നമ്മുടെ നാട്ടിൽ മാത്രമല്ല ലോകത്തെല്ലായിടത്തും സ്കൂൾ ബസ്സുകൾക്ക് മഞ്ഞ നിറമാണെന്ന് അറിയാമോ ?

Share News

രാവിലെ ജോലിക്കോ മറ്റോ ആയി വീട്ടിൽ നിന്നും പുറത്തിറങ്ങിയാൽ ഏറ്റവും കൂടുതൽ കണ്ടു മുട്ടുന്ന വാഹനമാണിപ്പോൾ സ്കൂൾ ബസ്സുകൾ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെയാണ് സ്കൂൾ ബസ്സുകൾ നമ്മുടെ നാട്ടിൽ ഇത്രയേറെ പ്രചാരം നേടിയത്. കാൽനടയായും സൈക്കിളിലും ബസ്സിലും ഓട്ടോയിലുമെല്ലാം സ്കൂളിലെത്തിയിരുന്ന കുട്ടികളിൽ ഭൂരിഭാഗവും ഇന്ന് സ്കൂൾ ബസ്സുകളെയാണ് ആശ്രയിക്കുന്നത്. സ്കൂൾ ബസ്സുകൾ എത്തിച്ചേരാത്ത ഇടവഴികളോ ഗ്രാമ പാതകളോ നാട്ടിലില്ല എന്ന് തന്നെ പറയാം. പല കമ്പനികളുടെ വാനുകളും മിനി ബസ്സുകളുമാണ് സ്കൂൾ ബസ്സുകളായി രൂപാന്തരം പ്രാപിച്ചത്. കമ്പനി ഏതായാലും എല്ലാ സ്കൂൾ ബസ്സുകളും പുലർത്തുന്ന ഒരു ഏക സ്വഭാവമുണ്ട് അവയുടെ മഞ്ഞ നിറം. നമ്മുടെ നാട്ടിൽ മാത്രമല്ല ലോകത്തെല്ലായിടത്തും സ്കൂൾ ബസ്സുകൾക്ക് മഞ്ഞ നിറമാണെന്ന് അറിയാമോ ?

എന്തുകൊണ്ടാണ് എല്ലാ സ്കൂൾ ബസുകൾക്കും മഞ്ഞ നിറം വന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?

1939 മുതൽ അമേരിക്കയിലാണ് സ്കൂൾ ബസ്സുകൾക്ക് മഞ്ഞ നിറം നിർബന്ധമാക്കുന്നത്.

1939 ഏപ്രിലിൽ, സ്കൂൾ ഗതാഗത സുരക്ഷയെക്കുറിച്ച് ചർച്ച ചെയ്യാൻ ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിലെ ടീച്ചേഴ്‌സ് കോളേജിലെ പ്രൊഫസറായ ഫ്രാങ്ക് ഡബ്ല്യു. സിർ അധ്യാപകരും ഗതാഗത വിദഗ്ധരും ഒത്തുകൂടിയ ഒരു സമ്മേളനം സംഘടിപ്പിച്ചു. പകൽ വെളിച്ചത്തിലും കുറഞ്ഞ വെളിച്ചത്തിലും കാണാൻ കഴിയുന്ന ഒരു ഏകീകൃത നിറം സ്കൂൾ ബസ്സുകൾക്കായി ആ സമ്മേളനം തിരഞ്ഞെടുത്തു. ആ തീരുമാന പ്രകാരം അമേരിക്കയിലെ സ്കൂൾ ബസുകളിൽ ഉപയോഗിക്കുന്നതിനായി പ്രത്യേകം രൂപപ്പെടുത്തിയ ഒരു നിറമാണ് സ്കൂൾ ബസ് മഞ്ഞ. യഥാർത്ഥത്തിൽ നാഷണൽ സ്കൂൾ ബസ് ക്രോം എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ട ഈ നിറം ഇപ്പോൾ കാനഡയിലും യുഎസിലും നാഷണൽ സ്കൂൾ ‘’ബസ് ഗ്ലോസി യെല്ലോ’’ എന്നാണ് ഔദ്യോഗികമായി അറിയപ്പെടുന്നത്.

മഞ്ഞ നിറം വെറും തിളക്കമുള്ളതും സന്തോഷം നല്‍കുന്നതുമായ നിറമാണെന്ന് മാത്രമല്ല. പകല്‍ വെളിച്ചത്തില്‍ നമ്മുടെ കണ്ണുകള്‍ക്ക് കണ്ടെത്താന്‍ എളുപ്പമുള്ള നിറങ്ങളില്‍ മുന്നിലാണിത്. മറ്റ് നിറങ്ങളെക്കാളും കൂടുതല്‍ പ്രകാശത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. മഴ, മൂടല്‍മഞ്ഞ്, തുടങ്ങിയ മോശം കാലാവസ്ഥയിലും ഇത് വേറിട്ട് നില്‍ക്കുന്നു. അതുകൊണ്ടാണ് സ്‌കൂള്‍ ബസുകള്‍ക്ക് ഇത് അനുയോജ്യമാകുന്നത്.

ഈ നിറം പെട്ടെന്ന് ശ്രദ്ധയിൽപ്പെടുകയും ദൂരെ നിന്ന് പോലും എളുപ്പത്തിൽ തിരിച്ചറിയാനും കഴിയും. ഇത് ഡ്രൈവർമാർക്കും കാൽനടയാത്രക്കാർക്കും ജാഗ്രത നൽകുന്നു, അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു. സ്കൂൾ ബസ്സുകൾക്ക് മഞ്ഞ നിറം നൽകുമ്പോൾ, ഡ്രൈവർമാർക്ക് കൂടുതൽ ശ്രദ്ധയോടെ വാഹനമോടിക്കാൻ ഇത് പ്രോത്സാഹിപ്പിക്കുന്നു. കുട്ടികൾ റോഡ് മുറിച്ചു കടക്കുമ്പോൾ കൂടുതൽ ശ്രദ്ധയും ജാഗ്രതയും നൽകാനും ഇത് സഹായിക്കുന്നു…

Share News