കേരളത്തില്‍ ഇന്ന് 78 പേര്‍ക്ക് കോവിഡ്-19

Share News

ചികിത്സയിലുള്ളത് 1303 പേര്‍

ഇതുവരെ രോഗമുക്തി നേടിയവര്‍ 999

ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

കേരളത്തില്‍ ഇന്ന് 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 14 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, കൊല്ലം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, കോട്ടയം, കണ്ണൂര്‍ (ഒരാള്‍ മരണമടഞ്ഞു) ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.- 17, കുവൈറ്റ്- 12, സൗദി അറേബ്യ- 4, ഒമാന്‍- 2, മാലിദ്വീപ്- 1) 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര- 16, ഡല്‍ഹി- 7, തമിഴ്‌നാട്- 3, കര്‍ണാടക- 2, ആന്ധ്രാപ്രദേശ- 1, ജാര്‍ഖണ്ഡ്- 1, ജമ്മുകാശ്മീര്‍- 1) വന്നതാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ 7 പേര്‍ക്കും മലപ്പുറം ജില്ലയിലെ 3 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ഇതില്‍ കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ നിര്യാതനായ ഉസ്മാന്‍ കുട്ടിക്ക് (71) കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചതും ഉള്‍പെടുന്നു. ജൂണ്‍ 9ന് മുംബൈയില്‍ നിന്നും ട്രെയിന്‍ മാര്‍ഗമാണ് അദ്ദേഹം എത്തിയത്. ഹൃദ്രോഗിയായിരുന്ന ഇദ്ദേഹത്തിന് ഗുരുതര ശ്വാസകോശ രോഗവും ഉണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 19 പേരാണ് മരണമടഞ്ഞത്.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 32 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, ഇടുക്കി, എറണാകുളം (ഒരു തിരുവനന്തപുരം സ്വദേശി), തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേരുടെ വീതവും, കോഴിക്കോട്, കണ്ണൂര്‍ (ഒരു കാസര്‍ഗോഡ് സ്വദേശി) ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും, തിരുവനന്തപുരം, കോട്ടയം, കാസറഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1303 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 999 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,27,402 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2,25,417 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1985 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 242 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 5001 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,06,850 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 3392 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 28,356 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 26,143 സാമ്പിളുകള്‍ നെഗറ്റീവ് ആയി. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ആകെ 1,40,457 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് പുതുതായി 9 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ വേങ്ങാട്, കടന്നപ്പള്ളി-പാണപ്പുഴ, തൃശൂര്‍ ജില്ലയിലെ വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍, ചാവക്കാട് മുന്‍സിപ്പാലിറ്റി, തൃശൂര്‍ കോര്‍പറേഷന്‍, മലപ്പുറം ജില്ലയിലെ തെന്നല, കോട്ടയം ജില്ലയിലെ കോരുതോട്, തൃക്കൊടിത്താനം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ പൈവളികെ, പീലിക്കോട്, എറണാകുളം ജില്ലയിലെ കൊച്ചിന്‍ കോര്‍പറേഷന്‍, വയനാട് ജില്ലയിലെ മീനങ്ങാടി, തവിഞ്ഞാല്‍, പനമരം, മുട്ടില്‍, കൊല്ലം ജില്ലയിലെ നീണ്ടകര, കൊല്ലം കോര്‍പറേഷന്‍, കോഴിക്കോട് ജില്ലയിലെ തൂണേരി, പുറമേരി, മാവൂര്‍, ഒളവണ്ണ എന്നിവയേയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 128 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു