ഭൂമി പൂജ:പ്രധാനമന്ത്രി അയോധ്യയില്‍ എത്തി

Share News

ലക്നൗ: രാമക്ഷേത്രത്തിന്റെ ഭൂമി പൂജക്കായി പ്രധാനമന്ത്രി നരേന്ദ്രമോഡി അയോധ്യയിലെത്തി.ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആഥിത്യനാഥ് മോദിയെ സ്വീകരിച്ചു. രാമജന്മഭൂമിയിലെത്തിയ പ്രധാനമന്ത്രി ഹനുമാന്‍​ഗഡിയിലും രംലല്ലയിലും ദര്‍ശനം നടത്തിയ ശേഷമാകും ഭൂമിപൂജ വേദിയിലേക്ക് എത്തുക. ഉച്ചയ്ക്ക് 12.30 നാണ് അയോധ്യ രാമജന്മഭൂമിയിലെ പുതിയ ക്ഷേത്രത്തിന്റെ ഭൂമി പൂജ ചടങ്ങുകള്‍ നടക്കുന്നത്.

കേന്ദ്ര സേനയുടെ കനത്ത സുരക്ഷ വലയത്തില്‍ കൊവിഡ് പ്രതിരോധമാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രത്തിന്റെ നിര്‍മാണത്തിനാണ് തുടക്കമാകുന്നത്. 40 കിലോ വെള്ളി ശില പാകിയാണ് ക്ഷേത്ര നിര്‍മാണത്തിന് തുടക്കമിടുന്നത്.

ചടങ്ങിലേയ്ക്ക് 75 പേര്‍ക്കാണ് ക്ഷണം. 2,000 പുണ്യസ്ഥലങ്ങളില്‍ നിന്ന് മണ്ണും 1500 ഇടങ്ങളില്‍ നിന്ന് വെള്ളവും ഭൂമി പൂജക്കായി എത്തിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും വീഡിയോ കോണ്‍ഫറന്‍സ് വഴി ചടങ്ങിന്റെ ഭാഗമാകും. ശക്തവും ഐശ്വര്യപൂര്‍ണവുമായ ഇന്ത്യയുടെ പ്രതീകമായി രാമക്ഷേത്രം മാറുമെന്ന് ഉറപ്പുണ്ടെന്ന് എല്‍.കെ അദ്വാനി പറഞ്ഞിരുന്നു.

പ്രധാനമന്ത്രിക്കൊപ്പം അഞ്ച് പേരാണ് വേദിയിലുണ്ടാവുക. ആര്‍എസ്‌എസ് തലവന്‍ മോഹന്‍ ഭാഗവത്, രാമജന്മഭൂമി തീര്‍ഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷന്‍ നൃത്യ ഗോപാല്‍ദാസ് മഹാരാജ്, യു പി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കാണ് പ്രധാനമന്ത്രിക്കൊപ്പം വേദിയില്‍ ഇരിപ്പിടം ഉണ്ടാകൂ. കോവിഡ് കണക്കിലെടുത്ത് ആറടി അകലത്തിലാണ് എല്ലാവര്‍ക്കും ഇരിപ്പിടമൊരുക്കിയിരിക്കുന്നത്.

Share News