ജോർജ് ജോസഫ് കെ.ഗുരുത്വമുള്ളവനാണ്. അക്ഷരം പഠിപ്പിച്ച അമ്മയ്ക്കു തുല്യയായ ടീച്ചർക്ക് സ്വന്തം പുസ്തകം ഏറ്റുവാങ്ങാൻ അവസരം ഉണ്ടാക്കിക്കൊടുത്ത കുട്ടി…. ഈ ഗുരുശിഷ്യബന്ധം തങ്കലിപിയിൽ കാലം എഴുതി വയ്ക്കട്ടെ!”

Share News

ഓർമ്മ

വൈഡൂര്യശോഭ

ജോർജ് ജോസഫ് കെ.

ഈ കുറിപ്പ് എഴുതുന്നത് 2018 മെയ് 31 രാത്രി 11.55

ജൂൺ ആകും മുൻപേ കാലവർഷത്തിൻ്റെ തേരോട്ടം തുടങ്ങി കേരളത്തിൽ.പുറത്ത് ശക്തമായ മഴ

…ഇടിമിന്നലിൻ്റെ ചിരിക്കുന്ന മുഖം കൂടക്കുടെ തെളിയുന്നു ആകാശത്ത് ..

..ഒൻപത് വർഷങ്ങൾക്കു മുൻപ്

2009 മെയ് 31 പുലർച്ചെ 1.55 ന് ഈ ഭുമി യിൽ നിന്ന് സാഹിത്യ ലോകത്തിന് തീരാനഷ്ടമായി മാധവിക്കുട്ടി, ചേച്ചി യാത്രയായി.ചേച്ചിയുടെ അവസാനിക്കാത്ത ഓർമ്മകൾ ഇപ്പോഴും എന്നെ ചുറ്റിപ്പറ്റി നിൽക്കുന്നു

.വർഷങ്ങൾക്കു മുമ്പുള്ള ഒരു വേനൽ മഴ .

..ചേച്ചിയുടെ ചുരുണ്ട മുടിയുടെ അറ്റത്തു നിന്നും വീഴുന്ന വെള്ളത്തുള്ളികൾക്ക് വൈഡൂര്യശോഭ

…..കാവ്യ ഭാഷയിൽ പറയുകയാണെങ്കിൽ ഇലത്തുമ്പിൽ ഇറ്റുവീഴാറായി നിൽക്കുന്ന മഞ്ഞുതുള്ളി പോലെ…..മഴ പാറി വീണ നീർത്തുള്ളികൾ ചേച്ചിയുടെ മുടിയിൽ നൃത്തം വെയ്ക്കാൻ ഒരുങ്ങും പോലെ.

….അപ്പോൾ, കടവന്ത്രയിലെ ഫ്ളാറ്റിൽ പുറത്ത് മഴ പെയ്യുന്നത് കണ്ട് വാതായനത്തിനരികിൽ നിൽക്കുന്ന ചേച്ചിയെ ഞാൻ താഴെ നിന്നും കണ്ടു

.മാധവിക്കുട്ടിയെന്ന എഴുത്തുകാരി എന്നും എല്ലാവർക്കും മനസിൽ വിസ്മയമായിരുന്നു.എത്ര പെട്ടെന്നാണ് ചേച്ചിയുമായി ഞാനും ബാലചന്ദ്രൻ ചുള്ളിക്കാടും വിജയലക്ഷ്മിയുമൊക്കെ ഹൃദയത്തിൽ പറ്റിപ്പിടിച്ചിരിക്കും പോലെ അവരോട് അടുത്തത്.

ചേച്ചിയുടെ ഹൃദയത്തിൽ മാത്രം സ്നേഹത്തിൻ്റെ അറകൾ എപ്പോഴും തുറക്കപ്പെടുന്നു . അതിൽ കയറിയവരാകട്ടെ ചേച്ചിയെ വിട്ടു പോയിട്ടില്ല ഇന്നുവരെ.മരിച്ചപ്പോഴും ആത്മാവിനുള്ളിലാക്കിക്കൊണ്ട് ഒരോരുത്തരേയും കൊണ്ടു പോയിരിക്കുന്നു ചേച്ചി.

കുതറിയാലും വിട്ടു പോകാത്ത വിധം മടിയിലിരുത്തി വാത്സല്യത്തോടെ ചേർത്തു പിടിച്ചിരിക്കുകയാണിപ്പോഴും ഒരോരുത്തരേയും.സൗഹൃദത്തിൻ്റെ സാറ്റെണ്ണുമ്പോൾ പിടി തരാതെ കാണാമറയത്ത് സ്നേഹവുമായി ഒളിച്ചിരിക്കുന്ന കുട്ടിയായി മാറിക്കഴിഞ്ഞിരുന്നു ചേച്ചി എപ്പോഴും.എത്ര തന്നാലും തന്നാലും തീരാത്ത സ്നേഹം കൈക്കുമ്പിളിൽ വേണ്ടുവോളം നീട്ടിത്തന്നു.മഴയുടെ പെരുമുഴക്കവും ആർത്തലപ്പും കൂടിക്കൂടി വന്നു.

എനിക്കു കുടയില്ലായിരുന്നു.ഞാൻ മഴ നനഞ്ഞ് കയറിച്ചെല്ലുന്നതും കണ്ട് ചേച്ചി സ്വീകരണമുറിയിലേക്ക വന്നു.

“എന്തേ വരാൻ വൈകി? മഴയ്ക്കു മുമ്പേ പോരായിരുന്നില്ലേ?ന്നാ കുട്ടീ.

.. തല തോർത്ത്. “

നീട്ടിയ കൈയിൽ ടർക്കി ടവ്വൽ.ഞാൻ ടർക്കി വാങ്ങി.

“നന്നായി തോർത്തു. പനീം ജലദോഷോം പിടിക്കണ്ട.”ഞാനന്നേരം അമ്മയെ ഓർത്തു.

നിറവയറോടെ കുഞ്ഞനിയനേം വയറിലിട്ടോണ്ട്, ഞാൻ മഴയത്തുകളിച്ചതിന് ചെവിക്കു പിടിച്ച്, പിന്നെ വയറോട് ചേർത്തു നിർത്തി , മഴ നനഞ്ഞ തല മുണ്ടിൻ്റെ കോന്തല കൊണ്ട് തോർത്തിത്തരുന്ന അമ്മ .

… അമ്മയുടെ മണം തലയിൽ പരന്നു…. അതിരുകളില്ലാത്ത സ്നേഹത്തിൻ്റെ മണം….അമ്മയെ വിടുവിച്ച് ഞാൻ ഊർന്ന് എറക്കായിലേക്ക് പോയി.അവിടെ പൂഴിമണ്ണിലാണ് കുഴിയാനകളുടെ സങ്കേതം

.”എങ്ങാടാ കൊച്ചേ നീ പോണെ?”

അമ്മയുടെ ഉത്ക്കണ്ഠ.ഞാൻ മഴയുടെ താളത്തിൽ മുങ്ങുന്ന മൗനവുമായി കുഴിയാനയെ തേടി. എൻ്റെ ബാല്യത്തിലെ ഓർമ്മകളെ മറിച്ചിട്ട്, അന്നേരത്തെ മൗനത്തെ മറിച്ചിട്ടു കൊണ്ട് ചേച്ചിയുടെ ചോദ്യം

.” കുട്ടി എന്താ ഓർക്കണെ?”

സ്നേഹം കൂടുമ്പോൾ ചേച്ചി ചെറുപ്പക്കാരയെല്ലാം അധികവും ‘കുട്ടി’ എന്നാ വിളിക്കുന്നത്. അപൂർവ്വം മാത്രം പേരു വിളിക്കും.

“ഏയ്… ഒന്നുമില്ല.””

കുട്ടിയെ വിളിച്ചതെന്തിനാന്നറിയോ? ബാലൻ സ്ഥലത്തില്ല. പാലക്കാട്ടു നിന്ന് സിനിമാക്കഥേടെ കാര്യം ഉറപ്പിക്കാൻ ഇന്നൊരാളു വരണൊണ്ട്.

“ചേച്ചി ഒരു പാവമായതോണ്ട് നിസ്സാര തുകയ്ക്ക് കഥയുടെ റൈറ്റ് വാങ്ങി പല സിനിമാക്കാരും ചേച്ചിയെ പറ്റിച്ചിട്ടുണ്ട്. റൈറ്റുവാങ്ങും. സിനിമ ഉടനെ എടുക്കില്ല. അതോടെ ആ കഥ ബ്ലോക്കായി പോകും. അങ്ങനെ എത്ര കഥകൾ …..ഞാനന്ന് വിജയാ മൂവീസ് എന്ന സിനിമപ്രൊഡക്ഷൻ കമ്പനിയിൽ ജോലി നോക്കുന്ന സമയമായിരുന്നു.

ഒട്ടുമിക്ക സിനിമാക്കാരുടെയും കുതന്ത്രങ്ങൾ എനിക്കറിയാമായിരുന്നു. ബാലനും ഞാനും ഉണ്ടായിരുന്നതുകൊണ്ട് പിന്നെ ചേച്ചി അവരുടെ കെണിയിൽ വീണില്ല.ഞാനും ചേച്ചിയുമായുള്ള ആത്മബന്ധം തുടങ്ങുന്നത് ചേച്ചി എൻ്റെ ആദ്യ കഥാസമാഹാരം ‘അവൻ മരണ യോഗ്യൻ, വായിക്കുന്നതിലൂടെയാണ്.

ആ പുസ്തകം പ്രകാശിപ്പിക്കാൻ ക്ഷണിക്കാനായിട്ടാണ് ഞാൻ കടവന്ത്രയിലുള്ള ഫ്ളാറ്റിൽ ചേച്ചിയെ കാണാനായി ചെന്നത്.അത് ആദ്യം കയ്പ്പും പിന്നെ മധുരവുമായി മാറി ജീവിതത്തിൽ.അന്നൊന്നും ഞാനാരാണെന്നൊന്നും ചേച്ചിയ്ക്ക് അറിയുമായിരുന്നില്ല

.ഒരു ഉച്ച സമയം.

ഞാൻ ഡി.സി.ബുക്സ്പ്രസിദ്ധീകരിച്ച എൻ്റെ അവൻ മരണ യോഗ്യൻ എന്ന പുസ്തകവുമായി ചേച്ചിയുടെ ഫ്ളാറ്റിലേക്കു ചെന്നു.

“എന്താ വന്നത്?”

എന്തോ എൻ്റെ വരവ് ചേച്ചിയിൽ വലിയ താൽപ്പര്യമൊന്നും ഉണ്ടാക്കുന്നില്ലന്ന് ഞാൻ ഒറ്റനോട്ടത്തിൽ മനസിലാക്കി

-അന്ന് ചേച്ചിക്ക് പ്രമേഹം വല്ലാതെ ഷൂട്ടപ്പ് ചെയ്ത് അസ്വസ്ഥമായിരിക്കുന്ന സമയമാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. അതിൻ്റെ വേദനയിലും വിമ്മിഷ്ടത്തിലും ആയിരുന്നു ചേച്ചി.ഞാൻ പതർച്ചയോടെയാണെങ്കിലും ഒരു കണക്കിന് പറഞ്ഞൊപ്പിച്ച്

.”ഇതെൻ്റെ ആദ്യ കഥാസമാഹാരമാണ്. ചേച്ചി അനുഗ്രഹിക്കണം . ഈ പുസ്തകം പ്രകാശിപ്പിച്ചു തരണം”

ഞാൻ പുസ്തകത്തിൻ്റെ കോപ്പി ചേച്ചിയുടെ കയ്യിൽ കൊടുത്തു’ചേച്ചി അതൊന്നുമില്ല പോലും നോക്കാതെ അലക്ഷ്യമായി ടീപോയിയിൽ ഇട്ടിട്ടു പറഞ്ഞു.

” ഇപ്പോ കുറേ ചെറുപ്പക്കാർ ഇറങ്ങിയിട്ടുണ്ട്. എന്തൊക്കെയെങ്കിലും എഴുതിക്കുട്ടി പുസ്തകമാക്കി സാഹിത്യകാരൻ ചമഞ്ഞു നടക്കും ബാക്കിയുള്ളവരെ മെനക്കെടുത്താൻ …

.”അതു കേട്ട് ഞാൻ നിരാശനായി. എൻ്റെ മുഖം കണ്ട് മനസലിഞ്ഞ് ചേച്ചി പറഞ്ഞു:

” മന: പൂർവ്വം വരാതിരിക്കുന്നതല്ല കുട്ടീ… വയ്യ…. കാലൊക്കെ വല്ലാത്ത തരിപ്പും വേദനയുമാ .

… അതു തന്നെയല്ലാ, ഞാനിതുവരെ കുട്ടിയുടെ ഒന്നും വായിച്ചിട്ടില്ല. വായിച്ചിട്ടുള്ള വേറെ ആരെയെങ്കിലും ഏർപ്പാടാക്കു.”

ഞാൻ സങ്കടത്തോടെ തലയാട്ടി പിൻതിരിഞ്ഞു. ചേച്ചി പറഞ്ഞു

:”ആ പുസ്തകം കൂടി എടുത്തോളൂ.ഞാൻ വായിച്ചെന്നു വരില്ല.”

ചേച്ചിയെ നോക്കുക കൂടി ചെയ്യാതെ മുറി വിട്ട് പുറത്തേക്കിറങ്ങി

മനസിൽ പറഞ്ഞു:

മാധവിക്കുട്ടിയെവിടെ?

ജോർജ് ജോസഫ് കെ എവിടെ?

അതിമോഹം കൂടിപ്പോയി.വേണ്ടെങ്കിൽ എൻ്റെ പുസ്തകം അവർ ചവറ്റുകൊട്ടയിൽ ഇടട്ടെഇനി എൻ്റെ പുസ്തകം ആരെക്കൊണ്ട് പ്രകാശിപ്പിക്കാം.?

അതായിരുന്നു പിന്നീടെൻ്റെ ചിന്ത.

പെട്ടെന്ന് മനസിൽ ഒരു പേരു തെളിഞ്ഞു.എൻ. മോഹനൻ.ലളിതാംബിക അന്തർജനത്തിൻ്റെ മകൻ. അദ്ദേഹത്തെ കൊണ്ട് പ്രകാശിപ്പിക്കാം.എന്നെ ഒത്തിരി ഇഷ്ടമാണ് മോഹനേട്ടന്ന്.ഫാക്ട് ഉദ്യോഗമണ്ഠൽ ലളിതകലാകേന്ദ്രം ക്യാമ്പിലെ ചെറുകഥാ ശിൽപ്പശാലയിലിരുന്ന് എൻ്റെ അനുഭവകഥകൾ കേട്ട് ആരും കാണാതെ കണ്ണു തുടച്ചയാളാണ്.എൻ്റെ ഒരോ കഥകളും മുഖ്യധാരയിൽ പ്രസിദ്ധീകരിച്ചു വന്നപ്പോൾ എന്നെ അദ്ദേഹത്തിൻ്റെ മനസോട് ചേർത്തുവച്ച് പ്രോൽസാഹിപ്പിച്ചയാൾ.

പിറ്റേന്ന് വെളുപ്പിന് ഞാൻ വഞ്ചിനാടിന് തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെട്ടു.അദ്ദേഹത്തിൻ്റെ വീട്ടിലെത്തി കോളിംഗ് ബെൽ അടിച്ചു.

അകത്തു നിന്നും വാക്കുകൾ.

.” വാതിൽ തുറന്നു വരൂ “

ഞാൻ വാതിൽ തുറന്നകത്തു കയറി.മോഹനേട്ടൻ വീണിട്ടു പരുക്കേറ്റ ശരീരവുമായി ചാരുകസേരയിൽ ഇരിക്കുന്നു.

“നല്ല പരുവത്തിലാണടോ … ഒരു വീഴ്ച…. വേദനയുണ്ട്. താനിരി.. ഒന്നു വിളിച്ചിട്ടു പോരായിരുന്നല്ലോ?”

ഞാൻ വന്ന കാര്യം പറഞ്ഞു

.വയ്യാത്ത കൊണ്ട് മാധവിക്കുട്ടി ചേച്ചിയ്ക്ക് പറ്റില്ല. ഇപ്പോൾ മോഹനേട്ടനും ..

.അദ്ദേഹം എന്നോട് പറഞ്ഞു.

“നീ നിരാശപ്പെടണ്ട. തക്കസമയത്ത് അവൻ മരണ യോഗ്യനെ പ്രകാശിപ്പിക്കാൻ ഭാഗ്യമുള്ളയാൾ വരും. നീ നോക്കിക്കോ? എന്തായാലും നീ ഇവിടത്തോളം വന്നതല്ലേ? ഞാൻ ശരീരം കൊണ്ട് ഇവിടെയാണെങ്കിലും മനസുകൊണ്ട് ആ ദിവസം അവിടുണ്ടാകും. ഒരു കുറിപ്പ് ആശംസയായി ഞാൻ എഴുതിത്തരാം. നീ അത് പ്രകാശന വേദിയിൽ അവിടെ വായിക്കണം.”

ഞാൻ ചാരുകസേരയിൽ ഇരിക്കുന്ന അദ്ദേഹത്തിൻ്റെ കാൽപ്പാദങ്ങളിൽ തൊട്ടു വണങ്ങി.അപ്പോൾ അറിയാതെ എൻ്റെ കണ്ണുകൾ നിറഞ്ഞു.അത് കണ്ട് മോഹനേട്ടൻ പറഞ്ഞു:

“അവൻ മരണ യോഗ്യൻ ഇന്ത്യാ ടുഡേയിൽ വന്നപ്പോൾ തന്നെ ഞാനത് വായിച്ചതാണ്.പെരുമ്പടവും നരേന്ദ്രപ്രസാദ്മൊക്കെ ഈ കഥയുടെ പേരിൽ നിന്നെ പല വേദികളിലും അഭിനന്ദിക്കുന്നത് ഞാൻ കേട്ടിരിക്കുന്നു.

“ഞാൻ മോഹനേട്ടൻ എഴുതി തന്ന ആശംസാ കുറിപ്പും വാങ്ങി ഇറങ്ങുമ്പോൾ അദ്ദേഹം ഒരു നൂറു രൂപാ നോട്ടെടുത്ത് എനിക്കു തന്നിട്ടു പറഞ്ഞു.

” നിൻ്റെ ആദ്യ പുസ്തകം ഞാൻ തന്നെ വാങ്ങിയെന്ന് എനിക്കഭിമാനിക്കാമല്ലോ?”

ലോകം പിടിച്ചടക്കിയ സന്തോഷത്തോടെ ഞാൻ എറണാകുളത്തേക്കു പോന്നു.

അന്ന് ഞാൻ ദാരിദ്ര്യത്തിൻ്റെ പടുകുഴിയിലാണ് ജീവിതം വളച്ചുവെച്ച് ജീവിക്കുന്നത്.വീട്ടിൽ കറൻ്റില്ല. ഫോണില്ല. ഇരിക്കാൻ ഒരു സ്റ്റൂള് പോലുമില്ല. കാലൊടിഞ്ഞ ഒരു മേശയുണ്ട്. അതിൽ കരിപിടിച്ച ചില്ലു പൊട്ടിയ ഒരു ചിമ്മിനി വിളക്കുണ്ട്. ഇരിക്കാൻ വലിയ പെയിൻ്റിൻ്റെ ഒരു ഡ്രം ഉണ്ട്.അത്രയേ ഉള്ളൂ എനിക്ക് ജംഗമ വസ്തുക്കൾ .ആ കാലൊടിഞ്ഞ മേശയ്ക്കു മുകളിലും അരമതിലിലും എൻ്റെ കഥകളുടെ പ്രപഞ്ചം വിടർന്നു.

വി.പി.ശിവകുമാർ സാർ ഒരിക്കൽ വീട്ടിൽ വന്നപ്പോൾ നിലത്തിരുന്നാണ് പെങ്ങൾ വിളമ്പിയ കഞ്ഞി കുടിച്ചത്.

ഡി.വിനയചന്ദ്രൻ സാറും അയ്യപ്പനുമൊക്കെ കവിത ചൊല്ലിയത് അരമതിലിലിരുന്നായിരുന്നു.

ചാണക നിറമുള്ള ജീവിതത്തിൻ്റെ പച്ചപ്പ് അത് ആത്മാവിനേയും ശരീരത്തേയും തൊട്ട സുഖം പിന്നീടിതു വരെ ഉണ്ടായിട്ടില്ല.തിരിച്ചു വീട്ടിലെത്തിയപ്പോൾ അയൽപക്കത്തെ ബാങ്ക് ഉദ്യോഗസ്ഥൻ ആൽഫ്രഡ് ചേട്ടൻ വിളിച്ചു പറഞ്ഞു

.” ജോർജിനെ ഒരു കെ.എൽ.മോഹനവർമ്മ വിളിച്ചിരുന്നു. ഇനിയും തിരികെ വിളിക്കും.”

അക്കാലത്ത് എനിക്കു ഫോൺ വരിക ആൽഫ്രഡ് ചേട്ടൻ്റെ വീട്ടിലായിരുന്നു.മോഹനവർമ്മ സാർ വീണ്ടും എന്നെ വിളിച്ചു.. ആൽഫ്രഡ് ചേട്ടൻ്റെ വീട്ടിൽ ഞാൻ ആ വിളിയും കാത്ത് ഇരിക്കുകയായിരുന്നു.വർമ്മ സാർ പറഞ്ഞു:

“ഒരു അത്ഭുതമുണ്ട്. ജോർജിൻ്റെ ‘അവൻ മരണ യോഗ്യൻ’ പ്രകാശന കർമ്മം നിർവ്വഹിക്കുന്നത് പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി തന്നെയാണ്. ജോർജ് പുസ്തകം കൊടുത്ത രാത്രി, വേദന സഹിക്കുവാൻ കഴിയാതെ ഉറക്കമില്ലാത്ത രാത്രിയായിരുന്നു അവർക്കത് .അലക്ഷ്യമായി ടീപ്പോയിയിലിട്ടിരുന്ന നിൻ്റെ പുസ്തകം കണ്ണിൽ പെട്ടപ്പോൾ വെറുതെ മറിച്ചു നോക്കി. നീ എഴുതിയ ആമുഖം “മരണത്തിൻ്റെ ശീലുകൾ ” വായിച്ച തോടെ പിന്നെ ആ പുസ്തകത്തിലെ മുഴുവൻ കഥകളും അവർ ഒറ്റയിരുപ്പിൽ വേദന മറന്നിരുന്ന് വായിച്ചു തീർത്തു. പിറ്റേന്ന് എന്നെ വിളിച്ചു പറഞ്ഞു. “വർമ്മാജീ ആ കുട്ടിയെ തപ്പി കണ്ടു പിടിക്കണം. അവൻ ഒത്തിരി സങ്കടപ്പെട്ടാണ് പോയത്. മറ്റാരും ചെയ്യുന്നതിനു മുമ്പേ എനിക്കാ പുസ്തകം പ്രകാശന കർമ്മം നിർവ്വഹിക്കണം.അത് എനിക്കു മാത്രം ലഭിച്ച അനുഗ്രഹമാണ്. “

മോഹനവർമ്മ സാർ പറയുന്നത് കേട്ട് ഞാൻ അന്തം വിട്ടിരുന്നു.ഏതോ സ്വപ്ന ലോകത്തിൽ എഴുത്തിൻ്റെ മാന്ത്രിക വടി വീശി പൂക്കളെ കഥകളാക്കി വിരിയിക്കുന്ന ഒരു മാന്ത്രികനായിരുന്നു ഞാനപ്പോൾ.മോഹനവർമ്മ സാർ ചോദിച്ചു.

” ഞാൻ പറയുന്നതൊക്കെ ജോർജ് കേൾക്കുന്നില്ലേ? വേഗം ചേച്ചിയെ ചെന്നു കാണ്.”

ഞാൻ നോബൽ സമ്മാനം കിട്ടിയ സന്തോഷത്തിലായിരുന്നു.പഴയ പാട്ടത്തകരം പോലത്തെ ഒരു റാലി സൈക്കിളുണ്ട് എനിക്കന്ന്. ഞാൻ അതിൽ ചവിട്ടിപ്പാഞ്ഞ് ചേച്ചിയുടെ വീട്ടിലെത്തി.സത്യത്തിൽ അന്നെൻ്റെ പിറന്നാൾ ദിനമായിരുന്നു .ജൂൺ 10.ഞാൻ ചെല്ലുന്ന വിവരം മോഹനവർമ്മ സാർ വിളിച്ചു പറഞ്ഞിരുന്നു.

ചേച്ചി എൻ്റെ ബയോഡാറ്റ വായിച്ച് അന്ന് എൻ്റെ ജന്മദിനമാണ് എന്ന് മനസ്സിലാക്കിയിരുന്നു. അന്ന് എനിക്കൊരു സമ്മാനം കൂടി തന്നു ചേച്ചി.ചേച്ചിക്ക് കാഷ്മീരിലുള്ള ഒരു ഉറുദു കവി സ്നേഹത്തോടെ സമ്മാനിച്ച ഒരു വൂളൻ്റെ കറുത്ത ഷാൾ ആയിരുന്നു അത്.

“കുട്ടീ, നിൻ്റെ കഥയെക്കുറിച്ച് ഞാനിത്രയൊന്നും കരുതിയില്ല. എന്തൊരു റീ ഡബിലിറ്റി. നിൻ്റെ പുസ്തകം വായിക്കാൻ തുടങ്ങിയാൽ തീരാതെ താഴെ വയ്ക്കില്ല. ഓ! എന്തൊരു ജീവിതം! പ്രകാശന കർമ്മത്തിൻ്റെ കാര്യം വർമ്മാജിഏർപ്പാടാക്കിയിട്ടുണ്ട്. എല്ലാം അദ്ദേഹം ചെയ്യും. ഗാനം ഹോട്ടലിൻ്റെ റൂഫ് ഗാർഡനിൽ വച്ച് ഗംഭീരമായി നമുക്കീ പുസ്തകത്തിൻ്റെ പ്രകാശന കർമ്മം നിർവ്വഹിക്കണം. എല്ലാ പ്രമുഖരേയും മിഡിയയേയും വർമ്മാജി വിളിക്കും. പുസ്തകം ഏറ്റുവാങ്ങാനായി മാത്രം നീ നിനക്കിഷ്ടമുള്ള ഒരാളെ കണ്ടെത്തണം. അതു നിൻ്റെ മാത്രം അവകാശമാണ്. “

അത്ര പറഞ്ഞ ശേഷം എൻ്റെ കയ്യിലേക്ക് 2000 രൂപ തന്നിട്ടു പറഞ്ഞു.

” പ്രകാശന കർമ്മത്തിന് വരുന്നവർക്ക് ചായസൽക്കാരം വേണം. നമുക്കീ പ്രകാശന കർമ്മം കൊഴുപ്പിക്കണം.”

എന്നെ വലുതായി കാണാൻ കഴിയാതെ അമ്മിഞ്ഞപ്പാലു തന്നേച്ചു പോയ അമ്മയെ ഞാൻ ഓർത്തു.മാധവിക്കുട്ടിയുടെ മുഖമായിരുന്നു അപ്പോൾ എൻ്റെ മനസിലുള്ള അമ്മയ്ക്ക്.മോഹനവർമ്മ സാറാണ് ഓടിനടന്ന് എല്ലാക്കാര്യവും ചെയ്തത്.

സാഹിത്യത്തിൽ അദ്ദേഹം എൻ്റെ ജേഷ്ഠ സഹോദരനാണ്.

പ്രഫസർ എം.തോമസ് മാത്യു, മാധവിക്കുട്ടി, ടി.എം.ഏബ്രഹാം, കെ.എൽ മോഹനവർമ്മ ,ചിത്രകാരനായ ഗായത്രി, ഹസ്സൻകോയ, തോമസ് ജോസഫ്., പി.എഫ് മാത്യൂസ്, ജോസഫ് മരിയൻ, സി.ടി.തങ്കച്ചൻ, സോക്രട്ടീസ് വാലത്ത് , തുടങ്ങി ഒരു വലിയ സാഹിത്യ നിര വേദിയിൽ നിരക്കുമ്പോൾ ഞാനമ്പരന്നു.ദൈവമേ ഞാനതിനു മാത്രം യോഗ്യനോ?

ആരാണ് പുസ്തകം മാധവിക്കുട്ടി ചേച്ചിയിൽ നിന്ന് ഏറ്റുവാങ്ങുന്നത് എന്നതായി പിന്നീട് എൻ്റെ പ്രശ്നം.അതിനും വഴിതെളിഞ്ഞു മനസിൽ. എന്നെ കുഞ്ഞുന്നാളിലേ അക്ഷരമാലയും അമ്മ എന്നും എഴുതാൻ പഠിപ്പിച്ച ടീച്ചർ തന്നെ മതി എന്ന് മനസു മന്ത്രിച്ചു.

അനിയനെ പ്രസവിച്ചതോടെ അമ്മ മരിച്ചപ്പോൾ എന്നെ വളർത്തിയത് അമ്മായിയാണ്.

ജൂൺ ഒന്നിന്,

മഴക്കാലത്ത് സ്കൂൾ തുറന്നപ്പോൾ വഴിക്കണ്ണോടെ അമ്മായി ഒരാളെ കാത്തു നിന്നു. ഞങ്ങളുടെ വീടിനടുത്തൂടെ സ്കൂളിലേക്കു നടന്നു പോകുന്ന സാവിത്രി ടീച്ചർ വരുന്നതുവരെയുള്ള കാത്തു നിൽപ്പായിരുന്നു അത്.

മഴയിൽ ആടിയുലയുന്ന കുടയെ ബലം പിടിച്ച് അടക്കിയൊതുക്കി മുന്നോട്ടു വരുന്ന സാവിത്രി ടീച്ചറിനെക്കണ്ട് അമ്മായി പറഞ്ഞു:

“ടീച്ചറേ, തള്ളയില്ലാത്ത കൊച്ചാ ..

. ഇതിൻ്റെ അനിയനെ പെറ്റതോടെ അമ്മ ചത്ത് – വീട്ടിലിനി മൂത്ത ആറെണ്ണമുണ്ട്. ഞാനാ അതുങ്ങളെ നോക്കണത്.അതുങ്ങൾക്കും പനിയാ….. എനിക്കാണേ വാതപ്പനീം …. വന്നപ്പ എല്ലാം ഒരുമിച്ച് …ഇതിൻ്റെ കയ്യേപ്പിടിച്ച് ആ സ്കൂളുവരെ ഒന്നു കൊണ്ടു പോകേം കൊണ്ടുവരികേംചെയ്താൽ വല്യേ ഉപകാരം.”

അമ്മയിടെ പറച്ചിൽ കേട്ട് ടീച്ചറിൻ്റെ മനസ്സലിഞ്ഞ് –

–” ഞാൻ കൊണ്ടു പോകാം ചേടത്തീ…. വീട്ടി തിരിച്ചാക്കീം തരാം. മഴയത്ത് നിക്കണ്ട. പൊയ്ക്കോ. ഇവനെക്കുറിച്ച് പേടിക്കണ്ട….. “

അമ്മായിക്ക് ആശ്വാസമായി.മുന്നോട്ട് 10 അടി വെച്ചപ്പോൾ ഞാൻ ടീച്ചറോട് പറഞ്ഞു.

” ഞാൻ നടക്കൂല…. എന്നെ എടുത്തോ….. “

പാവം ടീച്ചർ എന്നെ എടുത്ത് ടീച്ചറുടെ എളിയിൽ ഇരുത്തി.സ്കൂളുവരെ എടുത്തു.അമ്മായിയുടെ വാതപ്പനി തീർന്ന് ,അമ്മായി എന്നെ സ്കൂളീക്കൊണ്ടുവന്ന് ആക്കും വരെ ഞാൻ ടീച്ചറിനെക്കൊണ്ട് എന്നെ എടുപ്പിച്ചു.

ആ സാവിത്രി ടീച്ചറിനേയാണ് ഞാൻ പുസ്തകം ഏറ്റുവാങ്ങാൻ അന്വേഷിക്കുന്നത്

.മാധവിക്കുട്ടിയുടെ കയ്യിൽ നിന്നും എൻ്റെ പുസ്തകം ടീച്ചർ ഏറ്റു വാങ്ങുന്ന സ്വപ്നം ഞാൻ കൂടക്കുടെഒന്നു രണ്ടു ദിവസം കണ്ടു.ദൈവം എന്നെ കാണിച്ചതാകാം അത്.പക്ഷെ, അൽഭുതം എന്നു പറയട്ടെ അത് സംഭവിച്ചു. ദൈവനിയോഗം പോലെ ടീച്ചർ എൻ്റെ മുമ്പിൽ വന്നു പെട്ടു

.എൻ്റെ വീടിനടുത്തുള്ള സെൻ്റ് ആൽബർട്സ് കോളേജിനരികിലെ കോമ്പാറയിലേക്കുള്ള റോഡിൽ ടീച്ചർ എൻ്റെ സൈക്കിളിനു മുമ്പിൽ കൂടി കടന്നു പോകുന്നു.

ശിവൻ്റെ അമ്പലത്തിൽ പോയിട്ട് തിരിച്ചുള്ള വരവായിരുന്നു അതെന്ന് ഞാനറിഞ്ഞിരുന്നില്ല.നീണ്ട കോലൻമുടി, അതിൽ തുളസിക്കതിർ.മുഖം കണ്ടിട്ടില്ലങ്കിലും മനസിൽ വല്ലാത്ത മിടിപ്പുണ്ടായി.ഇതായിരിക്കും എൻ്റെ സാവിത്രിടീച്ചർ

…പ്രായം കൂടിയിട്ടുണ്ടെങ്കിലും ഒരു വശത്തേക്കുള്ള ചാഞ്ഞുനടപ്പ്….ഉള്ളിൽ നിന്നും ഒരു വിളി ഉയർന്നു…

..”ടീച്ചറേ… “

ആ സ്ത്രീ തിരിഞ്ഞു നിന്നു.ഹൃദയത്തിൽ നിന്നും പുറത്തേക്കു വന്ന വാക്കുകൾ

“ദൈവമേ … ”

എന്നായിരുന്നു.”എന്താ കുട്ടീ…?”

(മാധവിക്കുട്ടി ചേച്ചി വിളിച്ച പോലെ )മുടി നരച്ചിട്ടുണ്ട്. പക്ഷെ മുഖത്തെ തേജസിന് വാർദ്ധക്യം ഒരു മങ്ങലും ഏൽപ്പിച്ചിട്ടില്ല.ഉത്ക്കണ്ഠ കൊണ്ട് എൻ്റെ മനസ് തിളച്ചു

.” സാവിത്രിടീച്ചറല്ലേ?””

അതെ. “”

എന്നെ ടീച്ചർ ഒന്നാം ക്ലാസിൽ പഠിപ്പിച്ചിട്ടുണ്ട്. കാരണക്കോടത്തെ വിട്ടപ്പ കമ്മത്ത് മെമ്മോറിയൽ സ്കൂളിൽ .

… പേര് ജോർജ് “”

എന്നെ എങ്ങനെ മോൻ തിരിച്ചറിഞ്ഞു “”

കണ്ടു മുട്ടണേ എന്ന മനസിലെ പ്രാർത്ഥന. അതു ഫലിച്ചു.

“റോഡാണെന്ന എൻ്റെ സ്ഥലകാലബോധം നശിച്ചു..പരിസരബോധം മറന്നു പോകുന്ന ചില നേരങ്ങളുണ്ട് മനുഷ്യ ജീവിതത്തിൽ.സൈക്കിളിൻ്റെ ബാസ്ക്കറ്റിൽ നിന്നും ബാഗ് തുറന്ന് അവൻ മരണ യോഗ്യൻ എന്ന പുസ്തകം ഞാൻ തിടുക്കത്തിൽ എടുത്തു.പുസ്തകത്തോടെ ടീച്ചറുടെ കാൽക്കൽ തൊട്ടു നമിച്ചു.

പിന്നെ പുസ്തകം ടീച്ചർക്കു നേരേ നീട്ടി….ടീച്ചർ ആകെ പരിഭ്രമിച്ചു പോയി.

.”എന്തായിത്?””

ടീച്ചർ പഠിപ്പിച്ച കുട്ടി ഇപ്പോൾ ഒരെഴുത്തുകാരനാണ്. എൻ്റെ പുസ്തക പ്രകാശനം നടത്തുന്നത് മാധവിക്കുട്ടിയാണ്. ടീച്ചറാണ് അത് ഏറ്റു വാങ്ങേണ്ടത്. “

ഞാനെല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.ടീച്ചറുടെ കണ്ണുകൾ നിറഞ്ഞു.

” കുട്ടി എൻ്റെ കൂടെ വാ… വീട് തൊട്ടടുത്താണ്

“ഞാൻ പിന്നാലെ നടന്നു. നടക്കുമ്പോഴും ടീച്ചർ പറഞ്ഞു..

.”എനിക്കു വിശ്വസിക്കാൻ പറ്റണില്ല. ചക്കാ മാടത്തു വച്ച് മഴയത്ത് ഞാനെടുത്തു കൊണ്ട് സ്കൂളിലേക്ക് പോയ കുട്ടി ഇപ്പോൾ എഴുത്തുകാരനായെന്ന് “

ടീച്ചറുടെ വാക്കുകൾക്ക് വല്ലാത്ത വിറയലുണ്ടായിരുന്നു

.”എന്നാലും എൻ്റെ കുട്ടി എന്നെ തേടി വന്നുവല്ലോ? ഒത്തിരി സന്തോഷമായി. വീട്ടിൽ നല്ല ചൂടു പരിപ്പുവട ഇപ്പോണ്ടാവും. നീയൊരു പരിപ്പുവടക്കൊതിയനല്ലേ? ഓർക്കുന്നു. വൈകീട്ട് സ്കൂളീന്ന് മടങ്ങും മുൻപേ നീയെന്നെ ശാഠ്യം പിടിച്ച് നായരുടെ ചായക്കടേന്ന് പരിപ്പുവട മേടിപ്പിക്കുന്നത്?നിനക്കു വേണ്ടി മേടിക്കമ്പോൾ എനിക്കും ഇഷ്ടമായിരുന്നു തിന്നാൻ -എൻ്റെ മൂത്ത മോൻ്റെ ഭാര്യക്കും ഇഷ്ടാ. അവളിപ്പോൾ ഉണ്ടാക്കീട്ടുണ്ടാകും.”

ഞങ്ങൾ ടീച്ചറിൻ്റെ വീട്ടിലെത്തി.പഴയ ഒരു ഹിന്ദു തറവാട്. ടീച്ചർ അകത്തേക്ക് പോയി. ഭർത്താവ് പ്രഭാകരൻ സാറിനേയും മരുമോളേയും വിളിച്ചു കൊണ്ടുവന്ന് എന്നെ പരിചയപ്പെടുത്തി.

“ഞാൻ ഒന്നാം ക്ലാസിൽ പഠിപ്പിച്ച കുട്ടിയാ…. വല്യേ കുസ്റൂതിക്കാരനായിരുന്നു … ഇപ്പോ എഴുത്തകാരനാ…. “

ഞാൻ പുസ്തകത്തിൻ്റെ പ്രകാശനകാര്യം പറഞ്ഞപ്പോൾ ടീച്ചർ ഒഴിഞ്ഞു.

“മാധവിക്കുട്ടിയുടെ കയ്യീന്ന് പുസ്തകം വാങ്ങാൻ എനിക്കെന്ത് യോഗ്യത? എനിക്ക് സാഹിത്യമൊന്നും അറിഞ്ഞൂട””

അറിയണ്ട. അനുഗ്രഹത്തോടെ വന്ന് ടീച്ചർ ചേച്ചിയുടെ കയ്യിൽ നിന്നും അത് ഏറ്റുവാങ്ങിയാൽ മാത്രം മതി. ഞാൻ പ്രകാശന ദിവസം വണ്ടിയുമായി വരാം.

“”വേണ്ട മോനേ…. വേറേ പ്രശസ്തരെ ആരെയെങ്കിലും വിളിക്ക്.ഞാൻ മുൻ നിരയിലിരുന്നോളാം

“”പേടിക്കയൊന്നും വേണ്ട. എന്നെ അക്ഷരം പഠിപ്പിച്ച ടീച്ചർക്കാണ് അത് ഏറ്റുവാങ്ങാൻ യോഗ്യത.”

ഞാൻ തിരിച്ചുപോകുമ്പോൾ ടീച്ചർ വരാന്തയിൽ നോക്കി നിന്നു.. പുസ്തക പ്രകാശന വേളയിൽ ടീച്ചർ മാധവിക്കുട്ടിക്കരികിൽ ഇരുന്നപ്പോൾ ആ മുഖത്തിന് തങ്കതേജസായിരുന്നു.

മാധവിക്കുട്ടി ടീച്ചർക്ക് പുസ്തകം കൊടുത്ത് പ്രകാശനം നടത്തിയിട്ടു പറഞ്ഞു

.” മുലകുടി മാറുംമുമ്പേ അമ്മ മരിച്ചു പോയ കുട്ടി വളർന്ന് ഒന്നാം ക്ലാസിൽ ആയപ്പോൾ അമ്മായി അവനെ ഏൽപ്പിച്ചത് ഈ അറിവിൻ്റെ അക്ഷര ദേവതയുടെ കയ്യിലാണ്. ജോർജ് ജോസഫ് കെ.ഗുരുത്വമുള്ളവനാണ്. അക്ഷരം പഠിപ്പിച്ച അമ്മയ്ക്കു തുല്യയായ ടീച്ചർക്ക് സ്വന്തം പുസ്തകം ഏറ്റുവാങ്ങാൻ അവസരം ഉണ്ടാക്കിക്കൊടുത്ത കുട്ടി..

.. ഈ ഗുരുശിഷ്യബന്ധം തങ്കലിപിയിൽ കാലം എഴുതി വയ്ക്കട്ടെ!”സദസ്സിൽ നിറഞ്ഞ കയ്യടി ഉയർന്നു.എൻ്റെയും ടീച്ചറിൻ്റെയും കണ്ണൂകൾനിറഞ്ഞത് ആരും കണ്ടില്ല

.ടീച്ചർ ഇപ്പോഴും കോമ്പാറയിൽ തന്നെയുണ്ട്. ഞാനിടക്കിടെ മക്കളും ഭാര്യയുമായി ടീച്ചറെ പോയിക്കാണും

മഴ…

..ചേച്ചി ഈ മഴയിൽ എവിടെയെങ്കിലും നിൽപ്പുണ്ടോ?

മഴത്തുള്ളികളുടെ സ്വരം ചേച്ചിയുടേതാണോ?

ചുരുണ്ട മുടിയുടെ അറ്റത്തെ മഴത്തുള്ളിയുടെ വൈഡൂര്യശോഭ.

..പിന്നിൽ ഒരു കൊച്ചു സ്വകാര്യം കാതിൽ…

.”എന്തെടുക്കാ കുട്ടീ…. “

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

.”മാധവിക്കുട്ടീനെക്കുറിച്ച് ഒരു കുറിപ്പ് എഴുതുകാ”

( 2018 ൽ ഡൽഹി സ്കെച്ച്, ജനനി എന്നിവയിൽ പ്രസിദ്ധീകരിച്ച കുറിപ്പ്)

George Joseph K

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു