
പരിസ്ഥിതിലോല കരട് വിജ്ഞാപനത്തിനെതിരെ ഒറ്റക്കെട്ടായിരംഗത്തിറങ്ങണം: ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
താമരശ്ശേരി: കോഴിക്കോട് ജില്ലയിലെ മലബാർ വന്യജീവിസങ്കേതത്തിനു ചുറ്റിനും പരിസ്ഥിതിലോല മേഖല പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിനെതിരേ ജനങ്ങൾ ഒരുമിച്ചും വ്യക്തിപരമായും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് പരാതി നൽകണമെന്ന് താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ.
ബഫർസോൺ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ജീവനും സ്വത്തിനും നേരെ ഉയരുന്ന വെല്ലുവിളി സർക്കാർ അവസാനിപ്പിക്കണംഎന്നാവശ്യപ്പെട്ട് കൊണ്ട് പുറപ്പെടുവിച്ച സർക്കുലറിലാണ് ഇൻഫാം ദേശീയ രക്ഷാധികാരിയും കർഷക ഐക്യസമിതി രക്ഷാധികാരിയുമായ ബിഷപ്പ് ഇക്കാര്യം ആവശ്യപ്പെട്ടത്.
74.25 ചതുരശ്രകിലോമീറ്ററാണ് മലബാർ വന്യജീവി സങ്കേതത്തിന് വിസ്തൃതി ഈ വന്യജീവി സങ്കേതത്തിന് ചുറ്റും ഒരു കിലോമീറ്റർ ദൂരത്തിൽ 13 റവന്യൂ വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങൾ ഉണ്ട്. മതിയായ രേഖകളോടെ ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശമാണ്. മൂന്ന് താലൂക്കിലുമായി ഉൾപ്പെടുന്ന 5360 ഹെക്ടർ കൃഷിഭൂമിയുണ്ട് മാത്രമല്ല ആയിരക്കണക്കിന് വീടുകൾ, സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ആശുപത്രികൾ, മാർക്കറ്റുകൾ, ചെറുകിട നാമമാത്ര വ്യവസായങ്ങൾ തുടങ്ങിയവ പ്രവർത്തിച്ചുവരുന്നു. ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും കൃഷിയെ ആശ്രയിച്ചു മാത്രം ഉപജീവനം നടത്തുന്നവരാണ്. ഈ പ്രദേശം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്നതോടെ നിലവിലുള്ള ജന ജീവിതത്തിനും കാർഷിക വൃത്തിക്കും നിരോധനമോ നിയന്ത്രണമോ വരും.സ്വന്തം ഭൂമിയിൽ കൃഷിചെയ്ത് ജീവിക്കാനുള്ള ഒരു പൗരന്റെ മൗലികാവകാശങ്ങളുടെ ലംഘനവും ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റവുമാണിത്.
മലബാർ വന്യജീവിസങ്കേതത്തിനു ചുറ്റും ഒരു കിലോമീറ്റർ വായുദൂരത്തിലുള്ള പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച റിപ്പോർട്ടും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനവും റദ്ദ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപെട്ടു.
വന്യജീവിസങ്കേതവും പരിസ്ഥിതിലോല പ്രദേശങ്ങളും പ്രഖ്യാപിക്കുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ പാലിക്കാതെയും നിയമവശങ്ങൾ ഒന്നും പരിഗണിക്കാതെയുമാണ് കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്.
വിജ്ഞാപനത്തിനെതിരേ നിയമപരമായും രാഷ്ട്രീയമായും നടപടികൾ സ്വീകരിക്കാൻ പഞ്ചായത്തുകളും ഗ്രാമസഭകളും പ്രമേയം പാസാക്കണം. കോടതി വഴി ഈ അനീതിയെ ചോദ്യം ചെയ്യാൻ ജനങ്ങൾ മുന്നോട്ടുവരണം. ഓഗസ്റ്റ് അഞ്ചിന് പുറപ്പെടുവിച്ച വിജ്ഞാപനത്തിനെതിരേ 60 ദിവസ സമയപരിധിക്കുള്ളിൽ ജനങ്ങൾ വ്യക്തിപരമായും കൂട്ടായും പരാതി നൽകണം.
അവകാശങ്ങൾ നേടിയെടുക്കേണ്ടതിനായി ജനങ്ങൾ സാമൂഹിക, സാംസ്കാരിക, സാമുദായിക, കർഷക സംഘടനകൾ കക്ഷി-രാഷ്ട്രീയ-മത ചിന്തകൾക്കതീതമായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും മാർ റെമീജിയോസ് ഇഞ്ചനാനിയിൽ കൂട്ടിച്ചേർത്തു.