ലോക വെള്ളിത്തിരയിൽ എത്തിയഇന്ത്യൻ സിനിമയ്ക്കു പിന്നിൽ
തിരക്കഥ പോലെ വായിച്ചുപോകാവുന്ന ചലച്ചിത്രപ്രസ്ഥാന ചരിത്രം. മികച്ച ചിത്രസന്നിവേശവും. അതാണ്, സിനിമയെ സ്നേഹിച്ചു ഡൽഹിയിലെ പത്രപ്രവർത്തനത്തിൽ തിളങ്ങി മാധ്യമ ഉപദേഷ്ടാവായി മാറിയ വി. കെ. ചെറിയാന്റെ “ചലച്ചിത്ര വിചാരം”.
അടൂർ ഗോപാലകൃഷ്ണൻ അവതാരിക എഴുതി പ്രമുഖ അമേരിക്കൻ സർവകലാശാലകളുടെ ദക്ഷിണേഷ്യൻ വകുപ്പുകളിൽ ഇടം കണ്ടെത്തിയ “India’s Film Society Movement: The Journey and Its Impact” എന്ന പഠനഗ്രന്ഥത്തിന്റെ രചയിതാവിൽനിന്ന് അഞ്ചാം പുസ്തകം.
“ചലച്ചിത്ര പ്രസ്ഥാനങ്ങളിലേക്കു ചില ഉൾക്കാഴ്ചകൾ” എന്നു വളരെ മിതത്വം പാലിച്ച ഒരു ടാഗ് ലൈൻ ആണു വച്ചിരിക്കുന്നത്. എന്നാൽ സ്വതന്ത്രഭാരതത്തോളം പ്രായമുള്ള ഭാരതീയ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെയും ആ ലൊക്കേഷനിൽ പിറന്ന ലോകോത്തര ചിത്രങ്ങളെയും പറ്റി ലഭിക്കേണ്ട പ്രസക്തവിവരങ്ങളുടെ സമൃദ്ധി ഈ ഇരുനൂറു പേജ് പുസ്തകത്തിലുണ്ട്. ആ ചിത്രങ്ങളുടെ ശില്പികൾ, അവയിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ, ഗൃഹാതുരത്വം ഉണർത്തുന്ന പോസ്റ്ററുകൾ – എല്ലാം കാണുകയുമാവാം.
“എഴുപതുകളിലെ നാട്ടുവായനശാലയിൽവച്ചു കലയുടെ, സൗന്ദര്യശാസ്ത്രത്തിന്റെ, ലോകത്തേക്കു മാമ്മോദീസ മുക്കപ്പെട്ട” സ്കൂൾ വിദ്യാർത്ഥി തിരുവനന്തപുരത്തു നവസിനിമാനായകരുടെ സുഹൃത്ത് ആയി വളർന്ന്, ഏതു മേഖലയിലും ‘അഭിജ്ഞവൃത്തങ്ങൾ’ ഉള്ള ഇന്ദ്രപ്രസ്ഥ ജേർണലിസ്റ്റ് ആയിരുന്നതിന്റെ വിവരാടിത്തറയിൽ വളർന്നു വിരിഞ്ഞതാണ് ഈ ചലച്ചിത്രചരിതത്തിലെ ഉൾക്കാഴ്ചകൾ.
ആ അടിത്തറയിൽ നില്ക്കുന്ന ഒരാൾക്കാണ്, “സിനിമ കാണുന്നത് വേശ്യാലയത്തിൽ പോകുന്നതിനു തുല്യമായിരുന്ന കാല”ത്ത് ഫിലിം സൊസൈറ്റി പ്രസ്ഥാനം അകാലചരമം അടയാതിരിക്കുന്നതിൽ നെഹ്റുവും ഇന്ദിരയും നടത്തിയ ഇടപെടലുകളുടെ എക്സ്ക്ലൂസീവ് റിപ്പോർട്ട് സിനിമാപ്രേമികൾക്കായിനൽകാൻ കഴിയുന്നത്. ഹോളിവുഡ് മോഡൽ ചലച്ചിത്ര ഭാവുകത്വത്തിനു നേർക്ക് ഇന്ത്യൻ കലാപമായി വന്ന പുതിയ സിനിമയുടെ തുടക്കം അടയാളപ്പെടുത്തുന്നിടത്ത്, “ധർത്തി കെ ലാൽ ” സൃഷ്ടിച്ച കെ. എ. അബ്ബാസിനെപ്പോലുള്ള ഇടതുപക്ഷക്കാരെ അകറ്റിനിറുത്തുന്നുമില്ല.
അബ്ബാസ്, ചേതൻ ആനന്ദ്, ബിമൽ റോയി, സത്യജിത് റായ്, മൃണാൾ സെൻ, മണി കൗൾ തുടങ്ങിയവരോടൊത്തുള്ള ഭാരതപര്യടനം ആയി അനുഭവപ്പെടുന്നതാണ് ആദ്യഭാഗം. അവിടെ എനിക്ക് ഏറ്റവും ശ്രദ്ധേയമായി അനുഭവപ്പെട്ടത്, ജന്മശതാബ്ദി ആഘോഷിക്കുന്ന രണ്ടു പിന്നണി സ്ത്രീനേതാക്കൾക്കു നാലിലൊന്ന് അധ്യായം നീക്കിവച്ചതാണ്: പാട്ന ഫിലിം സൊസൈറ്റിയുടെ സ്ഥാപക ആയ വിജയ മൂലെ എന്ന “അക്ക”യും അഖിലലോക സ്ക്രീനിൽ സത്യജിത് റായ് അക്കിര കുറോസാവയ്ക്കു സമശീർഷനാകാൻ കാരണക്കാരിയായ മേരി സെയ്റ്റനും.
ചിത്രലേഖാ പ്രസ്ഥാനം മുതൽ നവ മലയാള സിനിമയുടെ കുതിപ്പും കിതപ്പും വരെ തിരിഞ്ഞുനോക്കുന്ന ഓർമഫലകങ്ങളാണു രണ്ടാം ഭാഗം. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ കൊണ്ടു വസ്തുസ്ഥിതികഥനം കലങ്ങിപ്പോകാതെ കാക്കാൻ ചെറിയാനു നല്ല അർത്ഥത്തിലുള്ള പത്രപ്രവർത്തന പ്രഫഷണലിസം സഹായകമായി. ജോൺ എബ്രഹാമിനെ “നല്ല സിനിമ ബാപ്റ്റിസ്റ്റ്” എന്നു വിളിക്കുന്നു. അരവിന്ദനെ പുതു മലയാള സിനിമയുടെ ‘എ’ ടീമിൽ എന്നേക്കും നിർത്തുന്നു. അടൂർ ചിത്രങ്ങളിൽ “മലയാളിയുടെ ജീവിതയാഥാർത്ഥ്യങ്ങളെ കേരളം എന്ന ദേശത്തിന്റെ കാഴ്ചകളിലൂടെ ലോകത്തിനു വരച്ചുകാട്ടിയ ചരിത്രപ്രജ്ഞമായ സർഗപ്രതിഭയുടെ നിറവു” കാണുന്നു.
സിനിമയും ടെലിഭാഷയും കൂടിക്കലർന്നു ടെലിവിഷൻ ഫീച്ചറിന്റെ തലത്തിലേക്കു നീങ്ങുന്ന മലയാള സിനിമയില്ലായ്മകളെക്കുറിച്ചു പറയുന്നുണ്ടു ചെറിയാൻ. പച്ചജീവിതം കാണിക്കുന്നു എന്ന് അവകാശപ്പെടുന്ന സിനിമാക്കാരോട്, പച്ചജീവിതം കാണിക്കുവാൻ ഫീച്ചർ ഫിലിമിനെക്കാൾ നല്ലതു ഡോക്യുമെന്ററി അല്ലേ എന്നു ചോദിക്കുന്നുമുണ്ട്.
ചലച്ചിത്ര പ്രസ്ഥാനത്തെക്കുറിച്ച് മലയാളത്തിൽ ഇനി ആരെല്ലാം പുസ്തകമെഴുതിയാലും അതിനെ ധന്യമാക്കാൻ ഉണ്ടാവില്ല എന്ന് ഉറപ്പോടെ പറയാവുന്ന വിലപ്പെട്ട നാല് അഭിമുഖങ്ങൾ ആണ് അവസാനഭാഗം: മൃണാൾ സെൻ, ശ്യാം ബെനേഗൽ, അപർണാ സെൻ, സമിക് ബന്ദോപേദ്ധ്യായ. ഓരോ ചോദ്യത്തിലും ചെറിയാനിലെ മുതിർന്ന പത്രപ്രവർത്തകനും ഉയർന്ന ചലച്ചിത്രാസ്വാദകനുമുണ്ട്.
സ്വന്തം ഉൾക്കാഴ്ചകൾ അവതരിപ്പിക്കുമ്പോൾ, തനിക്കു മുമ്പു പറയപ്പെട്ടവയിലെ പ്രസക്തമായ ധാരാളം വിമർശകാഭിപ്രായങ്ങളും പരാമർശിക്കുന്ന എന്നത്, കാഴ്ചപ്പാടുകൾക്കു പ്രാധാന്യമുള്ള ഇത്തരമൊരു പുസ്തകത്തിന്റെ ഗുണനിലവാരം കാണിക്കുന്നു. വിശദമായ പുസ്തക- ലേഖന സൂചിയും അപൂർവചിത്രങ്ങളും ആകർഷകമായ പേജുവിന്യാസവുമുള്ള ഈ സിനി പുസ്തകത്തിന്റെ പ്രസാധകർ വീസീ ബുക്സ്
വില 299 രൂപ.
— ജോസ് ടി