എപ്പോഴും മുന്നില്‍ നിന്ന് അരങ്ങൊരുക്കിയിട്ട് പിന്നിലേക്ക് മാറിനില്‍ക്കുന്ന ആന്റണിച്ചേട്ടന്‍ ഒത്തിരിപ്പേര്‍ക്ക് ആശ്രയവും ആശ്വാസവുമേകുന്നുണ്ട്

Share News

എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകള്‍ എന്റെയല്ലീ മഹാക്ഷേത്രവും മക്കളേ – അക്കിത്തം


ഉച്ചനേരത്ത് ഊണുകഴിക്കാന്‍ തനിച്ചിരിക്കുന്ന ശീലം എനിക്കു പുത്തനാണ്. അപ്പോഴാണ് ഊട്ടുമുറിയുടെ ചുവരില്‍ സ്ഥാപിച്ചിട്ടുള്ള തിരുവത്താഴചിത്രം വീണ്ടും വീണ്ടും ശ്രദ്ധിക്കാനിടവരുന്നത്; വര്‍ഷങ്ങളായി അതവിടെത്തന്നെ ഉണ്ടെങ്കിലും. തിരുവത്താഴത്തിന്റെ ഒരു സാധാരണ ചിത്രമല്ലിത്.

ഞാന്‍ മറ്റെങ്ങും കാണാത്തതാണ് ഈ ചിത്രം.

വീട്ടിലെത്തുന്ന പലരും അക്കാര്യം സൂചിപ്പിച്ചിട്ടുമുണ്ട്. വിലകൊടുത്തു വാങ്ങിയതല്ല, സമ്മാനമായി കിട്ടിയതാണീ ചിത്രം. വിപണിയില്‍നിന്നു വാങ്ങിത്തന്നതല്ല, മറിച്ച് സ്വയം വരച്ചുതന്നതാണ് ദാതാവ്.

പുതിയ വീട്ടില്‍ താമസമാക്കി ഏറെ ദിനങ്ങള്‍ കഴിയുംമുമ്പേ, ഒരു ഞായറാഴ്ച ‘ജീവജ്വാല’ മാസികയുടെ എഡിറ്റോറിയല്‍ മീറ്റിംഗില്‍ പങ്കെടുക്കാന്‍ വന്നപ്പോഴാണ് എമ്മാവൂസിലെ ആന്റണിച്ചേട്ടന്‍ ആ ചിത്രം സമ്മാനിച്ചത്. ഞാന്‍ അമ്പരന്നുനില്‍ക്കവേ ചില സ്‌നേഹിതര്‍ പറഞ്ഞു: ‘ഞങ്ങള്‍ എത്ര നാളായി, ഒരു പടം വരച്ചുതരാന്‍ ആവശ്യപ്പെട്ടിട്ട്. എന്നിട്ടും ഇതുവരെ തരാത്ത ആന്റണിച്ചേട്ടന്‍, ഇപ്പോഴിതാ ചോദിക്കാത്തയാള്‍ക്ക് കൊടുത്തിരിക്കുന്നു.”
ആ പറഞ്ഞതു വാസ്തവമാണ്.

വീടുപണിയാന്‍ തുടങ്ങുമ്പോഴേ, അവിടെ വയ്ക്കാനുള്ള ചിത്രം വരയ്ക്കാന്‍ ആന്റണിച്ചേട്ടനോട് പലരും ആവശ്യപ്പെടുന്നതു ഞാനും കേട്ടിട്ടുണ്ട്. സമയക്കുറവിന്റെ പേരില്‍ ഒഴിഞ്ഞുമാറുന്നതും കണ്ടിട്ടുണ്ട്. അതിനാല്‍ത്തന്നെ അത്തരമൊരു ചിന്തപോലും എന്റെ മനസ്സിലുണ്ടായില്ല.

ഒരു പൂ ചോദിച്ചാല്‍ പൂന്തോട്ടം കൊടുക്കുന്നതു മനസ്സിലാക്കാം. എന്നാല്‍ പൂവിനെക്കുറിച്ച് ചിന്തിക്കപോലും ചെയ്യാത്തൊരാള്‍ക്ക് വസന്തം കിട്ടിയാലോ? ആന്റണിച്ചേട്ടന്‍ നല്‍കിയ ചിത്രം ഞാനും മിനിക്കുട്ടിയും ചേര്‍ന്ന് ഏറ്റുവാങ്ങുമ്പോള്‍, മനസ്സൊരു പൂങ്കാവനമായി പൂത്തുലഞ്ഞു. അപ്പോഴും വിനയം വിടാത്ത ചിരിയുമായി ആന്റണിച്ചേട്ടന്‍ നില്‍ക്കുന്നു.


കേരള കരിസ്മാറ്റിക് നവീകരണമുന്നേറ്റത്തിന്റെ ആസ്ഥാനമാണ് കളമശേരിയിലെ എമ്മാവൂസ് എന്ന സ്ഥാപനം.

വൈപ്പിന്‍കരയിലെ കുഴുപ്പിള്ളി സ്വദേശിയായ സി. ഒ. ആന്റണി പതിറ്റാണ്ടുകളായി എമ്മാവൂസിലാണ്. രണ്ടായിരാമാണ്ടില്‍ ജീവജ്വാലയുടെ ചീഫ് എഡിറ്റര്‍ എന്ന നിയോഗവുമായി എമ്മാവൂസില്‍ ആദ്യമെത്തുമ്പോഴാണ് ഞാന്‍ ആന്റണിച്ചേട്ടനെ കാണുന്നതും പരിചയപ്പെടുന്നതും. പ്രഥമദര്‍ശനത്തില്‍ നാം അദ്ദേഹത്തെ ഇഷ്ടപ്പെടും. വിനയവും ലാളിത്യവും മാധുര്യവും നിറഞ്ഞ വാക്കും പെരുമാറ്റവും ആരെയും ആകര്‍ഷിക്കും. ഒരിക്കല്‍ പരിചയപ്പെട്ടാല്‍പ്പിന്നെ മറക്കാത്ത വ്യക്തിത്വം.

ഇന്ത്യന്‍ നേവിയിലെ സേവനചരിത്രം ആന്റണിച്ചേട്ടനുണ്ട്. നേവല്‍ ബാന്‍ഡില്‍ അംഗമായിരുന്ന അദ്ദേഹം മികച്ച കലാകാരനും കലാസ്വാദകനുമാണ്.

ചിത്രകലയില്‍ പ്രതിഭാശാലിയായ ആന്റണിച്ചേട്ടന്‍ മറ്റു കലകളിലും നിപുണന്‍ തന്നെ. തെര്‍മോക്കോളില്‍ ജീവന്‍ തുടിക്കുന്ന എത്രയോ സൃഷ്ടികള്‍ വിവിധ സന്ദര്‍ഭങ്ങളിലേക്കായി ഈ കലാകാരന്‍ ചെയ്തിട്ടുണ്ട്. പക്ഷെ കലാകാരനെന്ന ഭാവമോ തലക്കനമോ ഇല്ലാത്ത മനുഷ്യന്‍.

എമ്മാവൂസില്‍ വരുന്നവര്‍ ആരായാലും അവര്‍ അദ്ദേഹത്തിന്റെ സേവനം സ്വീകരിക്കാതെ മടങ്ങിയിട്ടുണ്ടാവില്ല. അവിടെ അദ്ദേഹത്തിന്റെ തസ്തികയോ ചുമതലയോ എന്താണെന്ന് എനിക്കിതുവരെ അറിയില്ല. പലര്‍ക്കും അതറിയില്ല. കാരണം, അങ്ങനെയൊരു തസ്തികയില്‍ ഒതുങ്ങുന്നതല്ല, ആ കര്‍മ്മവ്യഗ്രത.


ഒരാള്‍ക്ക് ചായ വേണമോ, ഒരാളെ ജംഗ്ഷനില്‍ എത്തിക്കണോ, മാര്‍ക്കറ്റില്‍ പോയി സാധനങ്ങള്‍ വാങ്ങണോ, മാസിക പോസ്‌റ്റോഫീസില്‍ എത്തിക്കണോ, പാചകം ചോയ്യണോ, ഊട്ടുമുറി തയ്യാരാക്കണോ, ടോയ്‌ലറ്റ് കഴുകണോ, ചെടികള്‍ നനയ്ക്കണോ, പെയിന്റിംഗ് ചെയ്യണോ, സന്ദര്‍ശകരെ സ്വീകരിക്കണോ, അവര്‍ക്ക് മുറിയൊരുക്കണോ, അള്‍ത്താരശുശ്രൂഷിയാകണോ, ഫോണ്‍ വിളിച്ച് കാര്യങ്ങള്‍ സംഘടിപ്പിക്കണോ, മരണവീട്ടില്‍ പോകണോ….. ആവശ്യം എന്തുമാകട്ടെ, ആന്റണിച്ചേട്ടന്‍ റെഡിയാണ്. മടുപ്പോടെയല്ല, ചിരിക്കുന്ന മുഖത്തോടെ. ആത്മഹാസത്തോടെയുള്ള നര്‍മ്മം വാക്കിലും പ്രവൃത്തിയിലും തെളിഞ്ഞുനില്‍ക്കും.

ആന്റണിച്ചേട്ടന്‍ കുര്‍ബാനയ്ക്കു കാര്‍മ്മികനാകുന്നതുമാത്രമാണ് ഞാന്‍ ഇനിയും കാണാത്ത ഒരോയൊരു കാര്യം! അനുവദിച്ചാല്‍, അത്യാവശ്യമായാല്‍ അതും ചെയ്യാനുള്ള മനസ്സു കാണിച്ചേക്കും.
അപരന്റെ സന്തോഷങ്ങളില്‍ പങ്കുചേരുന്ന ചിലര്‍ സങ്കടങ്ങളില്‍ പിന്തിരിഞ്ഞുനില്‍ക്കും. ചിലരാകട്ടെ, സങ്കടങ്ങളില്‍ ആശ്വാസമേകുമെങ്കിലും സന്തോഷവേളകളില്‍ മാറിനില്‍ക്കും. ആന്റണിച്ചേട്ടനെ ഈ രണ്ടിടങ്ങളിലും കാണാം.

രോഗമോ ആപത്തോ മരണമോ ആകട്ടെ, സാന്ത്വനമായും കരുതലായും അദ്ദേഹമുണ്ടാകും.

വിജയമോ നേട്ടമോ ആഘോഷമോ ആകട്ടെ, പറ്റിയാല്‍ പറന്നെത്തി സന്തോഷനിമിഷങ്ങളെ ഇരട്ടിയാക്കിച്ചമയ്ക്കും.

കുടുംബസ്ഥനല്ലാത്ത ആന്റണിച്ചേട്ടന്‍ ഒത്തിരി കുടുംബങ്ങളുടെ ഉറ്റസ്‌നേഹിതനും ഉപകാരിയുമാണ്. എന്റെ കുടുംബാംഗങ്ങള്‍ക്കിടയിലും ഉറ്റമിത്രങ്ങള്‍ക്കിടയിലും ആന്റണിച്ചേട്ടന്‍ എന്നുപറഞ്ഞാല്‍ അത് എമ്മാവൂസിലെ ആന്റണിച്ചേട്ടന്‍ തന്നെ; വേറെ വിശേഷണങ്ങള്‍ ആവശ്യമില്ല.


എന്റെയീ അനുഭവം അനേകരുടേതാണെന്നും ഈ വാക്കുകള്‍ക്ക് അവര്‍ അടിവരയിടുമെന്നും ഞാന്‍ കരുതുന്നു.

അധികാരത്തിന്റെയും അംഗീകാരത്തിന്റെയും വിജയത്തിന്റെയും വെള്ളിവെളിച്ചത്തില്‍ നില്‍ക്കുന്നവരെല്ലാം, അതിനു പുറത്തെ നിഴലില്‍ നില്‍ക്കുന്നവരെ ആശ്രയിക്കുന്നുണ്ടല്ലോ. അങ്ങനെയെങ്കില്‍ എപ്പോഴും മുന്നില്‍നിന്ന് അരങ്ങൊരുക്കിയിട്ട് പിന്നിലേക്ക് മാറിനില്‍ക്കുന്ന ആന്റണിച്ചേട്ടന്‍ ഒത്തിരിപ്പേര്‍ക്ക് ആശ്രയവും ആശ്വാസവുമേകുന്നുണ്ട്.

എല്ലാം തന്റേതെന്ന തീക്ഷ്ണതയോടെ ചുമതലകളെല്ലാം നിര്‍വഹിച്ചിട്ട്, ഇതൊന്നും തന്റേതല്ലെന്ന നിസംഗതയോടെ ഒഴിഞ്ഞുനില്‍ക്കുന്ന നിര്‍മ്മമത സ്വഭാവമാക്കിയ, ഒരവകാശവാദവും ഇല്ലാതെ ഇപ്പോഴും കര്‍മ്മനിരതനായിരിക്കുന്ന ആന്റണിച്ചേട്ടനുവേണ്ടി ഈ വരികളെങ്കിലും ഞാനെഴുതട്ടെ!

ഷാജി മാലിപ്പാറ

nammude-naadu-logo
നന്മകൾ നിറഞ്ഞ വ്യക്തികളും പ്രസ്ഥാനങ്ങളും സമൂഹത്തിന് അനുഗ്രഹമാണ് നമ്മുടെ നാട് 

Share News