
രാജമലയില്‍ എയര്‍ലിഫ്‌റ്റിംഗ് സാധ്യത പരിശോധിക്കുന്നതായി സര്‍ക്കാര്‍
തിരുവനന്തപുരം: രാജമലയില്‍ എയര്‍ലിഫ്‌റ്റിംഗ് സാധ്യത ആലോചിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍.അനുകൂല കാലാവസ്ഥ ഉണ്ടായാൽ എയര്‍ലിഫ്റ്റിംഗ് നടത്തും.അതേസമയം, നിലവില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
രാജമലയിലേക്ക് രക്ഷാ പ്രവര്‍ത്തനത്തിന് ഹെലികോപ്റ്റര്‍ സേവനം ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യോമസേനയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഹെലികോപ്റ്റര്‍ ഉടന്‍ ലഭ്യമാവുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
രാജമലയ്ക്കടുത്തുള്ള പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. രണ്ട് ലയങ്ങള്‍ക്ക് മേലാണ് മണ്ണിടിഞ്ഞ് വീണതെന്നാണ് വിവരം.എത്ര പേര്‍ അപകടത്തില്‍പ്പെട്ടു എന്നതില്‍ വ്യക്തതയില്ല. അഞ്ച് മൃതദേഹങ്ങള്‍ ഇവിടെ നിന്ന് കണ്ടെടുത്തതായാണ് സ്ഥിരീകരിക്കാത്ത വിവരം.
മണ്ണിടിച്ചിലിൽ രക്ഷപെടുത്തിയ ൧൦ പേരെ മൂന്നാറിലെ ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അവരുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്. 20 ഓളം വീടുകള്‍ മണ്ണിനടിയിലായതായാണ് റിപ്പോര്‍ട്ട്. 40 ഓളം പേര്‍ മണ്ണിനടിയിലായതാണ് സംശയിക്കുന്നത്. അതേസമയം അഞ്ചു ലൈനുകളിലായി 84 പേര്‍ മണ്ണിനടിയിലായതായാണ് കോളനിവാസികള്‍ പറയുന്നത്.