![](https://nammudenaadu.com/wp-content/uploads/2020/07/107723507_4055801797825470_8978841349906763686_o.jpg)
എല്ലാ ഓണത്തിനും ഡോ. എം. ലീലാവതി ഓണപ്പുടവ സമ്മാനിക്കുന്ന ഒരാളേ ഭൂമുഖത്തുള്ളൂ. അത് രതിയമ്മ എന്ന പ്രഫ. രതി മേനോനാണ്.
രണ്ടു വർഷം മുമ്പുള്ള ഒരു ഓണക്കാലത്ത് കൈയിലൊരു പുസ്തകവുമായി രതിയമ്മ വീണ്ടും എന്നെ കാണാനായി ഓഫിസിലേക്കു കയറിവന്നു.
പുത്തൻ സെറ്റുസാരിയാണ് ഉടുത്തിരുക്കുന്നത്. കണ്ടാലറിയാം, ഓണക്കോടി.. ഞാൻ സൂക്ഷിച്ചു നോക്കി.
‘നോക്കണ്ട, ആരു തന്നതാണെന്ന് അറിയാലോ..?
രതിയമ്മയുടെ ചോദ്യം.
‘അമ്മ തന്നെ ഓണക്കോടിയല്ലേ? ലീലാവതിയമ്മ…?
’രതിയമ്മ നിറഞ്ഞു ചിരിച്ചു.എല്ലാ ഓണത്തിനും ഡോ. എം. ലീലാവതി ഓണപ്പുടവ സമ്മാനിക്കുന്ന ഒരാളേ ഭൂമുഖത്തുള്ളൂ. അത് രതിയമ്മ എന്ന പ്രഫ. രതി മേനോനാണ്.
വാർത്തയും പ്രസ് റിലീസും പ്രസ്താവനയും പുസ്തകങ്ങളുമായി മലയാള മനോരമയിലേക്കു കടന്നുവന്ന ചുരുക്കം ചിലർ പിന്നീടു പിരിയാനാവാതെയയെന്നോണം എന്റെ ജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്. ജന്മാന്തര സുകൃതം പോലെയാണ് അത്തരം ബന്ധങ്ങൾ. പറിച്ചെറിയാനാകില്ല. പോകട്ടെ എന്നു വച്ചാലും പോകില്ല. ഇനി ഇല്ല എന്നു പറഞ്ഞാലും ഇല്ലാതാകുന്നില്ല.വിരലിലെണ്ണാവുന്ന അത്തരം സുദൃഢ ബന്ധങ്ങളിലൊന്നാണു രതിയമ്മയുമായി ഉള്ളത്.
ലീലാവതി ടീച്ചറെ സ്വന്തം അമ്മയെപ്പോലെ സ്നേഹിക്കുന്നു എന്നതാണ് ഞങ്ങൾ ഇരുവരും തമ്മിലുള്ള സെയിംപിച്ച്. പക്ഷേ എന്റെയൊക്കെ എന്തു സ്നേഹം?
ജീവനു തുല്യം അല്ലെങ്കിൽ ജീവനേക്കാളാറെ മലയാള സംസ്കൃതിയുടെ അമ്മയായ, സ്വത്തായ ലീലാവതി ടീച്ചറെ സ്നേഹിക്കുന്ന, സംരക്ഷിക്കുന്ന രതിയമ്മയ്ക്കു മുന്നിൽ ഞാനാര്?
സ്വന്തം വയറ്റിൽ പിറന്നില്ല എന്നേയുള്ളൂ, രതിയമ്മയുടെ അവകാശമാണ് ലീലാവതി ടീച്ചർ. ദശാബ്ദങ്ങൾ പിന്നിടുന്ന ബന്ധം.രതിയമ്മയുടെ അമ്മ മഹാരാജാസ് കോളജിൽ ഫിസിക്കൽ എജ്യൂക്കേഷനിൽ അധ്യാപികയായിരുന്നു. ലീലാവതി ടീച്ചർ ശിഷ്യ. ടീച്ചറന്നു ടെന്നിസ് താരമായിരുന്നു. ഇന്നും വിംബിൾഡൺ കുത്തിയിരുന്നു കാണുന്ന എഴുത്തുകാരിയാണു ലീലാവതി.
രതിയമ്മ എംഎയ്ക്കു മലയാളമെടുക്കുന്നത് ലീലാവതി ടീച്ചർ പറഞ്ഞാണ്. എംഎം കഴിഞ്ഞപ്പോൾ ആലുവ സെന്റ് സേവ്യേഴ്സ് കോളജിൽ പ്രഫസറായി. കുറച്ചുനാൾ മുൻപു വകുപ്പു മേധാവിയായി വിരമിച്ചു. ഇതുവരെയുള്ള ജീവിതത്തിലത്രയും രതിയമ്മ ലീലാവതി ടീച്ചറുടെ നിഴൽ പോലെ കൂടെയുണ്ടായിരുന്നു. മകളായി, സുഹൃത്തായി, സഹായിയായി, സഹയാത്രികയായി പലവിധ റോളുകളിൽ.
ടീച്ചറുടെ ജീവിതത്തിലെ പല നിർണായകസന്ധികളിലും രതിയമ്മ സാക്ഷിയായി.‘ ടീച്ചർ പോരാളിയാണ്. ഇത്രയും ധീരയായ ഒരു സ്ത്രീയെ ഞാൻ കണ്ടിട്ടില്ല. ഒരിക്കൽ.. ഒരിക്കൽ മാത്രമാണ് ടീച്ചറെ ഞാൻ തളർന്നു കണ്ടിട്ടുള്ളത്.
ഭർത്താവ് സി.പി. മേനോന്റെ പെട്ടന്നുള്ള മരണത്തെ തുടർന്ന്.’രതിയമ്മ പറഞ്ഞു.‘ആ വിയോഗം ടീച്ചറെ തളർത്തിക്കളഞ്ഞു. നമുക്കു സങ്കൽപ്പിക്കാൻ പോലുമാകാത്ത ബന്ധമായിരുന്നു മേനോൻ സാറും ടീച്ചറും തമ്മിലുണ്ടായിരുന്നത്. ഭർത്താവിന്റെ വേർപാട് ടീച്ചറുടെ ആരോഗ്യത്തെ ബാധിക്കുമെന്നായപ്പോൾ ഞാൻ ഒരു മാസം കളമശേരിയിൽ പോയി ടീച്ചർക്കൊപ്പം താമസിച്ചു. ടീച്ചർക്ക് അത് ആശ്വാസമായി.
’ടീച്ചർക്കുള്ള ഗുരുദക്ഷിണയായി ‘വാഗർഥ പ്രതിപത്തി’ എന്ന പുസ്തകമെഴുതി രതിയമ്മ സമർപ്പിച്ചു. ലീലാവതി ടീച്ചറെക്കുറിച്ചുള്ള പ്രമുഖരുടെ ഓർമ്മകളാണ് അതിൽ സമാഹരിച്ചിരിക്കുന്നത്
. ലീലാവതി ടീച്ചർ ദൂരയാത്രകൾ നടത്തുമ്പോൾ രതിയമ്മയും ഒപ്പമുണ്ടാകും.‘എസി കാറും തീവണ്ടിയിലെ ഫസ്റ്റ് ക്ലാസ് യാത്രയും ടീച്ചർക്ക് ഇഷ്ടമല്ല. അതൊക്കെ വലിയ ആഡംബരമാണെന്നാണു പറയാറ്. കഴിവതും പബ്ളിക് ട്രാൻസ്പോർട്ട് സിസ്റ്റമേ ഉപയോഗിക്കൂ. നിവൃത്തയില്ലെങ്കിൽ മാത്രം കാറിൽ പോകും. ഒന്നോ രണ്ടോ പേർക്കു സഞ്ചരിക്കാൻ കാർ അധികപ്പറ്റാണെന്നാണു ടീച്ചർ പറയാറ്.’കെഎസ്ആർടിസി ബസിലും ട്രെയിനിൽ ജനറൽ കംപാർട്ടുമെന്റിലും ഇരുവരും ഒരുപാടു യാത്ര ചെയ്തു. ഇപ്പോൾ അനാരോഗ്യമുള്ള ഈ കാലത്തുപോലും ഡോ, ലീലാവതിയുട നിലപാടിനു മാറ്റമില്ല.
90 കഴിഞ്ഞ ആളാണ്. തൃശൂരിൽ സാഹിത്യ അക്കാദമിയിലേക്കു കൊച്ചിയിൽ നിന്നു പോവുകയാണെങ്കിൽ ഒന്നുകിൽ ബസ് അല്ലെങ്കിൽ തീവണ്ടിയിൽ ലോക്കൽ കംപാർട്ട്മെന്റ്.
രണ്ടു അമ്മമാർക്കും എന്റെ പ്രണാമം.
![](http://nammudenaadu.com/wp-content/uploads/2020/07/105592242_3982203131852004_8578099525734840990_n-1.jpg)
T B Lal
Journalist at Malayala Manorama