ഈ കോവിഡ് കാലഘട്ടം – കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ശ്രമങ്ങളാണ് ചിലർ നടത്തുന്നത്.
അഡ്വ ജോസി സേവ്യർ
കൊറോണാ എന്ന് കേൾക്കുമ്പോൾത്തന്നെ ചിലർക്ക് ഹാലിളകുന്നു. പിന്നീട് പ്രവർത്തിക്കുന്നതെല്ലാംസമചിത്തതയില്ലാതെ. പ്രത്യേകിച്ച് ഒരു കോവിഡ് മരണം സംഭവിക്കുമ്പോൾ .
ജനങ്ങളെ രണ്ടു ഭാഗമായി വിഭജിക്കുവാൻ ചില അഞ്ജാത ശക്തികൾ ചരടുവലിക്കുന്നു.
ഒരുവിഭാഗം – മൃതദേഹം പള്ളി ശിമിത്തേരിയിൽ സംസ്കരിക്കുന്നതിനെ വിവിധ ന്യായങ്ങൾ നിരത്തി തടുക്കാൻ ശ്രമിക്കുമ്പോൾ :
പരേതന്റെ ബന്ധുക്കൾ ഉൾപ്പെടുന്ന മറ്റുവിഭാഗം – പള്ളി ശിമിത്തേരിയിൽത്തന്നെ സംസ്ക്കരിക്കണമെന്ന് വാശിയോടെ അഭ്യർത്ഥിക്കുന്നു. (അവരുടെ അവകാശമാണിത്). മൃതദേഹം സംസ്ക്കരിക്കാനല്ലാതെ പിന്നെന്തിനാണ് ശിമിത്തേരി ?
തുടർന്ന് ആരോഗ്യ വകുപ്പും റവന്യൂ വകുപ്പും ഇടപെടുന്നു. അവർ ചില തീരുമാനങ്ങൾ കൈക്കൊള്ളുന്നു.
ഇതിനിടയിൽ സമയം കടന്നുപോകുന്നു. രണ്ടു വിഭാഗങ്ങളും തങ്ങളുടെ ഭാഗം ന്യായീകരിക്കുവാനായി മാധ്യമ ശ്രദ്ധ നേടുന്നു. ട്രോളർമാർ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇടവകയേയും വൈദികരേയും താറടിച്ച് നശിപ്പിക്കുന്നു. നാടു മുഴുവൻ ഈ കാര്യം പരക്കുന്നു.
ഇതുമായി യാതൊരു ബന്ധവുമില്ലാത്ത അന്യ മതസ്ഥർ പോലും ട്രോളി ട്രോളി കത്തോലിക്കാ സഭയെ ഒരു പരുവത്തിലാക്കുന്നു. വഴിയിൽ കെട്ടിയിട്ട ചെണ്ട പോലെ നമ്മളെല്ലാം ഉൾകൊള്ളുന്ന സഭ – അതിലെ കടന്നുപോകുന്നവന്റെ യെല്ലാം കൊട്ടു വാങ്ങി വേദനിക്കുന്നു. സഭാവിരുദ്ധർ എരിതീയിൽ എണ്ണയൊഴിച്ച് അറമാദിക്കുന്നു. നമ്മുടെ സഭയ്ക്കു സംഭവിക്കുന്ന ഈ അത്യാഹിതം കണ്ട് സഭാമക്കളായ നമ്മുടെ ഉള്ളം നീറുന്നു.
ഞാനിത് എഴുതുമ്പോൾ അന്തിമ തീരുമാനമായി – ഇടവക സെമിത്തേരിയിൽത്തന്നെ ഡീപ്പ് ബറിയൽ നടത്തി പ്രശ്നം പരിഹരിച്ചതായി വാർത്ത വന്നു. സമാധാനം!
പക്ഷെ ഇതിനിടയിൽ ഇടവകയിലും സമൂഹത്തിലും സംഭവിച്ച മുറിവുകൾ ഉണങ്ങുവാൻ നാളുകളേറെ എടുക്കും – വാഗ്വാദങ്ങൾ തുടർന്നുകൊണ്ടേയിരിക്കും. സഭയ്ക്ക് വരുവാനുള്ള ഡാമേജ് തുടർന്നു കൊണ്ടേയിരിക്കും.
ഇത്തരം തർക്കങ്ങൾ ഉണ്ടാക്കുന്നവർ ഒരു കാര്യം മറന്നു പോകുന്നു – നമ്മുടെ ശമിത്തേരികളിൽ അടക്കം ചെയ്യുന്ന 99% ശരീരങ്ങളും ഏതെങ്കിലും തരത്തിലു ള്ള രോഗങ്ങൾ മൂലം മരിച്ചവരാണെന കാര്യം. അവരെയെല്ലാവരെയും ഈ ശിമിത്തേരിയിൽ ത്തന്നെയാണ് അടക്കിയിരിക്കുന്നത് – എന്ന കാര്യം.
കോവിഡ് മരണം എന്നു കേൾക്കുമ്പോൾത്തന്നെ സ്വന്തം ഇടവകക്കാർ പോലും കയ്യൊഴിയുന്ന അവസ്ഥ. ഈ ശിമിത്തേരിയിൽ എടുക്കില്ല – എവിടെയെങ്കിലും കൊണ്ടുപോയി കുഴിച്ചിടുക അല്ലെങ്കിൽ കത്തിച്ചു കളയുക എന്ന് പ്രമാണിമാർ യോഗം കൂടി തീരുമാനിക്കുന്നു. വികാരിയച്ചന് കൂച്ചുവിലങ്ങിടുന്നു.
കോവിഡ് മൃതരെ ഡീപ്പ് ബറിയലിനു പോലും സമ്മതിക്കുന്നില്ല. കാരണം പറയുന്നത് ശിമിത്തേരി വെള്ളക്കെട്ടുള്ള പ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെന്ന് .
ഒരു കാര്യം നമുക്കെല്ലാവർക്കുമറിയാം : കടൽ – കായലോര പ്രദേശങ്ങലിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ള ശിമിത്തേരികളിൽ കുഴിയെടുക്കുമ്പോൾ 3 – 4 അടി താഴ്ച്ചയിൽത്തന്നെ വെള്ളം കനിക്കുന്നു. 6 അടിയാകുമ്പോൾ ജലപ്രളയം ! സാധാരണയായി രണ്ടു പേർ നിന്ന് വെള്ളം കോരി വറ്റിച്ചാണ് ശവപ്പെട്ടി ഇറക്കുന്നത് – മഴക്കാലമാണെങ്കിൽ ഇതിന് തീവ്രത കൂടും.
ഈ മഴക്കാലത്ത് ഡീപ്പ് ബറിയൽ കുഴിയെടുക്കുമ്പോൾ ഒരു പക്ഷെ മോട്ടോർ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിക്കേണ്ടിവരും. അത് ചെയ്യാതെ ഇവിടെ സംസ്ക്കരിക്കാൻ കഴിയുകയില്ല – എവിടെയെങ്കിലും കൊണ്ടുപോയി കത്തിച്ച് ചാരം കൊണ്ടുവന്ന് അടക്കുക തുടങ്ങിയ യുക്തി ഭദ്രമല്ലാത്ത തീരുമാനങ്ങൾ ഇടവകക്കമ്മറ്റി എടുക്കുന്നത് ക്രിസ്തീയതയാണോ ? അവർക്ക് നല്ല ബുദ്ധിയോ തിക്കൊടുക്കാൻ വിവരമുള്ളവർ ആരുംതന്നെ ഇല്ലാതായിപ്പോയോ ?
ഈ കമ്മറ്റിക്കാരുടെ സ്വന്തം ഭവനത്തിൽ ഇതു പോലൊരു അവസ്ഥ വന്നാൽ അവർ ഈ നിലപാടു തന്നെ എടുക്കുമോ ?
എന്നാൽ പര്യവസാനിച്ചതോ – ഈ ഡാമേജുകളെല്ലാം വരുത്തിയതിനു ശേഷം അതേ സിമിത്തേരിയിൽ 12 അടി താഴ്ച്ചയിൽ കുഴിയെടുത്ത് സംസ്കാരം നടത്തി.
പുതിയ യുഗത്തിലെ കൃസ്തീയ സംസ്കാരം ഇത്രത്തോളം ചെന്നു നിൽക്കുന്നു.
കോവിഡ് എന്ന് കേൾക്കുമ്പോൾത്തന്നെ എല്ലാവരുടെയും സമചിത്തത ഓടിയൊളിക്കുന്നു ! പള്ളിയിൽ കൂദാശ പരികർമ്മം പോലും അനുവദിക്കാതെ തീരുമാനങ്ങളെടുക്കുന്നു.
വിശ്വാസം – ശരണം – ഉപവി ഇവയെല്ലാം സ്വന്തം വീട്ടിൽ മാത്രം പ്രാക്ടീസ് ചെയ്താൽ മതി – ദൈവാലയത്തിൽ വേണ്ട എന്ന നിലപാട് !
ദൈവം തന്നെ തുണ !