
പൊന്നുരുന്നിയിൽ നാടൻ പച്ചക്കറികളുടെ വിപണി ഒരുക്കി കൃഷിവകുപ്പ് : ഓണസമൃദ്ധി 2020
പൊന്നുരുന്നി : സംസ്ഥാന കൃഷിവകുപ്പിന്റെ സുഭിക്ഷകേരളം പദ്ധതിയും, എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗമായ സഹൃദയയുടെ ജൈവസമൃദ്ധി പദ്ധതിയും സഹകരിച്ച് നടപ്പിലാക്കുന്ന ഓണസമൃദ്ധി 2020ന് പൊന്നുരുന്നിയിൽ തിരിതെളിഞ്ഞു. പി. ടി തോമസ് എം.എൽ.എ ദീപം തെളിയിച്ച് ഓണസമൃദ്ധി 2020 ഉദ്ഘാടനം ചെയ്തു. നാടൻ പച്ചക്കറികളുടെയും, പഴങ്ങളുടെയും വിപണിയൊരുക്കി ഗുണമേന്മയുള്ള സാധനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭം കുറിച്ചിരിക്കുന്ന ഈ സംരംഭത്തെയും അതിനു പിന്നിൽ പ്രവർത്തിക്കുന്നവരെയും അദ്ദേഹം അനുമോദിക്കുകയും ചെയ്തു. ഓണസമൃദ്ധി 2020ലൂടെ പ്രാദേശിക കർഷകരിൽ നിന്നും ഉത്പന്നങ്ങൾ പൊതുവിപണിയേക്കാൾ 10% അധിക വിലയ്ക്ക് സംഭരിച്ച് 30% വിലക്കുറവിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനമൊട്ടാകെ ഓണത്തിനു മുന്നോടിയായി ഒരുങ്ങുന്ന രണ്ടായിരത്തോളം നാടൻ പഴം, പച്ചക്കറി വിപണികളുടെ ഭാഗമാകാൻ സഹൃദയക്ക് കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അറിയിച്ചു. കേരളീയരുടെ ദേശീയോത്സവമായ ഓണത്തിന് മിതമായ നിരക്കുകളിൽ ഗുണമേന്മയുള്ള പച്ചക്കറികൾ നൽകി ഓഗസ്റ്റ് 27 മുതൽ 30 വരെയാണ് “ഓണസമൃദ്ധി 2020” പൊന്നുരുന്നിയിൽ പ്രവർത്തിക്കുക. കൃഷി അസിസ്റ്റന്റ് ഡയറക്ടർ സെറിൻ ഫിലിപ്പ്, സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാദർ ജിനോ ഭരണികുളങ്ങര, സഹൃദയ ജനറൽ മാനേജർ പാപ്പച്ചൻ തെക്കേക്കര എന്നിവരോടൊപ്പം മറ്റ് കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.