സ്വര്‍ണക്കടത്ത്: മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി എം. ​ശി​വ​ശ​ങ്ക​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍

Share News

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ ഇ​ഡി ക​ഴി​ഞ്ഞ ദി​വ​സം ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശി​വ​ശ​ങ്ക​ര്‍ ജാ​മ്യ​ത്തി​നാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ ഡി തന്നെ മനഃപൂര്‍വ്വം കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ജാമ്യാപേക്ഷയില്‍ ശിവശങ്കര്‍ ചൂണ്ടിക്കാണിക്കുന്നു.

താനും ചാര്‍ട്ടേഡ് അക്കൗണ്ടന്റും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകള്‍ കേസിലെ തെളിവായി ഇ ഡി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ത​നി​ക്ക് ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ആ​യി​രി​ക്കെ യു​എ​ഇ കോ​ണ്‍​സു​ലേ​റ്റു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് കോ​ണ്‍​സു​ലേ​റ്റി​ലെ സെ​ക്ര​ട്ട​റി​യാ​യ സ്വ​പ്ന സു​രേ​ഷി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. യുഎഇ ഭരണാധികാരി സ്വപ്നയ്ക്ക് ടിപ്പായി നല്‍കിയ പണം ലോക്കറില്‍വെയ്ക്കാന്‍ സ്വപ്ന തന്നെയാണ് തന്റെ സഹായം തേടിയത്.

ഇക്കാര്യമാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായി സംസാരിച്ചത്. എന്നാല്‍ ഇതിനെ സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് വ്യാഖാനിക്കാനാണ് ഇ.ഡി. ശ്രമിക്കുന്നതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ വേണ്ടെന്ന നിലപാടിലായിരുന്ന ശിവശങ്കര്‍, ഇ ഡി അടിയന്തരമായി വിളിപ്പിച്ചതോടെയാണ് കോടതിയെ സമീപിച്ചത്.

ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ 11 മണിക്ക് അടിയന്തിരമായി ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശിവശങ്കര്‍ ഹാജരായില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ സാഹചര്യത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം ചോദിക്കുമെന്നാണ് സൂചന.

Share News