![](https://nammudenaadu.com/wp-content/uploads/2020/07/5195c6cb-907c-42ca-9cfb-b7cd8a325133-1.jpg)
സാമൂഹികവ്യാപനം തുടങ്ങുന്നു; ടെസ്റ്റുകൾക്കു സന്നദ്ധരാകുക.
നമ്മുടെ നാട്- ന്യൂസ് റൗണ്ടപ്പ്
തിരുവനന്തപുരത്തുനിന്ന് കേരളത്തിലെ കോവിഡ് സമൂഹികവ്യാപനം തുടങ്ങുകയാണ്.
ആരിൽനിന്നും ആർക്കും രോഗം പടരാം എന്നു മനസ്സിലുറപ്പിക്കേണ്ട നേരം. ജീവന്റെ വിലയുള്ള ജാഗ്രതയുടെ മണിക്കൂറുകൾ.
മിക്കവാറും എല്ലാ ജില്ലകളിലും പുതിയ കേസുകളിൽ ഉറവിടമറിയാരോഗികളുടെ ശതമാനം ഓരോ ദിവസവും ഉയരുന്നു. അനേകം ‘അജ്ഞാത കണ്ണികൾ’ സമൂഹത്തിലുണ്ട് എന്നുതന്നെയാണ് അതിന്റെ ഒരർത്ഥം.
സമ്പർക്കരോഗീശതമാനം ഉയർന്നുകൊണ്ടേയിരിക്കുന്നത് ഹോട്ട്‌സ്‌പോട്ടുകളെ ക്ലസ്റ്ററുകളും ക്ലസ്റ്ററുകളെ സൂപ്പർക്ലസ്റ്ററുകളുമാക്കുന്നു. സൂപ്പർക്ലസ്റ്ററുകൾക്കിടയിൽ ‘അജ്ഞാത കണ്ണികൾ’ സ്വതന്ത്രമായി ഇറങ്ങി നടക്കുന്നതോടെ വലിയ നഗരങ്ങളിലെയും പ്രാന്തങ്ങളിലെയും ക്ലസ്റ്ററുകൾ വളർന്ന് സമൂഹമാകെയും ഒരൊറ്റ ക്ലസ്റ്ററാകുന്നു.
എല്ലാ രാജ്യത്തും അങ്ങനെയായിരുന്നു. ആദ്യം മഹാനഗരങ്ങൾ. പിന്നെ പട്ടണങ്ങൾ. അവരുടെ മഹാനഗരങ്ങളുടെ സ്ഥാനത്ത് നമ്മുടെ ഹൈറേഞ്ചല്ലാത്ത ജില്ലകളെ കാണണം. തിരുവനന്തപുരത്തിന്റെയും എറണാകുളത്തിന്റെയും കോഴിക്കോട്-മലപ്പുറത്തിന്റെയും ഇന്നത്തെ ഭൂപടം മഹാമാരീവ്യാപനത്തിന്റെ അതേ ആഗോളദിശയും ദേശീയദിശയും തന്നെയാണു കാണിക്കുന്നത്.
ലോക്ഡൗൺ പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും, പച്ചക്കറി വാങ്ങാൻ മാത്രം ആഴ്ചയിലൊരിക്കൽ ഒരാൾ വീട്ടിൽനിന്നിറങ്ങേണ്ട ആഴ്ചകൾ. രോഗസാധ്യതാ ടെസ്റ്റുകൾക്കു സ്വയം സന്നദ്ധരാവേണ്ട ദിവസങ്ങൾ.
മാർച്ചിൽ ദേശീയ ലോക്ഡൗൺ തുടങ്ങിയ നേരത്ത് വീടുകളിൽ എന്തു കരുതലെടുത്തോ അതെല്ലാം എടുക്കേണ്ട നേരം. കൈ കഴുകുകയും മാസ്‌ക് ധരിക്കുകയും ചെയ്യുന്നതുപോലെ ദിവസവും പലവട്ടം ആവിപിടിക്കുകയും ആയുർവേദ പ്രതിരോധമാർഗങ്ങൾ പിന്തുടരുകയും ചെയ്യേണ്ട കാലം.