ആഡംബരാസക്തികളുടെ ഹോട്ട്‌സ്‌പോട്ടുകളില്‍ കുടുങ്ങിപ്പോയോ നാം?

Share News

ലോകത്തിനുമുഴുവന്‍ മാതൃകയാകാന്‍ യോജ്യമായ ജനബാഹുല്യം ഉള്ള നാടാണ് നമ്മുടെ കൊച്ചുകേരളം.

എന്നാല്‍, കഴിഞ്ഞകാലങ്ങളില്‍ നമ്മള്‍ നഷ്ടപ്പെടുത്തിയ സൗഭാഗ്യങ്ങളുടെ ശ്മശാനത്തിലാണ് നാം ഇന്നു ജീവിക്കുന്നത്. എഴുപതുകള്‍ തുടങ്ങി നമുക്ക് വീണുകിട്ടിയ പ്രവാസിപ്പണം വേണ്ടരീതിയില്‍ വിനിയോഗിക്കുന്നതില്‍ നമുക്ക് പിഴവുപറ്റി.

ഇന്ന് കോവിഡ് -19 സൃഷ്ടിച്ച ജീവിതദുരന്തങ്ങളുടെ ശവപ്പറമ്പില്‍ മാസ്‌കുംധരിച്ച് നാം മൂകരായിക്കഴിയുന്നു. ഇനിയുള്ള നാളുകളില്‍ നമുക്ക് നഷ്ടപ്പെടാനിടയുള്ള സമ്പത്തിന്റെ സ്രോതസ്സുകളെക്കുറിച്ച് നമ്മള്‍ ഉത്കണ്ഠാകുലരാണ്.

ശാസ്ത്രവും ഭരണകൂടവും ചിറകെട്ടിനിര്‍ത്തുന്നുവെന്ന രീതിയിലാണ് നാം ഈ നാളുകളെ വീക്ഷിക്കുന്നത്. എന്നാല്‍ ഉരുകിയ മനസ്സുകള്‍ ദൈവതിരുമുമ്പില്‍ സമര്‍പ്പിച്ച ബലികള്‍ നാം കാണാതെ പോകുകയാണ്.

എല്ലാം കൈവിട്ടുപോയെന്ന ചിന്തയുടെ മറുപുറങ്ങളില്‍ ഇപ്പോഴും ദൈവത്തിന്റെ വിരല്‍ത്തുമ്പ് പിടിച്ചുനീങ്ങുന്ന നിഷ്‌ക്കളങ്കരുടെ നിര നമ്മെ വിസ്മയഭരിതരാക്കുന്നു. എന്നാല്‍, ‘സമ്പത്തിന്റെ നശ്വരത’ എന്നത് ഒരു മതതത്വം മാത്രമാണെന്ന്, പ്രായോഗികജീവിതത്തില്‍ ‘പത്തായംനിറയെപണം’ വേണമെന്ന്, ആ പണത്തിന്റെ ‘കുന്തളിപ്പിന്റെ’ കമ്പിപ്പൂത്തിരികള്‍ മറ്റുള്ളവര്‍ കാണണമെന്നും ‘മോഹിച്ചുപോയ’ ‘ദൈവരഹിത’ നാളുകളെക്കുറിച്ചുള്ള വിലാപഗീതം എഴുതാന്‍ വൈകിപ്പോയെന്നുകൂടി നാം തിരിച്ചറിയേണ്ടതുണ്ട്.

ആഗോളവത്ക്കരണത്തിന്റെ എലിക്കെണികള്‍:

ആര്‍ഭാടവും ധൂര്‍ത്തുംചേര്‍ന്ന ആഡംബരാസക്തിയില്‍നിന്ന് മലയാളികളെ പിന്നോട്ടുനടത്തേണ്ടിയിരുന്ന രാഷ്ട്രീയപാര്‍ട്ടികളും സാമുദായിക-മത കൂടിവരവുകളും ഇത്തരമൊരു നവോത്ഥാനപ്രക്രിയ നടപ്പാക്കുന്നതില്‍ ബോധപൂര്‍വ്വമായ ആലസ്യം കാണിച്ചുവെന്ന് പറയാന്‍ മടിക്കേണ്ടതില്ല.

ആഗോളവത്ക്കരണം തുറന്നുവച്ച എലിക്കെണികളിലേക്ക് ജനങ്ങളെ ആട്ടിത്തെളിക്കുന്നവരായി നമ്മുടെ സാംസ്‌കാരികനായകന്മാര്‍പോലും മാറിപ്പോയെന്ന പരാതിയും പിന്നാമ്പുറക്കുശുകുശുക്കലുകളിലുണ്ട്.

സാമൂഹ്യവ്യവസ്ഥിതിയുടെ വിചിത്രഭൂപടങ്ങള്‍: 2011-ലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ ജനസംഖ്യ 3.34 കോടിയാണ്. ഈ കണക്കിനോടൊപ്പം 19 ലക്ഷം വീടുകളില്‍ ആള്‍ത്താമസമില്ലെന്നുകൂടി നാം വായിക്കേണ്ടിവരുന്നു.

ഈ വീടുകളില്‍ 10% ഗ്രാമങ്ങളിലും 11.3% നഗരങ്ങളിലുമാണ്. 2019 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലേക്ക്‌വന്ന വിദേശപണത്തിന്റെ 19% കേരളത്തിലേക്കായിരുന്നു. ഈ തുക 1.69 ലക്ഷം കോടിവരും. 1971-81 കാലഘട്ടത്തില്‍ രണ്ടരലക്ഷം മലയാളികള്‍ ഗള്‍ഫ്‌രാജ്യങ്ങളില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇന്ന് 35 ലക്ഷത്തില്‍ ഏറെപ്പേര്‍ ആ മണലാരണ്യങ്ങളില്‍ ജോലിചെയ്യുന്നു.

അതായത് ഇന്ത്യയില്‍നിന്നുള്ള നാല് പ്രവാസികളില്‍ ഒരാള്‍ മലയാളി എന്നാണ് ഇപ്പോഴത്തെ കണക്ക്. പ്രവാസികള്‍ ചൊരിഞ്ഞിട്ട അറബിപ്പണത്തിന്റെ വിനിയോഗം പരിശോധിക്കുമ്പോള്‍, നേരത്തെ സൂചിപ്പിച്ച ആഡംബരാസക്തിയുടെ കൊലക്കെണികള്‍ കാണാനാകും.

കഴിഞ്ഞ നാലരപതിറ്റാണ്ടുകളായി പ്രവാസികള്‍ കേരളത്തിലേക്ക് അയച്ചപണം ക്രിയാത്മകമായരീതിയില്‍ ചെലവഴിക്കാന്‍ കഴിയാതെപോയ സാമൂഹ്യവ്യവസ്ഥിതിയുടെ വിചിത്രഭൂപടങ്ങള്‍ക്കു പിന്നില്‍ മലയാളിയുടെ ആര്‍ഭാടത്വരയുണ്ട്; ലഭിക്കാതെപോയ സാമൂഹികാന്തസ്സിന്റെ പിടിച്ചുപറിക്കലുണ്ട്.

പണം ബുദ്ധിപരമായി കൈകാര്യം ചെയ്യുന്നതില്‍ മലയാളിക്ക് വന്നുപോയ ബുദ്ധിശൂന്യമായ തീരുമാനങ്ങളുണ്ട്. മരുഭൂമിയില്‍ ചോരനീരാക്കി സമ്പാദിച്ച കറന്‍സിനോട്ടുകള്‍ നാട്ടിലുള്ള ഉറ്റവര്‍ അവരുടെ ഭൂതകാലമുറിവുകള്‍ വച്ചുകെട്ടാനുള്ള ബാന്‍ഡേജായി ഉപയോഗിച്ചിരിക്കാം.

എം.ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘തുക്കിടി സായ്പുമാര്‍’ തുടലുപൊട്ടിച്ചുനടന്ന ഭൂതകാലത്തിന്റെ ഓര്‍മ്മകളുമായി, നിര്‍വികാരതയുടെ വരമ്പുകളിലിരുന്ന് നാം ഈ നാളുകളില്‍ കണ്ണീര്‍വാര്‍ക്കുന്നു. സാമ്പത്തികനിരക്ഷരതയുടെ നിര്‍മ്മിതി: അധികസമ്പത്ത് നല്കിയ അമിതമായ ആത്മവിശ്വാസത്തിന്റെ ഇരകളായി മാറിയവരില്‍ ഭൂരിഭാഗവും സമൂഹത്തിന്റെ താഴെത്തട്ടില്‍ ഉള്ളവരായിരുന്നു

. കഴിഞ്ഞനാളുകളില്‍ കേരളത്തില്‍ ഭൂമിവിലയിലുണ്ടായ കുതിപ്പ് ഈ സാമ്പത്തികനിരക്ഷരതയുടെ നിര്‍മ്മിതിയാണ്. പൊങ്ങച്ചത്തിന്റെ പൊയ്ക്കാലുകളില്‍ കേരളീയസമൂഹത്തില്‍ അരങ്ങേറിയ തെരുവുനാടുകങ്ങളില്‍ രാഷ്ട്രീയ, സാമുദായിക നേതാക്കള്‍ കാഴ്ചക്കാരാകുക മാത്രമല്ല ചെയ്തത്. അവര്‍ തങ്ങള്‍ക്ക് പിടുങ്ങാവുന്നതെല്ലാം ഈ ചെണ്ടമേളങ്ങള്‍ക്കു നടുവില്‍ അടിച്ചുമാറ്റിയെന്നതും ചരിത്രം.

സ്റ്റേജ്‌ഷോകള്‍, റിയാലിറ്റി ഷോകള്‍, അവാര്‍ഡ് ദാനങ്ങള്‍, കാരുണ്യ ധനസമ്പാദനയത്‌നങ്ങള്‍ അങ്ങനെ ഏതെല്ലാം വിധത്തിലാണ് പ്രവാസികള്‍ കബളിപ്പിക്കപ്പെട്ടത്!

ഇന്ന് പുറം രാജ്യങ്ങളില്‍നിന്നുവരുന്ന മലയാളികളുടെ രോഗനിരീക്ഷണത്തിനുപോലും പണംവേണമെന്ന് ശഠിക്കുന്ന ഭരണകര്‍ത്താക്കളില്‍പലരും പ്രവാസികളുടെ ‘സ്‌നേഹവിരുന്ന്’ ആസ്വദിച്ചവരാണ്.

ആപത്തുകാലത്ത്, അന്നത്തെ ഔദാര്യം ഓര്‍മ്മിച്ച് പ്രവാസികളെ സഹായിക്കാന്‍ വര്‍ഷത്തില്‍ രണ്ടും മൂന്നും തവണ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ‘തുട്ട്’ തരമാക്കിയവര്‍ മറന്നുപോയതില്‍ അത്ഭുതപ്പെടാനില്ല.

ഭരണത്തിലിരിക്കുന്നവരെ പ്രീണപ്പിക്കാനുള്ള ശ്രമത്തില്‍ സാംസ്‌കാരികനായകരും ചലച്ചിത്രവീരന്മാരും പ്രവാസികളുടെ ഈ സങ്കടാവസ്ഥയില്‍ ഫലപ്രദമായി ഇടപെടാനും കൂട്ടാക്കിയിട്ടില്ല. ആകെക്കൂടി, പ്രതിപക്ഷകക്ഷികളുടെ ‘മഴയ്ക്കിടയില്‍ ലഭിക്കുന്ന വെയിലത്തെ പപ്പടമുണക്കല്‍’ പോലെ ഒരു പ്രതിഷേധപ്രകടനം കേരളം കണ്ടുവെന്നുമാത്രം. കറവക്കാരന്റെ കൗശലങ്ങള്‍: പലപ്പോഴും പ്രതീക്ഷിച്ചതില്‍ കൂടുതല്‍ പ്രവാസിപ്പണം ഒഴുകിയെത്തിയചരിത്രം, 2020-ല്‍ തിരുത്തിയെഴുതേണ്ടിവന്നിരിക്കുന്നു.

ഈ വര്‍ഷം 23% കുറവ് പ്രവാസിവരുമാനത്തില്‍ ഉണ്ടാകുമെന്ന് ഔദ്യോഗികമായി കണക്കാക്കുന്നു. 2012-ല്‍ കേരളത്തിന്റെ റവന്യൂവരുമാനത്തിന്റെ 1.74 ഇരട്ടിയായിരുന്നു പ്രവാസിമലയാളികള്‍ കേരളത്തില്‍ എത്തിച്ചത്. അന്ന് കേരളത്തിന്റെ വാര്‍ഷികചിലവിനെക്കാള്‍ 1.80 ഇരട്ടിവരുമാനമായിരുന്നു ഇത്

. കേന്ദ്ര വിഹിതത്തിന്റെ ഏഴിരട്ടിവരുന്ന ഈ തുക ആബാലവൃദ്ധര്‍ മലയാളികള്‍ക്ക് വീതിച്ചിരുന്നുവെങ്കില്‍ ഒരാള്‍ക്ക് 5680 രൂപ ലഭിക്കുമായിരുന്നു. കേരളത്തിലെ 83% ജനങ്ങളും പ്രവാസിപ്പണത്തിന്റെ നേരിട്ടുള്ള സ്വീകര്‍ത്താക്കളല്ലാത്തതുകൊണ്ട്, ഈ വരുമാനത്തിന്റെ സാമൂഹികപരമായ കൈകാര്യം ചെയ്യല്‍ ഭരണകര്‍ത്താക്കള്‍ നടത്തേണ്ടിയിരുന്നു.

ബോധവല്ക്കരണത്തിലൂടെയോ സര്‍ക്കാരിന്റെയോ ധനകാര്യസ്ഥാപനങ്ങളുടെ ലാഭസുരക്ഷിതത്വമുള്ള സമ്പാദ്യപദ്ധതിയിലൂടെയോ ഈ വരുമാനം നിഷ്‌ക്രിയആസ്തിയോ, സാമൂഹിക പ്രതിബന്ധതയില്ലാത്ത ചെലവഴിക്കലോ ആയി മാറാതിരിക്കാന്‍ ഭരണകൂടങ്ങളോ, സാമുദായിക പ്രസ്ഥാനങ്ങളോ ശ്രമിച്ചതേയില്ല.

കറവക്കാരന്റെ കൗശലമെന്നമട്ടില്‍ മേല്‍പ്പറഞ്ഞവരുടെ ഇടപെടല്‍ തന്ത്രപൂര്‍വ്വം വന്ധ്യംകരിക്കപ്പെടുകയും ചെയ്തു. ആര്‍ഭാടവും ധൂര്‍ത്തും സയാമീസ് ഇരട്ടകളെപ്പോലെയാണ്. അമ്പലപ്പുഴയില്‍ ‘ദര്‍ശന’ മെന്നപേരില്‍ ആരംഭംകുറിച്ച ഗ്രാമങ്ങളുടെ സ്വയംപര്യാപ്തത സ്വപ്നംകണ്ട് ഡി. പങ്കജാക്ഷകുറുപ്പ് മലയാളിയുടെ ഈ ശീലവൈകല്യത്തെ വിശേഷിപ്പിച്ചത് ആഡംബരാസക്തിയെന്നാണ്.

10,000 പ്രവാസികളുടെ വീടുകള്‍ കേന്ദ്രീകരിച്ച് ഒമ്പതുവര്‍ഷം മുമ്പ് നടത്തിയ സര്‍വേയില്‍പോലും ആ കുടുംബങ്ങളിലെ തൊഴിലില്ലാത്തവര്‍ 29.2 ശതമാനമായിരുന്നു. മറ്റ് വീടുകളിലെ തൊഴിലില്ലായ്മ 26.9 ശതമാനമായിരുന്ന നാളുകളിലെ കണക്കാണത്. ഇതേ സര്‍വേ അന്ന് നമ്മെ ബോധ്യപ്പെടുത്തിയ ചില കണക്കുകള്‍ വേറെയുമുണ്ട്.

പ്രവാസിമലയാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ 87% ഭൂമിവാങ്ങാനാണ് ഉപയോഗിച്ചത്. 17% വീടുവയ്ക്കാനും 9.5 % ആഡംബരവാഹനങ്ങള്‍ വാങ്ങാനും ഉപയോഗിച്ച ഇവര്‍ വ്യവസായങ്ങള്‍ തുടങ്ങാന്‍ ഉപയോഗിച്ചത് അരശതമാനം മാത്രം. പൊങ്ങച്ചത്തിന്റെ പേപിടിച്ചവര്‍: പ്രവാസിപ്പണം പ്രത്യുല്പാദനപരമായി ചെലവഴിക്കാതെവരുമ്പോള്‍, അത് പൊങ്ങച്ചത്തിന്റെ പേപിടിച്ച കുടുംബാംഗങ്ങളുടെ വാനരസദൃശമായ സാമ്പത്തികസാഹസങ്ങളുടെ കുത്തൊഴുക്കിന് വാതില്‍ തുറന്നിടുന്നു

. ഇന്ന് കേരളത്തെ തുറിച്ചുനോക്കുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. കോവിഡാനന്തര കാലഘട്ടത്തില്‍ ഭരണകര്‍ത്താക്കളും ജനങ്ങളും സമൂഹംതന്നെയും പോയകാലത്തെ പൗരജീവിതത്തെ വിശകലനം ചെയ്‌തേപറ്റൂ.

കേരളത്തില്‍ ഏഴ് ലക്ഷം പേര്‍ വീടില്ലാത്തവരാണെന്ന് പഴയകാല കണക്കുകള്‍ ഉണ്ട്. എന്നാല്‍ മലയാളികുടുംബങ്ങളില്‍ 70% 50 ലക്ഷത്തിനുമേല്‍ വരുമാനമുള്ളവരാണ്. ഒന്നേകാല്‍ ലക്ഷം കര്‍ഷകരില്‍, വിദ്യാഭ്യാസ വായ്പയെടുത്ത നിരവധി കുടുംബങ്ങളും ജപ്തിഭീഷണിയിലാണ്

. കേരളത്തില്‍ ഇപ്പോഴുള്ള അതിസമ്പന്നര്‍ 23 പേരുണ്ട്. ഫോബ്‌സ് മാഗസിന്റെ അതിസമ്പന്നരുടെ പട്ടികയില്‍പോലും കേരളീയരായ 10 പേരുണ്ട് (ശരാശരി 1000 കോടിരൂപയില്‍ അധികം ആസ്തിയുള്ളവരാണ് അതിസമ്പന്നര്‍). ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ വിസ്തൃതിയില്‍ കേരളമെന്ന് അടയാളപ്പെടുത്തിയിട്ടുള്ളത് 1.8 % ഭൂപ്രദേശത്താണെന്ന് ചിന്തിക്കുമ്പോള്‍ നാമിപ്പോഴും കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങള്‍ നിസ്സാരമല്ലേ.

ആട്ടിപ്പായിക്കണം കമ്പോളക്കുറുക്കന്മാരെ:

മനുഷ്യമനസ്സിനെ പ്രകൃതി, വികൃതി, സംസ്‌കൃതി എന്നിങ്ങനെ വേര്‍തിരിക്കാറുണ്ട്. ഇതില്‍ ‘സ്വാര്‍ത്ഥതയെന്നത് പ്രകൃതിയാണ്’ ‘സ്വകാര്യമാത്രപരത’ വികൃതിയും. ‘നിസ്വാര്‍ത്ഥത’യാണ് സംസ്‌കൃതിയായി വിശേഷിപ്പിക്കാറുള്ളത്

. മലയാളിയുടെ മനസ്സ് ‘എന്റെ കുട്ടി’ ജയിക്കണമെന്നുമാത്രമാണ്. എന്നാല്‍ അതേമനോഭാവത്തിന്റെ മറുപുറത്ത് മറ്റുകുട്ടികള്‍ എന്റെ കുട്ടിയെപ്പോലെ വിജയിക്കരുത് എന്ന ചിന്തയുണ്ടാകുമ്പോള്‍ അത് ‘സ്വകാര്യമാത്രപരത’ യായിമാറുന്നു. മനുഷ്യന്റെ ഈ മാനസികാവസ്ഥകളുടെ സംസ്‌കരണം സാമൂഹികതലത്തില്‍ സംഭവിക്കുന്നതേയില്ല. പരസ്പരബന്ധത്തിന്റെ നൈസര്‍ഗികമായ പ്രവാഹം ത്വരിതപ്പെടുത്താന്‍ കെട്ടിക്കിടക്കുന്ന മലിനജലമെല്ലാം ഒഴുക്കിക്കളയേണ്ടതുണ്ട്.

ഒറ്റയ്ക്കുള്ള പുരോഗതി അധോഗതിയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള സദ്‌സമൂഹവാര്‍പ്പുമാതൃകകള്‍ കേരളത്തില്‍ രൂപപ്പെടണം. ഷോപ്പിംഗ് മാളുകളും കമ്പോളകുതന്ത്രങ്ങളും നിറഞ്ഞ സമൂഹത്തില്‍ ആ കുത്സിതമായ കുത്തൊഴുക്കിനെതിരെ നീന്താന്‍ നാം ശീലിക്കണം.

ഇന്ന് നമ്മുടെ സാമൂഹികക്ഷേമപദ്ധതികള്‍പോലും ധനകാര്യസ്ഥാപനങ്ങള്‍ തയ്യാറാക്കിയ മനുഷ്യത്വരഹിതമായ പാഠ്യക്രമങ്ങള്‍ പാലിക്കണമെന്ന അവസ്ഥമാറണം. വിജയത്തിന്റെ ചവിട്ടുപടികള്‍, അടുത്തുനില്ക്കുന്നവന്റെ നെഞ്ചിന്‍കൂട് തകര്‍ത്തായാലും കെട്ടിയുയര്‍ത്താമെന്ന് പഠിപ്പിക്കുന്ന കമ്പോളകുറുക്കന്മാരെ മനുഷ്യരുടെ നിസ്വാര്‍ത്ഥമായ കൂടിവരവുകള്‍കൊണ്ടും അവരുടെ ആത്മാര്‍ത്ഥത ജ്വലിപ്പിക്കുന്ന തീപ്പന്തങ്ങള്‍കൊണ്ടും ബഹിഷ്‌ക്കരിക്കാനുള്ള സാമൂഹികജീവിത നൈപുണ്യം നാം സ്വയത്തമാക്കണം.

രാഷ്ട്രപിതാവായ മഹാത്മജിയുടെ വാക്കുകള്‍ ഇത്തരം ചിന്തകള്‍ക്ക് പരിശുദ്ധി നല്‍കിയിരുന്നുവെന്നകാര്യം നാം മറക്കരുത്. മലയാളി പിന്തുടര്‍ന്ന ആഢംബരാസക്തിയുടെ കടല്‍പാലങ്ങളേറുന്നതിനുമുമ്പ് നമുക്ക് ആ സുവര്‍ണാക്ഷരങ്ങള്‍ വായിക്കാമായിരുന്നു: ”ഉപയോഗശൂന്യമായി പണം ചെലവഴിക്കപ്പെടുമ്പോള്‍, ദരിദ്രരില്‍നിന്ന് അത് പിടിച്ചുപറിക്കപ്പെട്ടതായി എനിക്ക് തോന്നുന്നു. ദരിദ്രരുടെ ശാപം രാഷ്ട്രങ്ങളെശിക്ഷിച്ചിട്ടുണ്ട്. രാജാക്കന്മാരുടെ കിരീടം തെറിപ്പിച്ചിട്ടുണ്ട്. സമ്പന്നന്മാരുടെ സമ്പത്തിനെയും അത് തട്ടിത്തെറിപ്പിച്ചിട്ടുണ്ട്. നീതിയുടെ പ്രതികാരം അപ്രതിരോധ്യമാണ്. ദരിദ്രരുടെ അനുഗ്രഹങ്ങള്‍ രാജ്യങ്ങളെ ഐശ്വര്യപൂര്‍ണമാക്കിയിട്ടുണ്ട്” (സമ്പൂര്‍ണകൃതികള്‍, വാക്യം 26, പേജ് 174)

. മറക്കരുത് പറഞ്ഞുകൊടുക്കണം ദൈവാനുഗ്രഹങ്ങളെക്കുറിച്ച്: കേരളത്തിന്റെ മാത്രമല്ല, ഏതൊരു ദേശത്തിന്റെയും ഇന്നത്തെ സാമൂഹികാവസ്ഥ പുറമെ കാണുന്നതുപോലെ ശാന്തമല്ല. ധനികരോട് അസൂയാലുക്കളായി ദരിദ്രരും ധനികരാകാന്‍ ശ്രമിക്കുന്നത് നാം കാണുന്നു. ഈ ഉദ്യമം പരാജയപ്പെടുമ്പോള്‍ അവര്‍ രോഷാകുലരാകുന്നു. അവര്‍ക്ക് സുബോധം നഷ്ടപ്പെടുന്നു. വഞ്ചനയിലൂടെ പണമുണ്ടാക്കാന്‍ അവര്‍ ശ്രമിക്കുന്നു. അത്യാഗ്രഹത്തില്‍നിന്ന്, ആഢംബരാസക്തിയില്‍നിന്ന്, സാമൂഹികസംഘര്‍ഷം പിറവിയെടുക്കുന്നു.

ഇതിനെതിരെയുള്ള ബോധവല്ക്കരണം അസാധ്യമാണെന്ന് ആരൊക്കെയോ നമ്മോട് പറഞ്ഞുതരുന്നു. സദാചാരമൂല്യങ്ങള്‍ ബലികഴിച്ചും പണം സമ്പാദിക്കാമെന്ന് കരുതുന്നത് തെറ്റാണെന്ന് നമുക്കറിയാം. നാടോടുമ്പോള്‍ നടുവെ ഓടുകയെന്ന പ്രാകൃതമായ ചിന്തയ്ക്കപ്പുറത്തേക്ക് സാമൂഹികനവോത്ഥാന പ്രക്രിയകളെ നയിക്കുകയെന്ന ശ്രമകരമായ ദൗത്യത്തിനുമുമ്പില്‍ എന്നും മതങ്ങള്‍ മാത്രമേ ഉണ്ടാകൂ.

തിന്മയിലൂടെ സമ്പാദിച്ച ധനം സമൂഹത്തില്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള അധാര്‍മ്മികതയുടെ പ്രളയം നിയന്ത്രിക്കുന്നതില്‍ മതങ്ങള്‍ പരാജയപ്പെടരുത്.

കോവിഡ് 19 നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതും മനുഷ്യജീവനുകള്‍ സംരക്ഷിച്ചുകൊണ്ടിരിക്കുന്നതും ദൈവം സൃഷ്ടിച്ച മനുഷ്യരുടെ നിസ്വാര്‍ത്ഥമായ കൂടിവരവാണെന്ന ചിന്തയാണ് ഇന്ന് ഈ സമൂഹമദ്ധ്യത്തില്‍ തമസ്‌ക്കരിക്കപ്പെടുന്നത്. എത്രയോ കൂപ്പിയകരങ്ങളുടെ കണ്ണീര്‍കുമ്പിളുകളിലേക്ക് ദൈവംനല്കിയ സംരക്ഷണത്തെക്കുറിച്ച് അനുഗ്രഹങ്ങള്‍ വരുംതലമുറയ്ക്ക് നാം പറഞ്ഞുകൊടുക്കണം. പടിക്കുപുറത്താക്കണം പണക്കൊഴുപ്പിന്റെ ലക്ഷണങ്ങള്‍

മഹാത്മജി വീണ്ടും എഴുതുന്നു: ”സ്വര്‍ണ്ണത്തേക്കാള്‍ കൂടുതല്‍ സത്യവും. വിത്തത്തിന്റെയും അധികാരത്തിന്റെയും ഡംഭിനെക്കാള്‍ മഹത്തായി നിര്‍ഭയത്വവും സ്വസ്‌നേഹത്തെക്കാള്‍ മഹത്തായി കാരുണ്യപ്രവര്‍ത്തനവും നാം എന്നാണോ ലോകത്തിന് കാണിച്ചുകൊടുക്കുന്നത് അന്നുമാത്രമേ നമ്മുടേത് യഥാര്‍ത്ഥ ആത്മീയരാഷ്ട്രീയമാകൂ

. നമ്മുടെ വീടുകളില്‍നിന്നും കൊട്ടാരങ്ങളില്‍നിന്നും ദൈവാലയങ്ങളില്‍നിന്നും പണക്കൊഴുപ്പിന്റെ ലക്ഷണങ്ങള്‍ തുടച്ചുനീക്കി, പകരം സന്മാര്‍ഗ്ഗികതയുടെ ഗുണങ്ങള്‍ കാണിച്ചുകൊടുക്കാന്‍ കഴിഞ്ഞാല്‍ സൈന്യശക്തിയുടെ കനത്തഭാരംപേറാതെതന്നെ നമുക്ക് ലോകത്തെ ഏത് വിരുദ്ധശക്തികളുടെ ഒത്തുചേരലിനെയും ചെറുത്തുനില്ക്കാനാകും. ഇതാണ് ശരിയായ ധനതത്വശാസ്ത്രം. നമ്മള്‍ ഇത് സ്വന്തമാക്കി നിത്യജീവിതത്തില്‍ പകര്‍ത്താന്‍ശ്രമിക്കുക” (മഹാത്മഗാന്ധിയുടെ രചനകളും പ്രഭാഷണങ്ങളും, നാലാപതിപ്പ്, പേജ് 353-355).

ഇപ്പോള്‍ തീരെ മാര്‍ക്കറ്റില്ലാത്ത ഒരു ഗാന്ധിവചനം കൂടി ”സുഖജീവിതത്തിന്റെ രഹസ്യം ത്യാഗമാണ്. ത്യാഗമാണ് ജീവിതം. ആസക്തി മരണവും” (ഹരിജന്‍ 24.2.1946, പേജ് 19). ചുറ്റുമുള്ള ജീവിതങ്ങളുടെ ദൈന്യമാര്‍ന്ന മുഖങ്ങളിലേക്ക് കണ്ണയയ്ക്കാന്‍ മലയാളി ശീലിച്ചുതുടങ്ങിയിട്ടുണ്ട്. പ്രളയങ്ങളും മഹാമാരിയും ഇത്തരം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വഴിതുറന്നിട്ടുമുണ്ട്.

ഈ വഴികളില്‍, പ്രോത്സാഹനം നല്കി നന്മയുടെ എല്ലാകുരുന്നുമുളകളും സംരക്ഷിക്കുന്നവിധം മതങ്ങളുടെ കരവലയങ്ങള്‍ വിസ്തൃതമാക്കണം. കളംതിരിച്ച് കോഴിത്തീറ്റ നല്കുന്ന രാഷ്ട്രീയ കൗശലങ്ങളും എന്റെ പറമ്പില്‍മാത്രം മഴപെയ്താല്‍ മതിയെന്ന സ്വാര്‍ത്ഥചിന്തകളും വെട്ടിനിരത്താനുള്ള അരിവാളുകള്‍ കൈയിലേന്തിയുള്ള പുതിയ മാനവികമുന്നേറ്റങ്ങള്‍ കേരളത്തില്‍ ഉണ്ടാകുമെന്ന് നാം പ്രതീക്ഷിക്കുന്നു.

നന്മയെ കൊന്നുതൂക്കിയാലും മൂന്നാം ദിവസം ഉയിര്‍ത്ത വിശ്വാസവഴിയില്‍ നീങ്ങാന്‍ എക്കാലത്തും നല്ലമനുഷ്യരുടെ കൂടിവരവുകള്‍ ഉണ്ടാകും.

ഈ പ്രത്യാശയുടെ പൂക്കള്‍ പരത്തുന്ന സുഗന്ധം ഏറെ അകലെയല്ലാത്തവിധം നമ്മുടെ സിരകളെ ത്രസിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ ധരിച്ചിരിക്കുന്ന നമ്മുടെ മാസ്‌ക്കുകള്‍ക്കുപോലും ആ നവ്യഗന്ധം തടഞ്ഞുനിര്‍ത്താനാവില്ല.

ആന്റണി ചടയംമുറി

അസോസിയേറ്റഡ് എഡിറ്റര്‍, താലന്ത്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു