനേക്കാള്‍ രാജ്യത്തോട് തന്നെയുള്ള വെല്ലുവിളിയായി വിലയിരുത്തപ്പെട്ടു.
പുതിയ ബില്ലുകള്‍ നിയമമാകുന്നതോടെ കാര്‍ഷിക വിളകളുടെ താങ്ങുവില ഇല്ലാതാകുമെന്നതാണ് പ്രധാന വിമര്‍ശനം. സര്‍ക്കാര്‍, ഫുഡ് കോര്പ്പറേഷന് എന്നിവ വഴിയുള്ള വിള സംഭരണം അവസാനിക്കും. പ്രാദേ ശിക അടിസ്ഥാനത്തിലുള്ള കമ്പോള നിയന്ത്രണങ്ങള്‍ നീക്കുന്നതു വഴി കുത്തക കമ്പനികള്‍ക്ക് വില്പന ശൃംഖലകള്‍ കയ്യേറാന്‍ വഴിയൊരുങ്ങും. വിളകളുടെ വില നിയന്ത്രിക്കുന്നതിലൂടെ കര്ഷകന് എന്ത് കൃഷി ചെയ്യണമെന്നു വരെ കുത്തകകള്‍ തീരുമാനിക്കുന്ന സ്ഥിതിയുണ്ടാകുമെന്നതാണ് മറ്റൊരു ആശങ്ക. ഫലത്തില്‍ കൃഷിയിന്മേലുള്ള കര്‍ഷകരുടെ ഉടമസ്ഥാവകാശം ഇല്ലാതാക്കുന്ന നിരവധി വ്യവസ്ഥകളാല്‍ ഉപസ്ഥമാണ് പുതിയ കാര്‍ഷിക നയം.
കാര്‍ഷിക വിളകളുടെ താങ്ങു വിലയും, സര്‍ക്കാര്‍ സംഭരണവും തുടരുമെന്ന്, പ്രധാനമന്ത്രി നേരിട്ടെത്തി നിലപാടറിയിച്ചെങ്കിലും, നിരവധി കാരണങ്ങളാല്‍ ഇപ്പോള്‍ത്തന്നെ നിലതെറ്റി നില്ക്കുന്ന ഇന്ത്യന്‍ കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങാകാന്‍ അത് മാത്രം പര്യാപ്തമാകില്ലെന്ന സങ്കടം ശക്തമാണ്. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്പന്നങ്ങള് എവിടെയും വില്‍ക്കാനുള്ള വിപണി സ്വാതന്ത്ര്യമാണ് പുതിയ പരിഷ്ക്കാരത്തിന്റെ പരിണിതിയെന്ന അവകാശവാദവും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സ്വതന്ത്രവ്യാപാരം കാര്ഷികോല്പന്നങ്ങള്ക്ക് വില ഗണ്യമായി വര്‍ദ്ധിക്കാന്‍ സഹായിക്കുമെന്ന പ്രചാരണം ഉദാരീകരണത്തിന്റെ ആദ്യകാലം മുതലേയുണ്ട്. കുറ ഞ്ഞ ഉല്പാദനച്ചെലവില് മികച്ച വിളകള്‍ പുറത്തെടുക്കാന്‍ കഴിയുന്ന ഉയര്‍ന്ന സാങ്കേതിക മികവിന്റെ നൈപുണ്യ പശ്ചാത്തലം ഇപ്പോഴും അന്യമായി തുടരുന്ന ഇന്ത്യന്‍ കര്ഷകന്, ആഗോള കുത്തക കമ്പോളത്തില്‍ മത്സരിക്കാനെന്നല്ല, മനസ്സുറപ്പിച്ച് സ്വന്തം മണ്ണിലൊന്നുറച്ചു നില്ക്കാന് പോലും ശക്തരല്ലെന്നിരിക്കെ, സ്വദേശി കുത്തകകളിലൂടെ കൊളോണിയലിസത്തിന്റെ പുത്തന്‍ ‘പരിഷ്ക്കാര’ വേഷമാറ്റം മാത്രമായി പുതിയ നിയമം മാറാനാണ് സര്‍വ്വ സാധ്യതയും. കാര്‍ഷിക രംഗത്ത് ഇതുവരെയും നടന്ന പരിഷ്ക്കരണശ്രമങ്ങള്‍ ആത്യന്തികമായി കോര്പ്പറേറ്റുകള്ക്കനുകൂലമായതാണ് സമീപകാല ഇന്ത്യന്‍ കാര്‍ഷികചരിത്രം. കാര്ഷികോല്പ ന്ന വില്പന വിതരണാതിര്ത്തികളെ മായിച്ചുകളയുന്ന പുതിയ നയത്തിലൂടെ നാട്ടുചന്തകളിലെ സ്വയം നിര്‍ണ്ണയാവകാശം നഷ്ടപ്പെട്ട് കൃഷിക്കാരന്റെ അന്യവല്‍ക്കരണം പൂര്‍ണ്ണമാകും. ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക് മുന്‍തൂക്കമുള്ള സംസ്ഥാനത്ത് വന്‍കിട കമ്പനികള്‍ നേതൃത്വം നല്കുന്ന കരാര്‍കൃഷി തിരിച്ചടിയാകാനാണ് സാധ്യത. കര്‍ഷകര്‍ക്ക് സൗജന്യമായി ലഭിച്ചുവരുന്ന സേവനങ്ങളും സാങ്കേതിക സഹായങ്ങളും ഇനി മുതല്‍ വിലകൊടുത്ത് വാങ്ങേണ്ടി വരും. പുതിയ നിയമത്തിലൂടെ കേന്ദ്ര നിലപാടുകള്‍ക്ക് മേല്‍ക്കൈ വരികയും വിത്ത് മുതല്‍ വിപണി വരെ അത് നിര്‍ബാധം തുടരുകയും ചെയ്യും. 1955-ലെ അവശ്യ സാധന നിയമം ഭേദഗതി ചെയ്തുള്ളതാണ് മൂന്നാമത്തെ ബില്‍. ഭക്ഷ്യോല്പന്നങ്ങളുടെ വില നിയന്ത്രിക്കാനുള്ള സംസ്ഥാനത്തിന്റെ അധികാരം ഇതോടെ ഇല്ലാതാകും. ഭരണഘടനയനുസരിച്ച് കൃഷി സംസ്ഥാന വിഷയമാകയാല്‍, ഫെഡറല്‍ സംസ്ഥാനത്തിന്റെ അട്ടിമറിയും പുതിയ നയത്തിലൊളിഞ്ഞിരിപ്പുണ്ട്.
‘ഒരു രാഷ്ട്രം ഒരു വിപണി’യെന്ന നയത്തിലൂന്നിയാണ് പുതിയ കാര്‍ ഷികനയവും കടന്നുവരുന്നത്. GST യിലൂടെ വിഭാവനം ചെയ്യപ്പെട്ട പ്രയോ ജനം സാധാരണക്കാര്‍ക്ക് ഇതുവരെയും പ്രാപ്യമായില്ലെന്നത് മറക്കരുത്. രാജ്യത്തിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളിലുള്ള 40% കര്‍ഷകരും പുതിയ കാര്‍ഷികനയ സുരക്ഷയുടെ അടിയന്തിര പരിസരമായ നവസാങ്കേതിക സാക്ഷരതയ്ക്ക് പുറത്താണെന്നോര്‍ക്കണം. 86% പേര് 5 ഏക്കറിനും 67% പേര് 2.5 ഏക്കറിനും താഴെയാണ് ഭൂമിയുടെ അവകാശികള്‍ എന്നതും കാര്‍ഷിക പരിഷ്ക്കരണത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ അവരല്ല എന്ന സത്യ ത്തെ അടയാളപ്പെടുത്തുന്നുണ്ട്.
പ്രതിവര്‍ഷം 10,000 ഓളം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന രാജ്യത്താ ണ് കാര്‍ഷിക വരുമാന വര്‍ദ്ധനവും, നവ സംരംഭകത്വ സാധ്യതകളും, വിപണി സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്യുന്ന മോദിയുടെ പുതിയ കാര്‍ ഷികനയം നിയമമായത്! പുതിയ ജനകീയ കര്‍ഷക കൂട്ടായ്മകള്‍ രൂപീകരിച്ചും, നിലവിലുള്ളവയെ ശാക്തീകരിച്ചും, പുതിയ നയ സാഹചര്യത്തെ സാധാരണ കര്ഷകര്ക്കനുകൂലമാക്കിയെടുക്കാന് സഭാ സംവിധാനങ്ങള്‍ ജാഗരൂകമാകേണ്ടതുണ്ട് രൂപതാതല സാമൂഹ്യ സേവന വിഭാഗങ്ങള്‍ നേതൃത്വമേറ്റെടുക്കണം.
സുതാര്യതയിലൂന്നിയ വികസന വീക്ഷണത്താല്‍ ശക്തിപ്പെടുന്ന ജനാധിപത്യ പരിസരത്തില്‍ ക്ഷേമം എല്ലാവരുടേതുമാകും. ഗാന്ധിജി ഇന്ത്യയില്‍ നടത്തിയ ആദ്യത്തെ സമരം, കര്‍ഷകര്‍ക്കുവേണ്ടി സംഘടിപ്പിച്ച ‘ചമ്പാരന്‍’ സത്യാഗ്രഹമായിരുന്നുവെന്ന് മറക്കരുത്. ചങ്ങാത്തം മുതലാളിത്തത്തോടല്ല, കര്ഷകരോടാണെന്ന് ആ മഹാത്മാവിന്റെ 150-ാം ജന്മവാര്ഷികവേളയിലെങ്കിലും രാജ്യം കടലാസിലല്ലാത്ത തെളിവ് നല്‍കണം. ഓര്‍ക്കുക: കര്‍ഷക വിരുദ്ധത ദേശവിരുദ്ധതയാണ്.
Sathyadeepam
October 2nd, 2020