
കോവിഡ് വ്യാപനം: മുഹറം ഘോഷയാത്രയ്ക്ക് അനുമതി നിഷേധിച്ച് സുപ്രീംകോടതി
ന്യൂ ഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ രാജ്യ വ്യാപകമായി മുഹറം ഘോഷയാത്ര നടത്തുന്നതിന് അനുമതി നിഷേധിച്ച് സുപ്രീംകോടതി. കൊവിഡിന്റെ സാഹചര്യത്തില്‍ രോഗവ്യാപനമുണ്ടായാല്‍ അത് പ്രത്യേക സമുദായത്തെ ലക്ഷ്യമിടുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്.
‘ഘോഷയാത്രയ്ക്ക് രാജ്യത്തുടനീളം അനുവാദം നല്‍കിയാല്‍ ഒരു കുഴപ്പമുണ്ടാകും, ഒരു പ്രത്യേക സമൂഹത്തെ കൊവിഡ് വ്യാപിച്ചതിന് ലക്ഷ്യമിടും’ ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെ പറഞ്ഞു.
രാജ്യത്തുടനീളം ശനി, ഞായര്‍ ദിവസങ്ങളില്‍ മുഹറം ഘോഷയാത്രയ്ക്ക് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍ നിന്നുള്ള സയ്യിദ് കല്‍ബെ ജവാദ് ആണ് ഹർജി നല്‍കിയത്. രഥയാത്രയ്ക്ക് സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ടെന്ന് ഹർജിക്കാരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇവ ഒരു പ്രത്യേക സ്ഥലത്തെ ആഘോഷങ്ങളായതിനാലാണ് അനുമതി നല്‍കിയതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. രാജ്യവ്യാപകമായി ഘോഷയാത്ര നടത്താന്‍ ആവശ്യപ്പെടുന്നത് അനുവദിക്കാന്‍ സാധിക്കില്ലെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
ശിയാ സമുദായത്തിലെ ധാരാളം മുസ്‌ലിംകള്‍ യു.പി തലസ്ഥാനത്ത് താമസിക്കുന്നുണ്ടെന്നും അതിനാല്‍ ലഖ്‌നോവില്‍ ഘോഷയാത്രയ്ക്ക് അനുമതി നല്‍കണമെന്നും ഹർജിക്കാരന്‍ അഭ്യര്‍ച്ചു.
സാമൂഹിക അകലം പാലിച്ച് അഞ്ചപേര്‍ മാത്രമുള്ള മുഹറം ഘോഷയാത്രയ്ക്ക് അനുമതി തേടി നല്‍കിയ മറ്റൊരു ഹര്‍ജിയില്‍ എല്ലാ സംസ്ഥാനങ്ങളെയും കക്ഷിചേര്‍ക്കാന്‍ കഴിഞ്ഞദിവസം സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനങ്ങളെ കക്ഷി ചേര്‍ത്തശേഷം പരിഗണിക്കാം എന്ന് വ്യക്തമാക്കി ആ ഹര്‍ജി മാറ്റുകയായിരുന്നു. ലഖ്‌നൗവില്‍ മാത്രം നടത്തണമെന്നുണ്ടെങ്കില്‍ അതിന് ഹര്‍ജിക്കാര്‍ക്ക് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.