അധികാര സ്ഥാനങ്ങളിൽ നിന്നും അനുവാദം ലഭിച്ചിട്ടും ചിലർ അതിന് തടസ്സവാദങ്ങളുമായി ഇപ്പോൾ മുന്നോട്ടു വരുന്നതിൽ ദുരൂഹതയുണ്ട്.

Share News

നമ്മുടെ പള്ളികൾ രോഗവ്യാപനം നടത്തുമോ?

നടത്തും –

കോവിഡ് രോഗികളും രോഗലക്ഷണങ്ങൾ ഉള്ളവരും
പള്ളിയിൽ കയറി വന്നാൽ .

രോഗപ്രതിരോധ ശേഷി കുറവുള്ള

65 വയസ്സു കഴിഞ്ഞവരും
10 വയസ്സിൽ താഴെയുള്ളവരും
ഗർഭിണികളും
മറ്റു വിവിധ രോഗങ്ങളുള്ളവരും

പള്ളിയിൽ കടന്നു വന്നാൽ,
പള്ളി, കോവിഡ് മാനദണ്ഡങ്ങൾക്കനുസരണമായി ശുചീകരിച്ചില്ലെങ്കിൽ,വരുന്നവർ സാമൂഹ്യ അകലം പാലിച്ച് പള്ളിയിൽ പെരുമാറിയില്ലെങ്കിൽ,
പരസ്പർശനം വരുന്ന തരത്തിലുളള ആരാധന ക്രമങ്ങൾ പള്ളിയിൽ നടത്തിയാൽ ,
പള്ളിയിൽ കടന്നു വരുമ്പോഴും പള്ളി കഴിഞ്ഞ് പോകുമ്പോഴും വിശ്വാസികൾ സാമൂഹ്യ അകലം പാലിച്ചിച്ചില്ലെങ്കിൽ,
വരുന്നവരെല്ലാം ഫേസ് മാസ്ക്ക് ധരിച്ചില്ലെങ്കിൽ,

നാം ഇവയൊന്നും ചെയ്തില്ലെങ്കിൽ നമ്മുടെ പള്ളികൾ രോഗം പരത്തുന്ന ഇടങ്ങളായിത്തീരാൻ സാധ്യതയുണ്ട്.

എന്നാൽ ഇടവകാംഗങ്ങൾ എല്ലാവരും മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെട്ടവർ മാത്രമാണോ ?
അധികാരികളുടെ നിർദേശങ്ങൾ പാലിക്കുന്ന നൂറു കണക്കിന് വിശ്വാസികൾ നമ്മുടെ ഓരോ ഇടവകകളിലും ഇല്ലേ ? അവർക്ക് പള്ളിയിൽ വരുന്നതിന് മറ്റാർക്കെങ്കിലും വിരോധമുണ്ടോ ?

അവർക്ക് പള്ളിയിൽ വരണ്ടേ? ദിവ്യബലിയിൽ പങ്കെടുക്കേണ്ടേ ? അതിനായി നമ്മുടെ ദൈവാലയങ്ങൾ തുറക്കേണ്ടേ ?

നമ്മുടെ പള്ളികൾ തുറക്കാതെ പൂട്ടിത്തന്നെ ഇടണം എന്ന് ചിലർ നിർബന്ധം പിടിക്കുന്നത് ആരുടെ തല്പര്യം സംരക്ഷിക്കാനാണ്?
ധാരാളം വിശ്വാസികൾ പള്ളിയിൽ വരണമെന്നും ദിവ്യബലിയിൽ പങ്കെടുക്കണമെന്നും താല്പര്യപ്പെടുന്നവരാണ്.
ദിവ്യബലിയുടെ മഹത്വം അറിയുന്നവരാണ്.

പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ ശക്തിയും അതിൽ നിന്ന് ഉത്ഭവിക്കുന്ന പരിശുദ്ധാത്മാവിന്റെ 7 വരദാനങ്ങളും തിരിച്ചറിഞ്ഞിട്ടുള്ളവരാണ്.

തങ്ങളുടെ ദൈവത്തെ –

ആത്മാവിലും സത്യത്തിലും സമൂഹമായി പരസ്യമായി ആരാധിക്കണം

എന്ന തിരിച്ചവു ലഭിച്ചിട്ടുള്ളവരും
അത് ഫലദായകം ആണെന്ന്ബോധ്യമുള്ളവരുമാണ്

പള്ളിയിൽ വരുന്നത് :
തങ്ങളുടെ പ്രതാപം കാണിക്കാനും
ഫാഷൻ പരേഡ് നടത്തുവാനും
മറ്റു സോഷ്യൽ ആക്ടിവിറ്റിക്കുമല്ല എന്ന് വിശ്വാസികൾക്ക് അറിയാം.
അവർ വരുന്നത് ദൈവത്തെ ആരാധിക്കാൻ വേണ്ടി മാത്രമാണ്.

എത്ര ത്യാഗങ്ങൾ സഹിച്ചാണ് നാം നമ്മുടെ പള്ളികൾ പണിത് സംരക്ഷിക്കുന്നത് ? അവ അനിശ്ചിതമായി പൂട്ടിയിട്ട് സന്തോഷത്തോടെയിരിക്കുവാൻ നമുക്കാകുമോ ?

ആരോഗ്യ ദൃഢഗാത്രനായ ഒരു അൽമായന് പള്ളിയിൽ വരാനും വരാതിരിക്കാനുമുളള സ്വാതന്ത്ര്യമുണ്ട്. താൻ പള്ളിയിൽ വന്നാൽ രോഗം പടരുവാൻ അത് കാരണമാകും എന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടെങ്കിൽ അദ്ദേഹത്തിന് സ്വമേധയാ വരാതിരിക്കാം. ഒരു പിഴയും ആരും ചുമത്തുകയില്ല. അദ്ദേഹത്തിന് മറ്റു രോഗികൾ ചെയ്യുന്നതു പോലെ മാധ്യമങ്ങളിലൂടെ ദിവ്യബലി കാണാം.

പക്ഷെ പള്ളിയിൽ വന്ന് ആരാധനയിൽ , ദിവ്യബലിയിൽ പങ്കെടുക്കണമെന്ന് തീഷ്ണമായി ആഗ്രഹിക്കുന്നവരെ തടുക്കുന്നതെന്തിനാണ് ? പള്ളി തുറന്നാൽ മാത്രമല്ലേ വിശ്വാസികൾക്ക് പള്ളിയിൽ കടന്നുവരാൻ കഴിയുകയുള്ളൂ ?

നമ്മുടെ പള്ളികൾ മാത്രം എന്തിന് തുറക്കാതിരിക്കണം ?

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് –

എല്ലാ സർക്കാർ ഓഫീസുകളും തുറന്നു.

എല്ലാ പ്രൈവറ്റ് സ്ഥാപനങ്ങളും ബാങ്കുകളും , വ്യാപാര വ്യവസായ സ്ഥാപനങ്ങളും തുറന്നു

ലൈൻ ബസ്സുകൾ, ബോട്ടുകൾ, ഓട്ടോ – ടാക്സികൾ ഓടിത്തുടങ്ങി

അടച്ചിട്ടിരുന്ന ചെറുതും വലുതുമായ കടകളും മാളുകളും മാർക്കറ്റുകളും വരെ പ്രവർത്തിച്ചു തുടങ്ങി.
നാം അവയിലൂടെയുള്ള സേവനങ്ങൾ അനുഭവിച്ചു വരുന്നു.

എന്നിട്ടും നമ്മുടെ പള്ളികൾ തുറന്നാൽ രോഗം പടരും , ഉടനെ തന്നെ നാമെല്ലാവരും മരിച്ചു വീഴും – 10 അടി താഴ്ച്ചയിൽ കുഴിയെടുത്ത് മൂടേണ്ടിവരും എന്ന് പ്രചരിപ്പിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കുന്നതെന്തിന്?
കോവിഡിന് മുൻപും നമ്മുടെ ഇടവകയിൽ മനുഷ്യർ മരിച്ചിട്ടില്ലേ ? ഈ കോവിഡ് കാലഘട്ടത്തിലും മരണങ്ങൾ നടക്കുന്നുണ്ടല്ലോ? ഇനിയും മനുഷ്യർ മരിക്കും – ജനനമുണ്ടെങ്കിൽ മരണവുമുണ്ട്. ജീവിച്ചിരിക്കുന്നവർ മരണമടഞ്ഞവരെ ക്രിസ്തീയ ആചാരമനുസരിച്ച് സംസ്ക്കരിക്കുകയും ചെയ്യും.

പള്ളി തുറക്കുന്നതിന് നമ്മുടെ വൈദികർ എതിരാണോ ?

നമ്മുടെ എല്ലാ പള്ളികളിലും വികാരിയച്ചന്മാരും – വലിയ ഇടവകകളിൽ സഹ വികാരിമാരും ഉണ്ട്. അവരുടെ പരമവും പ്രധാനവുമായ ചുമതല ദിവ്യബലി അർപ്പിക്കുക എന്നതാണ്. മറ്റു ചുമതലകളുമുണ്ട്.
ഈ കോവിഡ് കാലഘട്ടത്തിലും ഈ ചുമതലകൾ അവർ കൃത്യമായി നിർവ്വഹിച്ചു വരുന്നു. പള്ളികൾ പൂട്ടിയിടണം എന്ന കല്പന വന്നതിനാൽ പള്ളികൾ പൂട്ടിയിട്ടു എന്നു മാത്രം – പക്ഷെ അവരുടെ അനുദിന ദിവ്യബലിയും, യാമപ്രാർത്ഥനകളും, മറ്റ് ചുമതലകളും അവർ കൃത്യമായി നിർവ്വഹിക്കുന്നുണ്ട് –

അല്മായരായ നമ്മുടെ സാന്നിധ്യമില്ലാതെ. ഇങ്ങിനെ ഏകനായി നിന്ന് ദിവ്യബലിയർപ്പിക്കാൻ അവർക്ക് സന്താഷമുള്ള കാര്യമാണെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടോ ? പട്ട കുർബാന മുതൽ ജനമദ്ധ്യത്തിലാണ് – ജനങ്ങൾക്കു വേണ്ടിയാണ് ജനങ്ങളോടു ചേർന്നാണ് , തിരുസഭ യോട് ചേർന്നാണ് നമ്മുടെ വൈദികർ ദൈവത്തിന് ബലിയർപ്പിക്കുന്നത്. പല വൈദികരും പങ്കു വയ്ക്കുന്നത് ശ്രവിച്ചിട്ടുണ്ട് – ശൂന്യമായ ദൈവാലയത്തിൽ ദിവ്യബലി പരികർമ്മം ചെയ്യുന്നത് ഹൃദയ ഭേദകമാണെന്ന് . അവർക്കുമുണ്ട് ഏകാന്തതയുടെ ദുഃഖങ്ങൾ !

കോവിഡ് മാനദന്ധങ്ങൾ പാലിച്ച് പള്ളികൾ തുറക്കാനും ആരാധനകൾ നടത്താനും :

കേന്ദ്ര സർക്കാർ
സംസ്ഥാന സർക്കാർ
രൂപതാ മെത്രാൻ
കേരള മെത്രാൻ സമിതി
ഭാരത മെത്രാൻ സമിതി

എന്നീ അധികാര സ്ഥാനങ്ങളിൽ നിന്നും അനുവാദം ലഭിച്ചിട്ടും ചിലർ അതിന് തടസ്സവാദങ്ങളുമായി ഇപ്പോൾ മുന്നോട്ടു വരുന്നതിൽ ദുരൂഹതയുണ്ട്.

പ്രിയ സഹോദരങ്ങളെ തടസ്സവാദങ്ങൾ ഉന്നയിയിക്കുന്നവർക്ക് ഭയമാണെങ്കിൽ അവർ വരേണ്ട
പക്ഷെ പരിശുദ്ധ ദിവ്യകാരുണ്യത്തെ ജീവനു തുല്യം സ്നേഹിക്കുകയും മാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന നല്ലൊരുവിഭാഗം വിശ്വാസികൾ ഉണ്ടെന്ന് ഓർക്കുക. –
അവർക്കായി പള്ളികൾ തുറക്കുന്നതിനെ നിങ്ങൾ ദയവായി തടുക്കരുതേ എന്ന് അപേക്ഷിക്കുന്നു.

ഈ ദിവസങ്ങളിൽത്തന്നെ നമ്മുടെ എല്ലാ ദൈവാലയങ്ങളും തുറന്ന് കോവിഡ് നിയന്ത്രണങ്ങൾക്കു വിധേയമായി എല്ലാ കൂദാശകളും വിശ്വാസികളുടെ പങ്കാളിത്വത്തോടെ പരികർമ്മം ചെയ്യുവാനുള്ള കൃപ നമ്മുടെ ദൈവവും കർത്താവുമായ യേശു നാഥൻ പ്രദാനം ചെയ്യട്ടെ എന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

എല്ലാവർക്കും നന്മകൾ നേരുന്നു.

അഡ്വ ജോസി സേവ്യർ കൊച്ചി

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു