ബാബറി മസ്ജിദ് തകര്‍ത്ത കേസ്: എല്ലാ പ്രതികളെയും വെറുതെ വിട്ടു.
ലക്നൗ:അയോധ്യയിലെ ബാബറി മസ്ജിദ്തകർത്ത കേസിൽ എൽ.കെ അദ്വാനിയടക്കം എല്ലാ പ്രതികളെയും ലക്നൗ പ്രത്യേക സിബിഐ കോടതി വെറുതെ വിട്ടു.
ബാബറി മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം ചെയ്തിട്ടില്ലെന്നും ഗൂഢാലോചനയ്ക്കു തെളിവില്ലെന്നും പ്രത്യേക കോടതി ജഡ്ജി എസ്‌കെ യാദവ് വിധിച്ചു. കനത്ത സുരക്ഷയിലാണ് ലഖ്‌നൗ കോടതി വിധി പ്രസ്‌താവിച്ചത്. രണ്ടായിരത്തിലധികം പേജുളളതായിരുന്നു വിധി. 32 പ്രതികളില്‍ 26 പേരാണ് കോടതിയില്‍ എത്തിയത്. കോടതി വിധി പറയുന്ന പശ്‌ചാത്തലത്തില്‍ അയോധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
സെപ്റ്റംബര്‍ ഒന്നിനാണ് കേസില്‍ കോടതിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്. സെപ്റ്റംബര്‍ 30നകം വിധി പ്രഖ്യാപിക്കണമെന്നു സുപ്രീംകോടതി ലക്‌നൗവിലെ കോടതിക്കു നിര്‍ദേശം നല്‍കിയിരുന്നു.
1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട് നീണ്ട ഇരുപത്തിയെട്ട് വ൪ഷത്തെ നിയമനടപടികള്‍ക്ക് ശേഷമാണ് കേസില്‍ വിധി പുറപ്പെടുവിക്കുന്നത്. 2017ല്‍ എല്ലാ ദിവസവും വിചാരണ നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നെങ്കിലും നടപടികള്‍ നീണ്ടു. ഈ വ൪ഷം ഏപ്രിലോടെ നടപടികള്‍ പൂ൪ത്തിയാക്കണമെന്ന് രണ്ടാമത് കോടതി ഉത്തരവിട്ടെങ്കിലും വീണ്ടും മൂന്ന് തവണ സമയം നീട്ടി നല്‍കി. അതിനിടെ കഴിഞ്ഞ വ൪ഷം സെപ്റ്റംബറോടെ വിരമിക്കാനിരുന്ന ജഡ്ജിന്റെ കാലാവധി സുപ്രീംകോടതി ഉത്തരവനുസരിച്ച് നീട്ടിനല്‍കി.
1992 ഡിസംബ൪ ആറിനാണ് രാമജന്മ ഭൂമിയാണെന്ന് അവകാശപ്പെട്ട് ഒരു കൂട്ടം ആളുകൾ അയോധ്യയിലെ ബാബരിയില്‍ സ്ഥിതി ചെയ്തിരുന്ന മസ്ജിദ് തക൪ത്തത്. രാമക്ഷേത്ര നിര്‍മാണത്തിനായി ഭൂമി വിട്ടു നല്‍കിയെങ്കിലും പള്ളി പൊളിച്ചത് ക്രിമിനല്‍ കുറ്റമാണെന്ന് ഭൂമിത്തര്‍ക്ക കേസിലെ വിധിയില്‍ കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.