
ബാബറി വിധി ഭരണഘടനാവിരുദ്ധം, സുപ്രീംകോടതി വിധിക്കെതിരെ: കോണ്‍ഗ്രസ്.
ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെയെല്ലാം വെറുതെ വിട്ടുകൊണ്ടുള്ള സി.ബി.ഐ പ്രത്യേക കോടതി വിധിക്കെതിരെ കോണ്‍ഗ്രസ്. വിധി ഭരണഘടനാ വിരുദ്ധവും കഴിഞ്ഞ നവംബറില്‍ ഉണ്ടായ സുപ്രീംകോടതി വിധിക്കെതിരാണെന്നും കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
2019 നവംബര്‍ ഒന്‍പതിനുള്ള സുപ്രീം കോടതി വിധിയില്‍ ബാബരി മസ്ജിദിന്‍െറ ധ്വംസനം നിയമവിരുദ്ധമാണെന്ന് അഞ്ചുജഡ്ജിമാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ സി.ബി.ഐ കോടതി എല്ലാവരെയും വെറുതെ വിട്ടിരിക്കുകയാണ്. ഇത് സുപ്രീംകോടതി വിധിയെ എതിര്ക്കുന്നതാെണന്നും സുര്‍ജേവാല അഭിപ്രായപ്പെട്ടു. സാമുദായിക ഐക്യം തകര്‍ത്ത് രാജ്യത്തിന്‍െറ അധികാരം കൈയടക്കാന്‍ ബി.ജെ.പിയും ആര്.എസ്.എസും നടത്തിയ ഗൂഡാലോചനക്ക് രാജ്യം മൊത്തം സാക്ഷിയാണെന്നും സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.
ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഗൂഢാലോചനക്ക് തെളിവില്ലെന്ന് സി.ബി.ഐ പ്രത്യേക കോടതി. മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ ഉള്‍പ്പെടെ 32 പ്രതികളെയും വെറുതെവിട്ടു. രണ്ടായിരത്തോളം പേജ് വരുന്നതാണ് വിധിപ്രസ്താവം. 28 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്. കേസ് തെളിയിക്കുന്നതില്‍ സി.ബി.ഐ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. അദ്വാനിയും ജോഷിയും ജനക്കൂട്ടത്തെ തടയാനാണ് ശ്രമിച്ചതെന്ന് ജഡ്ജി പറഞ്ഞു. ലഖ്നോവിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവാണ് വിധി പ്രഖ്യാപിച്ചത്.