അദ്ധ്യാപകരുടെ മനോവീര്യം നഷ്ടപ്പെടുത്തുന്നത് കടയ്ക്കൽ കത്തി വയ്ക്കുന്നതിന് സമാനം!!
ജോർജ് പനംതോട്ടം
കടയ്ക്കൽ കത്തി വയ്ക്കുക’ എന്നൊരു പ്രയോഗം മലയാളത്തിൽ ഉണ്ട്. വെട്ടി ഒരുക്കാൻ കത്തി വയ്ക്കുന്നതുപോലെ അല്ല കടയ്ക്കൽ കത്തി വയ്ക്കുന്നത്. അത് വൃക്ഷത്തെ ഇല്ലാതെ ആക്കാൻ ഉള്ള ഉദ്ദേശത്തോടെയാണ്.
ഗുരുസ്ഥാനീയരുടെ മനോവീര്യം നഷ്ട്ടപെടുത്തുന്ന വാക്കുകളും പ്രവർത്തികളും കുറെ നാളുകളായി നമ്മുടെ സമൂഹത്തിൽ പ്രചരിക്കുന്നുണ്ട്. സാമൂഹിക പ്രതിബദ്ധത അനിവാര്യം ആയിരിക്കുന്ന മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും ഇതിനെ വല്ലാതെ അങ്ങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ പിന്നിലെ മനഃശാസ്ത്രം ദുരൂഹം ആണ്.
പ്രബുദ്ധത ഉള്ള ഒരു തലമുറ നമ്മുക്ക് ഉണ്ടായിരുന്നെങ്കിൽ അവർ വളർന്നു വന്ന കാലത്തു നന്നായി ശിക്ഷണ നടപടി സ്വീകരിച്ചു അച്ചടക്കത്തോടെ വിദ്യ അഭ്യസിച്ചവർ ആയിരുന്നു. അവിടെ അദ്ധ്യാപകർക്ക് അതിനുള്ള സ്വാതന്ത്ര്യം സമൂഹം കൊടുത്തിരുന്നു. ധാര്മീകത പഠിപ്പിക്കുന്ന മത സംവിധാനങ്ങളെ അവർ ആദരിച്ചിരുന്നു.
ഒരു സമൂഹത്തിന്റെ സമഗ്രമായ വളർച്ചക്ക് ഗുണ നിലവാരം ഉള്ള വിദ്യാഭ്യാസം അത്യന്താപേഷിതം ആണ്. അതിനു വേണ്ട എല്ലാ നടപടികളും കൈക്കൊള്ളാൻ സർക്കാരിന് ഒപ്പം സമൂഹം മുഴുവൻ നില ഉറപ്പിക്കണം. എന്നാൽ ഇന്ന്
വിദ്യാർത്ഥികൾ പഠിച്ചാലും ഇല്ലെങ്കിലും പത്താം ക്ലാസ് വരെയും ജയിച്ചു പോകും ( all pass ) എന്ന നിലപാട് വന്നതോടെ വിദ്യാഭ്യാസ നിലവാരത്തിന്റെ കടയ്ക്കൽ കത്തി വച്ചു. ഉന്നത വിദ്യാഭ്യാസത്തിനു എത്തുന്ന കുട്ടികൾ ഒരു വിഷയത്തിന് ജയിക്കാൻ പരീക്ഷ പലവട്ടം എഴുതേണ്ട അവസ്ഥയായി.
സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഈ ഗുണ നിലവാരക്കുറവ് ഇന്ന് പ്രകടം ആണ്.
അല്പം വിദ്യാഭ്യാസം കുറഞ്ഞാലും വേണ്ടില്ല നല്ല സ്വഭാവം ഉള്ളവരായാൽ മതിയായിരുന്നു എന്ന് ആശ്വസിച്ചാൽ അവിടെയും കടയ്ക്കൽ കത്തി വച്ചു!
കുട്ടികളുടെ സ്വഭാവ രൂപീകരണം നടക്കേണ്ട ഇടം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണ്. അച്ചടക്കം പഠിപ്പിക്കുന്ന സ്ഥലത്തു ശിക്ഷണ നടപടികൾ ഉണ്ടാവണം. അതിനു ഇന്ന് അദ്ധ്യാപകർക്ക് ഭയം ആണ്. അദ്ധ്യാപകർ ഒരു കുട്ടിക്ക് തെറ്റ് തിരുത്തി കൊടുത്താൽ അതിന്റെ പുതിയ പേര് “പീഡനം” എന്നാണ്. അതിനെ അവതരിപ്പിക്കുമ്പോൾ മാധ്യമങ്ങൾക്കു ഒരു വിരുന്നാണ്!
ആഘോഷിക്കാൻ കടിഞ്ഞാൺ ഇല്ലാത്ത സാമൂഹ്യ മാധ്യമങ്ങൾ കൂടി ആവുമ്പോൾ സംഗതി പൂര സമാനം ആയി. ഇങ്ങനെ മനോവീര്യം നഷ്ടപെടുന്ന അദ്ധ്യാപകരുടെ എണ്ണം വർദ്ധിക്കുന്നു.
കുട്ടികളെ നന്മയിലേക്ക് വളരാൻ അവരെ തിരുത്തിയതിനു മാതാപിതാക്കളും മാധ്യമങ്ങളും രാഷ്ട്രീയക്കാരും കൂടി കടന്നു ആക്രമിച്ചു, ദയനീയമായി അവരുടെ ഇരയാകുന്ന എത്രയോ നല്ല അദ്ധ്യാപകർ ഇന്ന് നമ്മുടെ ഇടയിൽ ഉണ്ട്. ഞാൻ അതിനു സാക്ഷിയായിട്ടുണ്ട്.
ഒരിക്കൽ, ഒരു കുട്ടിയെ ഉപദേശിച്ചു നന്നാക്കാൻ ശ്രമിച്ചു ഇരയാക്കപ്പെട്ട ഒരു അദ്ധ്യാപകൻ എന്നോട് പറഞ്ഞു: “ഇനി ഞാൻ ക്ലാസ്സിൽ പോയി ഒരു നല്ല കാര്യവും പറയില്ല. ഒരു കുട്ടിയേയും തിരുത്താനും ഇല്ല. സമാധാനം വേണം എനിക്ക്. നമ്മുടെ കുഞ്ഞുങ്ങൾ ഒക്കെ എങ്ങനെ എങ്കിലും ആയി പോട്ടെ!” എന്ന്.
ഇത് പറയുമ്പോൾ ആ ഗുരുവിന്റെ കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. പക്ഷെ പിന്നീടും സകല വേദനകളും മനസ്സിൽ ഒതുക്കി ക്ലാസ്സിലെ കുട്ടികളെ ഉപദേശിച്ചു നന്നാക്കാൻ ശ്രമിക്കുന്ന ഒരു നല്ല ഗുരുവിനെയും ആ അദ്ധ്യാപകനിൽ ഞാൻ കണ്ടു.
ഒരിക്കൽ, എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി അസഭ്യ വാക്കു ഉപയോഗിച്ചതിന് അദ്ധ്യാപകൻ എഴുന്നേൽപ്പിച്ചു നിറുത്തി. കുട്ടി അദ്ധ്യാപകനോട് ചോദിച്ചു “എന്നെ എഴുന്നേൽപ്പിച്ചു നിർത്തി ചോദ്യം ചെയ്യാൻ സാറിന് right ഉണ്ടോ എന്ന്”. right നെ കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരുന്ന അദ്ധ്യാപകൻ പേടിച്ചു കുട്ടിയെ പ്രിൻസിപ്പലിന് മുന്നിൽ ഹാജരാക്കി. പ്രിൻസിപ്പൽ കുട്ടിയുടെ പിതാവിനെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു “ഞാൻ എന്റെ കൊച്ചിനെ നീതിബോധം ഉള്ളവനായി ആണ് വളർത്തുന്നത്. അവൻ സാറിനോട് ചോദിച്ചതാണ് അതിന്റെ ശരി” എന്ന്. ഇദ്ദേഹം നാട്ടിലെ ഒരു അറിയപ്പെടുന്ന രാഷ്ട്രീയക്കാരൻ ആയിരുന്നു. വെറുതെ ഒരു “പീഡന” കേസിൽ പ്രതിയാവേണ്ട എന്ന് വിചാരിച്ചു പ്രിൻസിപ്പൽ കുട്ടിയെ ക്ലാസ്സിലേക്ക് തിരിച്ചു അയച്ചു. കുട്ടി അസഭ്യ വാക്കുകൾ പുതിയത് കണ്ടുപിടിച്ചു തുടർന്ന് കൊണ്ടിരുന്നു; അദ്ധ്യാപകൻ മൗനം സൂക്ഷിച്ചു. ഇത്തരം ‘വളർത്തലുകൾ’ ആണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.
“കുട്ടികൾ എന്തെങ്കിലും ഒക്കെ ആയി പോകട്ടെ” എന്ന് ചിന്തിക്കുന്ന അദ്ധ്യാപകർ നമ്മുടെ സമൂഹത്തിൽ ഉദയം ചെയ്താൽ പിന്നെ നമ്മുടെ സമൂഹത്തിന്റെ ഭാവി പ്രതീക്ഷക്കു വകയില്ലാത്തതും ദയനീയവും ആവും.
ഗുരുക്കന്മാരെയും സമൂഹത്തിൽ നന്മ പറഞ്ഞു കൊടുക്കുന്നവരെയും ധാര്മീകമായി ഉൻമൂലനം ചെയ്തു സമൂഹത്തിൽ തിന്മ വർധിപ്പിക്കാൻ സംഘടിതമായ ഒരു ശ്രമം നടക്കുന്നുണ്ട്. ഗുരുസ്ഥാനീയരെ നിശബ്ദം ആക്കുകയാണ് ഇവർ ആദ്യം ചെയ്യുന്നത്.
ഒരു മനുഷ്യന്റെ മനസ്സിൽ നിന്ന് ഗുരുവിനെ അടർത്തി മാറ്റിയാൽ പിന്നെ നന്മ വരുന്ന ഒരു വഴി അടയ്ക്കാം. മതവിരോധി ആക്കിയാൽ ആ ശ്രമം പൂർണം ആവും. സാത്താൻ ആരാധകർ, തീവ്രവാദ നിരീശ്വരവാദ പ്രസ്ഥാനങ്ങൾ എന്നിവരുടെ സംഘടിതമായ ശ്രമങ്ങൾ ഇതിന്റെ പിന്നിൽ ഉണ്ട്.
വിദേശ രാജ്യങ്ങളിൽ സജീവമായ ഇത്തരം സംഘടനകൾ നമ്മുടെ നാട്ടിലും ചേക്കേറിയിട്ടുണ്ട്. എല്ലാ കാലത്തും ഇത്തരം ആളുകളുടെ ഗൂഢ ശ്രമങ്ങൾ സമൂഹത്തിൽ ഉണ്ടാവാറുണ്ട്. എന്നാൽ ഈ കാലത്തു ഇത്തരക്കാരുടെ കയ്യിൽ പണവും ബലവും അധികാരവും വന്നു എത്തി. സകല മാധ്യമങ്ങളും ഇവർ നന്നായി ഉപയോഗിക്കുന്നു. പ്രബലരെ വിലക്ക് എടുക്കുന്നു. അങ്ങനെ എല്ലാ മേഖലകളെയും കൂടെ കൂട്ടി നന്മയുടെ ഉറവിടങ്ങൾ മൂടികെട്ടാനുള്ള ശ്രമത്തിന്റെ ചില ഉൽപ്പന്നങ്ങൾ ആണ് നമ്മൾ ഇന്ന് കണ്ടുകൊണ്ടിരിക്കുന്ന മത വിരോധവും അദ്ധ്യാപകരോടുള്ള നിഷേധാത്മകമായ സമീപനവും ഒക്കെ.
മത പുരോഹിതർ, സന്യസ്തർ, അദ്ധ്യാപകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആതുരാലയങ്ങൾ, അനാഥ മന്ദിരങ്ങൾ ആരാധന ആലയങ്ങൾ ഒക്കെയും ഇവരുടെ ഇരകൾ ആണ്. ഇതിനെ തിരിച്ചറിയാതെ ഇവർ വയ്ക്കുന്ന ഏണിയിൽ പോയി നിഷ്കളങ്കമായി കയറുന്ന ആളുകൾ ഇന്ന് വർദ്ധിക്കുന്നു. ഇവരെ നേരിടാനുള്ള ശേഷി സമൂഹത്തിനു ഇല്ലാതെ പോകുന്നത് വലിയ അപകടത്തിലേക്ക് നമ്മെ കൊണ്ട് എത്തിക്കും.
നമ്മുടെ സമൂഹത്തിൽ നന്മയുടെ പാഠങ്ങൾ പഠിപ്പിക്കേണ്ട അദ്ധ്യാപകരുടെയും മത സംവിധാനങ്ങളിലെ ഗുരുക്കന്മാരുടെയും മനോബലം നഷ്ടപ്പെടുത്താതെ അവരെ ആദരിക്കാനും അച്ചടക്കമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ അവർക്കു വേണ്ട സ്വാതന്ത്ര്യം നൽകാനും നമ്മൾ തയ്യാറാകണം.
സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്ന സംഘടിത ശക്തികളെ പ്രതിരോധിക്കാൻ നമ്മുക്ക് കഴിഞ്ഞില്ലെങ്കിൽ നമ്മുടെ സമൂഹം വലിയ ധാർമീക ദുരന്തത്തെ അഭിമുഖീകരിക്കേണ്ട അവസ്ഥ വരും എന്നത് തീർച്ചയാണ്. ഇത് കടയ്ക്കൽ കത്തി വയ്ക്കുന്നതിന് സമാനം ആണ്!!
Those who get punishment from Teachers will have the ability to overcome the difficulties in their lives