നമ്മുടേതല്ലാത്ത ഒരു സാഹചര്യത്തിൽ ഒരു ജാതിയിലോ മതത്തിലോ ഒരു ദേശത്തിലോ പെട്ടുപോയതിന്റെ പേരിൽ ജീവിക്കാനുള്ള അവകാശം നിഷേധിക്കരുത്.

Share News

ഇന്നലെ ഒരൊറ്റ ദിവസം കൊണ്ടാണ് ഞാൻ പോലും അറിയാതെ ‘ക്രിസംഘി’ ആയി മാറിയത്. കൃത്യമായി പറഞ്ഞാൽ സാമ്പത്തിക സംവരണത്തെ കുറിച്ച് ഒരേ ഒരു വരി എഴുതിയതിന് ശേഷം . എന്നാൽ പിന്നെ കുറച്ച് വർഗീയത പറഞ്ഞുകൊണ്ട് ആ പട്ടം അങ്ങ് സ്വീകരിക്കാം എന്ന് ഞാനും തീരുമാനിച്ചു.

ഉമ്മൻ ചാണ്ടി മന്ത്രി സഭയാണ് ഈ അടുത്ത കാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ ഏറ്റവും നല്ല മന്ത്രി സഭ . ആദ്യ കാല ഘട്ടത്തിൽ യാതൊരു കുഴപ്പവും ഇല്ലാതെ നന്നായി പൊയ്ക്കൊണ്ടിരുന്ന ആ മന്ത്രിസഭയുടെ താളം തെറ്റിച്ച ആദ്യ നടപടി ഉണ്ടായത് പ്രതിപക്ഷത്ത് നിന്നല്ല, മറിച്ച് UDF ലെ പ്രബല കക്ഷിയായ മുസ്ലിം ലീഗിൽ നിന്നാണ് . അതാണ് അഞ്ചാം മന്ത്രി വിവാദം .അതോടെ NSS ഉൾപ്പടെയുള്ള ഇവിടുത്തെ ഭൂരിപക്ഷ സമുദായങ്ങൾ ആ മന്ത്രിസഭയെ സംശയത്തോടെ കാണാൻ തുടങ്ങി

.

അന്ന് ആ മന്ത്രിസഭയുടെ കാലത്ത് മുഖ്യമന്ത്രി ആകാൻ ശ്രമിച്ച കെ എം മാണിയെ പോലെ തക്കം കിട്ടിയാൽ മുസ്‌ലിം ലീഗിൽ നിന്നും ഒരു മുഖ്യമന്ത്രി ഉണ്ടാകാനുള്ള ശ്രമം ഇപ്പോൾ തന്നെ തുടങ്ങിയിട്ടുണ്ട്. സ്വന്തമായി അധികാരം കിട്ടിയില്ലെങ്കിൽ സി പി എം അതിന് ചിലപ്പോൾ ഓശാന പാടുകയും ചെയ്യും. കാരണം അതിനുള്ള എല്ലാ ഒത്ത് കളികളും കാലങ്ങളായി ഈ രണ്ടു കക്ഷികളും തമ്മിലുണ്ട്

ഇപ്പോഴാണെങ്കിൽ, സംവരണ പ്രശ്നം വന്നിരിക്കുന്നു. UDF ന് തത്വത്തിൽ സാമ്പത്തിക സംവരണത്തോട് എതിർപ്പില്ല എന്നാണു ഇന്ന് മാതൃഭൂമി അടക്കമുള്ള പത്രങ്ങളിൽ വരുന്ന വാർത്ത. പക്ഷേ മുസ്ലിം ലീഗിന് എതിർപ്പാണത്രെ . മുസ്ലിം ലീഗ് അത് വിവാദമാക്കാനും തുടങ്ങി. നോക്കണം, കള്ളക്കടത്തുകാരനായ ഒരു മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിസഭയും സ്വർണ്ണ കള്ളക്കടത്തും മയക്കു മരുന്നും സ്വപ്നയും സ്പ്രിങ്ക്ലറും തുടങ്ങി ഈ ലോകത്തുള്ള സകല നാറ്റ കേസുകളിലും ചെന്ന് ചാടി , ഈ നാട് കൊള്ളയടിക്കുകയും കേരളം മുഴുവൻ ജാഗ്രതയിൽ നിൽക്കുകയും ചെയ്യുന്ന സമയത്താണ് ആ വിഷയങ്ങളിൽ നിന്നൊക്കെ ശ്രദ്ധ തീർക്കാൻ ഈ സർക്കാർ എടുത്ത് വീശിയിരിക്കുന്ന ഇരുതല വാളിൽ കയറി മുസ്ലിം ലീഗ് പിടിച്ചിരിക്കുന്നതും UDF നെ കുഴിയിൽ ചാടിക്കുന്നതും .

ഇത് വായിക്കുന്നവർക്ക് ഓർമ്മ ഉണ്ടാകും, വി പി സിംഗ് സർക്കാരിന്റെ കാലത്തെ മണ്ഡൽ കമീഷൻ റിപ്പോർട്ടും അതിനെ തുടർന്ന് സി പി എമ്മിനോടൊപ്പം ആ മന്ത്രിസഭക്ക് പിന്തുണ നൽകിയിരുന്ന ബി ജെ പി ആ പിന്തുണ പിൻവലിക്കുന്നതും ഒക്കെ . അന്ന് കോൺഗ്രസ് എടുത്ത നിലപാടോടു കൂടി ഇന്ത്യയിലെ ഭൂരിപക്ഷ സമുദായങ്ങൾ കോൺഗ്രസിനെ കൈവിട്ടു. ബി ജെ പി മുഖ്യമന്ത്രി ഭരിച്ചിരുന്ന ഉത്തർപ്രദേശിലെ ബാബ്റി മസ്ജിദിന്റെ പേരിൽ മുസ്ലിം സമുദായവും കോൺഗ്രസിനെ കൈവിട്ടു. അതോടെ കോൺഗ്രസിന്റെ കാര്യം ഒരു തീരുമാനമായി .

ഏതാണ്ട് ഈ ഒരു അവസ്ഥയിലേക്കാണ് കേരളത്തിലെ കോൺഗ്രസിനെ മുസ്ലിം ലീഗ് എത്തിക്കാൻ പോകുന്നത് . വി പി സിംഗ് മോഡലിൽ പിണറായി വിജയൻ ഒരു ‘മണ്ഡൽ കമ്മീഷൻ’ ഓപ്പറേഷൻ നടത്തി . അവസാനം മുസ്ലിം ലീഗും കൂടെ ഉണ്ടാകില്ല, ഇവിടുത്തെ മറ്റു സമുദായങ്ങളും കൂടെ ഉണ്ടാകില്ല എന്നൊരു അവസ്ഥ ഉണ്ടാകും, ഇത് മനസിലാക്കാൻ കോൺഗ്രസിന് വിവേകവും വിവരവും ഉണ്ടാകണം. ഉണ്ടായാൽ നല്ലത്.

ഇന്നലെ ഞാൻ ഇത് പറഞ്ഞപ്പോൾ എന്നോട് ഒരു ചങ്ങാതി പറഞ്ഞത് ജനസംഖ്യയിൽ 28 ശതമാനമുള്ള വിഭാഗത്തിന് ജനസംഖ്യയിൽ 18 ശതമാനം മാത്രമുള്ള ക്രിസ്ത്യൻ സമുദായത്തിന് ലഭിക്കുന്നതിന് അനുസരിച്ചുള്ള അവസരങ്ങൾ ലഭിക്കുന്നില്ല എന്നാണ്. എനിക്ക് അതിന്റെ വിശദമായ കണക്ക് അറിയില്ല. പക്ഷെ ജനസംഖ്യയുടെ എണ്ണം അനുസരിച്ചാണോ നമ്മുടെ സമൂഹത്തെ മുന്നോട്ട് നയിക്കേണ്ടത് ? അങ്ങനെ എങ്കിൽ RSS പറയുന്നത് ശരിയല്ലേ ?

ക്രിസ്ത്യൻ സമുദായത്തിൽ ന്യൂറോ സർജൻമാർ കുറവാണ് എന്ന് കരുതി ക്രിസ്ത്യൻ സമുദായത്തിൽപെട്ട 100 പേരെ ന്യൂറോ സർജന്മാരാക്കാമെന്ന് തീരുമാനിച്ചാലോ ? അല്ലങ്കിൽ നായർ സമുദായത്തിൽ നിന്നും പൈലറ്റ്മാർ കുറവാണ് എന്ന് പറഞ്ഞുകൊണ്ട് കുറച്ച് പേരെ പൈലറ്റ് ആക്കി നിയമിക്കാൻ പറ്റുമോ ? അതിന് സമുദായത്തിന്റെ ക്വോട്ടയും മണ്ണാങ്കട്ടയും ഒന്നുമല്ല വേണ്ടത്, വ്യക്തിപരമായ കഴിവും അറിവുമാണ് വേണ്ടത് .

ഉത്തരവാദിത്വവും ദീർഘ വീക്ഷണവുമുള്ള സമുദായങ്ങളും സംഘടനകളും ചെയ്യേണ്ടത് ഡോക്ടർമാരാക്കാനും പൈലറ്റ് ആക്കാനും ഒക്കെ ആവിശ്യമായ പരിശീലനം കുഞ്ഞിലേ അവർക്ക് നൽകി , മിടുക്കരായി വളർത്തി എടുത്ത് ആ നിലയിലേക്ക് ഉയർത്തുക എന്നതാണ്. എൻ്റെ അറിവിൽ, അങ്ങനെ വളർന്നു വരുന്ന മിടുക്കരെ തടയാൻ ഒരു ജാതീയതക്കും വർഗീയതക്കും ഒരു സിസ്റ്റത്തിനും കഴിയില്ല എന്ന് തന്നെയാണ്.

ഇപ്രാവശ്യത്തെ നീറ്റ് പരീക്ഷയിൽ മുൻനിര റാങ്ക് നേടിയവരെ നോക്കൂ. മുൻവർഷത്തേതിൽ നിന്നും വ്യത്യസ്തമായി മുസ്ളീം വിഭാഗത്തിൽ പെട്ട ഒരുപാട് കുഞ്ഞുങ്ങൾ ഉണ്ട്. അതിൽ തന്നെ പെൺകുട്ടികൾ. അതിൽ ജാതിക്കും മതത്തിനും അപ്പുറം ആ പ്രായത്തിലുള്ള ഒരു പെൺകുട്ടിയുടെ പിതാവ് എന്ന നിലയിൽ വ്യക്തിപരമായി ഒരുപാട് സന്തോഷവും ഉണ്ട്. ആ സന്തോഷത്തിന്റെ കാരണം ഇന്നും അടിച്ചമർത്തപ്പെട്ട ഒരു വിഭാഗം ഉണ്ടെങ്കിൽ അത് ആ പെൺകുട്ടികൾ ആണ് എന്നതാണ്. ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ തന്റെ ഫോട്ടോ വെക്കാൻ പോലും അനുവാദം ഇല്ലാത്ത , തന്റെ ഫോട്ടോയുടെ സ്ഥാനത്ത് തന്റെ ഭർത്താവിന്റെ ഫോട്ടോ വെക്കേണ്ടി വരുന്ന ഹതഭാഗ്യർ… അവരെ ആദ്യം ഒരു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടു വരുക എന്നതാണ് ആദ്യം ചെയ്യേണ്ടത് . ആ കുട്ടികൾ ആ വിജയം കരസ്ഥമാക്കിയത് അവർ ആ വിഭാഗത്തിൽ പെട്ടവരായതുകൊണ്ടല്ല, അവർ മിടുക്കരായതുകൊണ്ടാണ് . അവരെ സംവരണം പറഞ്ഞ് അപമാനിക്കരുത്. എല്ലാ ജാതിയിലും മതത്തിലും വംശത്തിലും പെട്ട കുഞ്ഞുങ്ങൾ അങ്ങനെ മിടുക്കരായി മുന്നോട്ട് വരുമ്പോൾ സമൂഹം വളരും, രാജ്യം വളരും. ഇത്രയും മിടുക്കരായ ഇതേ കുഞ്ഞുങ്ങളെ സംവരണാനുകൂല്യം കൊണ്ട് മാത്രം മറ്റേതെങ്കിലും കുട്ടികൾ പിന്നിലാക്കിയാൽ, ഈ കുഞ്ഞുങ്ങളുടെ അവസരം നഷ്ടപ്പെട്ടാൽ അത് ആ കുഞ്ഞുങ്ങൾക്ക് മാത്രമല്ല നഷ്ടം ഈ രാജ്യത്തിന് മൊത്തം ആണ്.

ജനസംഖ്യാ കണക്കിനോട് കൂടി ഒന്ന് കൂടി കൂട്ടിച്ചേർത്തോട്ടെ… ഇന്ദിര ഗാന്ധിയാണ് ‘നാം രണ്ട് , നമുക്ക് രണ്ട് ‘ എന്ന മുദ്രാവാക്യം നമ്മുടെ നാടിന്റെ നന്മക്ക് വേണ്ടി സമർപ്പിച്ചത്. ഞാൻ ഉൾപ്പെടുന്ന സമുദായവും ഇവിടുത്തെ ഭൂരിപക്ഷ സമുദായങ്ങളും നാടിന്റെ നന്മക്ക് വേണ്ടി ആ മുദ്രവാക്യം ഏറ്റുപിടിച്ചു. എന്നെ പോലെ രാജാവിനെക്കാൾ വലിയ രാജ ഭക്തി ഉള്ളവർ നാം രണ്ട് , നമുക്ക് രണ്ട് എന്നതിന് പകരം നാം രണ്ട് , നമുക്ക് ഒന്ന് എന്നാക്കി. പക്ഷെ രാജ്യത്തെക്കാൾ മറ്റു താല്പര്യങ്ങൾ ഉണ്ടായിരുന്ന ചിലർ ഇന്ദിര ഗാന്ധി പറഞ്ഞത് കേട്ട മട്ടുപോലും കാണിച്ചില്ല. അങ്ങനെയാണ് ചിലർക്ക് എണ്ണം കൂടിയതും ചിലർക്ക് എണ്ണം കുറഞ്ഞതും. എന്നിട്ട് ഇപ്പോൾ പറയുന്നത് ഞങ്ങൾക്ക് എണ്ണം കൂടിയത് കൊണ്ട് നിങ്ങൾക്ക് ഉള്ളതും കൂടി ഞങ്ങൾക്ക് തരണം എന്നാണ്. ഇത് തന്നെയാണ് RSS കാരനും പറയുന്നത്, ഞങ്ങൾ ആണ് ഭൂരിപക്ഷം , ബാക്കിയുള്ളവർ ഞങ്ങളെ അനുസരിച്ചോണം എന്ന്

ഈ രാജ്യത്തിന്റെ ഭരണാധികാരിയുടെ ആഹ്വാനത്തോട് പോസിറ്റിവ് ആയി പ്രതികരിച്ചവർ മണ്ടന്മാരും മുഖം തിരിച്ച് നിന്നവർ മിടുക്കന്മാരും ……!!! ഈ രീതിയിൽ ആണെങ്കിൽ കുറച്ച് നാൾ കഴിയുമ്പോൾ എന്നെപോലുള്ളവരോട് പറയുമല്ലോ റോമിലോട്ട് പൊയ്ക്കോളാൻ ….

മുസ്ലിം ലീഗിന്റെ അഭിപ്രായത്തിൽ ആ സമുദായം OBC യിൽ പെട്ടതാണ് എന്നാണ്. അത് എങ്ങനെ ആണ് എന്ന് മാത്രം മനസിലാകുന്നില്ല . അങ്ങനെ ആണെങ്കിൽ എന്താണ് OBC യുടെ മാനദണ്ഡം ? എന്നെ പോലുള്ള ഒരാൾ എന്ത് മാനദണ്ഡത്തിൽ ആണ് മുന്നോക്കം ആകുന്നത് ?

ഒരു കാര്യം കൃത്യമായി പറയാം . കുറച്ചെങ്കിലും മതാതീമായി ചിന്തിച്ചിരുന്ന മുസ്ലിം ലീഗ് പൂർണ്ണമായും ഒരു വർഗീയ കക്ഷി ആയികൊണ്ടിരിക്കുന്നു എന്നതാണ് അത്. ബാബ്റി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ നമ്മുടെ നാട്ടിൽ വർഗീയ സംഘർഷം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിച്ച പാണക്കാട് തങ്ങളിൽ നിന്നും പിൻതലമുറയിലെ പാണക്കാടനിലക്ക് എത്തുമ്പോൾ ക്രിസ്ത്യൻ പള്ളികൾ മോസ്കുകളാക്കി മാറ്റുന്നത് മഹത്തരവും ബാബ്റി മസ്ജിദ് തകർത്തത് മോശവും ആകുന്നത് ആ പരിണാമം കൊണ്ടാണ് . അതുകൊണ്ടാണ് പിൻതലമുറയിലെ പാണക്കാടന് തനി വർഗീയത തന്റെ ഫേസ് ബുക്കിലും മുസ്ലിം ലീഗിന്റെ പത്രമായ ചന്ദ്രികയിലും എഴുതിപ്പിടിപ്പിക്കാൻ സാധിക്കുന്നത് . അതുകൊണ്ടാണ് ക്രിസ്ത്യൻ സ്ഥാപനങ്ങൾ സാമ്പത്തികമായും അല്ലാതെയും തകർക്കുന്ന പ്രചാര വേലകൾക്ക് സംഘടിതമായി നേതൃത്വം നൽകാൻ ഈ വർഗീയ വാദികൾക്ക് കഴിയുന്നത്.

സംവരണ കാര്യത്തിൽ മാത്രം അല്ല, സർക്കാരിന്റെ ആനുകൂല്യങ്ങൾ പോലും ഒരു മതേതര രാജ്യത്ത് അതിൻറെ അന്തസത്തക്ക് നിരക്കാത്ത വിധത്തിൽ കൈകാര്യം ചെയ്യുന്നത് കാണുമ്പോൾ എല്ലാക്കാലവും എല്ലാവരും മിണ്ടാതിരിക്കില്ല . മത ന്യൂന പക്ഷങ്ങൾക്ക് വേണ്ടി മദർ തെരേസയുടെ പേരിൽ ഏർപ്പെടുത്തിയ സ്കോളർഷിപ്പ് പോലും 80 ശതമാനം ഒരു വിഭാഗത്തിനും ബാക്കി 20 ശതമാനം മറ്റ് എല്ലാ വിഭാഗങ്ങൾക്കും കൂടി എന്ന് പറയുമ്പോൾ അറിയാം ഇവരുടെ ഒക്കെ മനസിലെ വർഗീയതയുടെ ആഴം .

അതുപോലെ തന്നെ ഹാത്രസിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് പോയ പത്ര പ്രവർത്തകനെ ബി ജെ പി സർക്കാർ അറസ്റ്റ് ചെയ്ത് തടങ്കലിൽ ആക്കിയപ്പോൾ ഒരുപാട് പ്രതിഷേധം ഉണ്ടായി. നല്ല കാര്യം. ഞാനും പ്രതിഷേധിക്കുന്നു. പക്ഷെ സ്റ്റാൻ സ്വാമി എന്ന വയോധികനായ ഒരു വൈദികനെ നക്സൽ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തപ്പോൾ ഒരു നേതാവും ഇല്ല പ്രതികരിക്കാൻ. സി പി എം ഗുണ്ടകൾ കോൺഗ്രസുകാരെ കൊന്നാൽ ഉടൻ അംനേഷ്യ പിടിപെടുകയും കോൺഗ്രസുകാർ തിരിച്ചൊന്ന് ഞോണ്ടിയാൽ ഉടൻ പ്രസ്താവനയുമായി ചാടി വീഴുകയും ചെയ്യുന്ന സാംസ്കാരിക നായകന്മാരെ പോലെ അല്ല രാഷ്ട്രീയ നേതൃത്വം ഇടപെടേണ്ടത് . പ്രത്യേകിച്ച് ഒരു മതേതര രാഷ്ട്രത്തിലെ മതേതര രാഷ്ട്രീയ പാർട്ടികൾ. അങ്ങനെ ചെയ്താൽ നിങ്ങൾ ഒന്നാംതരം വർഗീയ വാദികൾ ആണെന്ന് പറയേണ്ടി വരും.

ഒരു കാര്യം കൂടി മുസ്ലിം ലീഗിനെ ഓർമ്മിപ്പിക്കുന്നു, ബി ജെ പി യെ പോലെ ഒരു വർഗീയ ശക്തിയുടെ കൈയിൽ ഈ നാടിനെ കൊണ്ടെത്തിച്ചതിൻ്റെ ഉത്തരവാദിത്വം ഞാൻ കൂടി ഉൾപ്പെടുന്ന ഇവിടുത്തെ മത ന്യൂന പക്ഷങ്ങൾക്ക് ഉണ്ട് . അത് മറക്കരുത് .

നമ്മുടെ മാതാപിതാക്കളെ നമ്മൾ തിരഞ്ഞെടുത്തതല്ല. നമ്മുടെ മതം നമ്മൾ തിരഞ്ഞെടുത്തതല്ല . നമ്മൾ ജനിച്ച നാട് നമ്മൾ തിരഞ്ഞെടുത്തതല്ല . നമ്മുടേതല്ലാത്ത ഒരു സാഹചര്യത്തിൽ ഒരു ജാതിയിലോ മതത്തിലോ ഒരു ദേശത്തിലോ പെട്ടുപോയതിന്റെ പേരിൽ ജീവിക്കാനുള്ള അവകാശം നിഷേധിക്കരുത്.

അതുകൊണ്ട് തന്നെ ജാതി സംവരണം എന്ന ഉട്ടോപ്പിയൻ ആശയം നിർത്തേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു. ഇത്തരം ഒരു കലാപരിപാടി ലോകത്ത് വേറെ ഏതെങ്കിലും രാജ്യത്ത് ഉണ്ടോ എന്നറിയില്ല . ഉണ്ടെങ്കിൽ അത് അറിയാവുന്നവർ ഒന്ന് പങ്കുവെച്ചാൽ നന്നായിരുന്നു.

നല്ല വിദ്യാഭ്യാസം നൽകുക … നല്ല ജീവിത സാഹചര്യം സൃഷ്ടിക്കുക … അതിനപ്പുറം ഉള്ളതെല്ലാം സ്വയം നേടിയെടുക്കേണ്ടതാണ്. അതാണ് ശരിയും .വാൽകഷ്ണം :

കോൺഗ്രസുകാരനായ എൻറെ ഏറ്റവും പ്രിയപ്പെട്ട ചില സുഹൃത്തുക്കളോടാണ്. അഭിപ്രായ വ്യത്യാസം ഉണ്ടാകുമ്പോൾ അത് പറയുന്നവനെ ഏതെങ്കിലും ലേബൽ അടിക്കുകയല്ല വേണ്ടത് . മറിച്ച് അത് തെറ്റാണെങ്കിൽ സൗമ്യമായി അത് പറഞ്ഞ് മനസിലാക്കിയാണ് വേണ്ടത്.

ഒരു ജാതിയുടെയും മതത്തിന്റെയും സംവരണത്തിന്റെയും ബലത്തിൽ അല്ല ഇവിടെ വരെ എത്തിയതും കോൺഗ്രസുകാരനായി അഭിമാനത്തോടെ ജീവിക്കുന്നതും. പലപ്പോഴും കോൺഗ്രസ് ഇല്ലാതായി എന്ന് പറയുന്ന പലരോടും ഞാൻ പറഞ്ഞിട്ടുണ്ട്, ഞാൻ മരിക്കുന്നിടം വരെ എങ്കിലും കോൺഗ്രസ് എന്ന ആശയം ഇല്ലാതാകില്ല. കാരണം എൻറെ മരണം വരെ ഞാൻ കോൺഗ്രസുകാരനായിരിക്കും. അത് പഞ്ചായത്ത് മെമ്പറോ മന്ത്രിയോ ഒന്നും ആകാം എന്ന് കരുതിയിട്ടല്ല, ആ ആശയത്തിന് പകരം വെക്കാൻ വേറെ ഒരു ആശയം ഇല്ല എന്ന ഉത്തമ ബോധ്യം കൊണ്ടാണ് . അതുകൊണ്ട് ജീവിതത്തിൽ ഒരിക്കലും വർഗീയമായി ചിന്തിക്കാത്ത ഒരാളെന്ന ഉത്തമ ബോദ്ധ്യത്തിൽ തന്നെ പറയുന്നു, വെറുതെ ചാപ്പ കുത്തൽ പരിപാടി ഒന്നും എന്റെ അടുത്തേക്ക് വേണ്ട

Babu K Thomas

Share News