
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് : 04 May 2020
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്
ഇന്ന് പുതുതായി ആര്‍ക്കും കോവിഡ് 19 സ്ഥിരീരിച്ചിട്ടില്ല; രോഗബാധയുള്ള 61 പേരുടെ റിസള്‍ട്ട് നെഗറ്റീവ് ആയിട്ടുണ്ട്.
ഇടുക്കി – 11, കോഴിക്കോട് – 4, കൊല്ലം – 9, കണ്ണൂര്‍ – 19, കാസര്‍കോട് – 2, കോട്ടയം – 12, മലപ്പുറം – 2, തിരുവനന്തപുരം – 2. എന്നിങ്ങനെയാണ് നെഗറ്റീവായത്. ഇതോടെ തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കൂടി ആര്‍ക്കും കൊറോണ വൈറസ് ബാധയില്ലാത്തവയായി മാറും.
ഇതുവരെ 499 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 95 പേര്‍ ചികിത്സയിലുണ്ടായിരുന്നു. അതില്‍ 61 പേര്‍ ഇന്ന് ആശുപത്രി വിടും. അതോടെ ആശുപത്രിയില്‍ തുടരുന്നവരുടെ എണ്ണം 34 ആയി മാറും. 21,724 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 21,352 പേര്‍ വീടുകളിലും 372 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 62 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 33,010 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 32,315 എണ്ണം രോഗബാധ ഇല്ല എന്നുറപ്പായിട്ടുണ്ട്.
സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍നിന്ന് 2431 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1846 എണ്ണം നെഗറ്റീവ് റിസള്‍ട്ട് വന്നിട്ടുണ്ട്. സംസ്ഥാനത്ത് 84 ഹോട്ട്സ്പോട്ടുകളാണ് നിലവിലുള്ളത്. പുതുതായി ഈ ലിസ്റ്റില്‍ കൂട്ടിച്ചേര്‍ക്കലില്ല. കണ്ണൂരില്‍ കൊറോണ വൈറസ് ബാധിച്ച് 37 പേര്‍ ചികിത്സയിലുണ്ട്. കോട്ടയത്ത് 18 പേരും കൊല്ലത്തും ഇടുക്കിയിലും 12 പേര്‍ വീതവുമാണ് ചികിത്സയില്‍. ഇന്നു മാത്രം 1249 ടെസ്റ്റുകളാണ് സംസ്ഥാനത്ത് നടന്നത്.
കേരളത്തില്‍ രോഗവ്യാപനം പിടിച്ചുനിര്‍ത്താനാവുന്നു എന്നത് എല്ലാവരെയും ആശ്വസിപ്പിക്കുന്ന കാര്യമാണ്. എന്നാല്‍, കേരളീയര്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഈ മഹാവ്യാധിയുടെ പിടിയിലാണ്. 80ലധികം മലയാളികള്‍ ഇതുവരെ കോവിഡ്-19 ബാധിച്ച് വിവിധ രാജ്യങ്ങളില്‍ മരണമടഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുള്ളത്. ഇന്ത്യയ്ക്കകത്ത് മറ്റു സംസ്ഥാനങ്ങളിലും നമ്മുടെ സഹോദരങ്ങളെ ഈ രോഗം രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ഒരുപക്ഷെ നമ്മളെ ഏറ്റവുമധികം വേദനിപ്പിക്കുന്ന ഒരു അനുഭവമാണിത്. ഇന്ന് ഈ വാര്‍ത്താ സമ്മേളനത്തിലേക്ക് വരുമ്പോഴും ഒരു മരണവാര്‍ത്ത കണ്ടു. കോവിഡ്-19 ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ട എല്ലാ കേരളീയരുടെയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയാണ്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള രജിസ്ട്രേഷന്‍
രാജ്യത്തിനകത്തുള്ള വിവിധ സംസ്ഥാനങ്ങളിലെ 1,66,263 മലയാളികളാണ് നാട്ടിലേക്ക് വരാനായി നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ കര്‍ണാടകം, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഏറ്റവും കൂടുതല്‍. കര്‍ണാടക – 55,188, തമിഴ്നാട് – 50,863, മഹാരാഷ്ട്ര – 22,515, തെലങ്കാന – 6422, ഗുജറാത്ത് -4959, ആന്ധ്രപ്രദേശ് – 4338, ഡെല്‍ഹി – 4236, ഉത്തര്‍പ്രദേശ് -3293, മധ്യപ്രദേശ് -2490, ബിഹാര്‍ – 1678, രാജസ്ഥാന്‍ – 1494, പശ്ചിമ ബംഗാള്‍ -1357, ഹരിയാന – 1177, ഗോവ – 1075 എന്നിങ്ങനെയാണ് കൂടുതല്‍ ആളുകള്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനങ്ങളുടെ കണക്ക്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ആയിരത്തില്‍ താഴെ വീതം ആളുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഈ വിവരങ്ങള്‍ പൂര്‍ത്തിയായതോടെ ഇവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 28,272 പേരാണ് പാസിന് അപേക്ഷിച്ചിട്ടുള്ളത്. 5470 പാസ് വിതരണം ചെയ്തു. ഇന്ന് ഉച്ചവരെ 515 പേര്‍ വിവിധ ചെക്ക്പോസ്റ്റുകള്‍ വഴി എത്തിയിട്ടുണ്ട്. നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ പാസുകള്‍ നല്‍കുന്നുണ്ട്. അതിര്‍ത്തിയിലെ തിരക്ക് ഒഴിവാക്കാനുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കേരളത്തില്‍നിന്ന് ഇതുവരെ 13,818 അതിഥി തൊഴിലാളികളാണ് സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോയിട്ടുള്ളത്.
രജിസ്റ്റര്‍ ചെയ്ത ആളുകളില്‍ അഞ്ചിലൊന്ന് ആളുകള്‍ക്കു മാത്രമേ സ്വന്തം വാഹനങ്ങളിലോ വാഹനങ്ങള്‍ വാടകയ്ക്കെടുത്തോ നാട്ടിലെത്താന്‍ കഴിയൂ. മറ്റുള്ളവര്‍ ഗതാഗതസൗകര്യം ഒരുക്കിയില്ലെങ്കില്‍ തിരിച്ചെത്താന്‍ പ്രയാസമുള്ളവരാണ്. അവര്‍ക്ക് ഇപ്പോഴുള്ള സ്ഥലങ്ങളില്‍നിന്ന് കേരളത്തിലെത്തിച്ചേരാന്‍ നിരവധി പ്രതിബന്ധങ്ങളുണ്ട്. അതുകൊണ്ട് ഇക്കാര്യത്തില്‍ കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ പൂര്‍ണ പിന്തുണയും ഇടപെടലും ആവശ്യമുണ്ട്. അക്കാര്യം ചൂണ്ടിക്കാട്ടി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം സഹിതം പ്രധാനമന്ത്രിക്ക് ഇന്ന് കത്ത് അയച്ചിട്ടുണ്ട്.
കേരളത്തില്‍നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് അതിഥി തൊഴിലാളികള്‍ക്ക് പോകാന്‍ പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ട്രെയിനുകളില്‍ സംസ്ഥാനത്തേക്ക് വരേണ്ട പ്രവാസി മലയാളികള്‍ക്ക് യാത്രാസൗകര്യം ഒരുക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ശാരീരിക അകലവും മറ്റ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വിവിധ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് പ്രത്യേക നോണ്‍ സ്റ്റോപ്പ് ട്രെയിനുകള്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്.
സംസ്ഥാനത്തിന് പുറത്തുള്ളവരും ഇങ്ങോട്ട് വരാന്‍ അത്യാവശ്യമുള്ളവരുമായ എല്ലാവരെയും തിരിച്ചെത്തിക്കുക എന്നതാണ് സര്‍ക്കാരിന്‍റെ നയം. ഇതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഇതിനകം തന്നെ വരുത്തിയിട്ടുണ്ട്.
നോര്‍ക്ക പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ അതില്‍ ലഭിക്കുന്ന രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് കോവിഡ്-19 ജാഗ്രതാ പോര്‍ട്ടല്‍ വഴി ബന്ധപ്പെട്ട ജില്ലാ കലക്ടറില്‍നിന്ന് യാത്രാനുമതി വാങ്ങണം. ഗ്രൂപ്പുകളായി വരാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഇനിയും അവസരമുണ്ട്. സംസ്ഥാനത്ത് പ്രവേശിക്കുന്ന ചെക്ക്പോസ്റ്റ്, എത്തുന്ന തീയതിയും സമയവും രേഖപ്പെടുത്തി അപേക്ഷ നല്‍കണം.
കലക്ടര്‍മാര്‍ അനുവദിക്കുന്ന പാസ് മൊബൈല്‍-ഇമെയില്‍ വഴിയാണ് നല്‍കുക. ഏതു സംസ്ഥാനത്തു നിന്നാണോ യാത്ര തിരിക്കുന്നത് അവിടെനിന്നുള്ള അനുമതിയും സ്ക്രീനിങ് വേണമെങ്കില്‍ അതും യാത്ര തിരിക്കുന്നതിനു മുമ്പ് ഉറപ്പാക്കണം. നിര്‍ദിഷ്ട സമയത്ത് ചെക്ക്പോസ്റ്റിലെത്തിയാല്‍ പാസ് കാണിച്ച് ആവശ്യമായ വൈദ്യപരിശോധനയ്ക്കുശേഷം സംസ്ഥാനത്തേക്ക് കടക്കാം.
വാഹനങ്ങളില്‍ ശാരീരിക അകലം പാലിക്കും വിധം യാത്രക്കാരുടെ എണ്ണം ക്രമപ്പെടുത്തിയിട്ടുണ്ട്. അതിര്‍ത്തി വരെ വാടക വാഹനത്തില്‍ വന്ന് തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ പോകേണ്ടവര്‍ സ്വന്തം നിലയ്ക്ക് വാഹനങ്ങള്‍ ഏര്‍പ്പെടുത്തണം. ഡ്രൈവര്‍മാര്‍ യാത്രയ്ക്കുശേഷം ക്വാറന്‍റൈനില്‍ പോകണം. രോഗലക്ഷണം ഇല്ലാത്തവര്‍ക്ക് വീടുകളിലേക്ക് പോയി ഹോം ക്വാറന്‍റൈനില്‍ പ്രവേശിക്കണം. രോഗലക്ഷണമുള്ള യാത്രക്കാരെ കോവിഡ് കെയര്‍ സെന്‍ററിലേക്കോ ആശുപത്രിയിലേക്കോ മാറ്റും.
മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുട്ടികളെയോ ഭാര്യാ ഭര്‍ത്താക്കډാരെയോ മാതാപിതാക്കളെയോ കൂട്ടിക്കൊണ്ടുവരാന്‍ അങ്ങോട്ട് യാത്ര ചെയ്യേണ്ടിവരുന്നെങ്കില്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമാണ്. അതോടൊപ്പം അവരുടെ സ്വന്തം ജില്ലാ കലക്ടര്‍മാരില്‍നിന്ന് പാസ് വാങ്ങണം.
മറ്റു സംസ്ഥാനങ്ങളില്‍നിന്നും യാത്രക്കാരെ കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് മടക്കയാത്രയ്ക്ക് അതത് ജില്ലാ കലക്ടര്‍മാര്‍ പാസ് നല്‍കും. കേരളത്തിലേക്കു വരുന്ന എല്ലാ യാത്രക്കാരും കോവിഡ്-19 ജാഗ്രതാ മൊബൈല്‍ ആപ്പ് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. അവിചാരിത ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ സെക്രട്ടറിയറ്റിലെ വാര്‍ റൂമുമായോ നിര്‍ദിഷ്ട ചെക്ക്പോസ്റ്റുമായോ ബന്ധപ്പെടണം.
മുന്‍ഗണനാ ലിസ്റ്റില്‍പ്പെട്ടവര്‍ക്കാണ് ആദ്യഘട്ടത്തില്‍ യാത്രയ്ക്ക് അനുമതി നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍, കേരളത്തില്‍ സ്ഥിരതാമസക്കാരായിരിക്കെ ഇതര സംസ്ഥാനങ്ങളിലേക്ക് യാത്ര പോയ മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, മറ്റ് ആരോഗ്യ ആവശ്യങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ മുന്‍ഗണനാ പട്ടികയില്‍പ്പെടും. വരുന്നവര്‍ 14 ദിവസം വീടുകളില്‍ ക്വാറന്‍റൈനില്‍ കഴിയണം.
ഈ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളത് സംസ്ഥാനത്ത് കോവിഡ്-19 ബാധ നിയന്ത്രിച്ചുനിര്‍ത്താനും വരുന്നവരുടെയും അവരുടെ കുടുംബത്തിന്‍റെയും സുരക്ഷയെ കരുതിയുമാണ്. കൂട്ടത്തോടെ നിയന്ത്രണമില്ലാതെ ആളുകള്‍ വരുന്നത് അപകടത്തിനിടയാകും. ഘട്ടം ഘട്ടമായി ഈ പ്രക്രിയ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
പ്രവാസി മലയാളികളുടെ തിരിച്ചുവരവ് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കാന്‍ ചില പ്രചാരണങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതിലേക്ക് സര്‍ക്കാര്‍ ശ്രദ്ധ കൊടുക്കുന്നില്ല. പ്രത്യേക വാഹന സൗകര്യങ്ങളോ മറ്റോ ആവശ്യമുണ്ടെങ്കില്‍ ഏതു സംസ്ഥാന ഗവണ്‍മെന്‍റിനോടും അക്കാര്യം അഭ്യര്‍ത്ഥിക്കും. വാഹനലഭ്യതയ്ക്കനുസരിച്ച് തിരിച്ചുവരാനുള്ള പ്ലാന്‍ നടപ്പാക്കും. ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള ആശങ്കയും ആര്‍ക്കും വേണ്ടതില്ല.
സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികളെ എല്ലാവരെയും തിരിച്ചയക്കുക എന്നത് സര്‍ക്കാരിന്‍റെ നയമല്ല. നാട്ടില്‍ പോകാന്‍ അത്യാവശ്യമുള്ളവരും താല്‍പര്യം പ്രകടിപ്പിക്കുന്നവരുമായ ആളുകള്‍ക്കു മാത്രമാണ് യാത്രാസൗകര്യം ഒരുക്കുക.
കേരളത്തിനകത്ത് വിവിധ ജില്ലകളില്‍ കുടുങ്ങിപ്പോയ ധാരാളം പേരുണ്ട്. അത്യാവശ്യങ്ങള്‍ക്ക് തൊട്ടടുത്ത ജില്ലകളില്‍ പോകേണ്ടവരുമുണ്ട്. എന്നാല്‍, ഇവര്‍ക്ക് പൊലീസില്‍നിന്ന് പാസ് ലഭ്യമാക്കാന്‍ സൗകര്യമൊരുക്കും. അവര്‍ ഉള്ളിടത്തെ പൊലീസ് സ്റ്റേഷനില്‍ അപേക്ഷിച്ചാല്‍ പാസ് ലഭിക്കും.
ലക്ഷദ്വീപില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നതിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രറ്ററുമായി സംസ്ഥാന സര്‍ക്കാര്‍ ബന്ധപ്പെട്ടിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറി അഡ്മിനിസ്ട്രേറ്ററുമായി സംസാരിച്ച് ധാരണയിലായിട്ടുണ്ട്.
സംസ്ഥാനത്ത് ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പുകള്‍ക്കും വാഹന ഷോറൂമുകള്‍ക്കും (കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ഒഴികെ) പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും.
സര്‍ക്കാര്‍ അനുവദിച്ച കടകള്‍ തുറക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍റെ പ്രത്യേക അനുമതി ആവശ്യമില്ല.
ഞായറാഴ്ച സമ്പൂര്‍ണ ഒഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, റംസാന്‍ കാലമായതിനാല്‍ ഭക്ഷണം പാഴ്സല്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്കുശേഷം മറ്റു ദിവസങ്ങളിലെ പോലെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും.
കണ്ടെയ്ന്‍മെന്‍റ് സോണുകളിലൊഴികെ റോഡുകള്‍ അടച്ചിടില്ല. ഇക്കാര്യത്തില്‍ ആശയക്കുഴപ്പത്തിന്‍റെ കാര്യമില്ല. കണ്ടെയ്ന്‍മെന്‍റ് സോണിലാണ് കര്‍ക്കശമായ നിയന്ത്രണമുണ്ടാകുക. റെഡ് സോണിലായാല്‍ പോലും കണ്ടെയ്ന്‍മെന്‍റ് സോണിന് പുറത്തുള്ള പ്രദേശങ്ങളില്‍ റോഡുകള്‍ അടച്ചിടേണ്ടതില്ല. ഓറഞ്ച് സോണിനും ഇതുതന്നെയാണ് ബാധകം. നിബന്ധനകള്‍ക്കു വിധേയമായി ഇവിടങ്ങില്‍ വാഹനഗതാഗതം അനുവദിക്കും. പക്ഷേ പൊതുഗതാഗതം അനുവദിക്കില്ല.
വിദേശത്തുനിന്നും തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് ഡോക്ടര്‍മാരുമായും ബന്ധുക്കളുമായും ആശയവിനിമയം നടത്താന്‍ സൗജന്യമായി ഓരോ മൊബൈല്‍ നമ്പര്‍ നല്‍കുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചിട്ടുണ്ട്. കൈവശമുള്ള മൊബൈല്‍ നമ്പര്‍ ഡിസ്കണക്ടായിട്ടുണ്ടെങ്കില്‍ റീകണക്ട് ചെയ്യുമെന്നും സിം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതേ നമ്പറില്‍ പുതിയ സിം കാര്‍ഡ് നല്‍കുമെന്നും ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചു.
വ്യവസായം
ഏതു പ്രതിസന്ധിയില്‍ നിന്നും പുതിയ അവസരങ്ങള്‍ ഉയര്‍ന്നു വരുമെന്ന് നമുക്കറിയാം. അത്തരം അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ മാത്രമേ പ്രതിസന്ധികളില്‍ നിന്ന് നമുക്ക് മുന്നേറാന്‍ കഴിയൂ.
കോവിഡ്-19 മഹാമാരി തീര്‍ച്ചയായും കേരളത്തിന് വിവിധമേഖലകളില്‍ പുതിയ അവസരങ്ങള്‍ തുറക്കുന്നുണ്ട്. കോവിഡ്-19 നേരിടുന്നതില്‍ കേരളജനത കൈവരിച്ച അസാധാരണമായ നേട്ടം, നമ്മുടെ സംസ്ഥാനം ലോകത്തെ തന്നെ ഏറ്റവും പ്രിയപ്പെട്ടതും സുരക്ഷിതവുമായ വ്യവസായ നിക്ഷേപ കേന്ദ്രങ്ങളില്‍ ഒന്നായി മാറ്റിയിരിക്കുകയാണ്.
ലോകത്തിന്‍റെ നാനാഭാഗങ്ങളിലുള്ള നിക്ഷേപകരിലും സംരംഭകരിലും കേരളത്തെക്കുറിച്ച് വലിയ താല്‍പര്യമുളവായിട്ടുണ്ട്. നമുക്ക് ഈ രംഗത്ത് ധാരാളം അന്വേഷണങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ നമ്മുടെ ശക്തി, ഇവിടുത്തെ മനുഷ്യശേഷി തന്നെയാണ്.
ഏതു വ്യവസായവും നിലനില്‍ക്കാനും വളരാനും മനുഷ്യവിഭവശേഷി പ്രധാനമാണ്. നമ്മുടെ മനുഷ്യവിഭവശേഷി ലോകത്തെ ഏതു വികസിത രാഷ്ട്രത്തോടും കിടപിടിക്കുന്നതാണെന്ന് ഈ മഹാമാരിക്കിടയിലും നാം ഒന്നുകൂടി തെളിയിച്ചു. ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്ത് കേരളത്തിലേക്ക് വ്യവസായ മുതല്‍മുടക്ക് വലിയ തോതില്‍ ആകര്‍ഷിക്കുന്നതിന് ചില തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുക്കുകയാണ്.
- എല്ലാ പ്രധാനപ്പെട്ട വ്യവസായ ലൈസന്‍സുകളും അനുമതികളും അപേക്ഷിച്ച് ഒരാഴ്ചയ്ക്കകം നല്‍കും. ഉപാധികളോടെയാണ് അനുമതി നല്‍കുക. ഒരുവര്‍ഷത്തിനകം സംരംഭകന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. എന്തെങ്കിലും പോരായ്മയുണ്ടെങ്കില്‍ അതു തിരുത്താന്‍ അവസരം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകും.
- തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വിമാനത്താവളം, തുറമുഖം, റെയില്‍, റോഡ് എന്നിവ ബന്ധപ്പെടുത്തി ബഹുതല ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തും. അന്താരാഷ്ട്ര വ്യാപാരത്തിലും വാണിജ്യത്തിലും ഇതു കേരളത്തെ പ്രധാന ശക്തിയാക്കും.
- ഇതിനുപുറമെ, കയറ്റുമതി-ഇറക്കുമതി സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ലോജിസ്റ്റിക്സ് പാര്‍ക്കുകള്‍ ആരംഭിക്കും.
- ഉത്തര കേരളത്തിന്‍റെ ആവശ്യം മുന്‍നിര്‍ത്തി അഴീക്കല്‍ തുറമുഖം വികസിപ്പിക്കും. വലിയതോതില്‍ ചരക്ക് കൈകാര്യം ചെയ്യാന്‍ തുറമുഖത്തെ സജ്ജമാക്കും.
- കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വലിയ തോതില്‍ പ്രോത്സാഹിപ്പിക്കും. പാലക്കാട് മെഗാ ഫുഡ് പാര്‍ക്കിലെ ഭൂമി കാര്‍ഷികോല്‍പന്നങ്ങളുടെ മൂല്യവര്‍ധനവിനു വേണ്ടി വ്യവസായികള്‍ക്ക് പാട്ടത്തിന് നല്‍കും.
- മൂല്യവര്‍ധനവിന് ഊന്നല്‍ നല്‍കി ഉത്തരകേരളത്തില്‍ നാളികേര പാര്‍ക്ക് സ്ഥാപിക്കും.
- കേരളത്തെ മികച്ച വ്യവസായ കേന്ദ്രമാക്കുന്നതിനുള്ള നടപടികള്‍ക്ക് ഉപദേശകസമിതി രൂപീകരിക്കും. വ്യവസായ നിക്ഷേപകര്‍, നയരൂപീകരണ വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി. ‘ചീഫ് മിനിസ്റ്റേഴ്സ് ഇന്‍വെസ്റ്റ്മെന്‍റ് അഡ്വൈസറി കമ്മിറ്റി’ എന്നായിരിക്കും ഇതിന്‍റെ പേര്.
- വ്യവസായ മുതല്‍ മുടക്കിന് ‘സ്റ്റാര്‍ റേറ്റിങ്’ സമ്പ്രദായം ഏര്‍പ്പെടുത്തും. മുതല്‍മുടക്ക്, അതിന്‍റെ ഭാഗമായി ഉണ്ടാവുന്ന തൊഴില്‍ എന്നിവ കണക്കിലെടുത്ത് ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് എന്നീ സ്ഥാനങ്ങള്‍ നല്‍കും. സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളും ഇളവുകളും ഈ റാങ്കിങ് കൂടി പരിഗണിച്ചായിരിക്കും.
ഒരു സ്കൂളിന്‍റെ മുന്‍കൈ
തിരുവനന്തപുരം ജില്ലയിലെ തട്ടത്തുമല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഈ ലോക്ക്ഡൗണ്‍ കാലത്ത് മാതൃകാപരമായ ഒരു പ്രവര്‍ത്തനം നടക്കുകയാണ്. സ്കൂളിന് ‘മിഴി’ എന്ന പേരില്‍ ഒരു യുട്യൂബ് ചാനല്‍ ആരംഭിക്കുകയും ഈ ചാനല്‍ വഴി ഏപ്രില്‍ 22 മുതല്‍ 30 വരെ മിഴിപ്പൂരം എന്ന പേരില്‍ കുട്ടികളുടെ കലോത്സവം ഓണ്‍ലൈനായി സംഘടിപ്പിച്ചു.
കുട്ടികള്‍ വീട്ടിലിരുന്ന് പരിപാടികള്‍ മൊബൈലില്‍ റെക്കോഡ് ചെയ്ത് വാട്സാപ്പില്‍ അയച്ചുകൊടുക്കുകയും സ്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥി സംഘടനയായ പാസ്റ്റിന്‍റെ പ്രവര്‍ത്തകര്‍ ഈ വീഡിയോകള്‍ യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്യുകയുമാണ് ചെയ്തത്. ഈ രീതിയില്‍ രക്ഷിതാക്കളുടെയും പൂര്‍വവിദ്യാര്‍ത്ഥികളുടെയും കലോത്സവവും നടത്തി. അറുനൂറോളം വീഡിയോകളാണ് ഈ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തത്.
എല്ലാ ലോക്ക്ഡൗണ്‍ നിബന്ധനകളും പാലിച്ച് സ്വന്തം വീട്ടിലിരുന്നുകൊണ്ടുതന്നെ സ്കൂളില്‍ സംഘടിപ്പിച്ച ഈ ഓണ്‍ലൈന്‍ കലോത്സവം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്കാകെ മാതൃകയാണ്. തട്ടത്തുമല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ അഭിനന്ദിക്കുന്നു.
റെയിൽ പാളം ഇരട്ടിപ്പിക്കല്‍
ഇന്ന് നിങ്ങളുമായി പങ്കുവെക്കാനുള്ള ഒരു സന്തോഷവാര്‍ത്ത റെയില്‍വെയെ സംബന്ധിച്ചാണ്. നേരത്തേ മരവിപ്പിച്ചു നിര്‍ത്തിയിരുന്ന മൂന്ന് പാളം ഇരട്ടിപ്പിക്കല്‍ പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കാനുള്ള തീരുമാനം റെയില്‍വെ അറിയിച്ചിട്ടുണ്ട്. ആലപ്പുഴ, കായംകുളം സെക്ഷനിലെ 69 കിലോമീറ്റര്‍ പാളം ഇരട്ടിപ്പിക്കാന്‍ 1439 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുക.
- എറണാകുളം-കുമ്പളം (7.7 കി.മീ) 189 കോടി
- കുമ്പളം-തുറവൂര്‍ (15.59 കി.മീ) 250 കോടി
- തുറവൂര്‍-അമ്പലപ്പുഴ (45.7 കി.മീ) 1000 കോടി എന്നിങ്ങനെയാണ് ഇതിന്‍റെ വിശദാംശങ്ങള്‍.
കാര്‍ഷിക വിഭവങ്ങളുടെ കയറ്റിറക്കുമതിക്ക് അനുമതി
മറ്റൊരു വിവരം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പഴങ്ങളും പച്ചക്കറിയും തൈകളും അടക്കമുള്ള കാര്‍ഷിക വിഭവങ്ങളുടെ കയറ്റിറക്കുമതിക്കായുള്ള അനുവാദം ലഭ്യമായിട്ടുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്ര കൃഷിമന്ത്രാലയത്തിന്‍റെ ഉത്തരവ് ലഭിച്ചിട്ടുണ്ട്.