ലൈഫ് മിഷന്‍ സിഇഒ യു വി ജോസിന് സിബിഐ നോട്ടീസ്

Share News

കൊച്ചി : ലൈഫ് മിഷന്‍ സിഇഒയും തദ്ദേശ വകുപ്പ് സെക്രട്ടറിയുമായ യു വി ജോസിനെ സിബിഐ ചോദ്യം ചെയ്യും. അടുത്തമാസം അഞ്ചിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ ജോസിന് നോട്ടീസ് നല്‍കി. കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാനും സിബിഐ ജോസിന് നിര്‍ദേശം നല്‍കി.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ലിന്‍സ് ഡേവിഡിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിക്കുന്നതിനായി സിബിഐ സംഘം കഴിഞ്ഞദിവസം തൃശൂര്‍ ജില്ലാ ഓഫിസില്‍ എത്തിയെങ്കിലും ഇവ വിജിലന്‍സ് പരിശോധനയ്ക്കായി എടുത്തുകൊണ്ടു പോയതായി അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് ഫയലുകളുമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്.

നേരത്തെ ലൈഫ് മിഷന്‍ വിവാദവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭയില്‍ സിബിഐ പരിശോധന നടത്തിയിരുന്നു. രണ്ടുമണിക്കൂറോളം നീണ്ടുനിന്ന പരിശോധനയില്‍ വിവിധ രേഖകള്‍ സിബിഐ സംഘം പിടിച്ചെടുത്തു. വൈദ്യുതിക്ക് അനുമതി നല്‍കിയത്, ഭൂമി ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട രേഖകളാണ് സിബിഐ പിടിച്ചെടുത്തത്. അതിനിടെ, വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുടെ ഫ്‌ളാറ്റ് നിര്‍മാണം നിര്‍ത്തിവെച്ചു. പണിനിര്‍ത്തിവെക്കുന്നതായി യൂണിടാക് ലൈഫ് മിഷന് കത്ത് നല്‍കി.

Share News