തങ്ങളെ കൂടപ്പിറപ്പായി കണ്ട് ഇടവക കുടുംബത്തിൽ കാലെടുത്തുവച്ച, വികാരിയച്ചനെ ന്യായീകരിക്കണ്ട; കൂടപ്പിറപ്പായി കാണാനെങ്കിലും തയാറാകേണ്ടേ?
ജോർജ്ജ് എട്ടുപറയിലച്ചന്
പ്രണാമം!‘
93 ന് ശേഷം കണ്ടിട്ടില്ല.
നാലുവർഷം ജൂനിയർ ആയിരുന്നെങ്കിലും ഒരേ സെമിനാരിയിൽ പഠിച്ചും പ്രാർത്ഥിച്ചും കളിച്ചും ചിരിച്ചും നാലഞ്ചു വർഷങ്ങൾ ഒരുമിച്ചുണ്ടായിട്ടുണ്ട്.
ചിറകടിച്ചുയരുന്ന സ്വപ്നങ്ങളുടെ പുറകേ, എപ്പോഴും ചിരിച്ചും കളിച്ചും സന്തോഷവാനായി പാറി നടക്കുന്ന കുഞ്ഞനുജനായാണ് ഇന്നും മനസ്സിലുള്ളത്.
എന്നാണ് ഈ സന്തോഷം ഉത്കണ്ഠകളായും കളികൾ കനലുകളായും മാറിയത് എന്നറിയില്ല. അച്ചനായ തിനുശേഷമുള്ള വിശേഷങ്ങളറിയില്ല.എന്നാൽ, പ്രസരിപ്പോടും ഊർജ്ജസ്വലതയോടും തീക്ഷ്ണമതികളായ അജപാലകരായി ആരംഭിച്ച് കരിന്തിരി കത്തുന്ന പലരേയും കണ്ടിട്ടുണ്ട്.
രാത്രി പുലരുവോളം ഉത്സാഹത്തോടെ വലയെറിഞ്ഞിട്ടും ഒരു ചെറുമീൻ പോലും ലഭിക്കാഞ്ഞതിനാൽ നിരാശയിലേക്ക് വഴുതി വീഴുന്നവർ.വിശ്വസിച്ച് കൂടെ കൂട്ടിയവർ ഒറ്റിക്കൊടുത്തും തള്ളിപ്പറഞ്ഞും ഓടിയൊളിച്ചും ഒറ്റക്കായി പോയവർ
.ജനത്തോടു കൂടെയാകാൻ കൊതിച്ച് ഇടവക വൈദിനായി; എന്നാൽ, ഗോസിപ്പുകൾക്കും ഓതിക്കൊടുക്കലുകൾക്കുമിടയിൽ ഞെരിഞ്ഞമരുന്ന വൈദികർ!
സ്വന്തം കുടുംബത്തിലെ ഏത് അതിക്രമത്തെയും ന്യായീകരിക്കാൻ നൂറു നാവ്! എന്നാൽ,തങ്ങളുടേതുപോലുള്ള കുടുംബത്തിൽ ജനിച്ച്, പരിശീലനം ലഭിച്ചെങ്കിലും പച്ചയായ മനുഷ്യരുടെ ബലഹീനതകൾ ഇനിയും ബാക്കിനിൽക്കുന്ന, തങ്ങളെ കൂടപ്പിറപ്പായി കണ്ട് ഇടവക കുടുംബത്തിൽ കാലെടുത്തുവച്ച, വികാരിയച്ചനെ ന്യായീകരിക്കണ്ട; കൂടപ്പിറപ്പായി കാണാനെങ്കിലും തയാറാകേണ്ടേ?ശരിയാണ്.
പഴയ കാലത്തെ പരിണിതപ്രജ്ഞരായ വൈദികരുടെയത്ര resilience, എതിർപ്പുകളുടെ ബാധ സ്വയം ഏൽക്കാതെ, അതിൽ നിന്ന് പെട്ടന്ന് വിമുക്തരാകാനുള്ള കഴിവ്, ഇക്കാലത്തിന്റെ സന്തതികൾക്ക് കുറവാണ്.ഒന്നും ബാധിക്കാത്ത ദൈവൈക്യത്തിലൂന്നിയ സന്യാസമനസ് ഞങ്ങളുടെ വൈദികർക്ക് കൊടുക്കണമേ.അവനെ കൂടാതെ ഒന്നും എനിക്ക് സാധ്യമല്ലെന്ന് (യോഹ.15, 5) ഞാനേറ്റു പറയട്ടെ
.രാത്രിമുഴുവൻ അദ്ധ്വാനിച്ച് നിരാശനാകുമ്പോഴും വലതുവശത്ത് വലയിറക്കാൻ പറയുന്നവനെ വിശ്വസിച്ച നുവർത്തിക്കാൻ, എന്റെ പൗരോഹിത്യ സമർപ്പണം ആഴപ്പെടുത്തണമേ.ഞാൻ തളരുമ്പോഴും എനിക്കു വേണ്ടി അടുപ്പു കൂട്ടി കാത്തിരിക്കുന്നവൻ എന്റെ പ്രത്യാശയുടെ നങ്കൂരമാണ് എന്ന് ഏറ്റുപറയുന്നു
.ടോണി പിതാവ്