‘ചിരി’ പദ്ധതി : ഇതുവരെ വിളിച്ചത് 2500ലധികം പേർ

Share News

‘കുട്ടികളിലെ മാനസികസമ്മര്‍ദ്ദം ലഘൂകരിക്കാനായി പോലീസ് ആരംഭിച്ച ചിരി പദ്ധതിയുടെ കോള്‍ സെന്‍ററിലേയ്ക്ക് ഇതുവരെ വിളിച്ചത് 2500 ലധികം പേര്‍. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വീട്ടിൽ തുടരാൻ നിർബന്ധിതരായ കുട്ടികള്‍ക്ക് ആശ്വാസം പകരുന്നതിനായി ജൂലൈ 12നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇന്നലെ മാത്രം 120 കോളുകളാണ് ചിരിയുടെ 9497900200 എന്ന ഹെല്‍പ് ലൈന്‍ നമ്പരില്‍ ലഭിച്ചത്. കുട്ടികള്‍ മാത്രമല്ല അധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ പ്രശ്നങ്ങളുമായി ചിരിയിലേയ്ക്ക് വിളിക്കുന്നു. കഴിഞ്ഞ ദിവസം വിളിച്ചവരില്‍ 53 പേരും രക്ഷകര്‍ത്താക്കളായിരുന്നു.

ഓണ്‍ലൈന്‍ പഠനത്തിന്‍റെ ബുദ്ധിമുട്ടുകള്‍, കൂട്ടുകാരെ കാണാനും സംസാരിക്കാനും കളിക്കാനും കഴിയാത്തതിന്‍റെ വിഷമം, കുടുംബവഴക്ക്, പഠനോപകരണങ്ങളുടെ ലഭ്യതക്കുറവ് എന്നിവയാണ് പ്രധാനമായും കുട്ടികള്‍ ചിരിയുടെ കോള്‍ സെന്‍ററുമായി പങ്ക് വയ്ക്കുന്നത്. മൊബൈല്‍ ഫോണിന്‍റെ അമിതമായ ഉപയോഗം, കുട്ടികളുടെ ആത്മഹത്യാഭീഷണി എന്നിവയ്ക്ക് പരിഹാരം തേടിയായിരുന്നു മാതാപിതാക്കളുടെ കോളുകളില്‍ അധികവും. ഗുരുതരമായ മാനസികപ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി വിളിച്ചവരും ഇക്കൂട്ടത്തിലുണ്ട്. അവര്‍ക്ക് ചിരി കോള്‍ സെന്‍ററില്‍ നിന്ന് അടിയന്തിരമായി പരിചയ സമ്പന്നരായ മന:ശാസ്ത്ര വിദഗ്ദ്ധരുടെ സേവനവും ലഭ്യമാക്കി.


താന്‍ നട്ടുവളര്‍ത്തി പരിപാലിച്ച നെല്ലിമരം ആരോ മുറിച്ചുകളഞ്ഞതായിരുന്നു ഞാറനീലിയില്‍ നിന്ന് വിളിച്ച ആറാം ക്ലാസ്സുകാരന്‍റെ പരാതി. സ്കൂളില്‍ നിന്ന് ലഭിച്ച മരം വളരെ ശ്രദ്ധയോടെ പരിപാലിച്ചിരുന്നെന്നും അത് നഷ്ടപ്പെട്ടശേഷം ഒന്നിനോടും താല്പര്യമില്ലെന്നുമായിരുന്നു അവന്‍റെ സങ്കടം. ചിരിയിലെ കുട്ടി വോളന്‍റിയേഴ്സ് സംസാരിച്ച് അവന്‍റെ വിഷമത്തിന് പരിഹാരം ഉറപ്പ് നല്‍കി. പിന്നാലെ ഞാറനീലി പോലീസ് സ്റ്റേഷനില്‍ നിന്ന് ഒന്നിനു പകരം രണ്ട് നെല്ലിമരത്തിന്‍റെ തൈകള്‍ പോലീസുകാര്‍ പരാതിക്കാരന്‍റെ വീട്ടിലെത്തിച്ചു നല്‍കി.

കൊച്ചുമകന്‍റെ വികൃതി കാരണം ബുദ്ധിമുട്ടിലായ മുത്തശ്ശിയുടെ വകയായിരുന്നു മറ്റൊരു പരാതി. മാതാപിതാക്കള്‍ അവന്‍റെ വികൃതികള്‍ തമാശയായി കാണുന്നതായിരുന്നു അമ്മൂമ്മയുടെ വിഷമം. കുട്ടിക്ക് കളിക്കാനും ചിരിക്കാനും വീട്ടില്‍ അവസരമുണ്ടാകണമെന്ന മന:ശാസ്ത്ര വിദഗ്ദ്ധരുടെ സംയമനത്തോടെയുളള കൗണ്‍സലിംഗ് കഴിഞ്ഞപ്പോള്‍ മുത്തശ്ശിയും ചിരിച്ചു.

മാനസികപ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന കുട്ടികള്‍ക്ക് കുട്ടികള്‍ തന്നെ ടെലിഫോണിലൂടെ കൗണ്‍സലിംഗ് നല്‍കുന്ന സംരംഭമാണ് ചിരി. മുതിര്‍ന്ന സ്റ്റുഡന്‍റ്സ് പോലീസ് കേഡറ്റുകള്‍, ഔര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയില്‍ അംഗങ്ങളായ കുട്ടികള്‍ എന്നിവരില്‍ നിന്ന് തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്‍കിയ 300 ഓളം കുട്ടികളാണ് ചിരി പദ്ധതിയിലെ വോളന്‍റിയര്‍മാര്‍. സേവന തല്‍പരരും പരിചയ സമ്പന്നരുമായ മാനസികാരോഗ്യവിദഗ്ദ്ധര്‍, മന:ശാസ്ത്രജ്ഞര്‍, അധ്യാപകര്‍ എന്നിവരുള്‍പ്പെടുന്ന വിദഗ്ദ്ധസമിതി ഇവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിവരുന്നു. എല്ലാ ജില്ലകളിലെയും അഡീഷണല്‍ എസ്.പിമാരും സ്റ്റുഡന്‍റ് പോലീസ് കേഡറ്റിന്‍റെ ചുമതലയുളള ഡിവൈ.എസ്.പിമാരുമാണ് ചിരി പദ്ധതിയുടെ ഏകോപനം നിര്‍വ്വഹിക്കുന്നത്. ഐ.ജി പി.വിജയനാണ് പദ്ധതിയുടെ സംസ്ഥാനതല നോഡല്‍ ഓഫീസര്‍.

Share News