അതിതീവ്ര മഴയ്ക്കു സാധ്യത:ഇടുക്കിയിൽ റെഡ് അലര്‍ട്ട്

Share News

തിരുവനന്തപുരം: ഇടുക്കിയില്‍ ഇന്ന് അതിതീവ്ര മഴ പ്രവചിച്ച് കാലാവസ്ഥാ മുന്നറിയിപ്പ്.ഇതേതുടർന്ന് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ഒന്‍പതു ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

നാളെ വടക്കന്‍ കേരളത്തിലെ അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്നലെ രാത്രി മുതല്‍ വ്യാപകമായി കനത്ത മഴ പെയ്യുന്നുണ്ട്. ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള പ്രദേശങ്ങളിലാണ് കനത്ത മഴ ദുരിതം വിതച്ചത്. കനത്ത മഴയില്‍ പലയിടത്തും റെയില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടു.

കോട്ടയം ചിങ്ങവനം പാതയില്‍ റെയില്‍വേ ടണലിന് സമീപം മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തി വച്ചു.കോവിഡ് മൂലം തീവണ്ടി സര്‍വ്വീസുകള്‍ കുറവായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പാതയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന് തിരുവനന്തപുരം എറണാകുളം വേണാട് സ്‌പെഷ്യല്‍ ട്രെയിന്‍ ചങ്ങനാശേരി വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു.

Share News