
ചിറ്റിലപ്പിള്ളി പിതാവ് കല്യാൺ രൂപതയുടെ പ്രഥമ മെത്രാൻ അല്ല; മറിച്ചു കല്യാൺ രൂപതയുടെ പിതാവാണ്.
അഭി. ചിറ്റിലപ്പിള്ളി പിതാവിന്റെ സ്മരണയ്ക്കായി താമരശ്ശേരി രൂപത ഇറക്കിയ സ്പെഷ്യൽ പതിപ്പിൽ നിന്നും .
…ചരിത്രത്തിന്റെ ഭാഗമായി മാറുന്നവരെ, ഓർമയിൽ ജീവിക്കുന്നവരും ചിന്തയിൽ ചിരംജ്ജീവികളുമാക്കുന്നതു അവരുടെ ജീവിത കാലഘട്ടത്തിലെ സുകൃതങ്ങളാണ്; കൈനാറി പൂവിനേപോലെ ചുറ്റുപാടും പരിമളം പരത്തിയതിനാലാണ് , അതുല്യ വ്യക്തിത്വത്തിന് ഉടമകളായതിനാലാണ്.
അങ്ങനെ ഒരു വ്യക്തിത്വത്തിന്റെ സ്മരണത്തേരിലേറി സായൂജ്യമടയുന്നു ഇന്ന് കല്യാൺ രൂപത. അതേ, ഇന്നും കല്യാൺ രൂപതയിൽ അലയടിക്കുന്ന നാമം, രൂപതാ തനയരുടെ ഹൃത്തിൽ മിടിക്കുന്ന രൂപം, ആദ്യകാല രൂപതാ തനയർക്ക് ഇന്നും തളർച്ചയെ അവഗണിച്ചു ഓടാനുള്ള പ്രചോദനവും ഊർജ്ജവും പകർന്നു നൽകുന്ന പേര് : മാർ പോൾ ചിറ്റിലപ്പിള്ളി.
കടപ്പാടോടും സ്നേഹത്തോടും അതിലേറെ ആദരവോടും കൂടി മാത്രം ഓർക്കുന്ന നാമം. അദ്ദേഹത്തിന്റെ വ്യക്തിത്വ പ്രാഭവവും നേതൃത്വ മികവും ഭരണ നിപുണനതയും എത്ര പറഞ്ഞാലും തീരാത്തതാണ്.
മറുനാട്ടിലേക്കുള്ള യാത്ര ———————-
” തലമുറകൾക്ക് അനുഗ്രഹമായി തീരും “
എന്ന വാഗ്ദാനം നൽകി വിളിച്ച അബ്രാഹത്തോട് ദൈവം ആവശ്യപ്പെട്ടത് സ്വന്തം നാടിനെയും ജനത്തെയും ഉപേക്ഷിച്ചു താൻ കാട്ടിത്തരുന്ന നാട്ടിലേക്ക് പോകാനായിരുന്നു. ദൈവഹിതം അനുസരിച്ചു ചൂണ്ടി കാണിക്കപ്പെട്ട നാട്ടിലേക്ക് പുറപ്പെട്ട അബ്രാഹത്തിന്റെ ശരിക്കും ഒരു അസന്നിഗ്ദാവസ്ഥ ആയിരുന്നു; നാളെകൾ എന്തെന്നോ എങ്ങനെ എന്നോ ഉറപ്പില്ലാത്ത ഒരു ശൂന്യത. ദൈവത്തിൽ ആശ്രയം വച്ച് ഈ ശൂന്യതയിലെക്കു നടത്തിയ എടുത്തുചാട്ടമായിരുന്നു അബ്രാഹത്തെ വിശ്വാസികളുടെ പിതാവും തലമുറകൾക്ക് അനുഗ്രഹവുമാക്കി തീർത്തത്.തൃശ്ശൂർ രൂപതയുടെ വികാരി ജനറാൾ ആയിരിക്കുമ്പോഴാണ് 1987-ൽ അഭി. കുണ്ടുകുളം പിതാവിന്റെ നിർദ്ദേശപ്രകാരം മോൺ. പോൾ ചിറ്റിലപ്പിള്ളി മറ്റ് മൂന്നു വൈദികർക്കൊപ്പം മുംബൈ മഹാനഗരിയിലേക്കു വണ്ടി കയറിയത് . ജയന്തി ജനത എക്സ്പ്രെസ്സിന്റെ സ്ലീപ്പർ ക്ലാസ്സിൽ ഒതുങ്ങിയിരിക്കുമ്പോൾ,അംബരചുംബികളും ചേരികളും തോൾ ചേർന്നു നിൽക്കുന്ന മഹാനഗരിയുടെ ആൾകൂട്ടത്തിൽ ജീവിതം മുങ്ങുമ്പോഴും ജീവനെ നില നിർത്താനുള്ള തത്രപ്പാടിനിടയിലും സ്വന്തം അസ്തിത്വം പരത്തുന്ന ഒരു കൂട്ടം വിശ്വാസഗണം അവരുടെ മനോമുകരത്തിൽ ചിത്രം വരച്ചു തുടങ്ങിയിരുന്നു.മുംബൈയിലെത്തിയ ആ നാല് വൈദികർ കലിനയിലും കുർളയിലുമായി താമസം തുടങ്ങി; മലബാർ സഭയുടെ മക്കളെ അന്വേഷിച്ചുള്ള അലച്ചിൽ തുടങ്ങി, തികച്ചും ബുദ്ധിമുട്ടേറിയതായിരുന്നു ആ അലച്ചിലും ജീവിതവും.1988 ഏപ്രിൽ 30 തിയതി കേരളത്തിന് പുറത്തുള്ള കുടിയേറ്റ സിറോ മലബാർ കത്തോലിക്കാർക്കായുള്ള ആദ്യ രൂപത – 16 ജില്ലകളിലായി പരന്നു കിടക്കുന്ന കല്യാൺ രൂപത – പ്രഖ്യാപിക്കപ്പെട്ടു, മോൺ. പോൾ ചിറ്റിലപ്പിള്ളി ആദ്യ മെത്രാനും. അതേ വർഷം ഓഗസ്റ്റ് 24- ആം തിയതി അഭി. പോൾ ചിറ്റിലപ്പിള്ളി പിതാവിന്റെ മെത്രാഭിക്ഷേകവും രൂപതയുടെ ഉത്‌ഘാടനവും നടത്തപ്പെട്ടു.
ഇല്ലായ്മയിൽ നിന്നും രൂപം കൊണ്ട രൂപത –
——–—-unity , Love & Sacrifice എന്ന മുദ്രാവാക്യവുമായി പ്രവർത്തനപഥത്തിലേക്കിറങ്ങിയ പോൾ പിതാവിന് രൂപതയുടെ സ്വന്തം എന്ന് ചൂണ്ടിക്കാണിക്കാൻ അക്ഷരാർത്ഥത്തിൽ ഒന്നും ഉണ്ടായിരുന്നില്ല; തീക്ഷ്ണതയുള്ള ഒരു പിടി ആളുകളൊഴികെ. എന്തിനേറെ പറയുന്നു , അത്യാവശ്യ സൗകര്യങ്ങളുള്ള ഒരു വസതി പോലും ഉണ്ടായിരുന്നില്ല. ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും കഥകൾ മാത്രം പറയാനുണ്ടായിരുന്ന കാലം. കെട്ടിപിടിച്ചു പൂട്ടിവയ്ക്കാൻ ഒന്നുമില്ലാത്തപ്പോൾ കുതിപ്പിന് വേഗത കൂടും എന്ന ചൊല്ല് അന്വർത്ഥമാക്കുന്നതായിരുന്നു ആദ്യകാല വളർച്ച.സ്വന്തം വിശ്വാസ പാരമ്പര്യത്തെയും സംസ്കാര- സംസ്കൃതി – മൂല്യങ്ങളെയും സ്വായത്തമാക്കാനും ഉയർത്തിപിടിക്കാനുമായി സ്ഥാപിതമായ ഒരു വ്യക്തിഗത രൂപതയെ പെട്ടെന്ന് ഉൾക്കൊള്ളാൻ ആളുകൾക്ക് സാധിക്കാതെ പോയതിന്റെ ബാക്കി പത്രമായ പ്രതിരോധ – പ്രതികരണ – പ്രതിസന്ധികളും സ്വാഭാവികമായുണ്ടാകുന്ന ബാലാരിഷ്ടതകളും പിതാവിനെ കാത്തിരുന്ന വെല്ലുവിളികളായിരുന്നു.തികഞ്ഞ സമചിത്തതയോടെ, സാഹചര്യങ്ങളുടെ സമ്മർദത്തിൽ പ്രകോപിതനാകാതെ, ജനത്തിന്റെ മനമറിഞ്ഞു വർത്തിച്ചു എന്നതാണ് പിതാവിന്റെ വിജയ ഗാഥയുടെ സാരവും ജനഹൃദയങ്ങളിൽ സ്ഥാനം ലഭിച്ചതിന്റെ രഹസ്യവും. കൂടാതെ, ഈ രൂപത ദൈവിക പദ്ധതിയുടെ ഭാഗമാണെങ്കിൽ സംരക്ഷണവലയം അവൻ ഒരുക്കും എന്ന അടിയുറച്ച ബോദ്ധ്യം പിതാവിൽ നിന്നും ആശങ്കകളെ അകറ്റി നിറുത്തി
.ദൈവാശ്രയ ബോധത്തിൽ ജീവിച്ചവൻ
————–
എത്ര ക്ഷീണിതനാണെങ്കിലും എത്ര ജോലിത്തിരക്കുണ്ടെങ്കിലും അനുദിന യാമപ്രാർത്ഥനയ്ക്കും കൊന്തയ്ക്കും പിതാവ് മുടക്ക് വരുത്തില്ലായിരുന്നു. യാത്രയിലാണെങ്കിലും പിതാവിന്റെ കൈയ്യിൽ യാമപ്രാർത്ഥന പുസ്തകവും കൊന്തയും ഉണ്ടാകുമായിരുന്നു. പിതാവ് ചൊല്ലിയിരുന്നു എന്ന് മാത്രമല്ല, കൂടെയുള്ള വൈദികരെയും ശെമ്മാശ്ശന്മാരെയും ഓർമിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തിരുന്നു വ്യക്തിഗത പ്രാർത്ഥനകൾക്ക് മുടക്കം വരാതിരിക്കുവാൻ . നല്ല തിരക്കുള്ള ദിവസങ്ങളിൽ അരമനയിലെ ബ്രദേഴ്സിനോട് തമാശ രൂപേണ എങ്കിലും പിതാവ് പറയുമരുന്നു ,” പ്രാര്ഥിക്കാത്ത പിതാവിന് കഞ്ഞിയില്ല”. എന്നിട്ട് നേരെ അരമന ചാപ്പലിലേക്കു പോകും .ദൈവത്തോട് അനുദിനം നടത്തിയ കൂടിയാലോചനയും അടിയുറച്ച ദൈവാശ്രയബോധവുമാണ് ചിറ്റിലപ്പിള്ളി പിതാവിനെ മുമ്പോട്ട് നയിച്ചതെന്ന് നിസ്സംശയം പറയാം .
ആടിന്റെ മണമറിഞ്ഞ ഇടയൻ –————
വിളിച്ചവനോടുള്ള വിശ്വസ്തതയും ഏൽപ്പിക്കപ്പെട്ട അജപാലന ദൗത്യത്തോടുള്ള നീതിബോധവും വ്യക്തിജീവിതത്തിലെ വിശുദ്ധിയുമായിരുന്നു പോൾ പിതാവിന്റെ ആയുധങ്ങൾ. കൂടെ നിൽക്കേണ്ടവരും പ്രവർത്തിയുടെ ഫലം അനുഭവിച്ചവരും എതിര് നിന്നപ്പോഴും തളരാതെ , തകരാതെ , പ്രക്ഷുബ്ധമയ കടലിൽ ശാന്തതയോടെ മയങിയ കർത്താവിനെപ്പോലെ അക്ഷോഭ്യനായി നിൽക്കാൻ പിതാവിനെ സഹായിച്ചതും മുകളിൽ സൂചിപ്പിച സൂക്തങ്ങൾ തന്നെ. രൂപതയുടെ ഓരോ മൂലയും ഇടവകകളുടെ വളർച്ചയും പിതാവിന്റെ മനസ്സിലുണ്ടായിരുന്നു . അതുകൊണ്ട് തന്നെ ഇടവകയുടെ, രൂപതയുടെ വളർച്ചയ്ക്കായി ചെറിയ തൊതിലനെങ്കികും പ്രവർത്തിച്ച ഓരോ വ്യക്തിയെയും പേര് ചോല്ലിവിലിക്കന് പറ്റും വിധം പിതാവ് ഹൃദയത്തോട് ചേർത്ത് വച്ചിരുന്നു. അരമനയിൽ രാവിലേ കുർബ്ബാന കഴിഞ്ഞാൽ altar ബോയ്സിന്റെ കൈപിടിച്ച് പിതാവ് പോകും അവരുടെ വീട്ടിലെക്കു .ഞായറാഴ്ചകളിൽ ഏതെങ്കിലും പള്ളിയിൽ വികാരി അച്ചൻ ഇല്ലെങ്കിൽ , പകരം അച്ചനെ കിട്ടിയില്ലെങ്കിൽ പിതാവ് പോകും കുർബ്ബാന ചൊല്ലാൻ. ആർക്കും ഏതു സമയവും പിതാവിന്റെ അടുത്തു വരാം; സങ്കടങ്ങൾ പരാതികൾ എന്തും പറയാം . മുൻകൂർ അറിയിപ്പോ അനുമതിയോ അവസ്യമില്ലതെ തന്നെ. തികച്ചും ജനകീയനായ, ജനത്തെ അറിഞ്ഞ , അവർക്കായി ജീവിച്ച ഒരു യാഥാർദ്ധ ഇടയൻ.
ഒരു നല്ല അപ്പൻ
രൂപതയിലെ വൈദികർക്കും സെമിനാരികാർക്കും പിതാവ് ശരിക്കും സ്നേഹ നിധിയായ ഒരു അപ്പനായിരുന്നു. രൂപത തുടങ്ങിയതിന്റെ പിറ്റേ വർഷം തന്നെ രൂപതയ്ക്ക് വേണ്ടി ബ്രോദേഴ്സിനെ എടുത്തു തുടങ്ങിയ പിതാവ് കേരളത്തിലെ രൂപതകളോട് ആവശ്യപ്പെട്ട് അവരുടെ മൈനർ സെമിനാരികളിലായിരുന്നു കല്യാൺ രൂപതയുടെ കുട്ടികളെയും പഠിപ്പിച്ചിരുന്നത്. എല്ലാ വർഷവും പിതാവ് വ്യക്തിപരമായി ഓരോ ബ്രോദേഴ്സിനെയും സന്ദർശിക്കുകയും രൂപതയോടുള്ള സ്നേഹവും താല്പര്യവും അവരിൽ വളരുന്നു എന്ന് ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു . കൂടാതെ ക്രിസ്മസ് , ബ്രോദേഴ്സിന്റെ ജന്മദിനം തുടങ്ങിയ അവസരങ്ങളിലെല്ലാം പിതാവിന്റെ ആശംസാകാർഡും എഴുത്തും ബ്രദേഴ്സിനെ തേടിയെത്തിയിരുന്നു എന്നതിൽ നിന്നും അക്ഷരം തെറ്റാതെ അപ്പാ എന്ന് വിളിക്കപ്പെടുവാൻ പിതാവ് അര്‍ഹനയിരുന്നു എന്ന് വ്യക്തം. രൂപതയിൽ സേവനം ചെയ്തിരുന്ന ഓരോ വൈദികരോടും പിതാവ് വ്യക്തിപരമായ ബന്ധം സൂക്ഷിക്കുകയും അവരുടെ ചെറിയ ആവശ്യങ്ങളിൽപോലും പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തിരുന്നു.കുറവുകളിൽ സന്തോഷം കണ്ടെത്തുവാൻ , പങ്കുവയ്‌പ്പിൽ സാഹോദര്യവും സുഹര്ദവും വളർത്തുവാൻ പിതാവ് കൂടെ നിന്ന് പ്രേരിപ്പിച്ചു .ഇതിനെല്ലാം പുറമേ ബോംബെ , പൂനെ തുടങ്ങിയ രൂപതകളുമായും മറ്റ് സഹോദര സഭകളുമായും നല്ല ബന്ധം സൂക്ഷിക്കുവാൻ പിതാവ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു
.ഉപസംഹാരം —–
-അഭിവന്ദ്യ തോമസ് ഇലവനാൽ പിതാവ് പറഞ്ഞത് പോലെ ചിറ്റിലപ്പിള്ളി പിതാവ് കല്യാൺ രൂപതയുടെ പ്രഥമ മെത്രാൻ അല്ല; മറിച്ചു കല്യാൺ രൂപതയുടെ പിതാവാണ്. പിതാവിട്ട അടിത്തറ ഉറച്ചതായതിനാൽ മുകളിലേക്കുള്ള പണി എളുപ്പമായി എന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല. പിതാവിന്റെ സ്വപ്നങ്ങൾക്ക് രൂപവും ഭാവവും ലഭിച്ചത് ഇവിടെയായിരുന്നു ; പിതാവിന്റെ ചിന്തകൾക്ക് ചിറകു മുളച്ചത് കല്യാണിലായിരുന്നു ; പിതാവിന്റെ പ്രാർത്ഥനകൾ മനുഷ്യാകാരം പൂണ്ടത് കല്യാൺ രൂപതയിലായിരുന്നു. അതുകൊണ്ടു തന്നെ പിതാവ് ഇന്നും ഇവിടെ ജനഹൃദയങ്ങളിലും രൂപതയുടെ ആത്മാവിലും ജീവിക്കുന്നു.ദേഹത്തെ വെടിഞ്ഞു ദേഹി സ്വർഗ്ഗീയ പിതാവിന്റെ അടുത്തേക്ക് പോയപ്പോൾ ഞങ്ങൾക്ക് കൂടുതൽ ധൈര്യമായി , ബോദ്ധ്യമായി .. രൂപതയെ നെഞ്ചിലേറ്റിയ ഒരാൾ കല്യാൺ രൂപതയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ സ്വർഗ്ഗത്തിലുണ്ടല്ലോ എന്ന ആശ്വാസം.പിതാവേ അങ്ങയുടെ അഭാവത്തിന്റെ വിടവ് നികത്തപ്പെടാതെ അവശേഷിക്കും എന്ന് മന്ത്രിക്കുന്നതോടൊപ്പം കൂട്ടിച്ചേർക്കട്ടെ അങ്ങ് സ്നേഹിച്ച ഈ രൂപതയെ നിത്യമഹത്വത്തിലായിരിക്കുമ്പോഴും ഓർക്കണമേ.
അവിടെ മുഖാഭിമുകം കാണും വരെ പ്രാർത്ഥനയിൽ നമുക്ക് കണ്ടു മുട്ടാം പിതാവേ.

Ben Joseph
