
യുദ്ധത്തിന് സജ്ജമാകാന്‍ സൈന്യത്തോട് ആഹ്വാനം ചൈനീസ് പ്രസിഡന്റ്
ബെയ്ജിങ് : യുദ്ധത്തിനു സജ്ജമാകാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ചൈനീസ് സൈനികരോട് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യയും ചൈനയും തമ്മില്‍ ഗാല്‍വന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ വാര്‍ത്ത പുറത്തു വന്നിട്ടുള്ളത്.
ചൊവ്വാഴ്ച ഗുവാങ്‌ഡോങ് സൈനിക ക്യാമ്ബ് സന്ദര്‍ശിച്ചപ്പോഴാണ് ഷി ജിന്‍പിങ് സൈനികരോട് മനസ്സും ഊര്‍ജവും യുദ്ധ തയ്യാറെടുപ്പുകള്‍ക്കായി സമര്‍പ്പിക്കാനും ജാഗ്രത പാലിക്കാനും നിര്‍ദേശം നല്‍കിയതെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിര്‍മാണങ്ങള്‍ നടത്തുന്നതിനെതിരെ ചൈന രംഗത്തു വന്നിരുന്നു. അതിനു പിന്നാലെയാണ് ഷി ജിന്‍പിങ് സൈനികരോട് യുദ്ധത്തിനു സജ്ജരാകാന്‍ ആവശ്യപ്പെട്ടത്.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി മറൈന്‍ കോര്‍പ്സില്‍ ഷി ജിന്‍പിംഗ് നടത്തിയ പ്രസംഗത്തിലൂടെ പോരാട്ട ശേഷി മെച്ചപ്പെടുത്തുക, മേഖലയിലുടനീളം ധൃതഗതിയില്‍ പ്രതികരിക്കുക, അതീവ ജാഗ്രത പുലര്‍ത്തുക എന്നിവയാണ് നിര്‍ദേശിച്ചതെന്ന് ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.