ഇടുക്കിയിൽ അതിതീവ്രമഴയ്ക്ക് സാധ്യത: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
മൂന്നാര്‍:ഇടുക്കിയിൽ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്തമഴയെ തുടര്‍ന്ന് ഇടുക്കിയിലെ ഡാമുകളില്‍ നീരൊഴുക്ക് ശക്തമാണ്. ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും തുറന്ന് വെളളം പുറത്തേയ്ക്ക് ഒഴുക്കുകയാണ്. മുല്ലപ്പെരിയാര്‍ ഡാം 130 അടിയിലേക്ക് എത്തി. ഇടുക്കി ഡാമിലും നീരൊഴുക്ക് ശക്തമാണ്.
അതേസമയം മഴക്കെടുതി നേരിടുന്ന വയനാട്ടിലും മലപ്പുറത്തും ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ പെയ്യാന്‍ സാധ്യതയുളളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി മൂന്നാര്‍ രാജമലയില്‍ പെട്ടിമുടി സെറ്റില്‍മെന്റിലെ ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. മണ്ണിനടിയില്‍ നിന്നും നാലു മൃതദേഹങ്ങള്‍ ലഭിച്ചു. 70 ഓളം വീടുകളാണ് ഇവിടെയുള്ളത്. നാലു ലയങ്ങള്‍ ഒലിച്ചുപോയതായി റിപ്പോര്‍ട്ടുണ്ട്.
പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്. 20 ഓളം വീടുകള്‍ മണ്ണിനടിയിലായതായാണ് റിപ്പോര്‍ട്ട്. 40 ഓളം പേര്‍ മണ്ണിനടിയിലായതാണ് സംശയിക്കുന്നത്. അതേസമയം അഞ്ചു ലൈനുകളിലായി 84 പേര്‍ മണ്ണിനടിയിലായതായാണ് കോളനിവാസികള്‍ പറയുന്നത്.
ഇതിൽ ഏഴു പേരെ രക്ഷപെടുത്തി മൂന്നാറിലെ ടാറ്റ ആശുപത്രിയില്‍ എത്തിച്ചു. പെരിയവര പാലം തകര്‍ന്നിരിക്കുന്നതിനാല്‍ ആളുകളെ ചുമന്നാണ് പുറത്തേക്ക് എത്തിക്കുന്നത്. രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തേക്ക് ഉടന്‍ എത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സമീപത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.