
ബിനീഷ് കോടിയേരി അറസ്റ്റിൽ
ബംഗളൂരു: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.
ബംഗളൂരു മയക്കുമരുന്ന് കേസിലാണ് എന്‍ഫോഴ്സ്മെന്റ് നടപടി. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക കേസില്‍ രാവിലെ മുതല്‍ ബിനീഷിനെ ഇ.ഡി ചോദ്യം ചെയ്തുവരികയായിരുന്നു.
അറസ്റ്റിനു പിന്നാലെ ബിനീഷിനെ ബംഗളൂരു കോടതിയിലെത്തിച്ചു. കോടതിക്ക് പുറത്ത് ബിനീഷിന്റെ സഹോദരന് ബിനോയി കോടിയേരിയും അഭിഭാഷകനും എത്തിയിട്ടുണ്ട്. ഇവര്‍ ബിനീഷിന്റെ അറസ്റ്റു സംബന്ധിച്ച് പ്രതികരിക്കാന്‍ തയാറായിട്ടില്ല. കേസില്‍ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്ത കൊച്ചി സ്വദേശി അനൂപ് മുഹമ്മദിനെ ഇഡിയും ചോദ്യംചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബിനീഷിനെയും ചോദ്യം ചെയ്തത്. അതീവ രഹസ്യമായാണ് ബിനീഷ് ഇഡി ഓഫിസില്‍ എത്തിയത്.
ലഹരിമരുന്നു കേസില്‍ മൂന്നാം തവണയാണ് ബിനീഷിനെ ഇഡി ചോദ്യം ചെയ്തത്. നേരത്തേ ഇഡിക്കു മുന്‍പാകെ ബിനീഷും അനൂപും നല്കിയ മൊഴികളില്‍ വൈരുധ്യങ്ങളുണ്ടെന്നാണ് വിവരം.
നേരത്തെ സ്വര്‍ണക്കടത്തു കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇഡി കൊച്ചി യൂണിറ്റ് സെപ്റ്റംബര്‍ ഒന്പതിനു ബിനീഷിനെ ചോദ്യംചെയ്തിരുന്നു. ഈ മാസം ആറിനാണ് ബിനീഷിനെ ബംഗളൂരുവില്‍ ഇഡി ചോദ്യം ചെയ്തത്.
2015ല്‍ കമ്മനഹള്ളിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് പണം നല്‍കിയെന്ന് അനൂപ് എന്‍സിബിക്കു മൊഴി നല്‍കിയിരുന്നു.