കാർഷിക ബില്ലുകൾ: കരടും കല്ലുകടിയും
To know what exactly is the three controversial Agri bills including the Essential Commodities Amendment, plz read my article in today’s Deepika- കാർഷിക ബില്ലുകൾ: കരടും കല്ലുകടിയും-via Deepikahttps://www.deepika.com/feature/Leader_Page.aspx…
വ്യാപാര, ശക്തീകരണ, അവശ്യസാധന ബില്ലുകൾ
1. കാർഷികോത്പന്ന വ്യാപാര വാണിജ്യ ബിൽ -ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്സ് (പ്രൊമോഷൻ ആൻഡ് ഫസിലിറ്റേഷൻ) ബിൽ 2020
.2. കർഷക (ശാക്തീകരണ, സംരക്ഷണ) ബിൽ -ദി ഫാർമേഴ്സ് (എൻപവർമെന്റ് ആൻഡ് പ്രൊട്ടക്ഷൻ) എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷുറൻസ് ആൻഡ് ഫാം സർവീസസ് ബിൽ 2020
.3. അവശ്യ സാധന നിയമ ഭേദഗതി- ദി എസെൻഷ്യൽ കമ്മോഡിറ്റീസ് (അമെൻഡ്മെന്റ്) ബിൽ 2020.
കാർഷികോത്പന്ന വ്യാപാര വാണിജ്യ ബിൽ
കാർഷികോത്പന്ന വിപണന സമിതികളുടെ (എപിഎംസി) കുത്തക ഇല്ലാതാക്കുകയാണു കാർഷികോത്പന്ന വ്യാപാര വാണിജ്യ ബില്ലിന്റെ പ്രധാന ലക്ഷ്യം. ഉത്തരേന്ത്യയിലെ വൻകിടക്കാരും ഭൂപ്രഭുക്കളുമടക്കമുള്ളവരുടെ നിയന്ത്രണത്തിലാണ് മിക്ക എംപിഎംസികളും. സർക്കാർ നിയന്ത്രിത ചന്തകൾക്ക് (ഹിന്ദിയിൽ മണ്ഡികൾ) പുറത്ത് ഉത്പന്നം വിൽക്കാൻ ഈ നിയമം അനുസരിച്ചു കർഷകർക്കു സ്വാതന്ത്ര്യം കിട്ടും.
സംസ്ഥാനത്തിനകത്തും അന്തർ സംസ്ഥാന വ്യാപാരത്തിനും നിയമം പ്രോത്സാഹനം നൽകുന്നു. ഇലക്ട്രോണിക് പ്ലാറ്റ്ഫോമിൽ വ്യാപാരം സുഗമമാക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. കന്പനികൾ, പാർട്ണർഷിപ്പ് ഫേമുകൾ, രജിസ്റ്റർ ചെയ്ത സൊസൈറ്റികൾ, കാർഷിക സഹകരണ സംഘങ്ങൾ, കർഷക ഉത്പാദന സംഘടനകൾ തുടങ്ങിയവർക്കെല്ലാം ഇ- വ്യാപാരത്തിന് അനുമതിയുണ്ട്.
കാർഷിക വ്യാപാരങ്ങൾക്കു മേൽ സംസ്ഥാന സർക്കാരുകൾ നികുതിയോ, ഫീസോ ചുമത്തുന്നതിനു നിരോധനമുണ്ടാകും. മാർക്കറ്റ് ഫീ, സെസ്, കർഷകരുടെയോ വ്യാപാരികളുടെയോ ഇ-വ്യാപാര പ്ലാറ്റ്ഫോമുകളുടെയോ മേലുള്ള ലെവി, വ്യാപാര മേഖലയ്ക്കു പുറത്തുള്ള കർഷകരുടെ വ്യാപാരം തുടങ്ങിയവയുടെ മേൽ സംസ്ഥാനങ്ങൾ തുക ഈടാക്കുന്നതു ബില്ലിൽ നിരോധിച്ചു.
പതിവു ചന്തകൾക്കും എപിഎംസികൾക്കും പുറമേ കൃഷിഭൂമിയുടെ പരിസരം (ഫാം ഗേറ്റ്സ്), ഫാക്ടറി പരിസരങ്ങൾ, വെയർഹൗസുകൾ, സൈലോകൾ പോലുള്ള മറ്റു സംഭരണ കേന്ദ്രങ്ങൾ, ചെറുതും വലുതുമായ കോൾഡ് സ്റ്റോറേജുകൾ എന്നിവിടങ്ങളിൽ നിന്നെല്ലാം കർഷകർക്ക് ഉത്പന്നം വിൽക്കാനും ഇടപാടുകൾ നടത്താനും നിയമ പരിരക്ഷയുണ്ടാകും.
കർഷക ശക്തീകരണ, സംരക്ഷണ ബിൽകരാർ
കൃഷിക്കു നിയമപ്രാബല്യം നൽകുന്നതാണു കർഷക ശക്തീകരണ, സംരക്ഷണ ബിൽ എന്ന കേട്ടാൽ സുഖമുള്ള പേരു നൽകിയ രണ്ടാമത്തെ നിയമം. കർഷകനും ഉത്പാദിപ്പിക്കുന്ന വിളകൾ വാങ്ങുന്നവനും (കുത്തക കന്പനികൾ അടക്കം) തമ്മിൽ കൃഷിക്കു മുന്‍പേ കരാറിലേർപ്പെടാനാകും. വൻകിടക്കാർക്ക് ആവശ്യമായ കാർഷികോത്പന്നം അവർക്കുവേണ്ടി അവർ പറയുന്ന രീതിയിലും അളവിലും കർഷകൻ ഉത്പാദിപ്പിച്ചു നൽകാമെന്നതാണു കരാർ. ചുരുങ്ങിയത് ഒരു കൃഷിസീസണിലേക്കോ വളർത്തുമൃഗങ്ങളുടെ ഒരു ഉത്പാദന കാലയളവിലേക്കെങ്കിലുമോ കർഷകൻ കരാർ ഒപ്പിടണം. അഞ്ചു വർഷത്തിലേറെ ഉത്പാദന കാലയളവില്ലാത്തവയുടെ കാര്യത്തിൽ പരമാവധി അഞ്ചു വർഷത്തേക്കാകും കരാർ കാലവധിയെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. കാർഷികോത്പന്നത്തിന്റെ വില കരാറിൽ നിജപ്പെടുത്തണം. വിലവ്യതിയാനം വരുന്നവയുടെ കാര്യത്തിൽ ചുരുങ്ങിയ വിലയാകും രേഖപ്പെടുത്തുക. ഇത്തരം കേസുകളിൽ ഉറപ്പു നൽകിയ വിലയുടെ ഉപരിയായ തുകയെക്കുറിച്ചും കൃത്യമായ റഫറൻസ് ഉണ്ടാകണം. വില നിശ്ചയിക്കുന്നതിന്റെ രീതിയും പ്രകിയയും കരാറിൽ രേഖപ്പെടുത്തണം.
മൊത്തക്കച്ചവടക്കാർ, റിലയൻസ്- അദാനി- ബിർള പോലെ രാജ്യമാകെ ശൃംഖലകളുള്ള വൻകിട ചില്ലറ വിൽപ്പനക്കാർ, ഫാക്ടറികൾ അടക്കം വൻ സംസ്കരണക്കാർ, കയറ്റുമതിക്കാർ എന്നിവർക്കെല്ലാം സാധാരണ കർഷകരുമായി കരാർ കൃഷിയിൽ ഏർപ്പെടാൻ നിയമം സഹായിക്കും. പരാതിപരിഹാരത്തിനു ത്രിതല സംവിധാനമാണു നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. സമവായ സമിതി (കണ്‍സിലിയേഷൻ ബോർഡ്), സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, അപ്പലേറ്റ് അഥോറിറ്റി എന്നിവ. പരാതി പരിഹാരത്തിനുള്ള സമവായ ബോർഡിൽ ന്യായവും സന്തുലിതവുമായ പ്രാതിനിധ്യം ഉണ്ടാകണമെന്നു പറയുന്നുണ്ടെങ്കിലും ചില അവ്യക്തതകളുണ്ട്. 30 ദിവസത്തിനകം പരിഹാരം ഉണ്ടായില്ലെങ്കിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെ കരാറിലെ രണ്ടു പാർട്ടികൾക്കും സമീപിക്കാം. എസ്ഡിഎമ്മിന്റെ തീരുമാനത്തിൽ തൃപ്തരല്ലെങ്കിൽ ജില്ലാ കളക്ടറോ അഡീഷണൽ കളക്ടറോ അധ്യക്ഷനായ അപ്പലേററ്റ് അഥോറിറ്റിയെ സമീപിക്കാം. എസ്ഡിഎം, കളക്ടർ എന്നിവർ അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം അന്തിമതീരുമാനമെടുക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. കരാർ ലംഘിച്ചതായി കണ്ടെത്തിയാൽ ലംഘനം നടത്തിയ പാർട്ടിക്കെതിരേ പിഴ ഏർപ്പെടുത്താനും എസ്ഡിഎമ്മിനും കളക്ടറുടെ അപ്പലേറ്റ് അഥോറിറ്റിക്കും അധികാരമുണ്ട്. എന്നാൽ, ഇതെത്ര ശതമാനമെന്നു കൃത്യമായി പറയുന്നില്ല. ഏതു കാരണത്താലും കുടിശിക ഈടാക്കാനായി കർഷകന്റെ ഭൂമിക്കെതിരേ നടപടിയെടുക്കാൻ പാടില്ലെന്നും ബില്ലിൽ പറയുന്നു.
അവശ്യസാധന ഭേദഗതി ബിൽപെട്ടെന്നു നശിക്കാവുന്ന കാർഷികോത്പന്നങ്ങൾക്ക് (പെരീഷബിൾ ഗുഡ്സ്) ശരാശരി 50 ശതമാനവും ഹോർട്ടികൾച്ചർ ഉൾപ്പെടെ അല്ലാത്തവയ്ക്ക് (നോണ്‍ പെരീഷബിൾ ഐറ്റംസ്) നൂറു ശതമാനവും വില കൂടിയാൽ മാത്രം സംഭരണ നിയന്ത്രണം അടക്കം സർക്കാർ ഇടപെട്ടാൽ മതിയെന്നു വ്യവസ്ഥ ചെയ്യുന്നതാണ് അവശ്യസാധന ഭേദഗതി നിയമം. ഒരു വർഷത്തെയോ അഞ്ചു വർഷത്തെയോ ശരാശരി (ഇതിൽ ഏതാണോ കുറവ്) വിലയാകും കണക്കാക്കുക. തൊട്ടുമുന്‍പുള്ള വർഷമോ, വർഷങ്ങളിലോ ന്യായമായ വിലയേക്കാൾ വളരെ കൂടുതൽ വില ഇടയ്ക്കെല്ലാം കൂടിയിട്ടുള്ളവയുടെ ശരാശരി വില കണക്കാക്കുന്പോൾ ശരാശരി വില കൂടുതലായേക്കും. വില ഫലത്തിൽ വളരെക്കൂടിയാലും സർക്കാർ ഇടപെടൽ ഉണ്ടാവില്ല. ഭക്ഷ്യോത്പന്നങ്ങളുടെ വില കുത്തനെ കൂടുന്പോഴും പുതിയ ഭേദഗതിയനുസരിച്ച് അത്യപൂർവ അവസരങ്ങളിൽ മാത്രമാകും സർക്കാർ ഇടപെടുക. യുദ്ധം, വലിയ പ്രത്യാഘാതം ഉണ്ടാക്കിയ പ്രകൃതിദുരന്തം, കൊടുംപട്ടിണി, അസാധാരണ വിലക്കയറ്റം തുടങ്ങിയവയാണ് ഈ അത്യപൂർവ അവസരങ്ങൾ.ഭക്ഷ്യധാന്യങ്ങൾ, പയർ- പരിപ്പു വർഗങ്ങൾ, സവോള, കിഴങ്ങ്, ഭക്ഷ്യയെണ്ണ, എണ്ണക്കുരുക്കൾ തുടങ്ങി പതിവായി വില കൂടുന്നവയെ അവശ്യസാധനങ്ങളുടെ പട്ടികയിൽനിന്നു നീക്കുകയും ചെയ്തു. വ്യാപാരികൾ, കയറ്റുമതിക്കാർ, ഇറക്കുമതിക്കാർ, മില്ലുകൾ, സംസ്കരണ ഫാക്ടറികൾ തുടങ്ങിയവയ്ക്ക് എത്ര വേണമെങ്കിലും സ്റ്റോക്ക് ചെയ്യുന്നതിനു തടസമില്ല.
ജോർജ് കള്ളിവയലിൽ