
കമ്പ്യൂട്ടർ ഒക്കെ വരുന്നതിനു മുൻപുള്ള ആ കാലഘട്ടത്തിൽ ലിഖിത രൂപത്തിലുള്ള വാർത്താ വിനിമയത്തിനു ടെലിപ്രിന്റർ ആണ് ഉപയോഗിച്ചിരുന്നത്.
ചില ബ്ലാക്ക് ആൻഡ് വൈറ്റ് സ്മരണകൾ…സെപ്റ്റംബർ 12 മറക്കാനാവാത്ത ഒരു ദിവസമാണ്. ഔദ്യോഗിക ജീവിത കാലത്ത് ഞങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട ഏതു അപേക്ഷകളിലും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, Date of Entry in the Service. ഏതാണ്ട് മുപ്പത്തി ആറു വർഷങ്ങൾ അതിന് എഴുതിയ ഉത്തരമാണ്, 12 സെപ്റ്റംബർ 1984. അതേ പോലെ Date of Retirement കൂടി ചോദിക്കും.( ഇവൻ എന്നു സർവീസിൽ വന്നു, എന്നു ഒഴിഞ്ഞു പോകും എന്നറിയാനാണ്)
വാർത്താ വിനിമയ വകുപ്പിൽ ജോലി കിട്ടിയതിനെ തുടർന്ന് തിരുവനന്തപുരത്തുള്ള ട്രെയിനിങ് സെന്ററിൽ പരിശീലനം ആരംഭിക്കുന്നത് 1983 സെപ്റ്റംബർ 12 നാണ്. ഒൻപത് മാസം അവിടെ പരിശീലനം കഴിഞ്ഞു കൊച്ചിയിൽ നേവൽ ബേസിലുള്ള അന്നത്തെ ടെലിഫോൺ എക്സ്ചേഞ്ചിൽ പ്രായോഗിക പരിശീലനം. 1984 സെപ്റ്റംബർ 14 നാണ് വെല്ലിംഗ്ഡൻ ഐലന്റിലുള്ള ടെലക്‌സ് വിഭാഗത്തിൽ എന്റെ ഔദ്യോഗിക നിയമനം. അന്ന് പ്രചുരപ്രചാരത്തിലുണ്ടായിരുന്ന ടെലിഗ്രാഫി സാങ്കേതിക വിദ്യയിൽ ആയിരുന്നു എന്റെ പ്രത്യേക പരിശീലനം എന്നത് കൊണ്ടാണ് ടെലിപ്രിന്ററിന്റെ പരിപാലനത്തിനു വേണ്ടിയുള്ള ആ ഓഫിസിൽ എനിക്ക് നിയമനം ലഭിച്ചത്. ഐലൻഡ് കൂടാതെ നേവൽ ബേസ് കടന്നാൽ അരൂർ വരെയും മട്ടാഞ്ചേരി,ഫോർട്ട്കൊച്ചി മേഖലകളിലും ഉള്ള ഓഫീസുകളിലെ ടെലിപ്രിന്റർ സംവിധാനത്തിന്റെ പരിപാലന ചുമതല ഞങ്ങളുടെ ഓഫീസിനായിരുന്നു.
കമ്പ്യൂട്ടർ ഒക്കെ വരുന്നതിനു മുൻപുള്ള ആ കാലഘട്ടത്തിൽ ലിഖിത രൂപത്തിലുള്ള വാർത്താ വിനിമയത്തിനു ടെലിപ്രിന്റർ ആണ് ഉപയോഗിച്ചിരുന്നത്. പ്രമുഖ വ്യാപാര സ്ഥാപനങ്ങൾക്കും, പത്രസ്ഥാപനങ്ങൾക്കും, ബാങ്കുകൾക്കും, സർക്കാർ ഓഫീസുകൾക്കും എല്ലാം ടെലിപ്രിന്റർ അനിവാര്യമായിരുന്നു. എല്ലാ വർഷങ്ങളിലും ലോക്സഭയിൽ ബഡ്ജറ്റ് അവതരിപ്പിക്കുന്ന സമയത്തു കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ടെലിപ്രിന്റർ സംവിധാനത്തിൽ തടസ്സമുണ്ടാകാതെ നിരീക്ഷിക്കുന്നതിനായി വൈകിട്ട് ഞങ്ങൾ അവിടെ പ്രത്യേക ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് ഓർക്കുന്നു. ഇന്ദിരാഗാന്ധി വെടിയേറ്റ വിവരം അന്ന് ഫോർട്ട് കൊച്ചിയിൽ ആയിരുന്ന ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തിന്റെ ഓഫീസിലെ ടെലിപ്രിന്റർ സന്ദേശം ആയി എത്തിയത് ഞങ്ങളുടെ ഓഫീസിലേക്ക് അയച്ചു തന്നതും ഓർമയിൽ ഉണ്ട്. അന്ന് ഐലന്റിൽ പ്രവർത്തിച്ചിരുന്ന കൊച്ചി വിമാനത്താവളത്തിന്റെ എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിലെ ടെലിപ്രിന്റർ തകരാർ നോക്കുവാനായി റൺവേയിലൂടെ ഞങ്ങളുടെ ഓഫീസ് വാഹനത്തിൽ പോയിരുന്നതും ഓർക്കുന്നു. അങ്ങനെ അന്നത്തെ വാണിജ്യ, വ്യാവസായിക,ഔദ്യോഗിക തലങ്ങളിലെ എല്ലാം മുഖ്യ വാർത്താവിനിമയ സംവിധാനമായി ടെലിപ്രിന്റർ ഏറെക്കാലം നിലനിന്നു.
ആദ്യകാലത്തെ ടെലിപ്രിന്റർ മെഷീന് ഏതാണ്ട് പഴയ ഒരു 25″ ടെലിവിഷൻ സെറ്റിന്റെ വലുപ്പവും ഭാരവും ഉണ്ടായിരുന്നു. അത്തരം ടെലിപ്രിന്റർ കൃത്യമായി പ്രവർത്തിപ്പിക്കുന്നതിന് വളരെയേറെ ശ്രദ്ധയോടെയുള്ള പരിചരണം ആവശ്യമായിരുന്നു. ഒരു സ്പ്രിംഗിന്റെ ടെൻഷനിലെ വ്യതിയാനമോ, ഒരു സ്ക്റൂവിലെ മുറുക്കമോ ഒക്കെ ടെലിപ്രിന്റർ വഴി അയക്കുന്ന സന്ദേശത്തിന്റെ കൃത്യതയെ ബാധിക്കും. A എന്നു ടൈപ്പ് ചെയ്താൽ മറുപുറത്തും A എന്നു കിട്ടണം. 100 എന്നു അയച്ചാൽ മറുപുറത്തും 100 എന്നു കിട്ടണം . ഇല്ലെങ്കിൽ ആകെ പ്രശ്‌നം ആവും. പ്രത്യേകിച്ച് ഏതെങ്കിലും വാണിജ്യ വിഭവത്തിന്റെ നിരക്കുകൾ , ബാങ്കുകളിലെ വിനിമയ വിവരങ്ങൾ , മറ്റ് ഔദ്യോഗിക വിവരങ്ങൾ ഇവയിലെല്ലാം ഒരു സ്ഥലത്തു നിന്നും അയക്കുന്ന സന്ദേശം കൃത്യമായി തന്നെ മറുവശത്തു എത്തണം . പ്രത്യേകിച്ചു അക്കാലത്തു ISD, STD സൗകര്യങ്ങൾ ഒക്കെ ഇല്ലാതിരുന്നതിനാൽ വിദേശത്തേക്ക് ഉൾപ്പെടെ വിദൂര സ്ഥലത്തെക്കുള്ള ഏക വാർത്താ വിനിമയ സംവിധാനം ടെലിപ്രിന്റർ ആയിരുന്നു എന്ന് പറയാം ..

തൊണ്ണൂറുകളുടെ ആരംഭത്തിൽ ഇലക്ട്രോണിക്സ് ടെലിപ്രിന്റർ വന്നതോടെ അതിന്റെ വലുപ്പവും ഭാരവും ഗണ്യമായി കുറഞ്ഞു. ക്രമേണ കമ്പ്യൂട്ടർ, ഇന്റർനെറ്റ് ഒക്കെ വന്നതോടെ ടെലിപ്രിന്റർ യുഗത്തിന് അന്ത്യമായി
…ടെലിപ്രിന്റർ യുഗം അവസാനിക്കും മുൻപ് തന്നെ ഔദ്യോഗിക ജീവിതത്തിൽ ഞാൻ മറ്റു പല ഓഫീസുകളിലേക്കും മാറിയിരുന്നു .. കേന്ദ്രസർക്കാറിന്റെ ടെലികോം വകുപ്പ് പിന്നീട് 2000 ൽ ബിഎസ്എൻഎൽ എന്ന പൊതുമേഖലാ സ്ഥാപനമായി.
അപ്പോഴും സെപ്റ്റംബർ 12 എന്ന തീയതി എന്നും കൂടെ ഉണ്ടായിരുന്നു. പക്ഷെ ജോലി ഉപേക്ഷിച്ചതോടെ ഈ വർഷം സെപ്റ്റംബർ 12 നു ഔദ്യോഗിക പരിവേഷമില്ലാതെയായി.

Roy Mathew Manappallil