
എൻഐഎ ഓഫീസിൽ എട്ടു മണിക്കൂര്‍: ജലീലിന്റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി
കൊച്ചി: എന്‍.ഐ.എ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി മന്ത്രി കെ.ടി ജലീല്‍ ഓഫീസിന് പുറത്തിറങ്ങി. .ഇന്ന് പുലര്‍ച്ചെ ആറിനാണ് മന്ത്രി എന്‍ഐഎ ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്.
എട്ട് മണിക്കൂറോളമാണ് മന്ത്രി എന്‍.ഐ.എ ഓഫീസിലുണ്ടായിരുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ 11 മണിക്കൂറിലധികം നീണ്ടുനിന്ന ചോദ്യംചെയ്യലിനു പിന്നാലെയാണ് എന്‍ഐഎയുടെ മുന്‍പിലും മന്ത്രി ചോദ്യം ചെയ്യലിനായി ഹാജരായത്.
എന്‍ഐഎ ഓഫീസില്‍നിന്ന് സ്വകാര്യവ്യക്തിയുടെ വാഹനത്തില്‍ പുറത്തേയ്ക്കിറങ്ങിയ മന്ത്രി വഴിയിലിറങ്ങി മറ്റൊരു വാഹനത്തില്‍ കയറിയാണ് മടങ്ങിയത്. ചോദ്യം ചെയ്യലിനു ശേഷം ഗസ്റ്റ്ഹൗസില്‍ എത്തി വിശ്രമിച്ച് തിരുവനന്തപുരത്തേക്ക് മടങ്ങുമെന്നായിരുന്നു ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നത്. ഇതിനു വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ടൂറിസം വകുപ്പിന്റെ കാര്‍ മന്ത്രിക്ക് തിരുവനന്തപുരത്തേക്ക് മടങ്ങാന്‍ ഇവിടേക്ക് വിളിച്ചുവരുത്തിയിരുന്നു.
ഇവിടെനിന്നും ഗസ്റ്റ്ഹൗസിലേക്ക് അഞ്ച് മിനിറ്റ് യാത്രയാണ് ഉള്ളത്. എന്നാല്‍ എന്‍ഐഎ ഓഫീസില്‍നിന്നും ഇറങ്ങിയ മന്ത്രി ഗസ്റ്റ്ഹൗസില്‍ എത്തിയില്ല. മന്ത്രി കയറിയ സ്വകാര്യവാഹനം ഇവിടേക്ക് എത്തിയെങ്കിലും അദ്ദേഹം ഇതില്‍ ഉണ്ടായിരുന്നില്ല. തിരുവനന്തപുരത്തേക്ക് മറ്റൊരു വാഹനത്തില്‍ മടങ്ങിയെന്നാണ് വിവരം.
തിരുവനന്തപുരത്ത് നിന്ന് ഇന്നലെ രാത്രി കൊച്ചിയിലേക്ക് ഔദ്യോഗികവാഹനത്തില്‍ പുറപ്പെട്ട മന്ത്രി പുലര്‍ച്ചെ സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ എം.എം യൂസഫിന്റെ വണ്ടിയില്‍ കയറി പുലര്‍ച്ചെ അഞ്ചരയോടെ എന്‍.ഐ.എ ഓഫീസിലെത്തുകയായിരുന്നു.
മന്ത്രി നേരത്തേ എത്തിയതറിഞ്ഞ് എട്ടേകാലോടെത്തന്നെ എന്‍.ഐ.എ ഉദ്യോഗസ്ഥരുമെത്തി. അവിടെ നിന്ന് പുലര്‍ച്ചെ എട്ടരയോടെ ചോദ്യം ചെയ്യല്‍ തുടങ്ങി.
സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ടാണ് മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് വേണ്ടി വിളിപ്പിച്ചതെന്നാണ് വിവരം. മാര്‍ച്ച് നാലിന് എത്തിയ നയതന്ത്ര ബാഗേജിനെ പറ്റിയും ചോദ്യം ചോദ്യം ചെയ്യുന്നതെന്നാണ് സൂചനകള്‍.
ജലീലിനെ എന്‍ഐഎ ചോദ്യംചെയ്യാന്‍ വിളിച്ചതായുള്ള വാര്‍ത്ത പുറത്തുവന്ന ഉടന്‍തന്നെ പ്രതിപക്ഷവും ബിജെപിയും ജലീലിന്റെ രാജി എന്ന ആവശ്യം ശക്തമായുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം ജലീല്‍ രാജിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് സി.പി.എമ്മിന്റെ നിലപാട്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജലീല്‍ ഒരു കേസിലും പ്രതിയല്ലെന്നും അദ്ദേഹം രാജിവയ്ക്കേണ്ട കാര്യമില്ലെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു. അതേസമയം സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ്, ബി.ജെ.പി, മുസ്ലീം ലീഗ് പ്രതിഷേധം തുടരുകയാണ്.